നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേൽപ്പിക്കൽ നയമല്ല  പിണറായിസർക്കാരിൽനിന്ന്‌ പ്രതീക്ഷിക്കുന്നതെന്ന്  പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ.  ജനങ്ങളുടെ പ്രതിഷേധം  അവഗണിച്ച്  കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള  സർക്കാരിന്റെ നിലപാടിനെക്കുറിച്ച്  സംസാരിക്കുകയായിരുന്നു മേധ. ​േകരളത്തിലെത്തിയ മേധാപട്കർ,  മാതൃഭൂമി പ്രതിനിധി കെ.എസ്. വിപിനചന്ദ്രനുമായി സംസാരിക്കുന്നു. 

കെ-റെയിൽ പദ്ധതി ബാധിക്കുന്ന തൃശ്ശൂരിലെയും മറ്റും സ്ഥലങ്ങളിൽ താങ്കൾ പോയല്ലോ? ജനങ്ങളുടെ മനോഭാവം എങ്ങനെയായിരുന്നു? 

= ഈ പദ്ധതി ബാധിക്കുന്ന ഒട്ടേറെപ്പേർ ഞങ്ങളെ കേൾക്കാനെത്തി. ഇതിനകം ഹൈവേ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒറ്റരാത്രികൊണ്ട‌ാണ് അടയാളക്കല്ലിടുന്നത്. ഭയപ്പെടുത്തൽ തന്ത്രത്തിലൂടെയാണ് പല കുടുംബങ്ങളുടെയും ഭൂമിയേറ്റെടുക്കുന്നത്. എങ്കിലും ഈ ജനങ്ങൾ ഏകസ്വരത്തിൽ പദ്ധതിയെ എതിർക്കുകയാണ്. 

പക്ഷേ, കേരളസർക്കാർ ഇതുമായി മുന്നോട്ടുപോകുകയാണല്ലോ? 

= ഇതൊരു അഭിമാനപ്രശ്നമായല്ല സർക്കാർ കാണേണ്ടത്. ഭൂമിയേറ്റെടുക്കാൻ ഹൈക്കോടതി ഇതുവരെ അനുവദിച്ചിട്ടില്ല. പരിസ്ഥിതി ആഘാതപഠനംപോലും പൂർണമായിട്ടില്ല. ദേശീയ

ഹരിത ട്രിബ്യൂണലിന്റെ അംഗീകാരമില്ല. കേന്ദ്രസർക്കാരിന്റെ അനുമതികളും കിട്ടിയിട്ടില്ല. ജാപ്പനീസ് ഏജൻസി കുറഞ്ഞ പലിശയ്ക്കു കടം തരും,  കേരളം ചെലവുവഹിക്കാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

ഈ പദ്ധതി കേരളീയർക്കു പ്രയോജനപ്പെടില്ലെന്നാണോ? 

= ഈ അതിവേഗ റെയിൽ പദ്ധതി അനാവശ്യമാണ്. സാധാരണക്കാരനു ഗുണപ്പെടില്ല, കുറച്ചുപേരടങ്ങുന്ന വരേണ്യവർഗത്തിനേ ഇതുകൊണ്ട് ഗുണമുള്ളൂ. പദ്ധതി നടപ്പാക്കാൻ അതിഭീമമായ ചെലവുണ്ട്. അതു സാധാരണക്കാരാണ് വഹിക്കേണ്ടിവരുക. അതേസമയം, സാധാരണക്കാർക്കു താങ്ങാനാകുന്ന യാത്രക്കൂലിയാകില്ല. ഗതാഗതസൗകര്യങ്ങൾ എമ്പാടുമുള്ള കൊച്ചുസംസ്ഥാനമാണ് കേരളം. ജനങ്ങൾ അതിൽ തൃപ്തരാണ്. ഇരുപതിനായിരത്തോളം കുടുംബങ്ങളെ പദ്ധതി ബാധിക്കും. ഹൈവേ വികസനം, വല്ലാർപാടം തുടങ്ങി പല പദ്ധതികളും എൺപതിനായിരത്തോളം കുടുംബങ്ങളെ ബാധിച്ചതിനുപുറമേയാണിത്. ബാധിച്ചവരെ പൂർണമായി പുനരധിവസിപ്പിച്ചിട്ടുമില്ല. ഇടയ്ക്കിടെ കുറച്ചുപണം കൊടുക്കുന്നതല്ല പുനരധിവാസം. പദ്ധതിക്ക് ഒരുലക്ഷം കോടി രൂപയ്ക്കുപുറത്ത്‌  ചെലവുവരും. ഇതു നിലവിലെ പൊതുഗതാഗതസൗകര്യങ്ങൾ  മെച്ചമാക്കാൻ ചെലവാക്കിക്കൂടേ?  

