പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ 'LETTER TO MOTHER' എന്ന പുസ്തകം 1986-കളിലെ നരേന്ദ്രമോദിയുടെ ആന്തരിക ജീവിതത്തെ വെളിപ്പെടുത്തുന്നു
തന്റെ റിപ്പബ്ലിക്കിൽ കവികളോ അവരുടെ കവിതകളോ വേണ്ടാ എന്ന് തീരുമാനിച്ചത് ഗ്രീക്ക് തത്ത്വചിന്തകനായ പ്ലാറ്റോ ആണ്. കല്പനാലോകത്ത് ജീവിക്കുന്ന കവികൾക്ക് കാര്യംനോക്കിനടത്താൻ സാധിക്കില്ല എന്ന ബോധ്യംകൊണ്ടായിരിക്കാം പ്ലാറ്റോ അങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാൽ, എസ്റ്റേറ്റുകൾ നോക്കിനടത്തുന്നതിനും വിശ്വഭാരതി എന്ന ലോകോത്തര സർവകലാശാല സ്ഥാപിക്കുന്നതിനുമിടയിലിരുന്നുകൊണ്ട് ‘ഗീതാഞ്ജലി’ എഴുതിയ രബീന്ദ്രനാഥ ടാഗോറും മനസ്സിൽ കണിശമായ വിപ്ലവപദ്ധതികൾക്കൊപ്പം കവിതയും സൂക്ഷിച്ച വിയറ്റ്‌നാമിന്റെ പരമാചാര്യൻ ഹോചിമിനും വിവിധ രാജ്യങ്ങളിൽ നയതന്ത്ര കാര്യങ്ങൾ നോക്കുന്നതിനിടയിലും മനോഹരമായ പ്രണയകാവ്യങ്ങൾ എഴുതിയ പാബ്ലോ നെരൂദയും പ്ലാറ്റോയുടെ ഈ ബോധ്യം തെറ്റാണ് എന്നു തെളിയിച്ചു.
താൻ സാഹിത്യകാരനാണെന്നോ താനെഴുതുന്നത് ശുദ്ധമായ സാഹിത്യമാണെന്നോ അവകാശപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ പുസ്തകം ‘LETTERS TO MOTHER’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടത് വായിച്ചുതീരുമ്പോൾ ഏകാകികളും ഗൗരവപ്രകൃതരായ രാഷ്ട്രനേതാക്കൾക്കും മറ്റാരുമറിയാത്ത ആന്തരികജീവിതവും ആകുലതകളുമുണ്ടാവാം എന്ന് നാം തിരിച്ചറിയുന്നു.
എന്തൊക്കെയോ കാരണങ്ങളാൽ പുറത്തുകാണിക്കാത്ത ആ ഭാവം അതീവ രഹസ്യമായി അവർ കുറിച്ചുവെക്കുന്നു. ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ ഈ പുസ്തകത്തിലെ കാവ്യച്ഛായയുള്ള 17 കുറിപ്പുകളും അത്തരത്തിലുള്ളവയാണ്.
1986 ഡിസംബർ ഒന്നുമുതൽ 1987 ജനുവരി ഒന്നുവരെ (ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിനും ആറുവർഷംമുമ്പ്) മോദി എഴുതിയ 17 കുറിപ്പുകളുടെ സമാഹാരമാണിത്. കൗതുകകരമാണ് ഈ പുസ്തകത്തിന്റെ പിറവി. പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ ഇക്കാര്യം മോദി ഇങ്ങനെ കുറിക്കുന്നു: ‘കുറച്ചുകാലങ്ങൾക്കു മുമ്പ്, എന്നിൽ സമ്മർദങ്ങൾ വന്നുനിറയുമ്പോൾ, അതു സഹിക്കാൻ സാധിക്കാതെ വരുമ്പോൾ ഞാൻ എന്റെ മാതൃദൈവത്തിന് കത്തുകൾ എഴുതാൻ തുടങ്ങി. ‘ജഗദ് ജനനി’ എന്നാണ് ഞാൻ എന്റെ മാതൃദൈവത്തെ അഭിസംബോധന ചെയ്യാറുള്ളത്. എല്ലാ രാത്രികളിലും കിടക്കുന്നതിനുമുമ്പ് എന്റെ അന്തരംഗചിന്തകൾ ഞാൻ അമ്മയുമായി എഴുത്തിലൂടെ പങ്കിടും. അത് എനിക്ക് അപാരമായ ശാന്തി തരുമായിരുന്നു. ചുറ്റുമുള്ള എല്ലാവരും ഉറക്കത്തിലേക്ക് വീഴുമ്പോൾ ഞാൻമാത്രം എന്റെ നോട്ടുബുക്കുമായി മുറിയുടെ മൂലയിലേക്കൊതുങ്ങും.
പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതേയായിരുന്നില്ല ഈ എഴുത്തുകളൊന്നും. എനിക്കുവേണ്ടി മാത്രമുള്ളവയായിരുന്നു അവ. നമ്മിൽ പലരും എഴുത്തുകാരല്ല. എന്നാൽ, ഉള്ളിൽ വികാരങ്ങൾ വന്നുനിറയുമ്പോൾ എല്ലാവരും അത് പ്രകടിപ്പിക്കാൻ വെമ്പുന്നു. അപ്പോൾ പേനയും കടലാസും എടുക്കുകയേ വഴിയുള്ളൂ. ഈ എഴുത്ത് എനിക്ക് ഒരുതരത്തിൽ വികാരവിമലീകരണമായിരുന്നു. ഒരുദിവസത്തെ എന്റെ ചിന്തകളെ അപഗ്രഥിക്കാനും മുറിവുകളെ ഉണക്കാനും മാതൃദൈവവുമായുള്ള ഈ ആശയവിനിമയം എന്നെ സഹായിച്ചു.
വർഷങ്ങളോളം എല്ലാ രാത്രികളിലും ഞാൻ എഴുതിക്കൊണ്ടേയിരുന്നു. ഒരുമാസം കഴിയുമ്പോൾ അവയെല്ലാം വീട്ടിലെ തോട്ടത്തിലിട്ട് കത്തിക്കുകയും ചെയ്യും. എത്രയോ താളുകൾ ഇങ്ങനെ ഞാൻ തീയെരിച്ചുകളഞ്ഞിട്ടുണ്ട്. ഒരുദിവസം ഞാൻ ഇങ്ങനെ കത്തിച്ചുകൊണ്ടിരിക്കേ, എന്റെ ബഹുമാന്യ സുഹൃത്തും ആർ.എസ്.എസിലെ സഹപ്രവർത്തകനുമായ നരേന്ദ്രഭായ് പഞ്ച്‌സാര വീട്ടിലേക്ക് വന്നുകയറി. എന്റെ കൈയിൽ ശേഷിച്ച കടലാസുകളെല്ലാം
അദ്ദേഹം പിടിച്ചുവാങ്ങി. അവ കത്തിക്കുന്നതിനെതിരേ അദ്ദേഹം രോഷാകുലനായി. ‘‘പ്രിയപ്പെട്ട ഈ ഈ കുറിപ്പുകൾ കത്തിക്കുന്നത് നിങ്ങൾ സ്വയം അനാദരിക്കുന്നതിന് തുല്യമാണ്.’’ അതോടുകൂടി എഴുതിയ കുറിപ്പുകൾ കത്തിക്കുന്നത് ഞാൻ നിർത്തി.
