മുൻകാലങ്ങളിൽ മഹുവിലെ ഗ്രാമീണർ പാർട്ടിനേതാക്കളെ തേടിപ്പോയിരുന്നത് വോട്ടെടുപ്പിന്റെ പിറ്റേന്നാണ്. മഷിയടയാളം പതിയാത്ത വിരൽനീട്ടിക്കാണിക്കുമ്പോൾ മറുകൈയിൽ ചൂടൻ നോട്ടുകളെത്തും. തലേന്നത്തെ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ടൊക്കെ പാർട്ടിക്കാർ ചെയ്തിട്ടുണ്ടാവും. വോട്ടുചെയ്യാതെ ‘സഹായിച്ചതി’നാണ് പ്രതിഫലം. വോട്ടെടുപ്പിനുമുമ്പ് പണം നൽകിയാൽ പിടിക്കപ്പെടാനിടയുണ്ടെന്നതാണ് പുതുതന്ത്രം മെനയാൻ ഇവിടത്തെ നേതാക്കളെ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

ഇത്തവണയും പണമൊഴുക്കിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. എന്നാൽ, കണ്ണും കാതുംകൂർപ്പിച്ച് തിരഞ്ഞെടുപ്പുകമ്മിഷൻ രംഗത്തുണ്ട്. ഇന്ദോർ-മുംബൈ ദേശീയപാതയിലൂടെ മഹുവിലേക്ക് പോകുന്ന സംശയകരമായ വാഹനങ്ങൾ പലയിടത്തും നിർത്തി പരിശോധിക്കുന്നു. അഞ്ച് ഐ.ആർ.എസ്. ഉദ്യോഗസ്ഥരെ പ്രത്യേക നിരീക്ഷകരാക്കി പഞ്ചാബിൽനിന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഇറക്കിയിട്ടുണ്ട്. 

എം.എൽ.എ.യും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയ് വർഗീയും കോൺഗ്രസ് സ്ഥാനാർഥി അന്തർസിങ് ദർബാറും മധ്യപ്രദേശ് രാഷ്ട്രീയത്തിലെ പ്രബലരാണ്. 1998-ലും 2003-ലും മഹുവിനെ പ്രതിനിധാനം ചെയ്ത അന്തർ സിങ്ങിനെ 2008-ലും 2013-ലും കൈലാഷ് പരാജയപ്പെടുത്തി. ഇപ്പോൾ, ഇന്ദോർ മൂന്നിലെ സിറ്റിങ് എം.എൽ.എ. ഉഷ താക്കൂറിനെയാണ് കൈലാഷ് മഹുവിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്ദോറുകാരിയായ ഉഷാ താക്കൂറിനെ മഹുവാസികൾ തോൽപ്പിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്. പുറത്തുനിന്നൊരാളെ ഇറക്കുമതി ചെയ്തതിനെച്ചൊല്ലിയുള്ള വിവാദം ബി.ജെ.പി.യിലും സജീവമാണ്.  
ഇന്ദോറിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന സ്ഥലവും ഇതുതന്നെ. എല്ലാ കടകളിലും വീടുകളിലും പാർട്ടിക്കൂറ് പ്രഖ്യാപിച്ച് കൊടികൾ ഉയർന്നിട്ടുണ്ട്. തെരുവായ തെരുവെല്ലാം കൊടിതോരണങ്ങൾ നിറഞ്ഞുകഴിഞ്ഞു. മധ്യപ്രദേശിലെ മറ്റൊരു മണ്ഡലത്തിലും കാണാത്ത കാഴ്ചകളാണിവ. 

