ആൾക്കൂട്ടത്തിൽ വെച്ചേ കണ്ടിട്ടുള്ളൂ. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ! ഒന്നുരണ്ടു ചടങ്ങുകളിൽ അടുത്തടുത്ത കേസരകളിൽ ഇരുന്നിട്ടുണ്ട്. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് ആ കൈയിൽനിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുള്ളത് ഈ മനുഷ്യൻ മറ്റേതോ ലോകത്താണെന്നാണ്. ആരിലും ഒന്നിലും ഫോക്കസ് ചെയ്യുന്നില്ല. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്കു പ്രവേശിക്കാനുള്ള തിരക്കാണെപ്പോഴും. കുറ്റം പറയാനാവില്ല. ഒരു സംസ്ഥാനത്തിന്റെ ചുമതല മുഴുവൻ ആ തലയിലാണല്ലോ. ഉദ്യോഗസ്ഥരിലൂടെയല്ല, ജനമധ്യത്തിലേക്കിറങ്ങിച്ചെന്ന് നേരിട്ടാണ് ജോലിചെയ്യുന്നത്. അവരുടെ പ്രശ്നങ്ങൾ കാണുന്നത് സ്വന്തം കണ്ണുകൾകൊണ്ടാണ്. പരാതികളും കരച്ചിലും വന്നു പതിയുന്നത് ആ കാതുകളിലാണ്.  

ഉമ്മൻചാണ്ടി! രഞ്ജിത്തിന്റെ ഒരു സിനിമയിൽ പറയുന്നുണ്ട് ഉമ്മൻചാണ്ടി എന്നുപേരുള്ള രണ്ടാമതൊരാളെ കണ്ടിട്ടില്ലെന്ന്. 

നിയമസഭയിലെത്തിയതിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയുമായി ‘മാതൃഭൂമി’ക്കുവേണ്ടി സംസാരിക്കാൻ തൃശ്ശൂരിലേക്ക് കാറോടിക്കുകയാണ്. കോരിച്ചൊരിയുന്ന മഴ. അച്ചടക്കമില്ലാതെ ഓടുന്ന വണ്ടികൾ. അദ്ദേഹം മാതൃഭൂമിയുടെ ഓഫീസിലെത്തിയിട്ട് പതിനഞ്ചുമിനിറ്റ് കഴിഞ്ഞെന്ന് പറഞ്ഞ് ഫോൺ വന്നു. നിര തെറ്റിച്ച് ഓടുന്ന ഓട്ടോക്കാരോടും ബൈക്കുകാരോടും കേരള രാഷ്ട്രീയത്തിലെ അതികായനെ കാണാനാണു പോകുന്നതെന്നു പറയാൻ നിവൃത്തിയില്ല. ഞാനടക്കം എല്ലാവരും വായ് മൂടിക്കെട്ടിയിരിക്കുന്നു. ചെല്ലുമ്പോൾ ബുക്‌സ്റ്റാളിൽ പുസ്തകം വാങ്ങാനെത്തിയ ഒരു സാധാരണക്കാരനെപ്പോലെ ഉമ്മൻചാണ്ടി. ഞാൻ പറഞ്ഞു: ‘‘ആദ്യമായാണ് താങ്കളെപ്പോലെ ഒരാളുമായി ഒരു മാധ്യമത്തിനുവേണ്ടി സംസാരിക്കുന്നത്. ആദ്യ ചിത്രം, സംവിധാനം ചെയ്യാൻ ഷൂട്ടിങ്‌ സെറ്റിലെത്തിയതുപോലെയാണിപ്പോൾ.’’ അദ്ദേഹം ചിരിച്ചു. 

ഒരുപാടുകാലം പരിചയമുള്ള ഒരാളെപ്പോലെ സ്നേഹവും സൗഹൃദവും പങ്കിട്ടു. ‘‘സമയംകളയുന്നില്ല. നമുക്കുതുടങ്ങാം.’’  ഞാൻ മനസ്സിൽ പറഞ്ഞു:  ‘‘സ്റ്റാർട്ട് ക്യാമറ, ആക്‌ഷൻ.’’

