നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആഘാതത്തിൽനിന്ന് യു.ഡി.എഫ്. പ്രവർത്തകർ ഇപ്പോഴും മോചിതരായിട്ടില്ല. ഒരുകാലത്തും ഉണ്ടാവാത്ത രീതിയിൽ അഴിമതിയും അക്രമവും അഴിഞ്ഞാടിയ എൽ.ഡി.എഫിന്റെ  ദുർഭരണത്തിനെതിരേ തിരഞ്ഞെടുപ്പിൽ ജനവികാരം  പ്രതിഫലിക്കേണ്ടതായിരുന്നു. കേരളരാഷ്ട്രീയത്തിൽ ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്ന ചരിത്രം ആവർത്തിക്കുമെന്ന് കണക്കുകൂട്ടിയ യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതീക്ഷകളാണ് തകർന്നുപോയത്.

ജനമനോഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല

ദുരന്തഭൂമിയിൽ ദുരിതങ്ങൾകൊണ്ട് അതിജീവനത്തിന് കഷ്ടപ്പെടുന്ന ജനങ്ങളുടെ മനോഭാവത്തിൽ വന്ന മാറ്റം മനസ്സിലാക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. എന്തുതന്നെയായാലും യു.ഡി.എഫിനുണ്ടായ പരാജയം, പരാജയംതന്നെയാണ്. വിജയത്തെക്കാൾ വിജയിക്കുന്ന മറ്റൊന്നുമില്ലെന്ന ചൊല്ല് മറക്കുന്നില്ല. യു.ഡി.എഫിന്റെ പരാജയത്തെ മാധ്യമങ്ങൾ ദയനീയ പരാജയമെന്ന്‌ വിശേഷിപ്പിച്ചപ്പോൾ പരാജയകാരണങ്ങൾ പഠിക്കാനുള്ള ഉത്തരവാദിത്വം വർധിച്ചിരിക്കയാണ്. പരാജയകാരണങ്ങൾ വിലയിരുത്തി തിരുത്തലുകൾ വരുത്താൻ ഏതൊരു രാഷ്ട്രീയപ്പാർട്ടിക്കുമുള്ളതിനെക്കാൾ വർധിച്ച ഉത്തരവാദിത്വമാണ് യു.ഡി.എഫ്. നേതാക്കൾക്കുള്ളത്.

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് നേതാക്കൾ മാറണമെന്ന മുറവിളി അണികളിൽനിന്ന്‌ ഉയർന്നുകഴിഞ്ഞു. കോൺഗ്രസിൽ എല്ലാ തിരഞ്ഞെടുപ്പിലും ഉയർന്നുകേൾക്കുന്ന മുറവിളിയായിമാത്രം അതിനെ നേതൃത്വം കാണുന്നില്ല എന്നതിനു തെളിവാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗം അംഗീകരിച്ച പ്രമേയം. തീരാത്ത ദുഃഖത്തോടെയും അസംതൃപ്തിയോടെയും പരാജയത്തിൽ പ്രതികരിച്ച സാധാരണ പ്രവർത്തകരുടെയും അനുഭാവികളുടെയും വികാരങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് നേതൃത്വം പരാജയകാരണങ്ങൾ വിലയിരുത്തിയത്.

അടിമുടി ഉടച്ചുവാർക്കണം

പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാനും നേതൃത്വത്തിലും പ്രവർത്തനശൈലിയിലും മാറ്റംവരുത്താനുമുള്ള സന്നദ്ധതയാണ് നേതൃത്വം പ്രകടിപ്പിച്ചത്. വിഭാഗീയതകൾക്കതീതമായി പാർട്ടിയെ പുനഃസംഘടിപ്പിക്കാനും നവീകരിക്കാനുമുള്ള തീരുമാനത്തോടെയാണ് രാഷ്ട്രീയകാര്യസമിതി പിരിഞ്ഞത്. മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കാനും സമയബന്ധിതമായി അത്‌ നടപ്പാക്കുന്നതിനെപ്പറ്റി അന്തിമതീരുമാനം കൈക്കൊള്ളാനുംവേണ്ടിയാണ് ഈ മാസം 18, 19 തീയതികളിൽ രാഷ്ട്രീയകാര്യസമിതി ചേരുന്നത്.

2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിന് 47.24 ശതമാനം വോട്ട് ലഭിച്ചു. അതായത്, 94,36,990 വോട്ടുകിട്ടി. പരാജയപ്പെട്ട യു.ഡി.എഫിന് 39.37 ശതമാനം വോട്ടുകിട്ടി. അതായത്, 81,94,991 വോട്ട്‌. എൽ.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും ലഭിച്ചപ്പോൾ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി.ക്ക്‌ അതുനഷ്ടമാവുകയും 12.47 ശതമാനം വോട്ട് ലഭിക്കുകയുംചെയ്തു. 25,90,996 വോട്ട്‌.

