രാജ്യത്തിനുതന്നെ നാണക്കേടായ സ്വർണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ്‌ ചെയ്തതിലൂടെ ബി.ജെ.പി.യുടെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും പട്ടികജാതി ക്ഷേമ-നിയമ-സാംസ്കാരികമന്ത്രി എ.കെ. ബാലൻ അടക്കമുള്ള മന്ത്രിമാരും സി.പി.എം. നേതാക്കളും മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചില ദുർബലവാദങ്ങളുമായി ഇപ്പോഴും അരങ്ങ് തകർക്കുകയാണ്. മലവെള്ളപ്പാച്ചിലിനെ വേലികെട്ടി തടയാനാവില്ലെന്ന് ആദ്യമേ തന്നെ ഇവരോടുപറയട്ടെ. മന്ത്രി എ.കെ. ബാലന്‍റെ അഭിപ്രായത്തിൽ സർക്കാർ എന്തൊക്കെയോ അഭിമാനകരമായ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അതിനെ തകർക്കാൻ പ്രതിപക്ഷം ഉണ്ടാക്കിയ വ്യാജ ആരോപണമാണ് സ്വർണക്കടത്ത്. 

മുന്നണിക്കുള്ളിലെ പടലപ്പിണക്കം പറഞ്ഞുതീർക്കാനുള്ള ദൗത്യം മുഖ്യമന്ത്രി ഏൽപ്പിച്ചത് സി.പി.എം. സംസ്ഥാന സെക്രട്ടറിയെ അല്ല ശിവശങ്കരനെ ആയിരുന്നു എന്ന കാര്യം ന്യായീകരണക്കാർ മറക്കരുത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി കള്ളക്കടത്തുകാർക്ക് വാടകവീട് തരപ്പെടുത്തുകയും ഗൂഢാലോചനയ്ക്കായി സ്വന്തം ഫ്ലാറ്റ് വിട്ടുകൊടുക്കുകയുമൊക്കെ ചെയ്തത് പ്രതിപക്ഷത്തിന്‍റെ നെറികെട്ട സമീപനം മൂലമാണോ? 
സമഗ്രമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് ഉന്നത നീതിബോധം കൊണ്ടാണെന്ന തരത്തിലാണ് എ.കെ. ബാലന്‍റെ പ്രതികരണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേന്ദ്രസർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അതിനാൽ ഒരുമുഴം മുമ്പേ എറിയുക എന്ന കൗശലത്തിന് അപ്പുറം ഇതിൽ ഒരു മഹത്ത്വവുമില്ല. എൻ.ഐ.എ. അവരുടെ ചുമതല കൃത്യമായി നിറവേറ്റും. 
ആരോപണവിധേയരെ മാറ്റിനിർത്തിയതാണ് അടുത്ത മഹത്ത്വമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയർത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിക്കാനായിരുന്നു ആദ്യ ദിവസങ്ങൾ പിണറായി വിജയൻ വിനിയോഗിച്ചതെന്ന കാര്യം കേരളം മറന്നിട്ടില്ല. ഇനി സംരക്ഷിക്കാനാവില്ല എന്ന ഗതി വന്നപ്പോഴാണ് എം. ശിവശങ്കരനെ സസ്പെൻഡ് ചെയ്തത്. ഇത് യഥാർഥത്തിൽ മുഖ്യമന്ത്രി നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പരിപാടിയാണ്. തന്നിലേക്ക് എത്താനുള്ള എല്ലാ കണ്ണികളും അറത്തുമാറ്റിയെങ്കിലും രക്ഷപ്പെടാനാകുമോ എന്നാണ് മുഖ്യമന്ത്രി പരീക്ഷിക്കുന്നത്. ധാർമികമായി അതിന് സാധിക്കുമോ എന്നതാണ് ചോദ്യം?  

മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ എന്ന പുതിയ ഒരു തസ്തികയിലേക്ക് ഒരു ‘അവതാരം’ രംഗപ്രവേശം ചെയ്തതുപോലും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇയാൾക്കും കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധമാണെന്ന് തെളിയിക്കപ്പെട്ടു. എന്നാൽ, അരുൺ ബാലചന്ദ്രന്‍റെ നിയമനത്തെപ്പറ്റിയോ അയാൾ ‘മുഖ്യമന്ത്രിയുടെ ഫെലോ’ എന്ന് രേഖപ്പെടുത്തിയ സർക്കാർ ഐഡൻറിറ്റി കാർഡുമായി കേരളം മുഴുവൻ വിലസിയതോ അറിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ‘മുഖ്യമന്ത്രിയുടെ ആൾ’ എന്ന വിലാസത്തിൽ ആർക്കും എന്ത് തോന്നിവാസവും കാണിക്കാൻ കഴിയും എന്ന സ്ഥിതി കേരളത്തിൽ ഉണ്ടാക്കി എന്നതാണ് പിണറായി ഭരണത്തിന്‍റെ ആകത്തുക. 

