മുത്തങ്ങ സമരത്തിലൂടെ ശ്രദ്ധേയമായ ആദിവാസി,ഗോത്രമഹാസഭയെന്ന പ്രസ്ഥാനത്തിന് പോരാട്ടമുഖം പകര്‍ന്നത് സി.കെ.ജാനുവായിരുന്നെങ്കില്‍, സൈദ്ധാന്തികതലത്തില്‍ എം.ഗീതാനന്ദനാണ് സംഘടനയെ നിയന്ത്രിച്ചത്. 2016ല്‍ സി.കെ.ജാനു ഗോത്രമഹാസഭ വിട്ട് ബി.ജെ.പി.പാളയത്തിലേക്ക് പോയപ്പോഴും ഗീതാനന്ദന്‍ സമരവീഥിയിലെ യാത്ര തുടര്‍ന്നു. സാമ്പത്തികആരോപണങ്ങളിലും രാഷ്ട്രീയവിവാദങ്ങളിലും സി.കെ.ജാനു അകപ്പെട്ടതിന്റെ സാഹചര്യം വിലയിരുത്തുകയാണ് ഗീതാനന്ദന്‍.

  ഗോത്രമഹാസഭയില്‍നിന്ന് ജാനു എപ്പോഴാണ് പുറത്തുപോയത് ? 
മുത്തങ്ങസംഭവത്തിനുശേഷം  കടുത്ത പ്രതിസന്ധിയിലൂടെയാണ് സംഘടന മുന്നോട്ടുപോയത്. ആദിവാസി,ദളിത് മേഖലയിലെ പ്രശ്നങ്ങളും ഭൂസമരങ്ങളും മാത്രം നടത്തിയാല്‍ പോര ജനാധിപത്യരാഷ്ട്രീയത്തിന്റെ ഭാഗമായി മാറണമെന്ന അഭിപ്രായം സംഘടനയില്‍ വളര്‍ന്നുവന്നു.  ഈ അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. സംഘടനക്ക് രാഷ്ട്രീയരൂപം നല്‍കുന്നത് എങ്ങനെ വേണമെന്നതിനെകുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. 2016ല്‍ ഇതുള്‍പ്പെടെയുള്ള കാര്യം ആലോചിക്കുന്നതിനായി എറണാകുളത്ത്  രണ്ടുദിവസത്തെ ക്യാമ്പ് നടത്തി. 

2016ലെ നിയമസഭാതിരഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ക്യാമ്പ് ചേര്‍ന്നത്. ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സി.കെ.ജാനു തന്നെ ബി.ജെ.പി.നേതാക്കള്‍ ചര്‍ച്ചക്ക് വിളിച്ചയായി സൂചന നല്‍കി.  കുമ്മനംരാജശേഖരനാണ് കൂടികാഴ്ചക്ക് വിളിച്ചത്. കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. വിയോജിപ്പുകാരണം ഞാന്‍ വിട്ടുനിന്നു.  കെ.വേണുവിനൊപ്പം പ്രവര്‍ത്തിച്ചകാലം മുതല്‍ കൂടെനിന്ന  ഇ.പി.കുമാരദാസ്  ബി.ജെ.പി.നേതാക്കളുമായുള്ള ചര്‍ച്ചക്ക് ജാനുവിനോടൊപ്പം പോയി.  രഹസ്യമായി ഈ ആലോചന നേരത്തെ നടന്നിരുന്നതായി പിന്നീട് മനസിലായി.  അങ്ങനെയാണ് ജാനു ബി.ജെ.പി.യുടെ ഭാഗമായത്.

ജാനു ഗോത്രമഹാസഭ വിട്ടത് സംഘടനയെ ദുര്‍ബലപ്പെടുത്തിയോ ?  
ഗോത്രമഹാസഭയിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ജാനുവിന്റെ നിലപാടിനോട് എതിരായിരുന്നു.  ആ മൂവ്മെന്റിനെ അനാഥമാക്കി അവര്‍ പോയെന്ന തോന്നല്‍ ഉണ്ടാക്കി.  കുറച്ചുപേര്‍ ജാനുവിനൊപ്പം പോയി എന്നത് സത്യമാണ്. അവര്‍പോലും ബി.ജെ.പി.രാഷ്ട്രീയത്തോടുള്ള യോജിപ്പുകൊണ്ടല്ല പോയത്. ജാനുവിനോടുള്ള വ്യക്തിബന്ധമായിരുന്നു അതിന് കാരണം.  ജാനു ഗോത്രമഹാസഭ വിട്ടത് സംഘടനയുടെ നേതൃത്വപ്രതിസന്ധി ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്.

