2-ാം മോദിസർക്കാർ 2 വർഷം തികയ്ക്കുമ്പോൾ

ആദ്യത്തെ പ്രാവശ്യത്തെക്കാൾ കൂടുതൽ ഭൂരിപക്ഷവുമായി തുടർഭരണത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ രണ്ടുകൊല്ലം പിന്നിടുമ്പോൾ ഇന്ത്യ മുന്നിൽക്കാണുന്നത് കോവിഡ് മഹാമാരിയാൽ ഏറ്റവും ബാധിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നെന്ന അപഖ്യാതിയാണ്. അന്തർദേശീയ മാധ്യമങ്ങളുടെ കണ്ണുകളിൽ ഇന്ത്യ ഇന്ന് ദുരിതത്തിന്റെയും കൂട്ടമരണങ്ങളുടെയും പിടിപ്പുകേടിന്റെയും ഉദാഹരണമാണ്. എണ്ണമറ്റ ചിതകളുടെയും ആശുപത്രിയിൽ അഡ്മിഷൻ കിട്ടാതെയും ശ്വാസവായുകിട്ടാതെയും മരിക്കുന്ന നൂറുകണക്കിന് രോഗികളുടെയും വാക്സിനേഷനുവേണ്ടി അലയുന്ന ജനങ്ങളുടെയും ചിത്രങ്ങളാണ് ലോകമാധ്യമങ്ങൾ മുഴുവൻ. ഇത്തരമൊരു ഘട്ടത്തിൽ ഒരു സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്നത് വിചിത്രമായി തോന്നിയേക്കാം. എങ്കിലും, ജനങ്ങൾ ഇത്രയേറെ പിന്തുണയോടെ വീണ്ടും അധികാരത്തിലേറ്റിയ ഒരു സർക്കാർ ഈ രണ്ടുവർഷങ്ങളിൽ അവരോട് നീതിപുലർത്തിയോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നേട്ടമില്ലാത്ത ഓട്ടങ്ങൾ

മോദിസർക്കാരിന്റെ ആദ്യത്തെ അഞ്ചുവർഷത്തെ പ്രധാന ‘നേട്ടം’ ‘ക്ഷേമപദ്ധതി’കളായിരുന്നെങ്കിൽ, രണ്ടാമൂഴത്തിൽ മുഴച്ചുനിൽക്കുന്നത്  നാടിനെ ഇളക്കിമറിച്ച ചില നിയമ നിർമാണങ്ങളും നടക്കാതെപോയ നവസാമ്പത്തികനയങ്ങളുമാണ്. രണ്ടും ബി.ജെ.പി.യുടെ പ്രഖ്യാപിത രാഷ്ട്രീയപദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അവയ്ക്ക്  ജനജീവിതത്തെ പ്രക്ഷുബ്ധമാക്കിയ ചില കോലാഹലങ്ങൾക്കപ്പുറം പുരോഗമനപരമായ ഒരു മാറ്റവും വരുത്താൻകഴിഞ്ഞിട്ടില്ല. സാമ്പത്തികരംഗത്തെ ഏറ്റവും വലിയ ‘നേട്ടങ്ങൾ’ ആയി വ്യാഖ്യാനിക്കപ്പെട്ട കാർഷികനിയമങ്ങൾ, തൊഴിൽനിയമ നവീകരണങ്ങൾ, േസ്മാൾ സേവിങ്‌സ് പദ്ധതികളിലെ പലിശകുറയ്ക്കൽ തുടങ്ങിയവ എങ്ങുമെത്താതെ നിൽക്കുന്നു. കാർഷികപരിഷ്കാരങ്ങൾ, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത കർഷകസമരങ്ങൾക്ക് വഴിയൊരുക്കിയെന്നല്ലാതെ  സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കിയില്ല. ഒടുവിൽ സുപ്രീംകോടതി അത് നിർത്തി െവച്ചതുതന്നെ നന്നായി എന്ന രീതിയിലായിരുന്നു സർക്കാരിന്റെ സമീപനം.  
അതുപോലെത്തന്നെയാണ് തൊഴിൽനിയമങ്ങളുടെ കാര്യവും. ചട്ടങ്ങൾവരെ തയ്യാറാക്കപ്പെട്ടെങ്കിലും (framing of rules) പിന്നീട് ഒന്നും നടന്നില്ല. സമ്പാദ്യപദ്ധതികളിലെ പലിശയുടെ കാര്യവും അങ്ങനെത്തന്നെ. പശ്ചിമബംഗാളിലെയും കേരളത്തിലെയും തമിഴ്നാട്ടിലെയും അസമിലെയും തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ കോടിക്കണക്കിന് സാധാരണജനങ്ങളുടെ വരുമാനമാർഗത്തെ സ്പർശിക്കുന്ന ഒന്നും മോദിക്ക് ചെയ്യാനാവുമായിരുന്നില്ല. അങ്ങനെ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്ന എല്ലാ സാമ്പത്തിക ഉദാരീകരണനീക്കങ്ങളും അമ്പേ പാളിപ്പോയി. ഒരുതരത്തിൽ ജനങ്ങൾ രക്ഷപ്പെട്ടു എന്നുപറയാം.