സ്വർണക്കടത്ത് സ്ഥിരീകരിച്ചശേഷം അഞ്ചുദിവസത്തോളം പ്രതികൾ കേരളത്തിൽ വിഹരിച്ചുനടന്നതും പിന്നീട് അതിർത്തികടന്നതും ആരുടെ സഹായത്താലാണെന്ന് സി.പി.എം. വിശദീകരിക്കണം. ആരായിരുന്നു ഇവർക്ക് തണലൊരുക്കിയത് എന്ന കാര്യം കേരളാ പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാനുളള തന്റേടം സർക്കാരിനുണ്ടോ? തിരുവനന്തപുരത്തുനിന്ന് കടക്കാൻ ഇവരെ സഹായിച്ച സി.പി.എം. നേതാവിന്‍റെ ഭർത്താവും പോലീസ് അസോസിയേഷൻ നേതാവുമായ ആൾക്കെതിരേ നടപടി ഉണ്ടാകുമോ? ഒട്ടേറെ ചോദ്യങ്ങളാണ് ഉത്തരം കിട്ടേണ്ടതായുള്ളത്. സ്വർണം കടത്തിയത് നയതന്ത്ര പരിരക്ഷയുള്ള ബാഗിലോണോ, എത്ര പ്രതികൾ ഉണ്ടായിരുന്നു എന്നീ കാര്യങ്ങളൊന്നും രാഷ്ട്രീയനേതൃത്വം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണെന്ന് തോന്നുന്നില്ല. എഫ്.ഐ.ആറിൽ ഉണ്ടായ ചില തെറ്റുകൾ തിരുത്തിയതായി എൻ.ഐ.എ. തന്നെ വിശദീകരിച്ചിട്ടുമുണ്ട്. നയതന്ത്രബാഗിനെപ്പറ്റി യു.എ.ഇ. സർക്കാർ നൽകിയ വിശദീകരണം കൂടി മനസ്സിലാക്കിയാൽ ഇവരുടെ ആരോപണം വെറും രാഷ്ട്രീയതട്ടിപ്പാണെന്ന് തിരിച്ചറിയാം. 

മന്ത്രി എ.കെ. ബാലൻ ഉന്നയിച്ച  രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടി

പാഴ്സൽ വിട്ടുകൊടുക്കാൻ ബി.എം.എസ്. നേതാവ് വിളിച്ചെന്ന് പറയുന്നത് സ്വപ്നാ സുരേഷ് മഹിളാ അസോസിയേഷൻ നേതാവാണെന്ന് പറയുന്നതുപോലെയാണ്. ബി.എം.എസിന് ഇങ്ങനെ ഒരു നേതാവോ സംഘടനയോ ഇല്ലെന്ന് അവർ പലവട്ടം വ്യക്തമാക്കുകയും അത്തരം വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ വക്കീൽ നോട്ടീസ് അയച്ചതും താങ്കൾ അറിയാതെ പോയതാകാം.

പ്രതികൾക്ക് ജാമ്യത്തിനായി ഏതോ ഹിന്ദു എക്കണോമിക് ഫോറം നേതാവ് ശ്രമിച്ചു എന്ന താങ്കളുടെ ആരോപണത്തിൽത്തന്നെ അതിനുള്ള മറുപടിയുണ്ട്. അതിനെ സംഘപരിവാർ സംഘടനകളുടെ തോളിലേക്ക് ആക്കുന്നത് ഹിന്ദു എന്ന വാക്കിനോടുള്ള താങ്കളുടെ അജ്ഞത മൂലമാണ്. സി.പി.ഐ. മാവോയിസ്റ്റുകൾ എൽ.ഡി.എഫ്. ഘടകകക്ഷിയാണെന്ന് പറയുന്നത് പോലെയുള്ള വിവരക്കേട് മാത്രമാണ് ഇതും.
 
സ്വപ്നയ്ക്ക് െബംഗളൂരുവിൽ ബി.ജെ.പി. അഭയം നൽകി എന്ന ആരോപണത്തിന് മറുപടി പറയുന്നതിനുമുമ്പ് അവർ എങ്ങനെ െബംഗളൂരുവിൽ എത്തി എന്ന് കണ്ടു പിടിക്കുന്നതല്ലേ നല്ലത്?
സന്ദീപ് നായരുടെ ബി.ജെ.പി. ബന്ധത്തെപ്പറ്റി ആരോപണം ഉന്നയിക്കുന്നതിനുമുമ്പ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് അന്വേഷിക്കാമായിരുന്നല്ലോ? കടുത്ത ബി.ജെ.പി.ക്കാരനായ സന്ദീപിന്‍റെ കട ഉദ്ഘാടനം ചെയ്യാൻ പോയ ബഹുമാനപ്പെട്ട സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേ അച്ചടക്കനടപടി ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.വൈ.എഫ്.ഐ. മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറും കരകൗശല കോർപ്പറേഷൻ ചെയർമാനുമായ കെ.എസ്. സുനിൽകുമാർ സന്ദീപ് നായരുടെ ഭാര്യാ സഹോദരനാണെന്ന കാര്യം അങ്ങേക്കറിയില്ലെങ്കിലും നെടുമങ്ങാട്ടുകാർക്കെങ്കിലും അറിയാം. 
 
ചരിത്രത്തിൽ ആദ്യമായി രാജ്യദ്രോഹക്കേസിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായതിന്‍റെ ജാള്യത സഹപ്രവർത്തകനായ അങ്ങേയ്ക്കുമുണ്ടാകും. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാർട്ടിയിൽനിന്നോ മുന്നണിയിൽനിന്നോ ആരും മുന്നോട്ടുവരാതിരുന്ന ഈ സന്ദർഭത്തിൽ ആ ‘റിസ്ക്’ ഏറ്റെടുത്ത അങ്ങയുടെ ധീരതയെ അഭിനന്ദിക്കുന്നു. 

(ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി)

Content Highlights:  MT Ramesh BJP leader slams minister A K Balan