അവര്‍ പോയ ശേഷം ആരാണ് സംഘടനയെ നയിച്ചത് ? 
 ജാനു വിട്ടുപോയശേഷം ഗോത്രമഹാസഭയിലെ ആഭ്യന്തരപ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല.  പി.ജെ.ജനാര്‍ദ്ദനനാണ് പുതിയ സെക്രട്ടറി. സാങ്കേതികമായി ജാനുവിനെ സംഘടനയില്‍നിന്ന് പുറത്താക്കുകയോ  പുതിയ ചെയര്‍പേഴ്സണെ നിയമിക്കുകയോ ചെയ്തിട്ടില്ല.  ആക്ടിങ്ങ് ചെയര്‍പേഴ്സണായി മുത്തങ്ങ സംഭവത്തിലെ വെടിവെപ്പില്‍ മരിച്ച ജോഗിയുടെ മകന്‍  ശിവന്‍ജോഗിയെ നിയോഗിച്ചു.  ഞാന്‍ അന്നും ഇന്നും സംഘടനയുടെ കോഓര്‍ഡിനേറ്ററായി തുരുന്നു.

ജാനുവിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള സാമ്പത്തികആരോപണത്തെ എങ്ങനെ വിലയിരുത്തുന്നു ?  
മുന്നണികളുടെ ഭാഗമാവുമ്പോള്‍  ആദര്‍ശരാഷ്ട്രീയം നഷ്ടപ്പെടും.  സ്വാഭാവികമായും ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ടാവും.  ഈ രാഷ്ട്രീയഅപചയം സംഭവിച്ചത് 2021ല്‍ അല്ല. 2016ല്‍ അവര്‍ ബി.ജെ.പി. മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ ഇതിന് തുടക്കം കുറിച്ചു.  അന്ന് വഴിപിരിഞ്ഞശേഷം ഒരിക്കലും ഉപദേശിക്കാന്‍ പോയിട്ടില്ല.   എങ്കിലും ആദിവാസി മുന്നേറ്റം ഉണ്ടാക്കിയ നേതാവ്  എന്ന അവരുടെ പൂര്‍വ്വചരിത്രം തള്ളിപറയാന്‍ ഞങ്ങള്‍ തയ്യാറായിട്ടില്ല.  അവര്‍ കടന്നുവന്ന വഴി അവരും തള്ളി പറഞ്ഞിട്ടില്ല.

നിങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കാലത്ത് ഇവര്‍ക്കെതിരെ എന്തെങ്കിലും ഇതുപോലുള്ള സാമ്പത്തികആരോപണം ഉയര്‍ന്നുവന്നിരുന്നോ ?  
മൂല്യബോധത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളുടെ കാലത്ത് സാമ്പത്തികമായി ഒന്നും ഉണ്ടായിരുന്നില്ല.  അത് ത്യാഗത്തിന്റെ സമരമായിരുന്നു. അന്ന് ചിലസുഹൃത് സംഘങ്ങള്‍ നല്‍കിയ ചെറിയ സഹായത്തിലാണ് സംഘടന പ്രവര്‍ത്തിച്ചത്. കൈയ്യില്‍ ഒന്നുമില്ലാതെയാണ് 2001ല്‍ 48 ദിവസം നീണ്ട  കുടില്‍കെട്ടിസമരം നടത്തിയത്.  മുത്തങ്ങ സമരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആറ് മാസത്തേക്കുള്ള അരിയും സാധനങ്ങളും ശേഖരിച്ചിരുന്നു. ഇതിനും പണം സ്വരൂപിച്ചിരുന്നില്ല. മുത്തങ്ങ കേസ് ഇന്നും വലിയ ബാധ്യതയാണ്. അതുകൊണ്ട് സംഘടനക്ക് യാതൊരുസാമ്പത്തികവും ഉണ്ടായിരുന്നില്ല.

