തിരുനാവായ മണപ്പുറത്ത് ഇനിയെന്തെന്ന അന്ധാളിപ്പോടെ, വിങ്ങുന്ന മനസ്സുമായി നിന്നു. ചുറ്റുപാടും ഒരുപാടാളുകൾ. ഉഷസ്സുണർന്നിട്ട് കുറെനേരമായി. എങ്കിലും ചുറ്റും ഇരുൾ നിറഞ്ഞ പോലെ...
രണ്ടാഴ്ചയോളമായി ഈ ഇരുൾപ്പരപ്പാണു ചുറ്റിലും. കൃത്യമായി പറഞ്ഞാൽ 1948 ജനുവരി 30-ന് മഹാത്മജിയെ വെടിവെച്ചുകൊന്നെന്ന വിവരമറിഞ്ഞ നേരംമുതൽ. ഇപ്പോഴിതാ, മഹാത്മജിയുടെ ചിതാഭസ്മം തിരുനാവായയിൽവെച്ച് നിളയുടെ ഓളങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു;  ഭാരതത്തിലെ എല്ലാ പുണ്യനദികൾക്കുമൊപ്പം. എല്ലാ പുണ്യനദികളിലും ഒരേസമയത്തായിരുന്നു നിമജ്ജനകർമം. തിരുനാവായയിൽ കേരളഗാന്ധി കെ. കേളപ്പനായിരുന്നു അതിന് നിയോഗം. മഹാത്മജി ഓർമയായിട്ട് പതിമ്മൂന്നാം നാളായിരുന്നു അന്ന്; 1948 ഫെബ്രുവരി 12.

അച്ഛൻ പഠിപ്പിച്ചു, മഹാത്മജി ഈശ്വരൻ!

എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല, മഹാത്മജിയെ ഇല്ലാതാക്കിയെന്ന  സത്യം അംഗീകരിക്കാൻ. അഭിശപ്തമായിരുന്നു ആ അറിവ്. ഹത്യ നടന്ന നാളിലെ സന്ധ്യയിൽ തലശ്ശേരി പന്ന്യന്നൂരിലെ തായാട്ടുവീട്ടിൽനിന്ന് എങ്ങോട്ടേക്കെന്നില്ലാതെ ഒരിറക്കമായിരുന്നു. നേരെയെത്തിയത്  തലശ്ശേരി റെയിൽവേസ്റ്റേഷനിൽ. കോഴിക്കോട്ടേക്കുപോകാം, ‘മാതൃഭൂമി’യിലെത്തിയാൽ കൂടുതൽ വിവരങ്ങളറിയാം. തീവണ്ടിയിൽ കയറിയപ്പോഴും  ഗാന്ധിജിയുടെ ഓർമകൾ വിടുന്നില്ല. സേലത്ത് സർക്കാർ ജോലിയുള്ള അച്ഛൻ വീടിന്റെ ഉമ്മറച്ചുമരിൽ തൂക്കിയിട്ട ഗാന്ധിജിയുടെ ചിത്രം കാട്ടി പരിചയപ്പെടുത്തിയ വാക്ക്  കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു: ‘ഈശ്വരൻ’. അതെ. ഈശ്വരൻ ഇല്ലാതായിരിക്കുന്നു, നമ്മൾ അനാഥരായിരിക്കുന്നു...

മാതൃഭൂമിയിലെത്തുമ്പോൾ അവിടെ വലിയ ആൾക്കൂട്ടം. കെ.പി. കേശവമേനോൻ, മാധവനാർ... എല്ലാവരുമുണ്ട്. മാതൃഭൂമിയാകെ തകർന്നും വിറങ്ങലിച്ചുമിരിക്കുന്നു. അതിനിടയിൽ എവിടെനിന്നോ കേളപ്പജിയുടെ സന്ദേശമെത്തി: ‘‘എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ പ്രാർഥനകളും ഗാന്ധിസ്മൃതികളുമായി മുന്നോട്ടുപോകുക. മറ്റു വിവരങ്ങൾ പിന്നീട്.’’

