വീതിയേറിയ റോഡുകളുണ്ടെങ്കിലും ഭോപാൽ നഗരം രണ്ടു ദിവസമായി ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. അലാമി തബ്‌ലീഗി ഇജ്‌ത്തെമക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ ഒഴുകുകയാണിവിടേക്ക്‌. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്ന് ഭോപാലിൽ നടക്കുന്നത്.

തബ്‌ലീഗി ജമാ അത്ത് എന്ന വിശ്വാസി സമൂഹത്തിന്റെ വാർഷികസമ്മേളനമാണ് ഇജ്‌ത്തെമ. എല്ലാ വർഷവും ഫെബ്രുവരിയിൽ ബംഗ്ലാദേശിലും നവംബറിൽ ഭോപാലിലും ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഇജ്‌ത്തെമ നടക്കും. പഴയ ഭോപാലിൽ നഗരത്തിരക്കുകളിൽനിന്നകന്ന്‌ നടക്കുന്ന സമ്മേളനത്തിൽ 25 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്. എങ്ങനെ സത്യവിശ്വാസിയാകാം എന്നതിന്റെ ഉദ്‌ബോധനങ്ങളാണ് സമ്മേളനവേദിയിൽ നടക്കുക. മത കാര്യങ്ങളല്ലാതെ രാഷ്ട്രീയമോ ആനുകാലിക സംഭവങ്ങളോ പരാമർശ വിഷയമാവുകകൂടിയില്ല. അതുകൊണ്ടുതന്നെ ഇജ്‌ത്തെമയ്ക്ക് സംസ്ഥാനസർക്കാർ എല്ലാ സഹായവും ചെയ്തുകൊടുക്കും. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ എല്ലാ വർഷവും സമ്മേളനവേദി സന്ദർശിക്കാറുമുണ്ട്.
മധ്യപ്രദേശിലെ ഏക മുസ്‌ലിം എം. എൽ.എ.യായ ആരിഫ് അലീഖ് മത്സരിക്കുന്ന ഭോപാൽ നോർത്ത് മണ്ഡലത്തിലാണ് ഇജ്‌ത്തെമ നടക്കുന്നത്. അലീഖിനെ നേരിടാൻ ഫാത്വിമ സിദ്ദിഖിയെന്ന മുസ്‌ലിം വനിതയെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ഏക മുസ്‌ലിം സ്ഥാനാർഥിയാണ് ഫാത്വിമ. മധ്യപ്രദേശിലെ ജനസംഖ്യയുടെ 6.57 ശതമാനം മുസ്‌ലിങ്ങളാണ്. എന്നാൽ, കഴിഞ്ഞ 15 വർഷമായി അലീഖ് എന്ന ഒറ്റയാളാണ് ഈ സമുദായത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. 

‘‘ജനസംഖ്യാനുപാതംവെച്ച് നിയമസഭയിൽ 15 മുതൽ 20 വരെ മുസ്‌ലിങ്ങൾ ഉണ്ടാവേണ്ടതാണ്. സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിലും മുസ്‌ലിം പ്രാതിനിധ്യമില്ല. ബി.ജെ.പി.യുടെ കാര്യംപോട്ടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ ഒരൊറ്റ മുസ്‌ലിമിനും പ്രധാന സംഘടനാ ചുമതലകൾ നൽകിയിട്ടില്ല.’’ -രാഷ്ട്രീയ നിരീക്ഷകൻ എൽ.എസ്. ഹർദേനിയ പറയുന്നു. 
ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ സാമുദായിക ധ്രുവീകരണമാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ മുസ്‌ലിം പ്രാതിനിധ്യം കുറച്ചത്. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ സമർഥമായി പുനർനിർണയിച്ച് മുസ്‌ലിം വോട്ടർമാരെ ചിതറിക്കുകയും ചെയ്തു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട ശേഷം 1993-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദിഗ്വിജയ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് അധികാരത്തിൽ വന്നതെങ്കിലും ഒരൊറ്റ മുസ്‌ലിം സ്ഥാനാർഥിപോലും ജയിച്ചില്ല. 1998-ൽ സിങ്‌ രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ ആരിഫ് അഖീൽ ഉൾപ്പെടെ മൂന്നു മുസ്‌ലിങ്ങൾ നിയമസഭയിലെത്തിയിരുന്നു. 2003 മുതൽ പ്രാതിനിധ്യം ഭോപാൽ നോർത്തിൽ ഒതുങ്ങി.

