മേരിക്കയുടെ ആദ്യ അണ്വായുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ച ശാസ്ത്രജ്ഞർ സ്ഥാപിച്ച സംഘടനയാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ്. ഈ സംഘടന 1947-ൽ ഒരു പ്രതീകാത്മക ഘടികാരത്തിന് രൂപം നൽകി. ഡൂംസ്‌ഡേ ക്ലോക്ക് അഥവാ ലോകാന്ത്യദിന ഘടികാരം.

അന്ന് ലോകാന്ത്യമെന്ന പാതിരാവിലേക്ക്‌ ഏഴു മിനിറ്റായിരുന്നു ദൂരം. പിന്നീട് പലകാരണങ്ങളാൽ ആ ദൂരം കുറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 26-ന് ലോകാന്ത്യത്തിലേക്കുള്ള സമയം അര മിനിറ്റുകൂടി കുറഞ്ഞു. ഇപ്പോഴത് രണ്ടു മിനിറ്റ്. ആണവയുദ്ധഭീഷണി നേരിടുന്നതിൽ ലോകനേതാക്കൾ പുലർത്തുന്ന അലംഭാവമാണ് ഘടികാരത്തിലെ സമയം പുനഃക്രമീകരിക്കാൻ കാരണമായി ശാസ്ത്രജ്ഞരുടെ സംഘം പറഞ്ഞത്.

ഈ പ്രതീകാത്മക പ്രവൃത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും അമേരിക്കയുടെ പുതിയ ആണവനയം പുറത്തുവന്നിരിക്കുന്നു. റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുള്ള നയം. തന്റെ മേശപ്പുറത്തുള്ള 'വലിയ ആണവ ബട്ടൺ' അമർത്താൻ കൂടുതൽ സാഹചര്യങ്ങൾ ആ നയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒരുക്കിക്കൊടുത്തിരിക്കുന്നു.

അണ്വായുധം ആദ്യം ഉപയോഗിക്കാവുന്ന അവസരങ്ങളുടെ എണ്ണം കൂട്ടി. ‘വലിയ ബട്ടൺ അമർത്താൻ’ അണ്വായുധാക്രമണം ഉണ്ടാകുംവരെ ട്രംപ് കാത്തിരിക്കേണ്ടതില്ല. ആണവമല്ലാത്ത ചില ആക്രമണങ്ങളെ നേരിടാനും അദ്ദേഹത്തിന് അത് പ്രയോഗിക്കാം. അണ്വായുധനിയന്ത്രണ സംവിധാനത്തിനോ വൈദ്യുതിവിതരണ ശൃംഖലയ്ക്കോ വ്യോമനിയന്ത്രണ സംവിധാനത്തിനോ നേരെ സൈബർ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ ആണവാക്രമണം നടത്താം.

അതായത്, റഷ്യയോ ചൈനയോ യു.എസ്. കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറിയാൽ മറുപടിയായി ആണവമിസൈൽ അയയ്ക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നാണ് പുത്തൻ ആണവനയം പറയുന്നത്. രാസ-ജൈവായുധങ്ങൾ പ്രയോഗിക്കുന്ന സാഹചര്യത്തിലേ അണ്വായുധംകൊണ്ട് തിരിച്ചടിക്കാവൂ എന്ന നയമാണ് ട്രംപിന്റെ മുൻഗാമികൾ സ്വീകരിച്ചുപോന്നത്.

ഏഴുവർഷം മുമ്പ് ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ്‌ ഇതിനുമുമ്പ് അമേരിക്ക ആണവനയം പ്രഖ്യാപിച്ചത്. കൈവശമുള്ള അണ്വായുധങ്ങളുടെ എണ്ണവും അവയോടുള്ള ആശ്രിതത്വവും കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ആ നയത്തിന്റെ കാതൽ. കര, വ്യോമ, നാവികസേനകളുടെ പക്കലുള്ള ആയുധങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.