? സിനിമയിൽനിന്നു തുടങ്ങാം. ആൾക്കൂട്ടത്തിനിടയിൽ മാത്രം കാണാറുള്ള അങ്ങ് രണ്ടരമണിക്കൂർ നേരം ഒരു തിേയറ്ററിലിരുന്ന് സ്വസ്ഥമായി ഒരു സിനിമ കണ്ട കാലം ഓർക്കുന്നുണ്ടോ.
= ചെറുപ്പത്തിൽ സിനിമ കാണണമെന്നത് വലിയ താത്പര്യമായിരുന്നു. എന്നാൽ, ആഗ്രഹമുണ്ടെങ്കിലും നടന്നിട്ടില്ല. എം.എൽ.എ. ഒക്കെ ആയ ശേഷം തീരെ നടക്കാതെയും പോയി.

? ശ്രീനിവാസൻ എഴുതി ഞാൻ സംവിധാനം ചെയ്ത ‘സന്ദേശം’ എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നിൽക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഒരേപോലെ ഞങ്ങൾ അതിൽ വിമർശിച്ചിട്ടുണ്ട്. എന്നാൽ, കമ്യൂണിസ്റ്റുകാരിൽനിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഭീഷണിക്കത്തുകൾ വന്നു. എന്നാൽ, കോൺഗ്രസുകാർ അനങ്ങിയില്ല. 
= കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട്‌ തടയും. തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് ഞങ്ങൾ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി. എന്നാൽ, പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.

? സാധാരണ മനുഷ്യരുടെ സ്വകാര്യ ആനന്ദങ്ങൾ... പാട്ടുകേൾക്കുക, പുസ്തകം വായിക്കുക, പ്രകൃതിയെ അറിയുക, കുടുംബത്തോടൊപ്പം യാത്രപോവുക... ഇതൊക്കെ മിസ് ചെയ്യുന്നുണ്ടെന്ന്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.
= ഇതിനൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, സമയം പലപ്പോഴും അനുവദിക്കാറില്ല. ഇതിലെല്ലാം കൂടി കിട്ടേണ്ട മാനസിക സുഖം, ഞാൻ ജനക്കൂട്ടത്തിൽ കഴിയുമ്പോൾ കിട്ടുന്നൂന്നുള്ളതാ... എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരിൽനിന്ന് പലതും അടുത്ത് അറിയാൻ പറ്റുന്നുണ്ട്. ജനസമ്പർക്ക പരിപാടി ഞാൻ നടത്തിയിട്ടുണ്ട്. അതിൽ ഒത്തിരി തീരുമാനങ്ങൾ എടുക്കുന്നുണ്ട്. പലർക്കും സഹായം