കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കോൺഗ്രസ് വി.ഐ. പി.യാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു നോർത്തിൽ പ്രചാരണത്തിനെത്തിയപ്പോഴും ചുറ്റും നേതാക്കളുടെയും പ്രവർത്തകരുടെയും തിരക്കായിരുന്നു. മന്ത്രി കൃഷ്ണ ബൈരഗൗഡയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. സിദ്ധരാമയ്യ എത്തിയപ്പോൾ ജനതാദൾ-എസ് നേതാവ് എച്ച്. ഡി. ദേവഗൗഡയും ഒപ്പംചേർന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇരുപക്ഷത്തായിരുന്ന നേതാക്കൾ ഒന്നിച്ച് പ്രചാരണത്തിനെത്തുന്നത്. പഴയ ജനതാപരിവാറുകാർ കൈകോർത്തതോടെ പ്രവർത്തകർക്കും ആവേശമായി. കേന്ദ്രമന്ത്രി ഡി. വി. സദാനന്ദഗൗഡയാണ് ഇവിടത്തെ എൻ.ഡി.എ. സ്ഥാനാർഥി.

കോൺഗ്രസിലെ സ്ഥാനാർഥികൾക്കെല്ലാം സിദ്ധരാമയ്യ പ്രചാരണത്തിനെത്തണം. ഇതിനകം എട്ട് മണ്ഡലങ്ങളിൽ നടന്ന റാലിയിൽ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും സിദ്ധരാമയ്യ തന്നെയായിരുന്നു താരപ്രചാരകൻ. കോൺഗ്രസ്-ജെ.ഡി. എസ്. സഖ്യത്തിലെ അതൃപ്തിക്ക് പരിഹാരം കാണാൻ കഴിയുന്ന നേതാവ് സിദ്ധരാമയ്യയാണ്. അതിനായി മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് രണ്ടുതവണ നിർദേശം നൽകി. കർണാടകത്തിലെ തെക്കൻ ജില്ലകളിൽ കോൺഗ്രസും ജെ.ഡി.എസുമാണ് നിർണായക ശക്തികൾ. സഖ്യത്തിൽ അമർഷവും ഇവിടെയാണ്. ഇതിന് പരിഹാരം കാണുകയെന്നതാണ് സിദ്ധരാമയ്യ നേരിടുന്ന പ്രധാന വെല്ലുവിളി. 

“പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. ചില മണ്ഡലങ്ങളിൽ പ്രാദേശിക നേതൃത്വത്തിൽ അതൃപ്തിയുണ്ട്. ഇത് സ്വാഭാവികമാണ്. നേതാക്കളെ കാര്യം ബോധ്യപ്പെടുത്തുന്നതോടെ എല്ലാത്തിനും പരിഹാരമാകും”- സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു, മാണ്ഡ്യ,ഹാസൻ, തുമകൂരു എന്നിവിടങ്ങളിലാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾകലാപക്കൊടി ഉയർത്തുന്നത്. ഇതിന് പരിഹാരം കാണണമെങ്കിൽ സിദ്ധരാമയ്യ പൂർണമനസോടെ ഇറങ്ങിപ്പുറപ്പെടേണ്ട അവസ്ഥയാണ്. 2018-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത് ദളിലെ ജി. ടി. ദേവഗൗഡയാണ്. എന്നാൽ, ശത്രുത മറന്ന് രണ്ട് നേതാക്കളും ഒന്നിച്ച് പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി. ജെ. പി.യെയും കടന്നാക്രമിച്ചുകൊണ്ട് കത്തിക്കയറുന്ന പ്രസംഗമാണ് സിദ്ധരാമയ്യയുടേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്കെതിരേയുള്ള സിദ്ധരാമയ്യയുടെ നിലപാടുകൾ ദേശീയശ്രദ്ധ നേടി. ഇതുതന്നെയാണ് ഇത്തവണത്തെ രീതിയും. സിദ്ധരാമയ്യയുടെ പ്രചാരണ റാലികളിൽ പ്രവർത്തകർ ഒഴുകിയെത്തുന്നതും അതുകൊണ്ടുതന്നെ. പ്രചാരണത്തിരക്കിനിടയിൽ ചില ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു:

സഖ്യത്തിലെ അതൃപ്തി തിരിച്ചടിയാകുമോ

അതൊന്നും പ്രശ്നമല്ല. ചിലയിടങ്ങളിലുള്ള ഭിന്നതയൊന്നും തിരഞ്ഞെടുപ്പിലുണ്ടാവില്ല. കോൺഗ്രസ്- ദൾ സഖ്യം കുറഞ്ഞത് 20 സീറ്റ് നേടും. മാണ്ഡ്യയിൽ സഖ്യസ്ഥാനാർഥി നിഖിൽ കുമാരസ്വാമി വിജയിക്കും. ഭിന്നതയെല്ലാം പരിഹരിക്കാൻ കഴിയും. നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രം വിജയിക്കില്ല. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകും. ഇതൊക്കെ പരിഹരിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസിന് കഴിയും. ഇത്തവണ ജനങ്ങൾ ബി.ജെ.പി.ക്ക് നൽകുന്നത് കനത്ത തിരിച്ചടിയായിരിക്കും. 

ബി. ജെ. പി. ഉയർത്തുന്ന വെല്ലുവിളിയെ എങ്ങനെ കാണുന്നു

ബി. ജെ. പി. സാമൂഹികനീതിക്കും സാമുദായിക സൗഹാർദത്തിനും എതിരാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ ബി.ജെ.പി.യുടെ നേട്ടമെന്താണ്? വൈകാരിക വിഷയമുയർത്തി വോട്ട് തേടാനാണ് ശ്രമം. തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞു. എന്നിട്ട് എന്തായി. തിരഞ്ഞെടുപ്പ് വരുമ്പോഴാണ് ബി. ജെ. പി. ഇത്തരം കാര്യം ഉയർത്തിക്കാട്ടുന്നത്. ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനാണ് ശ്രമം. ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി. ബി. ഐ. തുടങ്ങി അന്വേഷണ ഏജൻസികളെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണ്. സമൂഹത്തെ വിഭജിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. രാജ്യ താത്‌പര്യം കണക്കിലെടുത്ത് എല്ലാവരും ഒന്നിക്കേണ്ട അവസരമാണിത്. 

Content Highlights: Loksabha Election Karnataka