ദേശീയരാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങളാണ് രാജീവ്ഗാന്ധിയുടെ ഭരണകാലത്തുണ്ടായത്. 18 വയസ്സിൽ വോട്ടവകാശം, 77, 78 ഭരണഘടനാ ഭേദഗതികളിലൂടെ അധികാരവികേന്ദ്രീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനഭരണസമിതികളിൽ 33 ശതമാനം സ്ത്രീസംവരണം, കൂറുമാറ്റ നിരോധനനിയമം തുടങ്ങി അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ, സാംപിത്രോഡയുടെ മേൽനോട്ടത്തിൽ സാങ്കേതികരംഗത്തെ അദ്ഭുതകരമായ കുതിപ്പ്.
പരിസ്ഥിതിക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉറച്ച നിലപാടെടുക്കുന്നത് ആ ഘട്ടത്തിലാണ്. പരിസ്ഥിതിക്ക് മാത്രമായി ഒരു മന്ത്രാലയം രൂപവത്‌കരിച്ചു. വൻകിട പദ്ധതികൾക്ക് പരിസ്ഥിതി അനുമതി നിർബന്ധമാക്കുകയും ചെയ്തു. ഇതേ സമയത്തുതന്നെയാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേരളത്തിൽ ഒരു മന്ത്രിക്ക് രാജിവെക്കേണ്ടിവന്നത്. നിക്ഷിപ്തവനഭൂമിയിലെ മരംമുറിക്കരുതെന്നും മുറിച്ചിട്ട മരം കടത്തിക്കൊണ്ടുപോകരുതെന്നും ഉത്തരവിട്ട വനംമന്ത്രി എം.പി. വീരേന്ദ്രകുമാറിനെതിരേ അകത്തും പുറത്തും നീക്കങ്ങളുണ്ടായതും ചുമതലയേറ്റ് ദിവസങ്ങൾക്കകം രാജിയിലേക്ക്‌ നയിച്ചതും  ഇതേഘട്ടത്തിലാണ്. 

വി.പി. സിങ്  ശ്രദ്ധാകേന്ദ്രമാവുന്നു

പുരോഗമനപരമായ ഭരണനടപടികളിലൂടെ മുന്നോട്ടുപോകുന്നതിനിടയിൽ അഴിമതി ആരോപണങ്ങളുടെ പ്രവാഹംതന്നെയുണ്ടായത് രാജീവ് സർക്കാരിന് വെല്ലുവിളിയായി.  ഉത്തർപ്രദേശിലെ ഏറ്റവും കരുത്തനായ നേതാവ് വിശ്വനാഥ് പ്രതാപ് സിങ്ങായിരുന്നു അക്കാലത്ത്(വി.പി. സിങ്)ധനമന്ത്രി. രാജീവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു ബോളിവുഡ് താര ചക്രവർത്തി അമിതാബ് ബച്ചൻ. ബച്ചൻ രാഷ്ട്രീയത്തിലിടപെടുന്നതായി ആരോപണമുയർന്നു. അക്കാലത്താണ് മുങ്ങിക്കപ്പൽ വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണമുയരുന്നത്. സെയ്‌ന്റ്കിറ്റ്‌സ് ദ്വീപിലെ ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ടും പ്രശ്നം. വി.പി. സിങ് മന്ത്രിസഭയ്ക്കകത്ത് വെല്ലുവിളിയുയർത്തുന്ന കാലം. സിങ്ങിനെ ധനവകുപ്പിൽനിന്ന് പ്രതിരോധവകുപ്പ് മന്ത്രിയായി മാറ്റി. വി.പി. സിങ് ആദ്യം ചെയ്തകാര്യങ്ങളിലൊന്ന് മുങ്ങിക്കപ്പൽ ഇടപാടിനെപ്പറ്റി അന്വേഷണം പ്രധാനമന്ത്രി അറിയാതെ പ്രഖ്യാപിക്കലാണ്. അമിതാബ് ബച്ചന്റെ അനുജൻ അജിതാബ് ബച്ചന്റെ പേരും ആരോപണവിധേയരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വിവാദം മൂത്തപ്പോൾ വി.പി. സിങ് മന്ത്രിസ്ഥാനം രാജിവെച്ചു. അധികം വൈകാതെ ബൊഫോഴ്‌സ് കുംഭകോണം സംബന്ധിച്ച് ആരോപണമുയർന്നു.
മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ഒരു സംഭവവികാസവും 1986-’87 കാലത്തുണ്ടായി. മൊഴിചൊല്ലപ്പെട്ട മുൻ ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശം വേണമെന്നാവശ്യപ്പെട്ട് ഷാബാനു നൽകിയ കേസ്. ആ കേസിൽ സുപ്രീംകോടതി  ഷാബാനുവിനനുകൂലമായ വിധി പ്രസ്താവിച്ചു. യാഥാസ്ഥിതികരിൽനിന്ന് കടുത്ത എതിർപ്പുയർന്നപ്പോൾ കോടതിവിധിക്ക് വിരുദ്ധമായ നിയമം കേന്ദ്രം കൊണ്ടുവന്നു. ആദ്യം കോടതിവിധിയെ ന്യായീകരിച്ച രാജീവ് പിന്നീട് സമ്മർദത്തെത്തുടർന്ന്‌ നിലപാടു മാറ്റുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു. നെഹ്രു കുടുംബാംഗമായ അരുൺ നെഹ്രുവും കൂടി അക്കൂട്ടത്തിൽ ചേർന്നതോടെ കോൺഗ്രസിന് വലിയ വെല്ലുവിളിയായി. 

