
മഹാമാരിയുടെ കാലത്തും തദ്ദേശതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കേരളം. പഞ്ചായത്തീരാജിന്റെ 25-ാം വർഷത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ്. അഞ്ച് തദ്ദേശഭരണസമിതികൾ അരങ്ങൊഴിഞ്ഞു. ജനകീയാസൂത്രണം എന്നപേരിൽ തുടങ്ങിയ വികേന്ദ്രീകൃതാസൂത്രണവും 25 വർഷം പൂർത്തിയാക്കുന്നു. പഞ്ചായത്തീരാജ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഒരു കണക്കെടുപ്പ്-നമ്മളെന്തുനേടി, നേടിയില്ല? ജനകീയാസൂത്രണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന, പഞ്ചായത്തീരാജിനെക്കുറിച്ച് ഒട്ടേറെ പഠനഗവേഷണങ്ങൾ നടത്തിയ എം.എ. ഉമ്മൻ മാതൃഭൂമി പ്രതിനിധി എസ്.എൻ. ജയപ്രകാശുമായി സംസാരിക്കുന്നു
? പഞ്ചായത്തീരാജ് സംവിധാനം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതിക്കുശേഷമുള്ള ആദ്യ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 25 വർഷമായി. ജനകീയാസൂത്രണം എന്നപേരിൽ തുടങ്ങിയ അധികാരവികേന്ദ്രീകരണം 25 വർഷം പൂർത്തിയാക്കുന്നു. ജനകീയാസൂത്രണത്തിന്റെ മുൻനിരയിൽ താങ്കളും ഉണ്ടായിരുന്നു.
കാൽനൂറ്റാണ്ടിനുമുമ്പുള്ള ഓർമ പരതുമ്പോൾ മനസ്സിൽ ഓടിയെത്തുക 1996 ഓഗസ്റ്റ് 17(മലയാള ആണ്ടുപിറവി ചിങ്ങം ഒന്ന്)-ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് തിരിതെളിയിച്ച് ജനകീയാസൂത്രണം ഉദ്ഘാടനംചെയ്ത സന്ദർഭമാണ്. മുഖ്യമന്ത്രി നായനാർ മാത്രമല്ല, പഴയ മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാവ് എ.കെ.ആന്റണിയുംമറ്റും അടങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മുൻനിരക്കാരുടെ പരിച്ഛേദമാണ് കേരള സർവകലാശാലയുടെ സെനറ്റ്‌ഹാളിൽ അന്ന് ഒത്തുചേർന്നത്. അന്നേക്ക് മൂന്നുദിവസംമുമ്പ് ജനകീയാസൂത്രണത്തിന്റെ സന്ദേശവാഹകരായി പ്രവർത്തിക്കേണ്ടവർക്ക് ഒരു പരിശീലനക്ലാസ് കോഴിക്കോട്ട് ഉദ്ഘാടനംചെയ്തത് എന്റെ ആദ്യ ക്ലാസോടെയായിരുന്നെന്നും ഓർക്കുന്നു. ഡോ. തോമസ് ഐസക്കും ഡോ. മൈക്കിൾ തരകനും അതിൽ പങ്കുചേർന്നു. ഒരു പുത്തൻ വികസനസംസ്കാരമായിരുന്നു ലക്ഷ്യം.
സംസ്ഥാനം, നഗരസഭകൾ, ത്രിതലപഞ്ചായത്തുകൾ എന്നീ വിവിധ സർക്കാരുകളുടെ പ്രവർത്തനമേഖലകൾ സൂക്ഷ്മമായി നിർവചിക്കുന്നതിനും സ്വയംഭരണ സ്ഥാപനങ്ങളാക്കുന്നതിനും ഉദ്യോഗസ്ഥരെയും സാങ്കേതികവിദഗ്ധരെയും വിന്യസിക്കുന്നതിനുംവേണ്ട പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്ന ശ്രമകരമായ ദൗത്യം നിർവഹിക്കുന്നതിനാണ് സുബ്രതോ സെൻ അധ്യക്ഷനായ സെൻ കമ്മിറ്റി രൂപവത്‌കരിച്ചത്. അതിൽ അംഗമായി പ്രവർത്തിച്ചത് ചാരിതാർഥ്യപൂർവം ഓർക്കുകയാണ്.
