ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ വിജയങ്ങളിലൂടെ ബി.ജെ.പി. രാഷ്ട്രപതിക്കസേരയും കൈയിൽ ഭദ്രമാക്കുന്നു. യു.പി.യിൽ വൻവിജയം നേടിയതോടെ ജൂലായിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ  വഴിയെളുപ്പമായി. അല്ലാത്ത പക്ഷം രാഷ്ട്രപതിസ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ അവർക്ക് പ്രതിപക്ഷത്തോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമായിരുന്നു. മറ്റു തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലേയും അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെട്ട ‘ഇലക്ടറൽ കോളേജാണ്’ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.

നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമില്ല. ഓരോ എം.പി.യുടെയും വോട്ടിന്റെ മൂല്യം 708 ആയിരിക്കും. എം.എൽ.എ.മാരുടെ വോട്ട് മൂല്യമാവട്ടെ സംസ്ഥാനങ്ങളിലെ ജനസംഖ്യ കൂടി കണക്കിലെടുത്തായിരിക്കും. 776 എം.പി.മാരും 4120 എം.എൽ.എ.മാരുമടക്കം 4896 ജനപ്രതിനിധികളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ. ഇപ്പോൾ 12 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബി.ജെ.പി. ലോക്‌സഭാംഗങ്ങളായി 282 പേരും രാജ്യസഭാംഗങ്ങളായി 56 പേരും ബി.ജെ.പി.ക്കുണ്ട്. ഇപ്പോൾ തിരഞ്ഞടുപ്പു നടന്ന നാലുസംസ്ഥാനങ്ങളും കൂട്ടിയാൽ ബി.ജെ.പി.ക്കു സ്വന്തമായി 1546 എം.എൽ.എ.മാരുടെ അംഗബലമായി. മഹാരാഷ്ട്രയിൽ ശിവസേന (63 എം.എൽ.എ.മാർ), അസമിൽ അസംഗണപരിഷത്ത് (14), പഞ്ചാബിൽ അകാലിദൾ (15) എന്നിങ്ങനെ എൻ.ഡി.എ.യിലെ മുഖ്യകക്ഷികളുടെയും ആന്ധ്രാപ്രദേശിൽ 102 എം.എൽ.എ.മാരുടെ ഭൂരിപക്ഷമുള്ള തെലുങ്കുദേശത്തിന്റെയും പിന്തുണ ബി.ജെ.പി.യുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇതിൽ, മഹാരാഷ്ട്രയിൽ പലപ്പോഴും ഉടക്കാറുള്ള ശിവേസനയൊഴിച്ച് സഖ്യത്തിൽ മറ്റു വെല്ലുവിളികളില്ല. 

ബിഹാർ ഭരിക്കുന്ന ജെ.ഡി.യു. നയിക്കുന്ന മഹാസഖ്യത്തിന്റെ 178, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 211, കോൺഗ്രസ്-ഇടതു കൂട്ടുകെട്ടിന്റെ 32, തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുടെ 134, ഡി.എം.കെ.യുടെ 89, ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ 67 എന്നിവയും കേരളം, കർണാടക, ത്രിപുര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗബലവും ബി.ജെ.പി.ക്കു പ്രതീക്ഷിക്കാനാവില്ല. എന്നാൽ, ഒഡിഷയിൽ 117 എം.എൽ.എമാരുള്ള ബി.ജെ.ഡി.യും 63 എം.എൽ.എ.മാരുള്ള തെലങ്കാനയിലെ ടി.ആർ.എസ്സുമൊക്കെ ബി.ജെ.പി.യോട് ഇടഞ്ഞുനിൽക്കുന്ന പാർട്ടികളല്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം യു.പി.യിൽ ബി.ജെ.പി.ക്ക് ഇപ്പോൾ ലഭിച്ച കരുത്തുറ്റ വിജയം രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രാഷ്ട്രീയബലാബലത്തിലും പ്രതിഫലനങ്ങളുണ്ടാക്കും.