ചിതാഭസ്മം വരും, നിളയിലൊഴുക്കും

മഹാത്മജിയുടെ ചിതാഭസ്മം ഒഴുക്കേണ്ട നദികളുടെ പട്ടികയിൽ ഭാരതപ്പുഴ ഉൾപ്പെട്ടിരുന്നില്ല. മദിരാശിയുടെ ഭാഗമായിരുന്നു അന്നത്തെ മലബാർ. ഓമത്തൂർ രാമസ്വാമി റെഡ്യാരായിരുന്നു മുഖ്യമന്ത്രി. എല്ലാ സംസ്ഥാനങ്ങളിലേക്കും ചിതാഭസ്മവും രക്തംപുരണ്ട മണ്ണും അയച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പ്  ഡൽഹിയിൽ പൂർത്തിയായപ്പോഴാണ് ഭാരതപ്പുഴയിലും ചിതാഭസ്മം ഒഴുക്കണമെന്ന ആഗ്രഹം കേളപ്പജിയുടെ മനസ്സിലുദിച്ചത്. കെ.പി.സി.സി. പ്രസിഡന്റായിരുന്നു അന്നദ്ദേഹം.
കേളപ്പജിയും കെ.എ. ദാമോദരമേനോനും ഡൽഹിയിലേക്കു പറന്നു. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവും ഗാന്ധിജിയുടെ മകൻ ദേവദാസ് ഗാന്ധിയും പ്രത്യേക താത്പര്യമെടുത്തു. മദിരാശിയിലേക്ക് അയച്ചതിൽനിന്ന് ഒരുഭാഗം കേളപ്പജിയെ ഏൽപ്പിക്കണമെന്ന് അടിയന്തരസന്ദേശം  റെഡ്യാർക്കു കൈമാറി. മദിരാശിയിൽനിന്ന് കോയമ്പത്തൂരിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും പിന്നീട് തിരുനാവായയിലെ നിളാതീരത്തേക്കും -അങ്ങനെയായിരുന്നു ചിതാഭസ്മമുൾക്കൊള്ളുന്ന പേടകത്തിന്റെ യാത്ര.  
മിന്നൽവേഗത്തിൽ വിവരം പരന്നു. ആളുകൾ കോഴിക്കോട്ടേക്കൊഴുകി. 

മനംനിറയെ മഹാത്മജി, ചുണ്ടുകളിൽ പ്രാർഥനാഗീതങ്ങൾ

ഫെബ്രുവരി 11. കോഴിക്കോട് ടൗൺഹാളിന്റെ പൂമുഖത്ത് അലങ്കരിച്ച മണ്ഡപത്തിൽ പകലും രാത്രിയും ആ പേടകം കാണാൻ വിങ്ങുന്ന ഹൃദയത്തോടെ ആയിരങ്ങളെത്തി.  കണ്ണീരുകൊണ്ടും ഹാരങ്ങളാലും അവർ മഹാത്മാവിന് അർച്ചനയർപ്പിച്ചു. 
രാത്രി മുഴുവൻ പ്രാർഥനാഗീതങ്ങളാൽ മുഖരിതം. മാനാഞ്ചിറ മൈതാനത്തും പടവുകളിലും റോഡുകളിലും... എങ്ങും ആളുകൾ. ഖാദിത്തോർത്തുകൾ വിരിച്ച് രാത്രി മുഴുവൻ ഇരുന്നും കിടന്നും കൊടിയ ദുഃഖം കടിച്ചമർത്തുകയായിരുന്നു അവർ. നാട്ടിൽനിന്നുള്ള മൂന്നുകൂട്ടുകാരും എത്തിയിട്ടുണ്ട്. തലേന്നുതന്നെവന്ന അവരും ടൗൺഹാളിലും മാനാഞ്ചിറയിലുമൊക്കെ ആൾക്കൂട്ടത്തിലലിഞ്ഞു. അവസരത്തിനൊത്തുയർന്നതുപോലെ എല്ലാവരും സ്വയം അച്ചടക്കം പാലിച്ചു.