മുന്നിലുള്ളത് വെല്ലുവിളികൾ

ഇനിയും ഈ രംഗങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ മോദിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ അടുത്തവർഷമാദ്യം തിരഞ്ഞെടുപ്പ് വരുകയാണ്. അങ്ങനെ ഭരണത്തിന്റെ  മൂന്നാംവർഷമെത്തുമ്പോഴും, സാമ്പത്തികരംഗത്ത്  കരുതിെവച്ച ഒരു മാറ്റവും വരുത്താനാവാത്ത അവസ്ഥ തുടരുകതന്നെചെയ്യും. കോവിഡിന് ഒരു മൂന്നാംതരംഗമുണ്ടാവുകയും അത് വീണ്ടും ജനജീവിതത്തെ ശിഥിലപ്പെടുത്തുകയുംകൂടെ ചെയ്താൽ തത്‌കാലം പിടിച്ചുനിൽക്കാൻ വേണ്ടിയുള്ള കാര്യങ്ങൾമാത്രമാവും സർക്കാരിന് ചെയ്യാൻകഴിയുക. കാർഷിക, തൊഴിൽ, സമ്പാദ്യ മേഖലകളെ തത്‌കാലം മറക്കേണ്ടിവരും.
സാമ്പത്തികകാര്യങ്ങളെക്കാളേറെ രണ്ടാം മോദിസർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ സംഘപരിവാറിന്റെ സാമൂഹിക-സാംസ്കാരിക അൻഡജ നടപ്പാക്കുക എന്നതായിരുന്നുവെന്ന് തോന്നുന്നു. മുത്തലാഖ്‌ നിരോധനം, ആർട്ടിക്കിൾ 370 പിൻവലിക്കൽ, പൗരത്വനിയമ ഭേദഗതി, യു.എ.പി. എ. കൂടുതൽ കാർക്കശ്യമുള്ളതാക്കാനുള്ള പരിഷ്കാരങ്ങൾ എന്നിവ അധികാരത്തിലെത്തി വളരെ പെട്ടെന്നാണ് നടപ്പാക്കപ്പെട്ടത്. പക്ഷേ, ഇവയ്ക്കൊന്നും രാജ്യത്തെ കൂടുതൽ കാലുഷ്യത്തിലേക്ക്‌ തള്ളിവിടുക എന്നതല്ലാതെ മറ്റൊരു ഫലവുമുണ്ടാക്കാനായി എന്ന് തോന്നുന്നില്ല.  കൂടുതൽ കർശനമാക്കപ്പെട്ട യു.എ.പി.എ. ഉപയോഗിച്ച് കുറെപ്പേരെ ജയിലിലടച്ചതല്ലാതെ, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടുവന്ന പൗരത്വഭേദഗതികൊണ്ടും ഒരു പ്രയോജനവുമുണ്ടായില്ല. ഇനി എന്താണ് ആ നിയമത്തിന്റെ ഭാവിയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനിടയിൽ, സംഘപരിവാറിന്റെ ദീർഘകാലാഭിലാഷമായിരുന്ന അയോധ്യ രാമക്ഷേത്രനിർമാണം  അനുഭാവികളുടെ കാഴ്ചപ്പാടിൽ ഒരു വലിയ വിജയമായി കാണേണ്ടിയിരിക്കുന്നു; വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തിൽ അതിന്‌ വലിയ സാംഗത്യമില്ലെങ്കിലും.