കൊടുക്കുന്നുണ്ട്. എനിക്ക് ഇത്രയും അധികം ആളുമായി ഇടപഴകാൻ കിട്ടുന്ന അവസരമായിരുന്നു അത്. ഓരോരുത്തരും വെറുതേ വരുകയായിരുന്നില്ല. അവരുടെ ജീവിതപ്രശ്നങ്ങൾ പറയാൻ വരുകയായിരുന്നു. ഞാൻ മുഖ്യമന്ത്രിയായി പലസ്ഥലത്തും ചെല്ലുമ്പോൾ നിവേദനങ്ങൾ കിട്ടും. അതെല്ലാം സർക്കാർ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളാ. വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, അതൊക്കെ കിട്ടുന്നില്ല എന്നതായിരിക്കും അവ. അന്വേഷിക്കുമ്പോൾ അവർ പറയും ഞങ്ങൾക്ക് അറിയില്ല. ഇത്തരം അറിവില്ലായ്മ മാറ്റാനും സാങ്കേതികകാരണങ്ങൾ പറഞ്ഞ് പലതും തള്ളുന്നരീതി മാറ്റാനുമുള്ള ഉത്തരവുകൾ ഇറക്കി. അതുകഴിഞ്ഞ് വീണ്ടും ചെല്ലുമ്പോൾ ഇതേ നിവേദനം വീണ്ടും വരും. അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, ഈ സഹായങ്ങൾ കിട്ടാൻ ഏറ്റവും  അർഹതയുള്ള വിഭാഗത്തിന് ഇതൊന്നും അറിയില്ല. അവരുടെ വീട്ടിൽ പത്രമില്ല, ഫോണില്ല, റേഡിയോ ഇല്ല, ടി.വി. ഇല്ല, ഒരാളും ശ്രദ്ധിക്കുന്നില്ല. അവിടത്തെ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എന്താണെന്ന് അവർക്കറിയില്ല. ഇത്തരക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങളുടെയും പിന്നിലുള്ള രഹസ്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അത് നമ്മൾ എത്ര പത്രം വായിച്ചാലും എത്ര പുസ്തകം വായിച്ചാലും അറിയാൻ കഴിയില്ല. ആശ്രയപദ്ധതി നടപ്പാക്കിയപ്പോൾ ഒരു വീട്ടിൽ ഞാൻ ചെന്ന് റേഷൻകാർഡ് എടുക്കാൻ പറഞ്ഞു. പ്രായം ചെന്ന അമ്മ എന്നെ നോക്കി നിൽക്കുകയാ. അപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞു: ‘അവർക്ക് റേഷൻ കാർഡില്ലെന്ന്‌’. ഞാൻ അതുവരെ ധരിച്ചത് റേഷൻ കാർഡില്ലാത്തത് ഇവിടത്തെ വലിയ സമ്പന്നന്മാർക്കായിരിക്കുമെന്നായിരുന്നു. റേഷൻകാർഡ് ഇല്ലാത്തവരായി പാവങ്ങളിൽ പാവങ്ങളും ഉണ്ടെന്ന വലിയ വിവരം അന്നാണറിഞ്ഞത്.