ജനതാദൾ പിറവിയും മൂന്നാംമുന്നണിയും

കലങ്ങിമറിഞ്ഞ ഈ സാഹചര്യത്തിലാണ് ’87-ലെ ഗാന്ധിജയന്തിദിനത്തിൽ വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ ജനമോർച്ച രൂപവത്‌കരിക്കുന്നത്. ഒരു കൊല്ലത്തിനുള്ളിൽ ജനമോർച്ചയും ലോക്ദളും ജനതാപാർട്ടിയുമെല്ലാം ചേർന്ന്‌ ജനതാദളിന് രൂപം നൽകി. 1989-ൽ ജനതാദളിന്റെ നേതൃത്വത്തിൽ തെലുഗു ദേശം, ഡി.എം.കെ., അസം ഗണപരിഷത്ത് എന്നീ കക്ഷികളെ ചേർത്ത് ദേശീയ മുന്നണി രൂപവത്‌കരിച്ചു. എൻ.ടി. രാമറാവു ചെയർമാനും വി.പി. സിങ് കൺവീനറും. 1989-ലെ തിര​െഞ്ഞടുപ്പിൽ  542-ൽ 197 സീറ്റ് ലഭിച്ചിട്ടും കോൺഗ്രസ് ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് ശ്രമിച്ചില്ല. 146 അംഗങ്ങൾ മാത്രമുള്ള ദേശീയമുന്നണി ബി.ജെ.പി.യുടെ 85 പേരുടെയും ഇടതുപക്ഷത്തിന്റെ 54 പേരുടെയും പുറംപിന്തുണയോടെ അധികാരത്തിലെത്തി. ദേവിലാലിന്റെ രാജിയോടെ സർക്കാർ ഉലഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് മണത്ത് വി.പി. സിങ് 1990 ഓഗസ്റ്റിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഉത്തരേന്ത്യയിലാകെ  പിന്നാക്കവിഭാഗക്കാരുടെ ആവേശപ്രകടനങ്ങളും സവർണരിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധവും അലയടിച്ചു. 

രഥയാത്ര തുടങ്ങുന്നു

സന്ദർഭം പാകമായെന്നുതോന്നിയ ബി.ജെ.പി. രാമജന്മഭൂമി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ രാമജന്മഭൂമി രഥയാത്ര. 1990 സെപ്‌റ്റംബർ 25-ന് തുടങ്ങിയ രഥയാത്ര ഒക്ടോബർ 23-ന് ബിഹാറിലെ സമസ്തിപ്പുരിലെത്തിയപ്പോൾ അറസ്റ്റുചെയ്തു. ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവാണ് അതിന് ധൈര്യം കാട്ടിയത്. അതോടെ വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിക്കുകയും 11 മാസം മാത്രം പ്രായമായ മന്ത്രിസഭ രാജിവെക്കുകയും ചെയ്തു. 1990 നവംബർ ഏഴിന് വിശ്വാസപ്രമേയം പരാജയപ്പെട്ടത്തിനെത്തുടർന്ന് നിലംപതിച്ച ആ സർക്കാരിന് പകരം എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുണയോടെ ഇടക്കാല മന്ത്രിസഭ അധികാരത്തിലേറി. ജനതാദൾ പിളർത്തി സമാജ്‌വാദി ജനതാ പാർട്ടി എന്ന പാർട്ടി രൂപവത്‌കരിച്ചാണ് ചന്ദ്രശേഖർ ഭൂരിപക്ഷമില്ലാത്ത സർക്കാരുണ്ടാക്കിയത്. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 1991 മാർച്ച് ആറിന് രാജിവെക്കേണ്ടിവന്നത് ബജറ്റ് അവതരിപ്പിച്ച് പാസാക്കാനാവാതെയാണ്. അത് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന സാഹചര്യമുണ്ടാക്കി. ചന്ദ്രശേഖർ കെയർ ടേക്കർ പ്രധാനമന്ത്രിയായി തുടർന്നുകൊണ്ടാണ് 1991-ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. 