പഴയ ഭോപാലിന്റെ ഭാഗമാണ് ഭോപാൽ നോർത്ത് മണ്ഡലം. പുതിയ ഭോപാലിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ബീഗമെന്നു വിളിച്ചിരുന്ന മുസ്‌ലിം വനിതകൾ ഭരണം നടത്തിയിരുന്ന പഴയ ഭോപാൽ. പത്തൊമ്പതാം നൂറ്റാണ്ടിൽ ഭോപാൽ ഭരിച്ച നവാബ് ഷാജഹാൻ ബീഗത്തിന്റെ കാലത്ത് പണികഴിപ്പിച്ച താജുൽ മസ്‌ജിദ് ഉൾപ്പെടെ, അതിന്റെ അടയാളങ്ങൾ ഇപ്പോഴുമവിടെ തലയുയർത്തി നിൽപ്പുണ്ട്. 40 ശതമാനം മുസ്‌ലിങ്ങളുണ്ട് ഈ മണ്ഡലത്തിൽ. രാഷ്ട്രീയ ഭേദ​െമന്യേ അവരുടെ അനിഷേധ്യനേതാവാണ് ഷേർ-ഇ-ഭോപാൽ അഥവാ ഭോപാലിന്റെ കടുവ എന്നറിയപ്പെടുന്ന ആരിഫ് അഖീൽ. ആ സ്ഥാനപ്പേര് തന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞാണ് ഫാത്വിമ ജനവിധി തേടുന്നത്.

ഫാത്വിമയുടെ പിതാവ് റസൂൽ അഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായി 1980-ലും ’85-ലും  ഇവിടെനിന്ന് ജയിച്ചതാണ്. അന്നദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ഷേർ-ഇ-ഭോപാൽ. റസൂൽ അഹമ്മദ് മരിച്ചപ്പോൾ തന്റെ കുടുംബത്തിൽനിന്നൊരാളെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടതായിരുന്നൂ എന്നാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി.യിലെത്തിയ ഫാത്വിമ പറയുന്നത്. പക്ഷേ, സദാ നാട്ടുകാരുടെ പ്രശ്നങ്ങൾക്കുനടുവിൽ കഴിയുന്ന അഖീലിന് തനിക്കൊരു എതിരാളിയുണ്ടെന്ന ഭാവംപോലുമില്ല. 

രാഷ്ട്രീയംകൊണ്ടല്ല, വ്യക്തിപ്രഭാവംകൊണ്ടാണ് ആരിഫ് അഖീൽ ജയിച്ചുപോന്നത്. 1990-ൽ സ്വതന്ത്രനായി മത്സരിച്ചാണദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളിൽ പ്രതിചേർക്കപ്പെട്ട അഖീൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യോട് പരാജയപ്പെട്ടു. നിലപാടു മയപ്പെടുത്തി വർഗീയവാദിയെന്ന പ്രതിച്ഛായ മാറ്റി കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം 1998-ൽ മത്സരിച്ചത്. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
 അഖീലിനു പുറമേ രണ്ട് മുസ്‌ലിം സ്ഥാനാർഥികൾകൂടിയുണ്ട് കോൺഗ്രസിന്. ആരിഫ് മസൂദ് ഭോപാൽ മധ്യയിൽനിന്നും മഷാരത്ത് ഷഹീദ് സിരോഞ്ജിൽനിന്നും ജനവിധി തേടുന്നു. ഉത്തരഭോപാലിനും മധ്യ ഭോപാലിനും പുറമേ 25 സീറ്റിലെങ്കിലും ജയപരാജയം നിർണയിക്കാൻ മുസ്‌ലിം വോട്ടർമാർക്കു കഴിയും. എന്നിട്ടും ആരും മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണം കൂട്ടാൻ തുനിയുന്നില്ല.