ന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയുടെ ഭീകരതകൾ നേരിട്ടനുഭവിച്ചവരിൽ ഒരാളാണ് ഞാൻ. അടിയന്തരാവസ്ഥയെ എതിർത്തതിന്‌ ജയിലിൽ കഴിയേണ്ടിവന്നിട്ടുമുണ്ട്. എന്റെ സ്വത്തുക്കൾ മുഴുവൻ സർക്കാർ കണ്ടുകെട്ടുകയും പിടിച്ചുകൊടുക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്ത കാലഘട്ടം. 
അടിയന്തരാവസ്ഥ അവസാനിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ജനം ഇന്ദിരയുടെ ഭരണത്തെ തൂത്തെറിയുമെന്ന് അധികമാരും കരുതിയില്ല. തിരഞ്ഞെടുപ്പുഫലം വന്നപ്പോഴാണ് ജനങ്ങൾ ആ അവസരത്തിനു കാത്തിരിക്കുകയായിരുന്നു എന്നു മനസ്സിലാവുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപിതമായിരുന്നെങ്കിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് 2014-ലെ ബി.ജെ.പി. മുന്നേറ്റത്തിനുശേഷം രാജ്യംകണ്ടത്. സ്വകാര്യ ജീവിതംവരെ സർക്കാർ നിരീക്ഷണത്തിലായ ഭീഷണമായൊരു കാലഘട്ടമാണിത്‌.

ആശങ്കകളുടെ പ്രതിഫലനം
ഒരുതവണകൂടി ബി.ജെ.പി. കേന്ദ്രം ഭരിക്കാനിടവന്നാൽ രാജ്യത്തെ മതേതര ജനാധിപത്യത്തിനു ക്ഷതമേൽക്കും എന്ന ആശങ്ക ജനങ്ങളിലുണ്ടായിരുന്നു. ഒരുപക്ഷേ, മേലിൽ തിരഞ്ഞെടുപ്പുതന്നെ ഉണ്ടാവില്ല എന്ന ഭയവും പലരെയും ഗ്രസിച്ചു. അത്തരം ആശങ്കകളെയും ഭീതികളെയും അകറ്റാൻ പോന്നതാണ് ഇക്കഴിഞ്ഞദിവസം പുറത്തുവന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം. ഈ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽപോലും ഭരണംനേടാൻ ബി.ജെ.
പി.ക്കായില്ല. ഇതിൽ മൂന്നു സംസ്ഥാനങ്ങളിൽ വടക്കേ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിൽ നിലവിലുള്ള ഭരണകക്ഷിയായിരുന്നു ബി.ജെ.പി. 
ഭരണകക്ഷി എന്നതിനെക്കാളേറെ ബി.ജെ.പി.ക്കും സംഘപരിവാറിനും നല്ല സംഘടനാശക്തിയും ഈ പ്രദേശത്തുണ്ട്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നു സംസ്ഥാനങ്ങളിലെ മൊത്തം 65 സീറ്റുകളിൽ 62-ഉം നേടിയത് ബി.ജെ.പി. ആയിരുന്നു. അതായത് യു.പി. കഴിഞ്ഞാൽ ബി.ജെ.പി.യുടെ ശക്തികേന്ദ്രം. 2019 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയുടെ മനസ്സ് എങ്ങോട്ട്‌ തിരിയുമെന്നത്‌ ചൂണ്ടിക്കാണിക്കുന്നതാണ് നിയമസഭാതിരഞ്ഞെടുപ്പുഫലം. 2014-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കും എൻ.ഡി.എ.യ്ക്കും സീറ്റുകൾ േനടിക്കൊടുത്ത സംസ്ഥാനങ്ങൾ ഹരിയാണ, ഡൽഹി, യു.പി., ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ്‌. മേല്പറഞ്ഞ മിക്കവാറുമെല്ലാ സംസ്ഥാനങ്ങളും അതേപടി തുടരാൻ ഇടയില്ല. പ്രത്യേകിച്ചും വ്യക്തമായ രാഷ്ട്രീയമാറ്റങ്ങളുണ്ടായ മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ നിലവിലുള്ള അവസ്ഥ തുടരാൻ സാധ്യത വളരെ കുറവാണ്. മഹാരാഷ്ട്രയിൽ 2014-ൽ ബി.ജെ.പി.യുടെ കൂടെയുണ്ടായിരുന്ന ശിവസേന ഇപ്പോൾ അവരോട്‌ നീരസത്തിലാണ്‌. ആന്ധ്രാപ്രദേശിൽ ടി.ഡി.പി.യും ബിഹാറിൽ ചെറിയ പാർട്ടിയാണെങ്കിലും ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എസ്.പി.യും കൂടെയില്ല. കേന്ദ്രവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി.യെ വിട്ടുപോകാൻ മൂന്നു പാർട്ടികൾ തയ്യാറായി എന്നത്‌ ശ്രദ്ധേയമാണ്. പുതിയ രാഷ്ട്രീയകാലാവസ്ഥാമാറ്റം കണക്കിലെടുക്കുമ്പോൾ ഇനിയും ചിലർ ബി.ജെ.പി. വിട്ടുപോയാലും അദ്ഭുതപ്പെടാനില്ല.