? നിയമസഭാംഗമായിരുന്ന ഈ 50 വർഷത്തിനിടെ മാറിമാറി വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ അങ്ങേക്ക്‌ ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആരാണ്.
= കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാര്യം എടുത്തുപറയുമ്പോൾ ഒരു സംശയവുമില്ല അച്യുതമേനോൻ തന്നെയാ. അദ്ദേഹം ശാന്തനാണ്. വലിയ ഒച്ചപ്പാടോ കാര്യങ്ങളോ ഒന്നും ഇല്ല. പക്ഷേ, കാര്യങ്ങൾ നടത്തണമെന്നുള്ള വാശിയുണ്ട്. ശരിയായ കാര്യങ്ങൾ നടത്തണമെന്നുള്ള ആളായിരുന്നു. ഇന്ദിരാഗാന്ധിക്കും ഏറ്റവും ബഹുമാനമുള്ള മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ. ആ ഒരു ബന്ധവും ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ സ്വാധീനവും ഒക്കെ ഉള്ളതിനാൽ വളരെ കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ സാധിച്ചു. അതേസമയം, ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇടതുപക്ഷനേതാക്കൾ എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ടി.കെ. ദിവാകരൻ എന്നിവരാണ്. 

? കരുണാകരനുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ടല്ലോ. അതൊക്കെ പൊതുജനത്തിനറിയാം. അടുത്തറിഞ്ഞിട്ടുള്ള ആളെന്ന നിലയിൽ കരുണാകരനിൽ കണ്ടിട്ടുള്ള ഏറ്റവും സവിശേഷമായ സ്വഭാവങ്ങൾ എന്തൊക്കെയാണ്.
= ഇത്രയും പ്രായോഗികബുദ്ധി കാട്ടുന്ന, അവസരോചിതമായി രാഷ്ട്രീയതീരുമാനമെടുക്കുന്ന ഒരാളായിട്ടേ  കെ. കരുണാകരനെ കാണാൻ സാധിക്കൂ. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കുകയും മുൻകൂട്ടി കാണുകയും ചെയ്യേണ്ടവ ചെയ്യേണ്ട സമയത്ത് ചെയ്യുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിലെത്തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. അതിനുപിന്നിൽ കെ. കരുണാകരന്റെ ശക്തമായ നിലപാടായിരുന്നു. അത് എനിക്ക് വ്യക്തമായി അറിയാം. അന്ന് എതിർത്തവർ ഒക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഡയറക്ടർ ബോർഡിൽ വന്നിട്ടുണ്ട്.
? പത്രസമ്മേളനത്തിൽ വരുന്ന ചില ചോദ്യങ്ങളോട് അങ്ങ് ‘എന്താ... എന്താ...’ എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ചോദ്യം എന്താണെന്ന് കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് മനസ്സിലാകും. അതിനോട് സാമ്യം തോന്നുന്നത് നടൻ ശ്രീനിവാസന്റെ ഒരു ശൈലിയാണ്. അദ്ദേഹത്തോട് ചില ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യംവരുമ്പോൾ പൊട്ടിച്ചിരിക്കും. സത്യത്തിൽ ചിരിയുടെ സമയത്ത് ചോദ്യത്തിന്റെ മറുപടി ശ്രീനി ആലോചിക്കുകയായിരിക്കും. ആ ഒരു ടെക്‌നിക് ഉപയോഗിക്കാറുണ്ടോ അങ്ങ്.
= ചിലപ്പോ ചിലത് മനസ്സിലാകാതെ വരും. ചിലപ്പോ ഈ പറഞ്ഞതുപോലെ ഒരു തയ്യാറെടുപ്പിനുള്ള സമയമാക്കി അതിനെ മാറ്റും.

? അങ്ങായിരുന്നു മുഖ്യമന്ത്രി എങ്കിൽ ശബരിമല വിഷയത്തിൽ എന്തു നിലപാടായിരിക്കും എടുക്കുക.
= ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ അങ്ങനൊരു വിധി വരില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം കൊടുത്തത്. 2016 ജനുവരിയിൽ കേസെടുത്തപ്പോൾ ശക്തമായ പുതിയ സത്യവാങ്മൂലം ഞങ്ങൾ കൊടുത്തു. അതാണ് വിധിയിൽ വിയോജിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയതും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യു.ഡി.എഫിന്റെ നിലപാടിന് അനുകൂലമായിട്ടാണ് കോടതിവിധി വന്നത്. ആചാരവിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. വിശ്വാസികളെ മുറിവേൽപ്പിക്കരുത്.
? രാഷ്ട്രീയം ഈ അടുത്തകാലത്ത് ഒരു തൊഴിലായി മാറുന്ന ശൈലി ഉണ്ട്. ‘ഇന്ത്യൻ പ്രണയകഥ’എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ചത് രാഷ്ട്രീയം തൊഴിലാക്കിയ ഒരു കഥാപാത്രത്തെയാണ്. 
= സ്വാതന്ത്ര്യസമര കാലത്ത് പൊതുജീവിതം എന്നത് ത്യാഗമായിരുന്നു. നഷ്ടപ്പെടലുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്. സ്വാതന്ത്ര്യം കിട്ടിയശേഷം നമ്മുടെ രാജ്യത്ത് ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു. ഭക്ഷിക്കാൻ ഗോതമ്പുവരെ അമേരിക്കയിൽ നിന്നുവരുന്ന സ്ഥിതി. അക്കാലത്ത് രാഷ്ട്രീയപ്രവർത്തനം സേവനത്തിന്റേതായി മാറി. മൂന്നാമത്തെ ഒരുഘട്ടമാണ് സത്യൻ ഇപ്പോൾ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയം തൊഴിലാക്കിയാൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. 

