ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രമന്ത്രിസഭാ യോഗത്തിലും ബി.ജെ.പി. ആസ്ഥാനത്തും എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മൂന്നു പ്രസംഗങ്ങളിലൂടെ തന്റെ ലക്ഷ്യമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2019-ലെ ജനവിധി ചരിത്രവിജയമാണെന്നാണ് മോദി ചൂണ്ടിക്കാട്ടിയത്. ജനങ്ങൾ സ്വയം മത്സരിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ സർക്കാരിന്റെ മികച്ച ഭരണം നോക്കി ജനങ്ങൾ വിധിയെഴുതിയതിനാൽ വോട്ടുകൾ ഭരണത്തിലിരുന്ന ബി.ജെ.പി.ക്ക് അനുകൂലവുമായി.

ബി.ജെ.പി.യുടെ ജനസമ്മതി വർധിച്ചുവരുന്നതുതന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. 1984-ൽ ബി.ജെ.പി.യുടെ രണ്ടംഗങ്ങൾ മാത്രമാണ് പാർലമെന്റിലെത്തിയത്. 2014-ലും ’19-ലും പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചു. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളോട് സർക്കാർ കടപ്പെട്ടിരിക്കുന്നുവെന്ന് 2014-ൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ന് അതേ പാവപ്പെട്ടവർതന്നെ ചരിത്രവിജയത്തോടെ വീണ്ടും ബി.ജെ.പി.യെ അധികാരത്തിലെത്താൻ സഹായിച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും വോട്ടും സർക്കാരിന് ലഭിച്ചുവെന്നതാണ് സത്യം -മോദി ചൂണ്ടിക്കാട്ടി.

പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തശേഷം എൻ.ഡി.എ. നേതാക്കളുടെയും പാർലമെന്റംഗങ്ങളുടെയും സാന്നിധ്യത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധതയും പ്രതിഫലിക്കുന്നു. ആ പ്രസംഗത്തിൽ സുപ്രധാനവിഷയങ്ങൾ പരാമർശിക്കപ്പെട്ടു. ഒന്നാമതായി, ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്ന പ്രതിജ്ഞ നിറവേറ്റാൻ ഉത്തരവാദപ്പെട്ട സർക്കാരായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി.ക്ക് വോട്ടുചെയ്തവരുടെയും ചെയ്യാത്തവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കും. സർക്കാരിന്റെ പ്രതിജ്ഞയിൽ എല്ലാവരുടെയും ‘വിശ്വാസം’ സംരക്ഷിക്കുമെന്നതും അദ്ദേഹം ഉൾപ്പെടുത്തി. 

ഇതു വിശദീകരിക്കുന്നതിനിടെ, പതിറ്റാണ്ടുകളായി ന്യൂനപക്ഷ സമുദായങ്ങളുടെ മനസ്സിൽ ഭയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. അവരെ വോട്ടുബാങ്കായാണ് ചിലർ കണക്കാക്കിയത്. എന്നാൽ, അടുത്ത അഞ്ചുവർഷം പ്രവർത്തനങ്ങളിലൂടെയും നേരിട്ടിടപെട്ടും ന്യൂനപക്ഷസമുദായക്കാരുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റാനായിരിക്കും സർക്കാരിന്റെ ശ്രമം. കോൺഗ്രസിന്റെയും മറ്റു രാഷ്ട്രീയപ്പാർട്ടികളുടെയും വഞ്ചനയ്ക്ക് ഇരകളായത് ന്യൂനപക്ഷ സമുദായക്കാരാണ്. അവരുടെ മൗലിക പ്രശ്നങ്ങളായ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയവയൊന്നും അവർ അഭിസംബോധന ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്‌സഭയിൽ ബി.ജെ.പി.ക്ക് തനിച്ച് ഭൂരിപക്ഷമുണ്ട്, എൻ.ഡി.എ. സഖ്യത്തിലുള്ളവരുമായി ചേർന്നായിരിക്കും സർക്കാർ രൂപവത്കരിക്കുക. ദേശീയലക്ഷ്യവും പ്രാദേശിക അഭിലാഷവും ചേർന്നുള്ള നയമായിരിക്കും സർക്കാർ പിന്തുടരുക. പരസ്പരസഹകരണത്തിലൂടെയുള്ള ഫെഡറലിസം പിന്തുടരാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. “വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരുണ്ടാക്കിയത്. പക്ഷേ, രാജ്യം എല്ലാവരെയും ഒപ്പംകൂട്ടാനും ബാധ്യസ്ഥമാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. 