താരമൂല്യമിടിഞ്ഞ്‌ യോഗി
യു.പി. അസംബ്ലി തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിനുശേഷം മോദിക്കും അമിത്ഷായ്ക്കും തുല്യനായി ബി.ജെ.പി.യുടെ താര പ്രചാരകനായി ഉയർന്ന യോഗി ആദിത്യനാഥായിരുന്നു മിസോറം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ റാലികളിൽ പങ്കെടുത്ത ബി.ജെ.പി. നേതാവ്. നരേന്ദ്രമോദി 32 റാലികളിലും അമിത്ഷാ 58 റാലികളിലും പങ്കെടുത്തപ്പോൾ യോഗി 74 റാലികളിലാണ് പ്രസംഗിച്ചത്. ഛത്തീസ്ഗഢിനെ അദ്ദേഹം അവതരിപ്പിച്ചത് ‘ഭഗവാൻ രാമന്റെ മുത്തശ്ശിയുടെ നാടാ’യിട്ടാണ്. യോഗിയുടെ എല്ലാ പ്രസംഗങ്ങളിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനമുണ്ടായി. തെലങ്കാനയിൽ അദ്ദേഹം സംസാരിച്ച എട്ടു മണ്ഡലങ്ങളിലും ഒരു ചലനവുമുണ്ടായില്ല. അവിടെ ഹൈദരാബാദിന്റെയും കരിംനഗറിന്റെയും പേരുമാറ്റുമെന്ന് അദ്ദേഹം ഉച്ചത്തിൽ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ യോഗി പ്രസംഗിച്ച 20 സീറ്റുകളിൽ 10 സീറ്റുകളിലും ബി.ജെ.പി. തോറ്റു. രാജസ്ഥാനിലെ അൽവാറിൽ നടന്ന  റാലിയിൽ ഭഗവാൻ ഹനുമാൻ ദളിതനാണെന്ന് അദ്ദേഹം പ്രസംഗിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി. ദളിതരുടെ വോട്ട്  നേടുകയായിരുന്നു ​േയാഗിയുടെ ഉദ്ദേശ്യം. എന്നാൽ, ദളിതർക്ക്‌ ആ പ്രയോഗം ഇഷ്ടമായില്ല.ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിനുള്ള ഏറ്റവും ശക്തനായ പ്രചാരകൻ എന്നനിലയിലാണ് യോഗിയെ തിരഞ്ഞെടുപ്പുകളിൽ മുഖ്യപ്രചാരകനാക്കിയത്. പക്ഷേ, അതുകൊണ്ട് ബി.ജെ.പി.ക്കു വലിയ പ്രയോജനമൊന്നുമുണ്ടായില്ല എന്നുമാത്രമല്ല, അത്‌ തികച്ചും ദോഷകരമായിത്തീർന്നുവെന്നും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വെളിപ്പെടുത്തുന്നു. രാജസ്ഥാനിലെ 26 മണ്ഡലങ്ങളിൽ 15 എണ്ണവും ഛത്തീസ്ഗഢിലെ 23 മണ്ഡലങ്ങളിൽ 17 എണ്ണവും ആണ് ബി.ജെ.പി. ജയിച്ചത്. ഇത്രയും സീറ്റുകൾ യോഗിയെക്കൊണ്ട് നേടിയതുമല്ല. 

