ബജറ്റ് അവതരിപ്പിക്കാനെത്തിയ കെ.എം. മാണിയെ തടയാൻ സഭയിൽ അഴിഞ്ഞാടിയവർ  വിചാരണനേരിടണമെന്ന സുപ്രീംകോടതി വിധി വന്നത് ശൂന്യവേളയിൽ. പ്രതികളിൽ മന്ത്രിയായിരിക്കുന്ന വി. ശിവൻകുട്ടി രാജിവെക്കണമെന്ന്, പുറത്ത് പത്രസമ്മേളനംനടത്തി പ്രതിപക്ഷനേതൃനിര  ആവശ്യപ്പെട്ടു. സഭയിൽ ആ വിധി വലിയ പ്രകമ്പനമുണ്ടാക്കിയില്ല. വ്യാഴാഴ്ച അടിയന്തരപ്രമേയമായി പ്രതിപക്ഷവികാരം അണപൊട്ടാനിരിക്കയാവും. എന്നാൽ, റവന്യൂവകുപ്പിന്റെ ചർച്ചയിൽ കവർച്ചചെയ്യപ്പെട്ട വൻമരങ്ങളുടെ രോദനം പ്രതിപക്ഷം മറന്നുപോയതിന് കാരണമൊന്നും കാണുന്നില്ല. വിവാദങ്ങളിൽ വിവാദമായി വളർന്ന അനധികൃത മരംമുറിയെപ്പറ്റി കോടതി വിമർശനം വന്നിട്ടും ചർച്ചയിൽ ആരും മിണ്ടിയതേയില്ല. മരംമുറി ഉത്തരവ് സ്പീക്കറുടെ റൂളിങ്ങിന് വിരുദ്ധമാണെന്ന ക്രമപ്രശ്നം ചർച്ചയ്ക്കുമുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചു. അങ്ങനെയൊരു പ്രശ്നമേയില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ്  വിധിച്ചു.

സുപ്രീംകോടതിവിധി സഭയിൽ ആദ്യം റിപ്പോർട്ട്ചെയ്തത് എ. അൻവർ സാദത്ത്. നിരപരാധിത്വം തെളിയിക്കുമെന്ന ശിവൻകുട്ടിയുടെ പ്രസ്താവന അൻവർ സാദത്ത് കോമഡിയായി ആസ്വദിച്ചു. ശിവൻകുട്ടി രാജിവെച്ച് ജനാധിപത്യമര്യാദ പുലർത്തണമെന്ന് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു. സ്വന്തം പക്ഷത്തുനിന്ന് ഡി.കെ. മുരളി മാത്രമാണ് ശിവൻകുട്ടിയെ ഓർത്തത്. ലെജിസ്ലേച്ചറിന്റെ അവകാശം വിചാരണക്കോടതിയിൽ സംരക്ഷിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.  

നികുതിവകുപ്പിന്റെ ചർച്ചയിൽ  കെ.ഡി. പ്രസേനൻ അവതരിപ്പിച്ച നിർദേശം കേട്ടാൽ കേരളത്തിന്റെ വരുമാനം കൂടാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്ന് തോന്നില്ല. നുണയ്ക്ക് നികുതി ചുമത്തണം. പ്രതിപക്ഷം ഒരു ദിവസം പറയുന്ന നുണയ്ക്കുള്ള നികുതികൊണ്ട് ഒരുമാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാവുമത്രേ. സൈബർ കുറ്റകൃത്യങ്ങൾക്ക് വലിയ പിഴ ചുമത്തുകയാണ് ഖജനാവ് നിറയ്ക്കാൻ പ്രമോദ് നാരായണൻ കാണുന്ന മാർഗം. ഇവിടെയാർക്കും ഒന്നും കിട്ടിയില്ലെന്നും തമിഴ്‌നാട്ടിൽ നാലായിരം രൂപ കൊടുത്തുവെന്നും  പറയുന്ന  പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കണക്കുകൂട്ടിയെത്തി. ക്ഷേമപെൻഷനും കിറ്റുമായി കേരളത്തിൽ 55 ലക്ഷം കുടുംബങ്ങൾക്ക് ഒരുവർഷം 24,360 രൂപവീതം കിട്ടുന്നുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് ഭരണപക്ഷം കണക്കറ്റു കൈയടിച്ചു.

ഡി.വൈ.എഫ്.ഐ. നേതാക്കൾ ഉൾപ്പെട്ട സ്വർണക്കടത്തിനെപ്പറ്റിയുള്ള അടിയന്തരപ്രമേയം ജോറാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചു. അബദ്ധമാണെന്ന് അറിയാവുന്ന കാര്യം അമർത്തിപ്പറയുന്നത് തിരുവഞ്ചൂരിന്റെ പ്രത്യേക ഗുണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ നമുക്ക് രണ്ടാൾക്കും ഒരേഗുണമാണല്ലോയെന്ന് തിരുവഞ്ചൂർ തിരിച്ചടിച്ചു.  വാ തുറന്നാൽ തിരുവഞ്ചൂർ അബദ്ധമേ പറയൂവെന്ന്  മുഖ്യമന്ത്രി പറഞ്ഞത് തീരെ ശരിയായില്ലെന്നായി സതീശൻ. താനങ്ങനെ പറഞ്ഞിട്ടില്ല; തിരുവഞ്ചൂരിനോടുള്ള ശത്രുതകൊണ്ട്  അദ്ദേഹത്തെ വാ തുറന്നാൽ അബദ്ധം പറയുന്നവനായി സതീശൻ ചിത്രീകരിക്കുന്നുവെന്നായി  മുഖ്യമന്ത്രിയുടെ തന്ത്രം.  
കൊലക്കേസിലെ ഒന്നാംപ്രതിയുടെ ഭാര്യക്ക്‌ ഒന്നാംറാങ്ക്. രണ്ടാംപ്രതിയുടെ ഭാര്യക്ക്‌ രണ്ടാം റാങ്ക്.  മൂന്നാംപ്രതിയുടെ ഭാര്യക്ക്‌ മൂന്നാം റാങ്ക്... ഇതാണ് സർക്കാരിന്റെ നിയമനരീതിയെന്നും സതീശൻ പരിഹസിച്ചു. അടിയന്തരപ്രമേയം തള്ളിയതോടെ പ്രതിപക്ഷം പതിവുപോലെ ഇറങ്ങിപ്പോയി തിരിച്ചുവന്നു.