nabi dinamരു തിരുപ്പിറവിയുടെ ഓർമപ്പെരുന്നാളാണ് വിശ്വാസിക്ക് നബിദിനം. പതിറ്റാണ്ടുകൾക്കുമുമ്പ് ഇതു പോലൊരു പുലരിയിലാണ് പ്രവാചകൻ മുഹമ്മദ് നബി തങ്ങൾ ലോകത്തേക്ക് ഭൂജാതനായത്.  അവസാന പ്രവാചകനാണ്  മുഹമ്മദ്നബി. എ.ഡി. ഏഴാംനൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണകൂടം സ്ഥാപിച്ച നേതാവ്. മതനേതാവ് എന്നതുപോലെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും പ്രവാചകൻ  തന്നെയായിരുന്നു. ആദംനബി, ഇബ്രാഹിം നബി, മൂസാനബി, ഈസാനബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണി, നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത കാത്തുസൂക്ഷിച്ച പ്രവാചകൻ. സാമൂഹികവിപ്ളവത്തിന്റെ യഥാർഥ സൂര്യതേജസ്സ് തന്നെയായിരുന്നു ആ മഹാനുഭാവൻ. ആ മഹിത ജീവിതത്തിൽനിന്ന് എത്രയോ അനുഭവപാഠങ്ങളാണ് ലോകത്തിനുലഭിച്ചത്. സാമൂഹികജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലർത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകൻ നമ്മെ ഓർമിപ്പിച്ചു. ആ ജീവിതത്തിൽനിന്നുള്ള എത്രയോ സംഭവങ്ങൾ നമുക്കറിയാം. തികച്ചും ആദരവോടും അദ്‌ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. 

അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ ഇന്റർനാഷണൽ അഫയേഴ്‌സ് പ്രൊഫസറായ ജോൺ എൽ. എസ്പോസിറ്റോ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ:  ‘അനുയായികളെ സൃഷ്ടിക്കുന്നതിലും അറേബ്യയൊന്നടങ്കം ആധിപത്യം നേടിയ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലും മുഹമ്മദിനുണ്ടായ അത്യപൂർവമായ വിജയം രണ്ടു സൂചനകൾ നൽകുന്നുണ്ട്. ഒന്ന്, അദ്ദേഹം അസാധാരണ ബുദ്ധികൂർമതയുള്ള ഒരു സൈനികതന്ത്രജ്ഞനാണെന്ന്, രണ്ടാമത്തേത്, പീഡനങ്ങളും അടിച്ചമർത്തലുകളുമൊക്കെ സഹിച്ചുകൊണ്ട് വിധേയത്വം കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനിൽക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്ന അപൂർവമായ വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്. ഏറ്റവും മാതൃകായോഗ്യനായ മതരാഷ്ട്രീയനേതാവും മാതൃകായോഗ്യനായ ഭർത്താവും പിതാവുമാണദ്ദേഹം. അതിനാലാണ് മുസ്‌ലിങ്ങൾ എല്ലാകാര്യത്തിലും മുഹമ്മദ് ചെയ്തുവെന്ന് അവർ മനസ്സിലാക്കിയതു പോലെത്തന്നെ ചെയ്യാൻ ശ്രമിക്കുന്നത്. പ്രവാചകചര്യ വ്യക്തിജീവിതത്തിലെ വൃത്തി, വസ്ത്രധാരണം, ഭക്ഷണം കഴിക്കൽ, വിവാഹം, ഭാര്യമാരോടുള്ള പെരുമാറ്റം, നയതന്ത്രം, യുദ്ധം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മാർഗദർശനം നൽകുന്നു.’

പ്രവാചകൻ ലോകസമൂഹത്തിന് ആകമാനം അനുഗ്രഹമായിട്ടാണ് അയക്കപ്പെട്ടത്. ഇസ്‌ലാമിന്റെയോ മുസ്‌ലിങ്ങളുടെയോ മാത്രമല്ല തിരുനബി.  ലോകസമൂഹത്തിന് മുഴുവൻ അനുഗ്രഹമായിട്ടാണ് നാം താങ്കളെ അയച്ചിരിക്കുന്നത് എന്നാണ് ഖുർആനിക വചനം. ആ അനുഗ്രഹ പേമാരി സകലമേഖലകളിലും വർഷിച്ചു.രാഷ്ട്രീയവും ആത്മീയതയും എല്ലായിപ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും അസാധാരണമായ രാഷ്ട്രീയചാതുര്യവും ആത്മീയപ്രഭാവവും മുഹമ്മദിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെ നീതിപൂർണമായ ഒരു നല്ലസമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മതവിശ്വാസികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.  ക്രിസ്ത്വബ്ദം 571 ഏപ്രിൽ 26 റബിഉൽ അവ്വൽ 12-ന് ജനിച്ച പ്രവാചകൻ, നാൽപതാംവയസ്സിൽ പ്രവാചകത്വം ലഭിച്ച്,  അറുപത്തിമൂന്നാം വയസ്സിൽ വിടവാങ്ങുന്ന വെറും ചുരുങ്ങിയ 23 വർഷങ്ങൾക്കിടയിൽ നൈതികതയുടെയും സഹിഷ്ണുതയുടെ നേരധ്യായങ്ങൾ മാത്രമാണ് ലോകത്തിന്‌ പകർന്നുനൽകിയത്. അതിന്റെ കാലിക പ്രസക്തി എന്നും വർധിക്കുകയാണ്. പ്രവാചകനെക്കുറിച്ചുള്ള യഥാർഥവും ആധികാരികവുമായ അവബോധം സൃഷ്ടിക്കപ്പെടാൻ ഓരോ നബിദിനവും വേദിയാകട്ടെ. 
(മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റാണ് ലേഖകൻ)