? ചുറ്റും നിൽക്കുന്നവർ വഞ്ചിക്കുമ്പോഴോ, അടുത്തുനിൽക്കുന്നവർ കുറ്റം പറയുമ്പോഴോ ഏതെങ്കിലും സമയത്ത് മടുത്തു എന്നു തോന്നിയിട്ടുണ്ടോ.
= രാഷ്ട്രീയത്തിൽ ഏറ്റവും വലിയ സമ്പത്തുള്ളയാൾ ഞാനാണെന്ന് വിശ്വസിക്കുന്നു. ഒരു പൊതുപ്രവർത്തകന്റെ സമ്പത്ത് എന്നുപറയുന്നത് ജനങ്ങളുടെ വിശ്വാസവും സ്നേഹവുമാണ്. അത് എനിക്ക് അർഹിക്കുന്നതിനെക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട്. വിഷമം വരുമ്പോൾ ഒരു നൂറുപേരുടെയെങ്കിലും ഫോൺ വരും. അതുകൊണ്ട് പൊതുപ്രവർത്തനം വിട്ടെറിഞ്ഞ് പോവാൻ ഒരിക്കലും തോന്നിയിട്ടില്ല. ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നല്ലതിനുവേണ്ടി എന്നു വിശ്വസിക്കുന്നതും എനിക്ക് ശക്തിപകരുന്നു. ഒരുസംഭവം പറയാം. ഞാനും ഭാര്യയും കൂടി തൃശ്ശൂരേക്ക് അമൃത എക്സ്‌പ്രസിൽ വരുന്നു. കനറാ ബാങ്കിൽജോലി ചെയ്യുന്ന എന്റെ ഭാര്യയ്ക്ക് ബാങ്കിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ, ഒരു ആരോപണം വന്നതാണ് ഞെട്ടിച്ചത്. അന്ന് എന്റെ കൂടെ വന്നത് മറ്റൊരു സ്ത്രീ ആയിരുന്നു എന്നായിരുന്നു അത്. സാധാരണ ഞാനും ഭാര്യയും കൂടെ പോവുമ്പോൾ െട്രയിനിൽ ടിക്കറ്റ് എടുക്കുന്നത് എം.എൽ.എ. എന്ന നിലയിൽ എനിക്കുള്ള കൂപ്പൺ ഉപയോഗിച്ചാണ്. അതിൽ എം.എൽ.എ. ആൻഡ് കംപാനിയൻ എന്നാണ് കാണിക്കാറുള്ളത്. എന്നാൽ, അന്ന് ഭാര്യയ്ക്ക് ബാങ്കാണ് ടിക്കറ്റെടുത്തു നൽകിയത്. ഒരു കൂപ്പൺ നഷ്ടമാക്കേണ്ടല്ലോ എന്ന് ഞാനും കരുതി, ആരോപണം വന്നപ്പോൾ അതിനെ നേരിടാൻ ഇതിൽപ്പരം ഒരു തെളിവ് വേറെ ഇല്ലല്ലോ.

? നിയമസഭയിൽ നടക്കാൻ പാടില്ലായിരുന്നു എന്നുതോന്നുന്ന ഏതെങ്കിലും സംഭവം ഓർമിക്കുന്നുണ്ടോ.
= ഏറ്റവും വിഷമം ഉണ്ടായ സംഭവം എം.വി. രാഘവനെ നിയമസഭയിൽ​െവച്ച് മർദിച്ചതാണ്. 1987-ലെ നായനാർ സർക്കാരിന്റെ കാലത്ത് എം.വി. രാഘവൻ മാർക്സിസ്റ്റ് പാർട്ടിയിൽനിന്നു മാറിയ സമയം. മന്ത്രിയായ ടി.കെ. രാമകൃഷ്ണനോട് ചോദിച്ച ചോദ്യത്തിന് നീതീകരിക്കാനാവാത്ത മറുപടി നൽകിയെന്നാരോപിച്ച് രാഘവൻ ഏറ്റവും പിന്നിൽനിന്ന് മന്ത്രിയുടെ അടുത്തേക്ക് വന്നു. കൈവശമുള്ള ഒരു തെളിവ് കാണിക്കാനാണ് വന്നത്. എന്നാൽ മാർക്സിസ്റ്റ് പാർട്ടി എം.എൽ.എ.മാർ വന്ന് അദ്ദേഹത്തെ എടുത്തിട്ട് തല്ലുകയായിരുന്നു. എം.വി. രാഘവന്റെ ഏറ്റവും വലിയ ശിഷ്യന്മാരാണ് തല്ലിയതും. മുൻ​െബഞ്ചിലുണ്ടായിരുന്ന എനിക്ക് ഒന്നു തടസ്സം പിടിക്കാൻ പോലുമാവാത്ത സംഘർഷമാണ് അന്നുണ്ടായത്. എന്നാൽ, അതിലും ദുഃഖകരമായത് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സ്പീക്കർ രാഘവനെ നിയമസഭയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതാണ്. തല്ലിയവർക്കെതിരേ നടപടിയും ഉണ്ടായില്ല.

? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾ താങ്കളെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. അത് കണ്ടിരുന്നപ്പോൾ നമുക്കുതന്നെ വിഷമം തോന്നിയിട്ടുണ്ട്. മാധ്യമങ്ങളോട് എപ്പോഴെങ്കിലും ‘കടക്ക് പുറത്ത്’ എന്നുപറയാൻ തോന്നിയിട്ടുണ്ടോ?
= ഒരിക്കലുമില്ല. എന്നു മാത്രമല്ല, എനിക്ക് ഒരു വിശ്വാസമുണ്ട്: ഞാൻ തെറ്റു ചെയ്തിട്ടില്ലെങ്കിൽ എനിക്ക് ഒരാപത്തും ഉണ്ടാവില്ല. ആ വിശ്വാസം എന്റെ ജീവിതത്തിൽ എല്ലാ കാലത്തും സത്യമായി വന്നിട്ടുണ്ട്. വിഷമം ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊക്കെ താത്കാലികമാണ്, നാ ളെ തെളിയും എന്ന വിശ്വാസക്കാരനാണ് ഞാൻ. സംയമനം പാലിക്കാൻ ഇത് ശക്തിതരും.  ആക്ഷേപങ്ങളിൽ ഒരംശമെങ്കിലും എന്നെ ബാധിക്കുന്നതാണെങ്കിൽ എനിക്ക് ഈ നിലപാട് എടുക്കാൻ കഴിയില്ല
 

? ഇപ്പോൾ കോൺഗ്രസിൽ ഒരു യുവജനമുന്നേറ്റം ഉണ്ടാവാത്തതിന്റെ കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ.
= രാജ്യത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഏറ്റവും വലിയ ശക്തി യുവാക്കളാണ്. യുവാക്കൾ മുൻപന്തിയിൽത്തന്നെ ഉണ്ടാവണം. അതിന് പറ്റിയ സാഹചര്യം ഉരുത്തിരിഞ്ഞു വരണം. ഞങ്ങൾ യുവജനപ്രവർത്തനം നടത്തുന്ന കാലത്ത് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ യുവാക്കൾക്ക് ഇത്തരം ഒരു പിന്തുണ കിട്ടുന്നില്ല. വിദ്യാർഥിരാഷ്ട്രീയത്തോടുള്ള അവമതിപ്പ് ഉണ്ടായി. അത് വിദ്യാർഥി നേതാക്കളുടെ കുറ്റം കൊണ്ടല്ല. കലാലയങ്ങളിലെ കലാപമാണ് കാരണം. 