ഇതു പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതിയാണെന്നു മുഖ്യമന്ത്രി പറയുന്നുണ്ടല്ലോ? 

= അതൊന്നും ശരിയല്ല. ഇപ്പോൾ കേരളത്തിൽ ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്നു. ആ പ്രശ്നത്തെ ഈ പദ്ധതി കൂടുതൽ ഗുരുതരമാക്കും. 

കേരളത്തിലെ റോഡുകൾ വാഹനപ്പെരുപ്പംകൊണ്ടു വീർപ്പുമുട്ടുകയാണ്. സംസ്ഥാനത്തെ ഭൂസ്ഥിതികാരണം റെയിൽപ്പാത വളവുകൾകൂടിയതാണ്. അടുത്തടുത്തു സ്റ്റേഷനുകളും ഉണ്ട്. തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ പന്ത്രണ്ടോ പതിന്നാലോ മണിക്കൂർ വേണം. അതിനൊരു ബദൽ വേണ്ടേ?

= നിലവിലെ ബ്രോഡ് ഗേജ് പാത നേരാംവണ്ണം ഉപയോഗിക്കണം. സ്റ്റോപ്പുകൾ കുറഞ്ഞ, വേഗത്തിലോടുന്ന തീവണ്ടി മതിയല്ലോ? സാധാരണ ജനങ്ങൾക്ക് അതിവേഗ ജീവിതമല്ല ആവശ്യം. ഇന്നത്തെ നഗരവത്കരണവും കോർപ്പറേറ്റ്‌വത്കരണവും മറ്റുംകൊണ്ട് ജനങ്ങളെ വേഗത്തിനായി വിരട്ടുകയാണ്. അപകടമൊന്നും കാര്യമായെടുക്കുന്നില്ല. എന്നാൽ, സുരക്ഷിതയാത്രയാണു പ്രധാനം. വേഗംകൂട്ടിയിട്ട് ലക്ഷ്യസ്ഥാനത്ത് എത്തില്ലെങ്കിൽ എന്താണു പ്രയോജനം?  

കെ-റെയിലിന്റെ പ്രശ്നം അവതരിപ്പിക്കാൻ അഖിലകേരള യാത്ര വേണമെന്നു കഴിഞ്ഞദിവസം താങ്കൾ പറഞ്ഞല്ലോ? അതു മുന്നിൽനിന്നു നയിക്കാനുണ്ടാകുമോ?  

= മുന്നിൽനിന്നു നയിക്കാൻ ഇവിടെത്തന്നെ ആളുണ്ട്. 

ഈപ്രശ്നത്തിന് താങ്കൾ മുഖ്യമന്ത്രിയെക്കണ്ട്‌ സംസാരിക്കുമോ?

= അതിനുശ്രമിച്ചിട്ടില്ല. പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെ സർക്കാർ കേൾക്കണം. വരണമെന്നറിയിച്ചാൽ എന്നെപ്പോലുള്ളവർ പങ്കെടുക്കും.  

വലിയ പദ്ധതികളെ എതിർക്കുന്നവരെ വികസനവിരോധികളായി സർക്കാരുകൾ ചിത്രീകരിക്കുന്നതിനെപ്പറ്റി എന്താണുപറയാനുള്ളത്? 

= അവരതു ചെയ്തോട്ടെ; സത്യം തിരിച്ചറിയാനുള്ള കഴിവ് ജനത്തിനുണ്ട്.   

ഇടതുപക്ഷത്തിൽ വളരെ പ്രതീക്ഷിക്കുന്നവരാണ് ഞങ്ങൾ. ഇടതുപക്ഷം കർഷകസമരത്തിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇടതുപാർട്ടികൾ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവരാണ്. അതേരീതിയിലുള്ള പദ്ധതിയാണ് കെ-റെയിൽ. ജാപ്പനീസ് വായ്പ തുടങ്ങിയ പൊതുസ്വഭാവമാണ് രണ്ടിനും. ഇതും കോർപ്പറേറ്റ്‌വത്കരണവിഷയമാണ്

content highlughts:  medha patkar interview