വൈരുധ്യങ്ങളുടെ നടുവിലാണ് വർത്തമാനകാല ഭാരതം നിൽക്കുന്നത്. ദേശീയതയുടെ കാര്യം എടുത്താൽ, സ്വാതന്ത്ര്യസമരകാലത്ത് അത് ഭരണകൂടത്തിന്റെ നെറികേടുകളെ എതിർക്കാനാവശ്യമായ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചെങ്കിൽ, ഇന്ന് എല്ലാവിധ ചിന്തകൾക്കും അത് കൂച്ചുവിലങ്ങിടുന്നു. ഇപ്പോഴത് മതനിബദ്ധവും അനുസരണയുടെയും ഭരണകൂട സ്‌നേഹത്തിന്റെയും പര്യായമാണ്.

മറുവശത്ത്, വെറുപ്പ് ഒരു കളിയും കച്ചവടവുമായിരിക്കുന്നു. ഒരർഥത്തിൽ ഗാന്ധിജിയുടെ വധത്തിൽനിന്ന് ആരംഭിച്ചതാണ് ഈ വിശ്വാസത്തകർച്ച. അദ്ദേഹത്തിന്റെ നേർക്ക് നിറയൊഴിച്ചതിലൂടെ ഗാന്ധിജിയെ വകവരുത്താൻ മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങളെ ദുർബലപ്പെടുത്താനും സംവാദത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഇടങ്ങൾ കൊട്ടിയടയ്ക്കാനും കൂടിയായിരുന്നു ഗോഡ്‌സെ ശ്രമിച്ചത്.

ഗാന്ധിജി ഊന്നൽനൽകിയത് പോസിറ്റീവ് ലിബർട്ടിക്കാണ് -ഭീഷണിയും പരപ്രേരണയുമില്ലാതെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം. നീതി ഉറപ്പാക്കാൻ നിയമങ്ങളും സ്ഥാപനങ്ങളും മാത്രം പോരെന്നും ജനങ്ങൾക്ക് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും അദ്ദേഹം  വാദിച്ചു. ചിന്ത, മൗലികമായി ഹിംസയിൽ അധിഷ്ഠിതമായ അധികാരത്തിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതിനാൽ, ഒരു ധാർമിക പ്രവൃത്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അധികാരത്തിനെതിരേയുള്ള ചിന്ത - വിശ്വാസത്തിനെതിരേയുള്ളതുകൂടിയാണെന്നും മറ്റൊരിടത്ത് അദ്ദേഹം പറയുന്നു. 

സ്വാതന്ത്ര്യത്തിന്റെ ഈ സങ്കല്പത്തിന് ചേരുന്നതാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടും. അത് അദ്ദേഹത്തിന്റെ ജീവിതംപോലെത്തന്നെ ലളിതവുമായിരുന്നു. അതിൽ പ്രകടനപരതയോ അധികാരഭ്രമമോ തൊട്ടുതീണ്ടിയിരുന്നില്ല. അതിന്റെ ചിഹ്നം ചർക്കയും വേദി ആശ്രമവുമായിരുന്നു.  രാഷ്ട്രീയത്തിൽനിന്ന് ധാർമികതയെ പുറം കരാർകൊടുത്ത് ഒഴിവാക്കാനും അദ്ദേഹം തുനിഞ്ഞില്ല. മാത്രമല്ല, രാഷ്ട്രീയത്തിൽ സ്വയം വിമർശനത്തിനുള്ള വാതിലുകൾ തുറന്നിടുകയും ചെയ്തു. സ്വന്തം തെറ്റുകൾ ഏറ്റുപറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.

ഗാന്ധിജിയിൽനിന്ന്  പലപാഠങ്ങളും പഠിക്കാനുണ്ട്. ചിലകാര്യങ്ങളിൽ അദ്ദേഹത്തിലേക്ക് മടങ്ങിപ്പോകേണ്ടതുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംവാദത്തിന്റെ ധാർമികതയ്ക്കും അനുരഞ്ജനത്തിന്റെ സംസ്‌കാരത്തിനും അദ്ദേഹം നൽകിയ പ്രാധാന്യമാണ്. മറ്റൊന്ന്, പരസ്പരവിശ്വാസത്തിൽ ഊന്നിനിൽക്കുന്ന രാഷ്ട്രീയമാണ്. പ്രതിയോഗിയുടെ വാക്കുകളെ ശ്രദ്ധാപുർവം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പഴയ രാഷ്ട്രീയത്തെ പുനഃപ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു.

(എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമാണ്‌ ലേഖകൻ)