? കിട്ടുന്ന പണം വിനിയോഗിക്കുന്നതിനപ്പുറം പ്രദേശികവികസനത്തിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും ജനാധിപത്യപ്രയോഗം വിപുലപ്പെടുത്തുന്നതിലും അഭിലഷണീയമായ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടോ
പണം ചെലവാക്കൽ വികസനമല്ല. അത് ഫലപ്രദമാകണം. ലക്ഷ്യങ്ങൾ മുൻഗണനക്രമത്തിൽ സാധ്യമാകണം. പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണ് ജില്ലാ പ്ലാനും ജനകീയാസൂത്രണവും. ഇന്ന് ഉദ്യോഗസ്ഥ ഇടപെടലും ജനകീയാസൂത്രണത്തിന്റെ ബഹുതലപങ്കാളിത്തനടപടികളും നാമജപവും വഴിപാടുമാകുമ്പോൾ നാഴികമണി പിറകോട്ടാകുന്നു.
കുടിവെള്ളം, പ്രാഥമിക ആരോഗ്യസൗകര്യങ്ങൾ, പ്രാഥമിക വിദ്യാഭ്യാസം, മാലിന്യനിർമാർജനം എന്നിങ്ങനെയുള്ള അടിസ്ഥാനസേവനങ്ങൾക്ക് അന്താരാഷ്ട്ര സ്റ്റാൻഡേഡൈസേഷൻ സംഘടനയുടെ (ഐ.എസ്.ഒ) അംഗീകാരം കിട്ടിയത് വളരെവലിയ നേട്ടമാണ്. പക്ഷേ, ഈ സേവനങ്ങൾ വയനാട്ടിലെ പൗരനും പൂന്തുറയിലെ പൗരനും ലഭിച്ചോ എന്നതാണ് ചോദ്യം. അതാണ് പ്രശ്നവും.
വളരെ ആക്ഷേപങ്ങൾ പറയാനുണ്ടെങ്കിലും ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതിസംരക്ഷണം എന്നീ അടിസ്ഥാന മേഖലകളിലെ നാല് നവകേരളമിഷനുകൾക്ക് നേട്ടങ്ങളുണ്ട്. സംശയമില്ല. പക്ഷേ, അവ പലപ്പോഴും സമാന്തരസംവിധാനമായി പ്രവർത്തിച്ചു. എന്തായാലും തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടുത്തരവാദിത്വമായിരുന്നില്ല മിഷനുകൾ. പഞ്ചായത്ത് അസോസിയേഷനുകൾ ഇവയ്ക്ക് അംഗീകാരവും നീതീകരണവും നൽകുമ്പോൾ ജനാധിപത്യം അപകടപ്പെടുന്നു. അതുപോലെത്തന്നെ ആയിരം കോടിയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണപദ്ധതി, മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി എന്നിങ്ങനെ സർക്കാർ ഉത്തരവുകളിൽ ഊന്നിയ കേന്ദ്രീകൃതസ്വഭാവമുള്ള പദ്ധതികൾ ജനകീയാസൂത്രണത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടാൻ വിഷമം. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വികസനകൗൺസിലിൽ ചർച്ചചെയ്ത് തദ്ദേശസർക്കാരുകളെക്കൂടി സമർഥമായി ചേർത്തിണക്കിയിരുന്നെങ്കിൽ മിഷനുകൾക്കും മറ്റുപരിപാടികൾക്കും കൂടുതൽ നീതിമത്കരണം ലഭിക്കുമായിരുന്നുവെന്നുമാത്രമല്ല, കേരളത്തിലെ ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവും വളരെ ഉയരുമായിരുന്നുതാനും.
കേരള പഞ്ചായത്തീരാജ് സമ്പ്രദായത്തിന്റെ ആണിക്കല്ല് ഗ്രാമസഭകളാണ്. പിന്നെ ഓംബുഡ്‌സ്‌മാൻ. ഇവരണ്ടും ഇന്ന് ഏതാണ്ട് അപ്രസക്തമാകുന്നു. ഒരു കാലത്ത് ജനകീയാസൂത്രണത്തിന്റെ അച്ചാണിയായി ഗ്രാമസഭ ഉയർന്നുവന്നുവെന്ന കാര്യത്തിൽ സംശയമുള്ളവർ തോമസ് ഐസക് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) എഴുതിയ 2000-ലെ തദ്ദേശ ജനാധിപത്യവും വികസനവും എന്ന പുസ്തകം വായിക്കട്ടെ. ഏഴ് ഓംബുഡ്‌സുമാനുമായി പ്രൗഢമായി തുടങ്ങിയ ഓംബുഡ്‌സ്‌മാൻ സംവിധാനം ഇന്ന് നിഷ്‌ക്രിയമോ നിഷ്‌പ്രഭമോ ആണ്. നവകേരള നിർമിതിയെക്കുറിച്ച് ആണയിടുന്നവർ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ഒരു വിദഗ്ധസമിതിയെ ഏർപ്പാടാക്കുന്നത് ഉചിതമായിരിക്കും.
? തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയോ നിരാശയോ
ഒറ്റയടിക്ക് മറുപടിപറയുക പ്രയാസമാണ്. വളരെ ആഴത്തിലുള്ള അപഗ്രഥനത്തിന് മുതിരുന്നില്ല. ഞാൻ അധ്യക്ഷനായ ഒരു സമിതി ജനകീയാസൂത്രണത്തിന്റെ ആദ്യദശകത്തെ വിമർശനാത്മകമായി വിലയിരുത്തി ഒരു റിപ്പോർട്ട് 2009-ൽ സമർപ്പിച്ചിരുന്നു. കുറെ നല്ല ചർച്ചകൾ നടന്നു. പക്ഷേ, തിരുത്തലുകൾ ഒന്നും സംഭവിച്ചില്ല. കാൽനൂറ്റാണ്ടുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ സാമാന്യമായിപ്പറഞ്ഞാൽ ഒരിക്കലും നിരാശനല്ല. എന്നാൽ, തദ്ദേശീയ ജനാധിപത്യത്തിന്റെ കാതലായ പല അംശങ്ങളും ചോർന്നുപോയിരിക്കുന്നു. എന്താണ് നഷ്ടപ്പെട്ടതെന്ന് പലർക്കും അറിയില്ല. തദ്ദേശീയരാഷ്ട്രീയത്തിന്റെ വിലയും മൂല്യവും തിരിച്ചറിയാൻ വയ്യാത്തവണ്ണം മറന്നിരിക്കുന്നു.
യഥാർഥ അധികാരവികേന്ദ്രീകരണമെന്നത് കേരളത്തിൽ ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു. എന്തുകൊണ്ടാണത്
അധികാരവികേന്ദ്രീകരണവും ജനാധിപത്യപ്രക്രിയയും ഇന്ത്യയിൽ വൻവെല്ലുവിളിയാണ്. കേരളത്തിന്റെ മാത്രമായ പ്രതിഭാസമല്ല. ഇന്ത്യൻ റിപ്പബ്ളിക്കിന്റെ ആദ്യത്തെ 40 വർഷങ്ങളിൽ തുടർന്ന കേന്ദ്രീകൃത വികസനസമീപനത്തെ തിരുത്താനാണ് 73/74 ഭരണഘടനാഭേദഗതികൾ പാസാക്കിയത്. കേരളം 1996-2001 കാലഘട്ടത്തിൽ സ്വീകരിച്ച പരിഷ്കാരങ്ങൾ മൗലികവും നൂതനവുമായിരുന്നു. കേരളജനതയും പാർട്ടികളും കമ്യൂണിസ്റ്റ്‌പാർട്ടികൾപോലും അതിന്റെ മർമം ഗ്രഹിച്ചില്ല എന്നതാണ് സത്യം. മാധ്യമങ്ങൾപോലും ജനകീയാസൂത്രണത്തെ ഉൾക്കൊണ്ടില്ല. എന്നാൽ, 1996-’99 കാലഘട്ടത്തിലെ മൗലികമായ സെൻകമ്മിറ്റി ശുപാർശകൾ സർക്കാർ അംഗീകരിച്ചു. പാലോളി മുഹമ്മദുകുട്ടി എന്ന ആർജവമുള്ള മന്ത്രിക്കായിരുന്നു തദ്ദേശവകുപ്പിന്റെ ചുമതല. വികേന്ദ്രീകൃത ജനാധിപത്യത്തെ അർപ്പണബുദ്ധ്യാ സമീപിച്ച എസ്.എം. വിജയാനന്ദായിരുന്നു വകുപ്പ് സെക്രട്ടറി. എല്ലാറ്റിനുമുപരി പരിഷ്കാരങ്ങൾക്കും നടത്തിപ്പിനും ധൈഷണികവും പ്രായോഗികവുമായ ഐസക്കിന്റെ പിൻബലത്തിൽ പ്ലാനിങ് ബോർഡ് മുൻനിരയിൽ നിന്നു. ഇത്തരം അനുഭവങ്ങൾ തുടർക്കഥയായില്ല.