ഭരണഘടനയും വിശ്വാസവും അക്ഷരാർഥത്തിൽ ഇടകലർന്ന മണ്ണാണ് മഹുവിലേത്. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദേശമാണ് ഇന്ദോർ നഗരത്തിന് പുറത്തുള്ള മഹു. ഭഗവാൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മസ്ഥലമെന്നും വിശ്വസിക്കപ്പെടുന്നു. പരശുരാമന്റെ ജന്മസ്ഥലമായ ജാനാപാവിൽ അദ്ദേഹത്തിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്. പഴയക്ഷേത്രത്തിന് പകരം പുതിയതിന്റെ നിർമാണവും നടക്കുന്നു.  മഹുവിലെ മറ്റൊരു പ്രധാന ആരാധനാലയം ഡോ. അംബേദ്കറിന്റെ സ്മാരകമാണ്. ‘ഭീം ജന്മഭൂമി’ എന്നറിയപ്പെടുന്ന ഈ സ്മാരകത്തിലേക്ക് ദിവസേന ആയിരത്തിലേറെപ്പേരെത്തുന്നു. 
 ചെറിയൊരു പട്ടണവും ചുറ്റുവട്ടത്തുള്ള കർഷകഗ്രാമങ്ങളും ചേർന്നതാണ് മഹു. പരശുരാമനോളം പഴക്കമുള്ള വിശ്വാസം ഇവിടെയുണ്ടെങ്കിലും വെറും 200 വർഷത്തെ ചരിത്രമേ മഹുവിനുള്ളൂ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണാധികാരിയായിരുന്ന ജോൺ മാൽക്കം 1818-ൽ ഇവിടെ സ്ഥാപിച്ച സൈനികത്താവളമാണ് മഹുവെന്ന പേരിന് പിന്നിൽ. ‘മിലിറ്ററി ഹെഡ്ക്വാർട്ടേഴ്‌സ് ഓഫ് വാർ’ എന്നതിന്റെ ചുരുക്കമാണ് മഹു. പട്ടണത്തിന്റെ സിംഹഭാഗവും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കരസേനയുടെ മൂന്ന് സുപ്രധാന പരിശീലനസ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇൻഫന്ററി സ്കൂൾ, മിലിറ്ററി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ആർമി വാർ കോളേജ് എന്നിവ.

മഹുവിലെ ബ്രിട്ടീഷ് സേനയിൽ സുബേദാറായിരുന്നു അംബേദ്കറുടെ അച്ഛൻ രാംജി മാലോജി സക്പാൽ. രാംജിയുടെയും പത്നി ഭീംഭായിയുടെയും 14 മക്കളിൽ ഇളയയാളായ അംബേദ്കർ ജനിച്ചത് മഹുവിലാണ്. അന്ന് ആ കുടുംബം താമസിച്ചിരുന്ന സ്ഥലത്താണ് ഇന്ന് ഭീം ജന്മഭൂമി സ്ഥിതി ചെയ്യുന്നത്. 1991-ൽ അംബേദ്കറുടെ നൂറാം ജന്മവാർഷികത്തിൽ തറക്കല്ലിട്ട സ്മാരകം 2008-ൽ ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരാണ് പൂർത്തീകരിച്ചത്. 
സൈനികമേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭീംജന്മഭൂമിയും ഒരു ക്ഷേത്രം പോലെയാണ് സന്ദർശകർക്ക്. അംബേദ്കർ പ്രതിമയിൽ പൂക്കൾ അർപ്പിച്ചും പൂമാലയിട്ടും ദണ്ഡനമസ്കാരം ചെയ്തും അവർ അദ്ദേഹത്തെ ആദരിക്കുന്നു. 
 ഇരുപതുകിലോമീറ്ററോളം അകലെ ജനാപാവിലെ മലമുകളിലാണ് ‘ഭഗവാൻ പരശുറാം ജന്മഭൂമി.’ ജമദഗ്നി മഹർഷിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്ന സ്ഥലമാണിതെന്നാണ് വിശ്വാസം. കേരളത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള കഥ പരശുരാമക്ഷേത്രത്തിലെ ഇപ്പോഴത്തെ പുരോഹിതൻ മഹന്ദ് ഗോപാൽനന്ദിനറിയാം. ചമ്പൽ നദിയുടെ ഉദ്‌ഭവസ്ഥനംകൂടിയായ ജാനാപാവ് ഇന്നാട്ടുകാരുടെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രം കൂടിയാണ്. 
പരശുരാമക്ഷേത്രവും അതിന്റെ നവീകരണവുമെല്ലാം ബി.ജെ.പി. സമർഥമായി ഉപയോഗിക്കുന്നുണ്ട്. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം മുഖ്യമന്ത്രിയുടെ തീർഥ് ദർശൻ യോജനയിൽ ഉൾപ്പെടുത്തി ഏപ്രിലിൽ പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രി ജാനാപാവിൽ നേരിട്ടെത്തിയാണ് ഇതു പ്രഖ്യാപിച്ചത്. മേഖലയാകെ ജമദഗ്നി തീർഥസ്ഥൽ എന്ന പേരിൽ വികസിപ്പിക്കുമെന്നും ജാനാപാവ് വാസികളെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു. ഒട്ടേറെ വികസനപദ്ധതികളും ഇതോടൊപ്പം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രഖ്യാപിച്ചിരുന്നു.