മൂന്നാമതായി, അധികാരത്തിന്റെ ധാർഷ്ട്യമില്ലാതെ സേവനമനോഭാവത്തോടെ ജോലിചെയ്യണമെന്ന നിർദേശമാണ് മോദി മുന്നോട്ടുവെച്ചത്. വി.ഐ.പി. സംസ്കാരം ഒഴിവാക്കാൻ അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെടുകയും ചെയ്തു. സേവനമനോഭാവം നിമിത്തമാണ് ജനങ്ങൾ ബി.ജെ.പി.യെ സ്വീകരിച്ചതെന്ന് മോദി ഉറപ്പിച്ചുപറയുന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും വഴികളിലൂടെ നടക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ എല്ലാവരും സ്വയം തയ്യാറായിരിക്കണം. ഇക്കാരണംകൊണ്ടാണ് 2014-ലെ തിരഞ്ഞെടുപ്പിനുശേഷം ജനങ്ങൾക്കുമുമ്പിൽ അദ്ദേഹം പ്രധാനമന്ത്രിയല്ല, ‘പ്രധാനസേവക’നായി സ്വയം അവതരിപ്പിച്ചത്. എല്ലാ പാർലമെന്റംഗങ്ങളും സഹാനുഭൂതിയോടും സമത്വത്തോടും കൂടി ജനങ്ങളെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും മോദി അടിവരയിട്ടു. 

നാലാമതായി, ജനപങ്കാളിത്തത്തെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. 2014-ൽ അധികാരത്തിലെത്തിയതുമുതൽ അതിന് പ്രാധാന്യം കൊടുക്കുന്നതിന്റെ മികച്ച തെളിവാണ് സ്വച്ഛ്‌ഭാരത് അഭിയാൻ. സ്വച്ഛ്‌ഭാരത് സർക്കാരിന്റെ പദ്ധതിയായല്ല ജനങ്ങളുടെ പദ്ധതിയായാണ് നിലകൊണ്ടത്. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 

2019-ലെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കാൻ ജനങ്ങൾക്ക് അവരുടേതായ വഴിയുണ്ടായിരുന്നു. സുതാര്യമായ ഭരണം കാഴ്ചവെച്ചതിനും സത്യസന്ധത പുലർത്തിയതിനും അവർ ബി.ജെ.പി.ക്ക് വോട്ടുചെയ്തു. രാജസ്ഥാനിലെ ഒരു തൊഴിലാളി എന്നോടുപറഞ്ഞത് മോദി അല്പം പോലുംവിശ്രമിക്കാതെ കഠിനമായി അധ്വാനിക്കുന്ന വ്യക്തിയാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് വോട്ടുചെയ്യുമെന്നുമാണ്. പാവപ്പെട്ടവരെ സംരക്ഷിക്കുകയും പാവപ്പെട്ട കുടുംബത്തിൽനിന്ന് വരുന്നയാളുമായ മോദിക്ക്‌ വോട്ടുചെയ്യുമെന്ന് കൃഷിക്കാരിയായ ഒരു വനിതയും പറഞ്ഞു. രാജസ്ഥാനിലെ ഉൾപ്രദേശത്ത് താമസിക്കുന്ന പട്ടികവർഗക്കാരിയായ യുവതി പറഞ്ഞത് ഇങ്ങനെയാണ്: “മുമ്പ് പാക് സൈന്യം പിടികൂടുന്ന ഇന്ത്യൻ സൈനികരെ തലയറത്തശേഷമായിരുന്നു തിരികെ നൽകാറ്്‌. എന്നാൽ, മോദി ധീരനായ പ്രധാനമന്ത്രിയാണ്. 

ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം പാകിസ്താൻ പിടികൂടിയ വ്യോമസേനാ പൈലറ്റിനെ 24 മണിക്കൂറിനകം ജീവനോടെ തിരിച്ചുകൊണ്ടുവന്നു.”  മോദിയുടെ മൂന്നു പ്രസംഗങ്ങളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം വ്യക്തമാക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ മൂന്നു പ്രസംഗങ്ങളും കേട്ടശേഷം,  മതേതരത്വം, പുരോഗമന ചിന്താഗതി എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നവർ മോദിജിയുടെ വീക്ഷണം കൂടുതൽ സമഗ്രവും  മതനിരപേക്ഷവും 21-ാം നൂറ്റാണ്ടിന് അനുഗുണവുമാണെന്ന് തിരിച്ചറിയും.

Content Highlights: Narendra Modi, BJP, India, Loksabha Election