എന്തുകൊണ്ട്‌ തോറ്റു
എന്തുകൊണ്ടാണ് കേന്ദ്രവും ഇപ്പോൾ തെരഞ്ഞെടുപ്പുനടന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് അടക്കമുള്ള 14 സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി.ക്ക്‌ അവരുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ വടക്കേ ഇന്ത്യയിൽ ഇത്രയും ദയനീയമായൊരു പരാജയം നേരിടേണ്ടിവന്നത്? ഭരണവിരുദ്ധവികാരം മാത്രമല്ല  അതിനു കാരണം. കാർഷികമേഖലയിലെ ശോച്യാവസ്ഥയും ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയും ഈ തകർച്ചയുടെ പ്രധാന കാരണങ്ങളായി. നൽകപ്പെട്ട വാഗ്ദാനങ്ങളൊന്നും നിറവേറ്റപ്പെട്ടിട്ടില്ല. ചെറുപ്പക്കാർ നിരാശരായി. നോട്ടുനിരോധനംകൊണ്ട് പല അസംഘടിത തൊഴിൽമേഖലകളിലും കടുത്ത ദുരിതമുണ്ടായി. 25 ലക്ഷം തൊഴിലുകളാണ് ഈ മേഖലയിൽ നോട്ടുനിരോധനം കാരണം നഷ്ടപ്പെട്ടത്. സമ്പന്നവിഭാഗത്തിന്റെ താത്‌പര്യങ്ങളോടൊപ്പമുള്ള സർക്കാരിന്റെ നില്പ് ജനങ്ങളെ രോഷാകുലരാക്കി, സാമ്പത്തികകുറ്റവാളികളായ നീരവ് മോദി, വിജയ് മല്യ എന്നിവരെ വിദേശത്തേക്ക് രക്ഷപ്പെടാനനുവദിച്ചത്‌ ജനങ്ങളെ ക്ഷുഭിതരാക്കി. ഭരണകൂടം രാജ്യതാത്‌പര്യങ്ങൾ ബലികഴിക്കുന്നതും ചങ്ങാത്ത മുതലാളിത്തശൈലി സ്വീകരിക്കുന്നതും സാധാരണക്കാരൻ കണ്ടു. സമ്പന്നർക്കനുകൂലമായ നയം സ്വീകരിക്കുന്ന തത്രപ്പാടിൽ ജനങ്ങളുടെ ആവലാതി കേൾക്കാൻ അധികാരികൾക്ക് സമയമില്ലാതായി. മറുപടികളും വിശദീകരണങ്ങളും ഡിജിറ്റൽ വ്യവഹാരത്തിന്റെ മറവിൽ ഒളിപ്പിച്ചു. തങ്ങളുടെ ആവലാതി കേൾക്കാൻ നേരിട്ടൊരു അധികാരിയെ സാധാരണക്കാർക്ക്‌ കിട്ടാതായി. ഭരണകക്ഷി രാഷ്ട്രത്തിന്റെ അടിസ്ഥാനമായ ഭരണഘടനാസ്ഥാപനങ്ങളുടെ സ്വതന്ത്രസ്വഭാവത്തിൽ ഇടപെടുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. സി.ബി.ഐ.യിലും ആർ.ബി.ഐ.യിലും അസ്വസ്ഥത പടർന്നു.  സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശകൾക്കുമുമ്പിൽ മുഖംതിരിച്ചുനിന്നതുകാരണം നിർണായകമായ തീരുമാനങ്ങളിൽ അക്ഷന്തവ്യമായ കാലതാമസമുണ്ടായി. ഇത്തരം ദുഷിച്ച നടപടികൾ കോടതിയെ സ്വാധീനിക്കാനാണെന്ന് പലരും വ്യാഖ്യാനിച്ചു. സി.ബി.ഐ.യെയും ആദായനികുതി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെയും(ഇ.ഡി.) ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വിരട്ടി. അപ്രഖ്യാപിത അടിയന്തരാവസ്ഥതന്നെയായിരുന്നുവല്ലോ ഇത്!2014 മുതൽ അന്താരാഷ്ട്ര എണ്ണവില ചരിത്രത്തിൽ മുമ്പില്ലാത്തവിധം താണുകൊണ്ടിരുന്നപ്പോൾ അതിന്റെ ഗുണം ഉപഭോക്താവുമായി പങ്കുവെക്കുന്നതിനുപകരം സെൻട്രൽ എക്സൈസ് ടാക്സ് ചുമത്തി ഉപഭോക്താവിനെ കൂടുതൽ തളർത്തുകയാണ് അധികാരികൾ ചെയ്തത്. ഇതുവഴി പത്തു ലക്ഷം കോടിയാണ് ഉപഭോക്താവിന്റെ പോക്കറ്റിൽനിന്ന് സർക്കാർ പിടിച്ചുപറ്റിയത്. 