കോവിഡ് ​കൈകാര്യം

ലോകത്തെ എല്ലാ ഭരണകൂടത്തെയും തകിടംമറിച്ചതായിരുന്നു കോവിഡ് മഹാമാരി. എങ്കിലും അതിന്റെ രണ്ടാംതരംഗം മോദി സർക്കാരിന്‌ വരുത്തിെവച്ച പേരുദോഷം വളരെ വലുതായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ബ്രസീലിലെയും രണ്ടാം തരംഗത്തിന്റെ പ്രഹരശേഷി കണ്ടിട്ടും വേണ്ട കരുതൽനടപടികൾ സ്വീകരിക്കാതിരുന്നത്, ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാൻവേണ്ട നടപടികൾ യഥാസമയം  എടുക്കാതിരുന്നത്, പോരാത്തതിന് നിർണായകമായ സമയത്ത് സംസ്ഥാനങ്ങളോടൊപ്പം നിൽക്കാതിരുന്നത് തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായി കാലേക്കൂട്ടി കാണാനുള്ള ഒരു സർക്കാരിന്റെ ദൗർബല്യം വെളിപ്പെടുത്തുന്നതായിരുന്നു. കോവിഡിന്റെ ആഘാത ലഘൂകരണത്തിനായി മെഗാ സാമ്പത്തികപാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവകൊണ്ട്  കേരളംപോലുള്ള സംസ്ഥാന സർക്കാരുകൾ എടുത്ത ജനോപകാരപ്രദമായ നടപടികൾപോലെ  സൂക്ഷ്മസ്പർശിയായ എന്തെങ്കിലും മാറ്റങ്ങളുണ്ടായി എന്ന് കരുതാനാവില്ല. ഒരുപക്ഷേ, അല്പംകൂടെ കരുതൽ, കൂടുതൽ മെച്ചപ്പെട്ട ശാസ്ത്രീയോപദേശം എന്നിവ കാര്യങ്ങൾ കുറച്ചുകൂടെ മെച്ചപ്പെടുത്താൻ ഉപകരിച്ചേനെ. വാക്സിന്റെ കാര്യത്തിൽ തീർച്ചയായും കൂടുതൽ തന്ത്രപരമായ സമീപനം വേണ്ടിയിരുന്നു. രണ്ടുകമ്പനികളുടെ വാക്സിൻ ഉപയോഗിച്ചുമാത്രം നമ്മുടെ ജനങ്ങളെ ചുരുങ്ങിയ കാലംകൊണ്ട് സംരക്ഷിക്കാനാവുമെന്ന് കരുതുക അസാധ്യം.