2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 43.10 ശതമാനം (87,28,234) വോട്ടും യു.ഡി.എഫിന് 38.63 ശതമാനം (78,08,743) വോട്ടും ബി.ജെ.പി. 14.93 ശതമാനം (30,20,830) വോട്ടുമാണ് ലഭിച്ചത്. 2021-ൽ എൽ.ഡി.എഫിന് 7,08,056 വോട്ടുകൾ വർധിച്ചപ്പോൾ, യു.ഡി.എഫിന് 3,86,248 വോട്ടുകൾ വർധിച്ചു. ബി.ജെ.പി.ക്ക്‌  4,29,834 വോട്ട്‌ കുറഞ്ഞു. സി.പി.എമ്മിന് 25.4 ശതമാനം വോട്ടും കോൺഗ്രസിന് 25.1 ശതമാനം വോട്ടുമാണ് 2021-ൽ ലഭിച്ചിരിക്കുന്നത്.

വിലയിരുത്തലുകൾ അനിവാര്യം

2016-ൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണിയും കൂട്ടരും എം.വി. ശ്രേയാംസ് കുമാറിന്റെ ജനതാദളും എൽ.ഡി.എഫിൽ ചേർന്നിട്ടും 2021-ൽ യു.ഡി.എഫിന് അവരുടെ വോട്ടുകൾ അഞ്ചുശതമാനം എന്നുകണക്കുകൂട്ടിയാൽ, അതും നഷ്ടപ്പെട്ട സാഹചര്യത്തിൽ കുറഞ്ഞത് പത്തുശതമാനം വോട്ടുകൾ കുറവുവരേണ്ടതാണ്. എന്നിട്ടും മൂന്നുലക്ഷത്തിലധികം വോട്ടുകൾ വർധിക്കുകയാണുണ്ടായത്.

വോട്ടുകളുടെ എണ്ണവും ശതമാനക്കണക്കും വിലയിരുത്തി പരാജയത്തിന്റെ കാഠിന്യം കുറയ്ക്കാനല്ല ഞാൻ ശ്രമിക്കുന്നത്. ദയനീയമായി പരാജയപ്പെടുമ്പോഴും 81 ലക്ഷത്തിലധികം വോട്ടർമാരുടെ പിന്തുണ ലഭിച്ച യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ആഴത്തിൽ വിലയിരുത്തേണ്ടിയിരിക്കുന്നു.

സംഘടനാപരമായ ദൗർബല്യത്തെക്കുറിച്ച് എല്ലാവരും പരാതി പറയുന്നുണ്ട്. കുറെക്കാലമായി ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ജനങ്ങളുമായി നിരന്തരബന്ധം പുലർത്തേണ്ട ബൂത്തുതലം മുതലുള്ള പാർട്ടിയുടെ തൃണമൂൽ സംവിധാനങ്ങളാണ് ഏതുതിരഞ്ഞെടുപ്പിലും വിജയം നിർണയിക്കുന്നത്. പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള കമ്മിറ്റികളെ മാറ്റിയാലും ഭാരവാഹികളെ മാറ്റിയാലും പ്രവർത്തനശൈലി മാറ്റാതെ, അത് കാര്യക്ഷമമാക്കാതെ മുന്നോട്ടുനീങ്ങിയാൽ മാറ്റംകൊണ്ടുള്ള ഫലമുണ്ടാവില്ലെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിത്തുടങ്ങി.

ജനജീവിതവുമായി ഇടപെട്ടേ പറ്റൂ

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജനസേവനമാണ് രാഷ്ട്രീയപ്രവർത്തനമെന്ന കാഴ്ചപ്പാടോടെ, ജനജീവിതവുമായി ഇടപെട്ടുകൊണ്ടുള്ള ഒരു പ്രവർത്തനശൈലിയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പുകളെമാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിനുപകരം, ജനസേവനത്തിനായുള്ള രാഷ്ട്രീയപ്രവർത്തനത്തിന് തയ്യാറായാൽ കോൺഗ്രസിനോട് ജനങ്ങൾക്കുള്ള മനോഭാവത്തിൽ വലിയ മാറ്റമുണ്ടാവും.

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ കോൺഗ്രസിന്റെ സന്ദേശവാഹകരായി, ഗാന്ധിജി വിഭാവനംചെയ്ത സാമൂഹികപ്രവർത്തനശൈലിയിലൂടെ, ഐക്യത്തോടും അച്ചടക്കത്തോടുംകൂടി കോൺഗ്രസിന്റെ താഴേത്തലത്തിലുള്ള പ്രവർത്തനങ്ങൾ മാറ്റിയെടുക്കാൻ നേതാക്കളും പ്രവർത്തകരും തയ്യാറായാൽ ഏതുപ്രതിസന്ധിയെയും അതിജീവിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

(യു.ഡി.എഫ്‌. കൺവീനറാണ്‌  ലേഖകൻ)

content highlights: mm hassan on udf election defeat