ജയിച്ച സീറ്റുകളുടെയോ കിട്ടിയ വോട്ടുകളുടെയോ ശതമാനത്തിന്റെയോ മാത്രം അടിസ്ഥാനത്തിലല്ല ഇന്ത്യയിൽ ഇടതുപക്ഷപാർട്ടികളുടെ പ്രാധാന്യം. എങ്കിലും കണക്കുപറയുമ്പോൾ അത്ര നല്ലതല്ല ഇടതുപക്ഷത്തിന്‍റെ പോക്ക്. 2004-ൽ 5.66 ശതമാനം വോട്ടോടെ ലോക്‌സഭയിൽ 43 സീറ്റ് എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് 15 വർഷം പിന്നിടുമ്പോൾ 2019 സി.പി.എമ്മിന്റെ സീറ്റ് മൂന്നായി. 2004-ൽ 1.41 ശതമാനം വോട്ടോടെ 10 സീറ്റുണ്ടായിരുന്ന സി.പി.ഐ.യ്ക്ക് ഇപ്പോൾ രണ്ടുസീറ്റ്. ഇടതുശക്തികേന്ദ്രങ്ങളായിരുന്ന ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽനിന്ന് രണ്ട് പാർട്ടിക്കും ഇത്തവണ സീറ്റില്ല. 

കേരളത്തിൽ സി.പി.എമ്മിന് ഒരു സീറ്റ് കിട്ടിയപ്പോൾ സി.പി.ഐ.യ്ക്ക് സീറ്റില്ല. തമിഴ്നാട്ടിൽ ഡി.എം.കെ.മുന്നണിയുടെ കുതിപ്പിലാണ് രണ്ട് ഇടതുപാർട്ടികൾക്കും രണ്ടുവീതം സീറ്റ് കിട്ടിയത്. ഇത്തവണ പാർട്ടികളുടെ വോട്ടുവിഹിതം ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നതേയുള്ളൂ. തൃണമൂൽ കോൺഗ്രസ് 43.3-ഉം ബി.ജെ.പി. 40.3-ഉം ശതമാനം വോട്ടുപിടിച്ച ബംഗാളിൽ സി.പി.എമ്മിന് ഇത്തവണ കിട്ടിയത് 6.28 ശതമാനം. സി.പി.ഐ.യ്ക്ക് 0.4 ശതമാനം. തമിഴ്നാട്ടിൽ സി.പി.എമ്മിന് 2.4 ശതമാനം. സി. പി.ഐ.യ്ക്ക് 2.43, ബിഹാറിൽ 

സി.പി.ഐ. 0.69, സി.പി.എം. 0.07. മഹാരാഷ്ട്രയിൽ സി.പി.എം. 0.2, സി.പി. ഐ. 0.07, ആന്ധ്രാപ്രദേശ് സി.പി.എം. 0.12, സി.പി.ഐ. 0.08, പഞ്ചാബ് സി.പി.ഐ. 0.31, സി.പി.എം. 0.08, മധ്യപ്രദേശ് സി.പി.ഐ. 0.25, സി.പി.എം. 0.03, തെലങ്കാന സി.പി.എം. 0.44, സി.പി.ഐ. 0.4, കേരളം സി.പി.എം. 25.83, സി.പി.ഐ. 6.05. എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിൽ സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും വോട്ടുശതമാനം. 2009-ൽ സി.പി.എമ്മിന് 5.33 ശതമാനവും സി.പി.ഐ.യ്ക്ക് 1.43 ശതമാനവുമായിരുന്നു ദേശീയതലത്തിൽ വോട്ടുവിഹിതം. 2014-ൽ സി.പി.എമ്മിന് 3.28 ശതമാനവും സി.പി.ഐ.യ്ക്ക് 0.79 ശതമാനവുമായിരുന്നു വോട്ടുവിഹിതം. ഇക്കുറി രണ്ട് പാർട്ടികളുടെയും വോട്ടുശതമാനം അന്തിമക്കണക്ക് വരുമ്പോൾ കഴിഞ്ഞതവണത്തേതിലും താഴെയായിരിക്കും.

Content Highlights: Loksabha Election and LDF in India