? ഒട്ടേറെ സ്ത്രീകൾ ഇന്ന് തദ്ദേശഭരണത്തിലുണ്ട്. എണ്ണത്തിൽ അഭിമാനിക്കാം. എന്നാൽ, അധികാരം യാഥാർഥത്തിൽ സ്ത്രീകളിലേക്ക് എത്തിയെന്ന് കരുതാമോ? സ്ത്രീകളുടെ പങ്കാളിത്തം അഴിമതി കുറയാൻ കാരണമായെന്ന് വിലയിരുത്തുന്നുണ്ടോ
സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പക്ഷേ, കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും സ്ത്രീകൾ ഇന്നും ശക്തിസ്രോതസ്സല്ല. അമർത്യാ സെൻ വാദിക്കുന്നതുപോലെ സ്ത്രീകൾ പരിവർത്തനപ്രവൃത്തികേന്ദ്രമായിട്ടില്ല കേരളത്തിൽ. രാഷ്ട്രീയവും മതവും സമൂഹവും പുരുഷാധിപത്യത്തിൽ ശക്തമായി നിലകൊള്ളുന്നുവെന്നതാണ് സത്യം. മാറ്റങ്ങൾ അവിടെ തുടങ്ങണം.
അഴിമതി കുറയാൻ സ്ത്രീസാന്നിധ്യം സഹായിച്ചിട്ടില്ല. ചില ഡിപ്പാർട്ടുമെന്റുകളിൽ കോഴ വാങ്ങാൻ അറച്ചുനിൽക്കുന്നവർക്കും വിഹിതംകിട്ടും. ശർക്കരത്തോണിയിലാണ് എല്ലാവരുടെയും കൈകൾ!
? പഞ്ചായത്തീരാജ് സംവിധാനം അതിന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ ഇനി ഏതുദിശയിലേക്കാണ് നീങ്ങേണ്ടത്
ഇതിന് ഉത്തരം സമഗ്രമായ പഠനവും വിലയിരുത്തലിനുംശേഷം പറയേണ്ടതാണ്. എങ്കിലും ഒന്നുരണ്ട് സാമാന്യകാര്യം പറയുകയാണ്. ഒന്ന്: ഒരു നല്ല തദ്ദേശീയരാഷ്ട്രീയമുണ്ടാകണം. അതൊരു പുത്തൻ രാഷ്ട്രീയയുഗത്തിന്റെ തുടക്കമാകണം. എന്തായാലും ഫുൾടൈം രാഷ്ട്രീയക്കാരായ ഒരു വൻപട കേരളത്തിലുണ്ട്. അവരെ തീറ്റിപ്പോറ്റുന്നത് അതത് പാർട്ടിക്കാർമാത്രമല്ല, സമൂഹംതന്നെയാണ്. പാർട്ടികൾ പിളരുന്തോറും വളരുകയാണെന്നും ഓർക്കണം. ടി.വി. ചാനലുകളിൽ സമർഥരായ യുവാക്കൾ കുട്ടിക്കുരങ്ങുകളുടെ കുപ്പായമിട്ട് ഘോരഘോരം വാദിക്കുന്നവരാകുമ്പോൾ രാഷ്ട്രീയത്തിലും സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കാനാവില്ല. അവർ പരിവർത്തനത്തിന്റെ ഘാതകരാണ്.
രണ്ട്: രാഷ്ട്രീയപ്പാർട്ടികൾ ഒരു സാമൂഹികോത്‌പന്നമാണ്. സമൂഹത്തിന്റെ ഗുണനിലവാരമുയർത്താൻ മാറ്റങ്ങൾക്ക് ഏജൻസികളാകേണ്ടവരാണ് അവർ. സുതാര്യതയും നല്ലമാതൃകയും വാഗ്‌ദത്തംചെയ്യുന്നവർ പോസ്റ്റ് ട്രൂത്ത് സമൂഹമാകരുത്. അസത്യം പറയുന്നത് നല്ല രാഷ്ട്രീയമല്ലെന്ന് ഗാന്ധിജി നമ്മെ ഓർമിപ്പിക്കുന്നു. കൈക്കൂലിക്ക് കൂട്ടുനിൽക്കുന്നവർ എങ്ങനെ ജനകീയാസൂത്രണത്തിലൂടെയുള്ള വികസനത്തിന് സഹായകമായ നിലപാടെടുക്കും? എന്റെ ഗ്രാമപ്പഞ്ചായത്ത്, എന്റെ വില്ലേജോഫീസ് കൈക്കൂലി മുക്തമാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന പുതിയ ജനപ്രതിനിധികളുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.