ഈ ലക്ഷ്യം ട്രംപിന്റെ നയത്തിലുമുണ്ട്. ആക്രമണസജ്ജമാക്കിവെച്ചിരിക്കുന്ന അണ്വായുധങ്ങളുടെ എണ്ണം 1,550 ആയി പരിമിതപ്പെടുത്താൻ റഷ്യയുമായി ഒബാമ ഉടമ്പടിയുണ്ടാക്കിയിരുന്നു. ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി എന്നു പേരുള്ള ഈ ഉടമ്പടി നടപ്പാക്കൽ തിങ്കളാഴ്ച പൂർത്തിയാകേണ്ടതാണ്. തങ്ങൾ വാക്കു പാലിച്ചെന്നും റഷ്യ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്.


പുതിയ മിസൈൽ നിർമിക്കും

അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സംരക്ഷണത്തിന് അണ്വായുധങ്ങളെ ആശ്രയിക്കുന്നത് വിപുലമാക്കുമെന്നാണ് ആണവനയം പറയുന്നത്. അണ്വായുധ നിയന്ത്രണത്തിനായി അമേരിക്ക ഏർപ്പെട്ടിരിക്കുന്ന ഉടമ്പടികൾ പാലിക്കുമെന്ന് പറയുമ്പോഴും പുതിയവ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട് ട്രംപ്.

പുതിയ രണ്ടു മിസൈൽ വികസിപ്പിക്കാനാണ് പദ്ധതി. ഇവ കടലിൽ വിന്യസിക്കും. ഇപ്പോഴുള്ള അണ്വായുധങ്ങളെക്കാളും പ്രഹരശേഷി കുറഞ്ഞവയാവും ഇവ. 20 കിലോടണ്ണിൽ താഴെയാവും പ്രഹരശേഷിയെന്നത് ഇവയെ മാരകായുധമല്ലാതാക്കുന്നില്ല. ഹിരോഷിമയിൽ അമേരിക്കയിട്ട അണുബോംബിന്റെ പ്രഹരശേഷി ഏകദേശം 15 കിലോടൺ ആയിരുന്നു.

1992-നുശേഷം അണ്വായുധ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല അമേരിക്ക. അന്നത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷ് അണ്വായുധ പരീക്ഷണത്തിന് സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഏർപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഒരു പ്രസിഡന്റ് പരീക്ഷണത്തിന് സജ്ജരാകാൻ നിർദേശം നൽകുന്നത് കഴിഞ്ഞവർഷമാണ്.

ആറുമാസത്തിനകം അണ്വായുധപരീക്ഷണം നടത്താൻ തയ്യാറെടുക്കാനാണ് കഴിഞ്ഞ നവംബറിൽ ട്രംപ് ഊർജ വകുപ്പിനോട് നിർദേശിച്ചത്. റഷ്യൻ പ്രസിഡന്റ്    വ്ലാദിമിർ പുതിൻ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി എന്നിവരെ ഒന്നുവിരട്ടാനാണ് ട്രംപ് ഇതു ചെയ്തതെന്നു കരുതുന്നവരുണ്ട്. എന്നാൽ, അണ്വായുധശേഖരം നവീകരിക്കാൻ 1.2 ലക്ഷം കോടി ഡോളറിന്റെ പദ്ധതി നിർദേശം വെച്ചത് വിരട്ടൽ മാത്രം ലക്ഷ്യമിട്ടല്ലെന്നു വേണം കരുതാൻ.


ആയുധമത്സരത്തിലേക്കോ?

അമേരിക്കയുടെ മിസൈൽവേധ സംവിധാനത്തിന്റെ കണ്ണുവെട്ടിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം.) റഷ്യ വികസിപ്പിക്കുന്നുവെന്നാണ് വാർത്തകൾ. അണ്വായുധ ലാബുകളിലും ഫാക്ടറികളിലും അമേരിക്ക വീണ്ടും പണമിറക്കിത്തുടങ്ങിയെന്ന് 'ടൈം' വാരിക പറയുന്നു.