വളര്‍ന്നുവരാനിരുന്ന വലിയയൊരു ദളിത് മൂവ്മന്റിനെ ജാനു പെരുവഴിയിലാക്കിയെന്ന് കരുതുന്നുണ്ടോ? 
 ജാനുവിന്റെ അപചയം ഇത്തരം  സ്വത്വരാഷ്ട്രീയത്തിന്റെയും ദളിത് ആദിവാസി മൂവ്മന്റിന്റെയും  പരാജയമായി ചിലര്‍ വിലയിരുത്തുന്നുണ്ട്.  സ്വാഭാവികമായ പതനമെന്നാണ് ഇടതുകാര്‍ പറയുന്നത്.  എന്നാല്‍ ഈ അപചയത്തിന് കാരണങ്ങളുണ്ട്.  ജാനു ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിലെ വ്യക്തിയാണ്.  അവര്‍ ജനാധിപത്യരാഷ്ട്രീയത്തിന്റെ ഭാഗമാവണമെന്ന് കരുതുന്നതിനെ കുറ്റപ്പെടുത്താനാവില്ല. അത് ഏത് രാഷ്ട്രീയപ്രസ്ഥാനമോ ആയിക്കൊള്ളട്ടെ. ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തില്‍  പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നത് ഉയര്‍ന്ന ബോധത്തിന്റെ ഭാഗമാണ്. കേരളത്തിലെ രാഷ്ട്രീയ സമൂഹം അവരെ എങ്ങനെ സ്വീകരിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട്.

രാഷ്ട്രീയസമൂഹം ജാനുവിനോട് നീതികേട് കാണിച്ചു എന്നാണോ പറയുന്നത്?  
 കേരളത്തിലെ ജനാധിപത്യരാഷ്ട്രീയം എന്ന് അവകാശപ്പെടുന്ന എല്‍.ഡി.എഫ്,യു.ഡി.എഫ്, ബി.ജെ.പി. എന്നിവര്‍ ജാനുവിന് യാതൊരു ഇടവും നല്‍കിയില്ല.  ഇങ്ങനെയാണോ ഇത്തരം സോഷ്യല്‍മൂവ്മന്റിനെ അമര്‍ച്ച ചെയ്യേണ്ടത്.  ഒരേ രീതിയില്‍ അടിച്ചമര്‍ത്താനാണ് എല്ലാവരും ശ്രമിച്ചത്.  2006ല്‍ ജാനു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍  കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പ് ശക്തമായി . ജാനു ദളിത് ആദിവാസി നേതാവെന്നനിലയില്‍ ദേശീയതലത്തില്‍ അറിയപ്പെടേണ്ട വ്യക്തിയാണ്.  അവര്‍ വരുന്നത് പൊതുമണ്ഡലത്തിന് നേട്ടമായി  കാണാനുള്ള മാനസികമായ വളര്‍ച്ച  ഇവര്‍ക്കാര്‍ക്കും ഇല്ലാതെപോയി.

ജാനു ബി.ജെ.പി.യില്‍ എത്തിയത് ഇവിടുത്തെ ഇടത്,വലത് മുന്നണികളുടെ പോരായ്മയായി കാണുന്നുണ്ടോ ? 
കേരളത്തിലെ മതേതരപാര്‍ട്ടികള്‍ ജാനുവിനെ ഏറ്റെടുത്തിരുന്നെങ്കില്‍ അവര്‍ നല്ല നേതാവായി മാറുമായിരുന്നു.  സ്വാഭാവികമായ വലിയ തിരസ്‌കരണത്തിന്റെ ചരിത്രമാണ് ജാനുവിനുള്ളത്.  മതേതരപാര്‍ട്ടികള്‍ മര്‍ദ്ദിച്ചൊതുക്കിയതിന്റെ  ഇര കൂടിയാണ് അവര്‍. ഇതില്‍ സാമ്പത്തികം ഒരു ഘടകമായിട്ടുണ്ടാവാം.  പക്ഷേ പണം മാത്രമല്ല 2016ല്‍ ബി.ജെ.പി.യിലേക്ക് അവരെ ആകര്‍ഷിച്ചത്. അന്ന് പിന്നോക്കസമുദായങ്ങളെയെല്ലാം ഒന്നിപ്പിക്കാന്‍ ബി.ജെ.പി. ശ്രമിച്ചു. എങ്കിലും ബി.ജെ.പി.യില്‍ പോയതിനെ ന്യായീകരിക്കുന്നില്ല. 