? മുഖ്യമന്ത്രി ആയിരുന്നപ്പോൾ കല്ലേറുകൊണ്ട സംഭവത്തെ എങ്ങനെ കാണുന്നു. 
= ഞാനത് പുറത്തറിയിക്കാതിരിക്കാനാ നോക്കിയത്. ചില്ല് പൊട്ടിയത് എല്ലാവരും കണ്ടു. എന്റെയടുത്ത് കെ.സി. ജോസഫ്, ടി. സിദ്ദിക്ക് എന്നിവരുണ്ട്. സിദ്ദിക്കാണ് പറഞ്ഞത് ചില്ലുകൊണ്ട് നെറ്റിയിൽനിന്ന് ചോര പൊടിയുന്നു എന്ന്. ഞാൻ പറഞ്ഞു: ‘കാര്യമാക്കേണ്ട വണ്ടി പോട്ടേ.’ എന്ന്‌. പോലീസിന്റെ ഒരു പരിപാടിക്കാണ് പോയത്. ചടങ്ങുകഴിഞ്ഞ് ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു. ഇതു കഴിഞ്ഞപ്പോഴാണ് രമേശ്  ചെന്നിത്തല എന്നെ വിളിക്കുന്നത്. നാളെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നതായി പറഞ്ഞു. ഞാൻ അത് നിരുത്സാഹപ്പെടുത്തി. എനിക്ക് ഏറുകൊണ്ടതിന് നാട്ടുകാരെ എല്ലാം ബുദ്ധിമുട്ടിക്കുന്നതിനോട് ഞാൻ യോജിച്ചില്ല. അങ്ങനെ ഹർത്താലിൽനിന്ന് രമേശ് പിന്തിരിഞ്ഞു.

? സുധീരൻ എന്റെ നാടായ അന്തിക്കാട്ടുകാരനാണ്. പുറമേയുള്ള ഒരു സംസാരം, നിങ്ങൾ തമ്മിൽ എന്തോ വിയോജിപ്പ് ഉണ്ടെന്നാണ്. പരിഹരിക്കാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ.
= പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ല. അന്നും ആ രീതിയിലുള്ള പ്രശ്നങ്ങളായിരുന്നില്ല.  നയപരമായ ചില കാര്യങ്ങളാണ് ഉണ്ടായിരുന്നത്. അത് ഞങ്ങൾ സോർട്ട് ഔട്ട് ചെയ്താണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.

? തിരഞ്ഞെടുപ്പ് വരുമ്പോൾ ഏതു മതത്തിനാണോ വോട്ടു കൂടുതൽ, ആ വിഭാഗത്തിൽപ്പെട്ടയാളെ സ്ഥാനാർഥിയാക്കുന്ന രീതി കണ്ടിട്ടുണ്ട്. കഴിവുള്ള ആൾ ഉണ്ടായാലും മതമാണ് അടിസ്ഥാനമാക്കാറുള്ളത്. എല്ലാ പാർട്ടികളിലും ഈ രീതിയാണ്. മതനിരപേക്ഷത എന്നത് ഒരു മൂടുപടമാണോ.
= ഗൗരവമായി ചർച്ചചെയ്യേണ്ട ഒരു സംഗതിയാണത്. രാജ്യത്തിന്റെ ശക്തി മതേതരത്വമാണ്. അതിൽ വെള്ളം ചേർക്കാൻ ഒരു കക്ഷിയും തയ്യാറാവരുത്. എല്ലാവർക്കും ഇക്കാര്യത്തിൽ ജാഗ്രത വേണം.

? ചില പ്രശ്നങ്ങളെ മറയാക്കാൻ കോവിഡ് കാലത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉപയോഗിച്ചിട്ടുണ്ടോ.
= നമ്മൾ ഭാവനയിൽ​േപ്പാലും കണ്ടിട്ടുള്ള ഒന്നല്ല കോവിഡ് കാലം. അതിന്റെ ഫലമായി ചില സമരങ്ങൾ ഒഴിവാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞെങ്കിൽ അതൊരു താത്കാലിക ആശ്വാസമാണ്. സാമ്പത്തിക പ്രതിസന്ധി എല്ലാവരെയും ബാധിക്കുന്നുണ്ട്. ഇതിനെ എങ്ങനെ മറികടക്കാൻ കഴിയും എന്നത് നമ്മൾ ആലോചിക്കണം. നമ്മൾ കുറേക്കാലം കോവിഡിനൊപ്പം ജീവിക്കണം. അടച്ചിട്ട് ഈ പ്രശ്നം പരിഹരിക്കാം എന്നാലോചിട്ട് കാര്യമില്ല.  അല്ലെങ്കിൽ പട്ടിണിമരണം ആയിരിക്കും ഉണ്ടാവുക. ജാഗ്രത പാലിക്കുക. സാമൂഹിക അകലം പാലിക്കുക.