വാഗ്ദാനപ്പെരുമഴയും പ്രധാനമന്ത്രി മോദിയുടെ വാഗ്‌ധോരണിയും അദ്ദേഹത്തിന്റെ നിരന്തരമായ ഉലകംചുറ്റലും രാഷ്ട്രനേതാക്കളുമായുള്ള ആലിംഗനപരമ്പരകളുമല്ലാതെ രാജ്യത്ത് മറ്റൊന്നും നടക്കുന്നില്ലായെന്ന് ജനങ്ങൾക്ക്‌ ന്യായമായും അനുഭവപ്പെട്ടു. കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ 92 വിദേശ സന്ദർശനങ്ങളാണ് അദ്ദേഹം നടത്തിയത്. േമയിൽ കാലാവധി തികയ്ക്കുംമുമ്പ് വിദേശയാത്രകൾ ഇനിയും ബാക്കികിടക്കുന്നു! 1484 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രായജ്ഞത്തിന് ഇതുവരെ ചെലവായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സർദാർപട്ടേൽ പ്രതിമ സ്ഥാപിക്കുന്നതിന് 3000 കോടി രൂപയാണ് ചെലവിട്ടത്. ഇനിയും പ്രതിമകൾ ഉയർന്നേക്കാം. 

ജനങ്ങൾക്ക്‌ മടുത്തുതുടങ്ങി
ബി.ജെ.പി. 2014-ൽ അധികാരമേറിയതിനുശേഷം അതിഹിന്ദുത്വ പ്രവർത്തനങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. പശുസംരക്ഷണ പ്രചാരണം, അതിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അതിനെതിരെ സംസാരിക്കുന്നവർക്ക്‌ വേണമെങ്കിൽ പാകിസ്താനിൽ പോകാമെന്ന സംഘപരിവാർ പ്രമുഖരുടെ താക്കീതുകളും. 
ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ വെറുപ്പിച്ചിരിക്കുന്നു. ഒരു കാര്യം തീർച്ച - കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിനെ മാറ്റാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്ക്‌ ആവേശം നൽകുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുഫലം. അവരെ നിരാശപ്പെടുത്താൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക്‌, പ്രത്യേകിച്ചും അവർക്കു നേതൃത്വം നൽകേണ്ട കോൺഗ്രസിന്‌ സാധ്യമല്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.എസ്‌.പി.യെ കൂടി കൂടെ കൂട്ടിയിരുന്നുവെങ്കിൽ ബി.ജെ.പി.ക്കെതിരേ കൂടുതൽ ശക്തമായ പ്രഹരമേൽപ്പിക്കാൻ കോൺഗ്രസിനു കഴിയുമായിരുന്നു എന്നകാര്യം അവർ ഓർക്കണം. പാടേമാറിയ സാഹചര്യങ്ങളിൽ ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകരാനും അവരുടെ ഭയാശങ്കകൾ അകറ്റാനും കോൺഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ എന്നത്‌ ഏറ്റവും ലളിതമായ രാഷ്ട്രീയസമവാക്യം.

content highlights: MP veerendrakumar mp, analysis, five state election