ഇവിടുത്തെ കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ആദിവാസി ,ദളിത് വിരുദ്ധമായ സമീപനമാണ് അവരെ ബി.ജെ.പി.യില്‍ എത്തിച്ചത്. ബി.ജെ.പി. ആദിവാസികള്‍ക്ക് അനുകൂലമാണെന്ന അഭിപ്രായമില്ല. എങ്കിലും ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് അവസ്ഥ. ജനാധിപത്യ,മതേതരപാര്‍ട്ടികളാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്.  ബാക്കിയുള്ള മുഴുവന്‍ സമുദായങ്ങളെയും അവര്‍ കൂടെ നിര്‍ത്തുന്നുണ്ട്. 2001ല്‍ പതിനായിരകണക്കിന് ആദിവാസികളെ അണിനിരത്തി നടത്തിയ റാലിയില്‍ മേധാപട്കര്‍ വന്ന് സംസാരിച്ചു.  ഇത്രയും ആള്‍ബലമില്ലാത്ത പാര്‍ട്ടികളെ അവര്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നു. ജാനുവിനെ ഈ പരുവത്തിലാക്കിയത് വ്യക്തിപരമായി അവരുടെ മാത്രം പതനമല്ല. സാമൂഹിക,രാഷ്ട്രീയ കാരണങ്ങള്‍ അതിനുപിന്നിലുണ്ട്.

ഇനി ജാനു ബി.ജെ.പി.ബന്ധം ഉപേക്ഷിച്ച് മതേതരകാഴ്ചപാടിലേക്ക് വരുമെന്ന് കരുതുന്നുണ്ടോ ?  
ഇന്നത്തെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്.  സാമ്പത്തികആരോപണവിവാദം വന്നതോടെ  ബി.ജെ.പി.ലാവണത്തില്‍ അവര്‍ ഒന്നുകൂടെ ഉറക്കുകയാണ് ചെയ്തത്. അതിന് ബി.ജെ.പി. നന്നായി പിന്തുണയും നല്‍കും.  ആ വൃത്തത്തില്‍ അഭയം തേടുകയോ ഉറപ്പിക്കുകയോ ചെയ്യാന്‍ ബി.ജെ.പി.ശ്രമിക്കും. തിരിച്ചുവരവിനുള്ള സാധ്യത കാണുന്നില്ല.

 ജാനുവിനോട്  ഗോത്രമഹാസഭയിലെ പഴയ പ്രവര്‍ത്തകരുടെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോ?
ജാനു കടന്നുവന്ന വഴികള്‍, സമരം,മൂല്യം അത് സൃഷ്ടിച്ച  ആകെതുക ഇതൊന്നും തള്ളിപറഞ്ഞിട്ടില്ല.ജാനു എന്ത് കുഴപ്പം ചെയ്താലും  ദളിത് മൂവ്മന്റുകള്‍ വൈകാരികമായി എപ്പോഴും അവരെ പിന്തുണക്കും. ജാനു മാത്രമാണോ തിരഞെടുപ്പില്‍ പണം വാങ്ങിച്ചത്.  ഇവരെ മാത്രം ഒറ്റപ്പെടുത്തി അക്രമിക്കുന്നു. ഇതൊക്കെ നമ്മുടെ രാഷ്ട്രീയസംവിധാനത്തിന്റെ ഭാഗമല്ലേ.  പിന്നെ എന്തുകൊണ്ട് ഈ സംഭവം മാത്രം വിവാദമാവുന്നു എന്നാണ്  ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ചോദിക്കുന്നത്. ബി.ജെ.പി.യിലേക്ക് പോയതിനെ ന്യായീകരിക്കില്ലെങ്കിലും ജാനു എന്ന പ്രതീകത്തെ തള്ളിപറയില്ല.

ഗീതാനന്ദന്‍ ഇപ്പോള്‍ ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?  
ജാനു വിട്ടുപോയെങ്കിലും ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തനരംഗത്തുണ്ട്. ആദിവാസിവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. ബത്തേരി കേന്ദ്രീകരിച്ചുള്ള ഇന്‍ഡിജീന്യസ് പീപ്പിള്‍സ് കളക്ടീവ് എന്ന  പേരിലാണ് ഇത് ചെയ്യുന്നത്. കൊച്ചി തമ്മനത്ത് മൂന്ന് ഹോസ്റ്റലുകളിലായി താമസിപ്പിച്ച് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നു.ചില ഭൂമി സമരങ്ങളിലും ഇടപെടാറുണ്ട്. വിദ്യാഭ്യാസപരമായി മുന്നേറിയാലേ ഇനി ആദിവാസികള്‍ക്ക് രക്ഷയുള്ളു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ രംഗത്ത് കേന്ദീകരിക്കുന്നത്.

content highlights: m geethanandan on ck janu