ലോകത്തെ അണ്വായുധങ്ങളുടെ 93 ശതമാനവും ഈ രണ്ടുരാജ്യങ്ങളുടെയും പക്കലാണ്. നിരായുധീകരണത്തെപ്പറ്റി പറയുമ്പോഴും അതിന് ഇരുരാജ്യങ്ങളും അത്ര സന്നദ്ധമല്ലെന്നതാണ് വാസ്തവം. ആയുധം കുന്നുകൂട്ടൽമത്സരം ശീതയുദ്ധകാലത്തെക്കാൾ കുറഞ്ഞു. പക്ഷേ, ആയുധങ്ങൾ കുറച്ചുകൊണ്ടുവരുന്ന പ്രക്രിയ വളരെ സാവധാനത്തിലായി.  

ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കുമെന്ന വാക്ക് ട്രംപ് പാലിച്ചാൽ മറ്റൊരു ആയുധമത്സരത്തിന് അരങ്ങൊരുങ്ങും. ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ട് പോകും. സൗദി അറേബ്യ ഇതുകണ്ട് അടങ്ങിയിരിക്കാൻ ഇടയില്ല. ആ രാജ്യം സ്വന്തമായി അണ്വായുധം വികസിപ്പിക്കുകയോ പാകിസ്താനിൽ നിന്ന് വാങ്ങുകയോ ചെയ്യും. അണ്വായുധശക്തിയായ രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. ഇന്ത്യ, ഇസ്രയേൽ, ഉത്തരകൊറിയ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയാണ് മറ്റുള്ളവ.

ഉത്തരകൊറിയയാകട്ടെ ട്രംപ് അധികാരത്തിലേറിയശേഷം 16 മിസൈൽ പരീക്ഷണങ്ങളാണ് നടത്തിയത്. ആ രാജ്യം ഇതുവരെ ആറ് അണ്വായുധപരീക്ഷണങ്ങളും നടത്തി. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെത്താൻ കഴിയുന്ന ഐ.സി.ബി.എം. വികസിപ്പിച്ചിമുട്ടുണ്ട്. ഇത്തരത്തിൽ ആയുധമത്സരം മുറുകുന്ന സമയത്താണ് പ്രകോപനപരമായ ആണവനയം ട്രംപ് ഭരണകൂടം തയ്യാറാക്കിയത്. ഏഷ്യയിലെ അമേരിക്കൻ താത്പര്യങ്ങൾക്ക് പ്രധാനവെല്ലുവിളി ചൈനയാണെന്ന് പറഞ്ഞ് ആ രാജ്യത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട് ആണവനയം.

ജനുവരി 29-ന് 16 ഡെമോക്രാറ്റിക് സെനറ്റർമാർ ട്രംപിന് കത്തെഴുതി. പുതിയ നയങ്ങൾ 'അണ്വായുധമത്സരം വർധിപ്പിക്കുമെന്നും അണ്വായുധയുദ്ധത്തിനുള്ള സാധ്യതകൂട്ടു'മെന്നുമുള്ള മുന്നറിയിപ്പായിരുന്നു അതിൽ. പ്രഹരശേഷി കുറഞ്ഞ ആയുധങ്ങൾ വികസിപ്പിക്കാനും അവ സേനകളുടെ ഭാഗമാക്കാനും സൈനികാഭ്യാസങ്ങളിൽ ഉൾപ്പെടുത്താനും നിശ്ചയിച്ച നയം അപകടകരമായ സൂചനയാണ് നൽകുന്നത്.

1987 ഡിസംബർ എട്ടിന് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഒപ്പിട്ട ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് കരാറിന്റെ ലംഘനമാണിത്. ചെറിയ ദൂരപരിധിയുള്ള മിസൈലുകൾ നിർമിക്കില്ലെന്നാണ്‌ ഈ കരാർ. ഇത്‌ റഷ്യ ലംഘിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. റഷ്യ, ഉത്തരകൊറിയ എന്നിവയുടെമേൽ പഴിചാരി അമേരിക്ക സ്വീകരിച്ച പുത്തൻ ആണവനയം ആണവ നിർവ്യാപന പ്രക്രിയയ്ക്കുയർത്തുന്ന വെല്ലുവിളിയും മറ്റ് ആണവശക്തികൾക്ക് നൽകുന്ന മാതൃകയുമാണ് സമാധാനകാംക്ഷികളെ ആശങ്കാകുലരാക്കുന്നത്.