‘രാജ കാലസ്യ കർണം.’ ശാന്തിപർവത്തിൽ ഭീഷ്മപിതാമഹൻ യുധിഷ്ഠിരനു നൽകിയ ജ്ഞാനോപദേശം. ഒരിക്കലും ഭരണാധികാരി സാഹചര്യങ്ങളുടെ തടവുകാരനല്ല മറിച്ച് അദ്ദേഹം സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണ് വേണ്ടത് എന്നാണതിന്റെ അർഥം. ഭരണാധികാരിയുടെ രീതികൾക്കനുസരിച്ചാണ് രാജ്യസാഹചര്യം ഉണ്ടാവുന്നത്. ചിലരാകട്ടെ, സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽപ്പെട്ട് വഴിതെറ്റുന്നു. അകത്തും പുറത്തും നിശ്ചേഷ്ടമായിരിരുന്നു ഭാരതം. ആ സമയത്താണ് ഉദയസൂര്യനെപ്പോലെ നരേന്ദ്രമോദി രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന നിലയിലേക്ക് രാജ്യത്തെ ഉയർത്തി. ലോകനേതാവാക്കി.
ജനകോടികളെ രാഷ്ട്രനിർമാണത്തിന്റെ ഭാഗമാക്കി എന്നതാണ് പ്രധാനമന്ത്രിയിൽ ഞാൻ കണ്ട വൈശിഷ്ട്യം. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും, വാചാടോപമില്ലാതെ പ്രവൃത്തിപഥത്തിൽ, സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ശ്രമിച്ച വേറൊരു നേതാവ് രാജ്യത്ത് ആരുണ്ട്. കഴിഞ്ഞ ആറുവർഷത്തിലുണ്ടായ ഒട്ടേറെ ജനക്ഷേമപദ്ധതികളിലൂടെ, നയങ്ങളിലൂടെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച വേറെ ആരുണ്ട്. ശൗചാലയമായാലും ആർത്തവ ശുചിത്വമായാലും മുത്തലാക്കായാലും. സ്വാതന്ത്ര്യം ലഭിച്ചിന്നേവരെ ഇരുട്ടിൽക്കഴിഞ്ഞ നാലുകോടി കുടുംബങ്ങൾക്ക് ‘ഹർ ഘർ ബിജ്‌ലി’യിലൂടെ വെളിച്ചമെത്തിച്ചതുപോലെ എത്രയോ ഉദാഹരണങ്ങൾ. പുകയൂതി തളർന്നവർക്ക് ‘ഉജ്ജ്വല യോജന’യിലൂടെ എട്ടുകോടി വാതക കണക്‌ഷനുകൾ. ഗ്രാമങ്ങളെ, അവിടങ്ങളിലെ ജനങ്ങളെ വെളിച്ചത്തേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദർശനങ്ങളെയും മൂല്യങ്ങളെയും അദ്ദേഹം ലോകസമക്ഷം ഉയർത്തിക്കാണിച്ചു. യോഗയെ ലോകം വാരിപ്പുണർന്നത് നാം കണ്ടതാണ്. അരക്ഷിതമായ അതിരുകൾക്ക് അദ്ദേഹം ആത്മവിശ്വാസവും ബലവും നൽകി. പാകിസ്താനും ചൈനയും ഇത് പഴയ ഇന്തയല്ല എന്നു മനസ്സിലാക്കി. കശ്മീരും വടക്കുകിഴക്കും രാഷ്ട്രീയക്കളിക്കുള്ള വേദിയല്ലെന്ന് കരുത്തുറ്റ നടപടികളിലൂടെ അദ്ദേഹം അസന്ദിഗ്ധമായി തെളിയിച്ചു. ലോകരാഷ്ട്രങ്ങൾ അത് അദ്‌ഭുതത്തോടെ കണ്ടുനിന്നു. അംഗീകരിച്ചു, സൗഹൃദത്തിനായി കൈനീട്ടി. സ്വർഗത്തെക്കാൾ വലുതാണ് ജന്മഭൂമി എന്നുകരുതുന്ന ഒരു നേതാവ് അപൂർവമാണ്. അദ്ദേഹത്തെപ്പോലൊരു നേതാവിനെ, വഴികാട്ടിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. സഫലവും സുദീർഘവുമായൊരു ശ്രേഷ്ഠജീവിതം ഞാൻ പ്രാർഥിക്കുന്നു.
Content Highlights: Narendra Modi Modi@70