തീവണ്ടി പുറപ്പെടുന്നു, അതേ മൂന്നാം ക്ലാസ് യാത്ര!

12-നു പുലർച്ചെ മൂന്നരമണിയായി. തിരുനാവായയിലേക്കുള്ള യാത്ര പുറപ്പെടുകയാണ്. മഹാത്മജിയുടെ ശവമഞ്ചമാണതെന്നപോലെയാണ് ആൾക്കൂട്ടം പെരുമാറിയത്; സങ്കടവും നിരാശയും ഭക്തിയുമൊക്കെ ഉൾച്ചേർന്ന പലതരം വികാരങ്ങളുടെ തീവ്രതയിൽ ആകെ കടപുഴകിയ മട്ടിൽ. ചിതാഭസ്മപേടകത്തിന് അകമ്പടി സേവിക്കാൻ പതിനായിരങ്ങളുണ്ട്. തയ്യാറാക്കിനിർത്തിയ തീവണ്ടിയിൽ കയറിപ്പറ്റാൻ ഇടമെവിടെ? 
ചിതാഭസ്മപേടകം എവിടെ വെക്കണമെന്ന് സംശയമുണ്ടായി. ഒന്നാംക്ലാസിലായാൽ തിരക്കൊഴിവാക്കാം. പക്ഷേ, കേളപ്പജി അനുകൂലിച്ചില്ല. ജീവിതം മുഴുവൻ മൂന്നാംക്ലാസിലെ മരപ്പലകയിൽ സഞ്ചരിച്ച ഗാന്ധിജിയുടെ ചിതാഭസ്മപേടകത്തിനും അതേ ക്ലാസ് തന്നെ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അത് അംഗീകരിക്കപ്പെട്ടു.
കേളപ്പജിയുമായുള്ള അടുപ്പം കാരണം ചിതാഭസ്മത്തോടൊപ്പം, ആ ചെമ്പുപേടകത്തെ തൊട്ടെന്നപോലെ സഞ്ചരിക്കാൻ കഴിഞ്ഞു. എത്രയോ കണ്ഠങ്ങളിൽനിന്ന് ആ മന്ത്രമുയർന്നു: ‘‘രഘുപതി രാഘവ രാജാറാം...’’ തീവണ്ടി നീങ്ങി.

നിളയിലലിഞ്ഞു ചിതാഭസ്മം, അലിയാതെ ഓർമകൾ

തിരുനാവായയിലെത്തുമ്പോൾ പുഴയുടെ മണൽത്തട്ടിലും ക്ഷേത്രമുറ്റത്തും റോഡിലും അങ്ങാടിയിലും സൂചികുത്താൻ ഇടമില്ലാത്തവിധം ജനം. താങ്ങാനാവാത്ത വികാരഭാരമുണ്ടെങ്കിലും ചിതാഭസ്മം അടക്കംചെയ്ത ചെമ്പുപാത്രം  കൈയിലെടുത്ത് കേളപ്പജി നിളയിലേക്കു നീങ്ങി. ഗാന്ധിജിക്ക് പ്രിയപ്പെട്ട പ്രാർഥനാഗീതവുമായി ആയിരങ്ങൾ കൂടെ...
അന്നേരം അങ്ങു വടക്ക് ഭാരതത്തിന്റെ തലസ്ഥാനമായ ഡൽഹിയിലും മഹാത്മജിയുടെ ചിതാഭസ്മ നിമജ്ജനം നടക്കുകയായിരുന്നു. ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനത്ത് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ആ കർമം നിർവഹിച്ചത്. 

തയ്യാറാക്കിയത്‌: കെ.കെ. അജിത്‌കുമാർ