വർഷങ്ങൾക്കുശേഷം ഇതിലെ ഒരു ഡയറി ഗുജറാത്തിലെ ഇമേജ് പബ്ലിഷേഴ്‌സ് പുസ്തകമാക്കാൻ സമീപിച്ചു. ഞാനത് നിരസിച്ചെങ്കിലും പഞ്ച്‌സാര ഭായ് വീണ്ടും രംഗത്തുവന്നു. പ്രസിദ്ധീകരിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഞാനവയും കത്തിക്കും എന്നദ്ദേഹം കരുതിയിരിക്കണം. അങ്ങനെയാണ് 2014-ൽ ‘സാക്ഷീഭാവ്’ എന്നപേരിൽ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്... ഞാനൊരു എഴുത്തുകാരനല്ല. എഴുത്തിന്റെ രൂപങ്ങളും സാങ്കേതികതയുമൊന്നും എനിക്കറിയില്ല; -ആനിമിഷങ്ങളിൽ ഞാനനുഭവിച്ച വികാരങ്ങൾ സഹിക്കാൻ സാധിക്കാത്തതുകൊണ്ടുമാത്രം ഞാൻ എഴുതി.’’ സാക്ഷീഭാവ് ആണ് പ്രമുഖ സിനിമാനിരൂപകയായ ഭാവ്‌ന സോമയ്യ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ ഈ കുറിപ്പുകൾ വായിച്ചുതീരുന്ന ആരും മൂന്ന് ചോദ്യങ്ങൾ ചോദിച്ചുപോവും: ആൾക്കൂട്ടങ്ങളെ പ്രകമ്പനം കൊള്ളിച്ച് പ്രസംഗിക്കുന്ന മോദി ഇപ്പോഴും അവനവനോടും മാതൃദേവതയോടും മറ്റാരുമറിയാതെ സംസാരിക്കാറുണ്ടോ? കിടക്കുന്നതിനുമുമ്പ് അവ കുറിച്ചുവെക്കാറുണ്ടോ?
മാസംകൂടുമ്പോൾ ഡൽഹിയിൽ ലോക് കല്യാൺ മാർഗിലെ വീട്ടിൽവെച്ച് അവ രഹസ്യമായി കത്തിച്ചുകളയാറുണ്ടോ?
‘സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ’
എന്ന കുറിപ്പിൽ മോദി എഴുതുന്നു:
‘ഇന്നത്തെ ദിവസം എന്തുകൊണ്ടാണ് ഇങ്ങനെ ബീഭത്സമാവുന്നത്?
ഉദയസൂര്യൻ എന്തുകൊണ്ടാണ് എന്നെ
തന്റെ രശ്മികൾകൊണ്ട് അസഹ്യമായി വേദനിപ്പിക്കുന്നത്?
അമ്മേ, നിന്റെ അനുഗ്രഹംകൊണ്ട് എനിക്കത് അനുഭവിക്കാൻ സാധിക്കുന്നു...
ഏതു നിമിഷത്തിലും ഞാൻ തയ്യാറാണെന്നിരിക്കേ എന്നിൽ എന്തുകൊണ്ടാണ് നിനക്ക് വിശ്വാസം നഷ്ടപ്പെടുന്നത്?
സ്വീകരിക്കാനും ഏതു നിമിഷത്തെയും സ്വാംശീകരിക്കാനുമുള്ള എന്റെ ശേഷിയിൽ എന്തുകൊണ്ടാണ് നിനക്ക് വിശ്വാസം നഷ്ടപ്പെടുന്നത്...’
ഡിസംബർ മൂന്നിന് എഴുതിയ ‘നിന്റെ സൃഷ്ടി’ എന്ന കുറിപ്പിൽ മോദി എല്ലാം തന്റെ ജഗദ് ജനനിയിൽ സമർപ്പിക്കുന്നത് വായിക്കാം:
‘അമ്മേ, ഈ ബന്ധനത്തിൽനിന്നുമെന്നെ മോചിപ്പിക്കൂ
മുഖംമൂടികൾക്കപ്പുറം, വാക്കുകൾക്കപ്പുറം
മനുഷ്യരെ തിരിച്ചറിയാൻ എനിക്ക് ശേഷിനൽകൂ
ഞാനാരെയും വിധിക്കുന്നില്ല
ആരിലും എന്റെ അധീശത്വം സ്ഥാപിക്കുന്നുമില്ല...