സങ്കീർണം സാമ്പത്തികസ്ഥിതി

കോവിഡ് കാരണമുണ്ടായ സാമ്പത്തികച്ചുരുക്കം വിചാരിച്ചതിലും കൂടുതലായിരുന്നു എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ ഉദ്ധരിച്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. 2020-'21ന്റെ ഒന്നാം പാദത്തിൽ, ജി.ഡി.പി. വളർച്ച മൈനസ്‌ 23.9 ആയിരുന്നത്രേ. ഇത് വിദഗ്ധർ കരുതിയിരുന്നതിലും കുറവായിരുന്നു. അല്ലെങ്കിൽത്തന്നെ നിക്ഷേപങ്ങൾ കുറഞ്ഞുതുടങ്ങിയ കാലത്തായിരുന്നു കോവിഡിന്റെ പ്രഹരം. ഇപ്പോൾ നിക്ഷേപവും ഉത്പാദനവും ഉപഭോഗവും ഒരുപോലെ നിലംപതിച്ചിരിക്കുന്നു. ഇനി കോവിഡനന്തരകാലത്ത് എങ്ങനെയാവും സാമ്പത്തികരംഗം  ഉയർന്നുവരുക എന്ന് കാണേണ്ടിയിരിക്കുന്നു.  നിക്ഷേപവും ഉത്‌പാദനവും  ഉടനെയെങ്ങും മെച്ചപ്പെടില്ല. വരുമാനമാർഗങ്ങൾ അടഞ്ഞുപോയ ജനങ്ങൾക്ക് ഉപഭോഗത്തിനുള്ള പണം എവിടെ നിന്നാവും വരുക? സങ്കീർണമായ സാമ്പത്തികസ്ഥിതിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്, അതിനെ എങ്ങനെയാണ് മോദി നേരിടുകയെന്നത് കാത്തിരുന്നുകാണുകതന്നെ. 

ഇത്തരുണത്തിൽ, ആർ.എസ്.എസ്. നേതാവായ രാംമാധവ് ഒരു ദേശീയപത്രത്തിൽ എഴുതിയത് ശ്രദ്ധേയമായിരുന്നു: ‘കോവിഡ് നൽകിയ ഒരു പ്രധാന പാഠം അടിസ്ഥാനസ്ഥാപനങ്ങളെ (grassroots insitutions) ശക്തിപ്പെടുത്തുക എന്നതാണ്. അമിതമായ കേന്ദ്രീകരണമല്ല (hyper centralisation), സഹകരണ ഫെഡറലിസമാണ് (cooperative federalism) മുന്നോട്ടുപോക്കിനാവശ്യം.’ എല്ലാ സാമ്പത്തിക-രാഷ്ട്രീയ-ഭരണ അവകാശങ്ങളും കേന്ദ്രസർക്കാർ കവർന്നെടുക്കുന്നുവെന്ന് ബി.ജെ.പി.ഇതര സർക്കാരുകൾ ആരോപിക്കുന്ന കാലത്താണ് ഇത്തരമൊരു നിരീക്ഷണമെന്നോർക്കുക. 
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, മോദിയുടെ രക്ഷക പ്രഭാവത്തിൽ വലിയ കോട്ടമൊന്നും വന്നിട്ടില്ല എന്നാണ് സീ-വോട്ടർ എന്ന സ്ഥാപനം നടത്തിയ ഒരഭിപ്രായ സർവേ കാണിക്കുന്നത്. ഈ സർവേ പ്രകാരം കോവിഡിന്റെ കാര്യത്തിൽ ജനങ്ങൾക്ക് തീർച്ചയായും അതൃപ്തി ഉണ്ട്, പക്ഷേ ഇന്നും ഭരിക്കാൻ മിടുക്കൻ മോദി  തന്നെ എന്നാണ്  ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നത് . ജനാധിപത്യത്തിൽ അതാണല്ലോ എല്ലാറ്റിനെക്കാളും മുഖ്യം.  

കോവിഡിന് മൂന്നാം തരംഗമുണ്ടാവുകയും ജനജീവിതം ശിഥിലപ്പെടുത്തുകയുംചെയ്താൽ തത്‌കാലം പിടിച്ചുനിൽക്കാൻ വേണ്ടിയുള്ള കാര്യങ്ങൾമാത്രമാവും സർക്കാരിന് ചെയ്യാൻകഴിയുക

(രാഷ്ട്രീയനിരീക്ഷകനും യു.എൻ.ഡി.പി. മുൻ ഏഷ്യ പസഫിക് സീനിയർ ഉപദേശകനുമാണ് ലേഖകൻ)