അമ്മേ നോക്കൂ, എന്നും പാപ്പരായ ഒരു വ്യാപാരി പുതിയ ലോണുകൾ തേടുന്നതുപോലെ ഞാൻ എല്ലായ്‌പ്പോഴും നിന്റെ അനുഗ്രഹം തേടുന്നു. എനിക്കറിയാം എല്ലാം നൽകുന്നതു നീ
സംരക്ഷിക്കുന്നതും നീ’
പ്രകൃതി മോദിയുടെ ഈ സ്വകാര്യ കുറിപ്പുകളിൽ പലതവണ വന്നുപോകുന്നുണ്ട്. മാതൃദൈവം എന്ന പേരിൽത്തന്നെയെഴുതിയ കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു:
‘പുഷ്പിതമായ ഒരു മരത്തിന് കീഴിൽ
എന്നെങ്കിലും നിങ്ങൾ ഇരുന്നിട്ടുണ്ടോ?
അതിന്റെ ഓരോ ചില്ലയും പരിമൃദു പുറംപാളിയും അപ്പോൾ നിങ്ങളുടെ ദുഃഖങ്ങളിൽ പങ്കുചേരും
ഇടതൂർന്ന കൈകളാൽ സ്നേഹത്തോടെ നിങ്ങളെ ചുറ്റിപ്പിടിക്കും , നിങ്ങളുടെ ആകുലതകളിൽ അവയും പങ്കുചേരും..’
സ്വകാര്യജീവിതത്തിൽ ഇന്റർനെറ്റും ട്വിറ്ററുമടക്കമുള്ള എല്ലാവിധ ആധുനിക സാങ്കേതികവിദ്യയെയും മനംതുറന്ന് സ്വീകരിച്ച നരേന്ദ്രമോദി 1986-ൽ ഇവയെപ്പറ്റി അല്പം ആകുലനായിരുന്നുവോ എന്ന് ‘വാത്സല്യമുള്ള നോട്ടം’ എന്ന കുറിപ്പുവായിക്കുമ്പോൾ തോന്നും:
‘കുഞ്ഞ് എല്ലാ ഭാഷയെയും വാത്സല്യത്തോടെയുള്ള ഒരു നോട്ടത്തിലും സ്പർശത്തിലുമൊതുക്കുന്നു കണ്ണുകളാണ് ഏറ്റവും ശക്തമായ കവാടം
നിങ്ങളുടെ ഹൃദയത്തിൽ എന്തു നടക്കുന്നുവെന്ന് അവ വെളിപ്പെടുത്തുന്നു
ആത്മാവിലേക്ക് തുളഞ്ഞുകയറാൻ വാക്കുകൾ വേണ്ടാ, വെറുമൊരു നോട്ടംമതി
സാങ്കേതികതയുടെ പിന്നാലെയുള്ള ഈ പാച്ചിൽ പ്രകൃതിയുടെ അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തുന്നുവോ?
കണ്ണുകളിലെ ഭാവത്തെക്കാൾ
അമൂല്യമായ മറ്റെന്തുണ്ട്?...’
പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്നിൽ അർപ്പിതമായ ചുമതലകൾ നിറവേറ്റാൻ പറ്റുമോ എന്ന ആധി അക്കാലങ്ങളിൽ മോദിയെ അലട്ടിയിരുന്നു. മോദിയുടെ നേതൃത്വത്തിൽ നടന്ന ആർ.എസ്.എസ്. ശിബിരത്തിൽ ആർ.എസ്.എസ്. സർസംഘചാലക് ആയിരുന്ന ബാലാ സാഹേബ് ദേവറസ് വന്ന ദിവസം അതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ചോദ്യങ്ങളെക്കുറിച്ചും എഴുതിയതിനുശേഷം മോദി മാതൃദേവതയോട് ചോദിക്കുന്നു:
‘അമ്മേ, എനിക്കിതെല്ലാം നിറവേറ്റാനാവുമോ?
അവർക്ക് എന്നിലുള്ള വിശ്വാസത്തോട്
എനിക്ക് നീതിപുലർത്താനാവുമോ?
സമർപ്പിതമായ അധ്വാനത്തിലൂടെ
എനിക്ക് വാഗ്ദാനം നിറവേറ്റാൻ സാധിക്കുമോ? അതിരില്ലാത്ത വിശ്വാസം എനിക്കനുഭവിക്കാനാവുന്നു, ഒപ്പം ഉയർന്ന പ്രതീക്ഷയും...’