രാജ്യത്തെ നടുക്കിയ കൊലപാതകം

മേയ് 20-ന് ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് നടന്നതിന്റെ അടുത്തദിവസം തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രതിപക്ഷനേതാവ് രാജീവ്ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ എൽ.ടി.ടി.ഇ.-ക്കെതിരേ അവിടത്തെ സർക്കാരിനെ സഹായിക്കാൻ പീസ് കീപ്പിങ് ഫോഴ്‌സിനെ അയച്ചതിൽ രോഷമുള്ള തമിഴ്‌ പുലികളാണ്‌ ലോകത്തെയാകെ ഞെട്ടിച്ച കൊടുംപാതകം ചെയ്തത്. 
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പംതന്നെ കേരളനിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. തരക്കേടില്ലാത്ത പ്രവർത്തന റെക്കോഡുമായി മുന്നോട്ടുപോവുകയായിരുന്ന രണ്ടാം നായനാർ സർക്കാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോയത് ചിലരുടെ വ്യക്തിപരമായ പാർലമെന്ററി മോഹം കാരണമാണെന്നും അതല്ല ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലുണ്ടായ തകർപ്പൻ വിജയമുണ്ടാക്കിയ അമിതപ്രതീക്ഷയും അതിന്റെ പ്രലോഭനവും കാരണമാണെന്നും വ്യാഖ്യാനമുണ്ടായി.

വോട്ടാവാത്ത സാക്ഷരതയും സദ്ദാമും

സമ്പൂർണ സാക്ഷരതയും ക്ഷേമപെൻഷനുകളും ജില്ലാ കൗൺസിൽ നിയമവുമെല്ലാം കൊണ്ട് ശ്രദ്ധേയമായിരുന്നു ആ കാലഘട്ടം. കുവൈത്ത്‌ ആക്രമിച്ച ഇറാഖിനെതിരേ അമേരിക്ക യുദ്ധം തുടങ്ങിയതോടെ പ്രത്യേകമായ ഒരു സാഹചര്യം ഇവിടെയുമുണ്ടായി. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ആ ഘട്ടത്തിൽ ഇ.എം.എസ്. സദ്ദാം അനുകൂലവികാരം സൃഷ്ടിക്കുന്ന തരത്തിൽ നടത്തിയ പ്രചാരണം വൈകാരികാന്തരീക്ഷം സൃഷ്ടിച്ചു. 1991 ജനുവരി 29-ന് നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 14-ജില്ലകളിൽ 13-ഉം എൽ.ഡി.എഫ്. നേടി.  
രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് ലോക്‌സഭാ വോട്ടെടുപ്പ് തീയതി മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ്  നടന്ന തിരഞ്ഞെടുപ്പിൽ 1984 ഡിസംബറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെതന്നെ അനുതാപതരംഗമുണ്ടായി. 55 സീറ്റ് നേടി കോൺഗ്രസും 19 സീറ്റ് നേടി ലീഗും 10 സീറ്റ് നേടി സംയുക്ത കേരളാ കോൺഗ്രസും എൻ.ഡി.പി. രണ്ടും എം.വി. രാഘവനും ചേർന്ന യു.ഡി.എഫ്. 88 സീറ്റോടെ ഭരണത്തിൽ. സി.പി.എം.-28, സി.പി.ഐ.-12, കോൺ-എസ്-2, ജനതാദൾ-3, ആർ.എസ്.പി-2 എന്നിങ്ങനെ എൽ.ഡി.എഫ് അപ്രതീക്ഷിത പരാജയം രുചിച്ചു. 
പെരിങ്ങളത്ത്  പി.ആർ. കുറുപ്പ് രാഷ്ട്രീയത്തിലെ തന്റെ ശിഷ്യനായിരുന്ന കെ.എം. സൂപ്പിയോട് തോറ്റതും എൽ.ഡി.എഫ്. കൺവീനർ എം.എം. ലോറൻസ് തൃപ്പൂണിത്തുറയിൽ കോൺഗ്രസിലെ കെ. ബാബുവിനോട് തോറ്റതും ശ്രീകൃഷ്ണപുരത്ത് കോൺഗ്രസിലെ പി. ബാലനോട് ഇ.എം. ശ്രീധരൻ തോറ്റതും വാഴൂരിൽ ഹാട്രിക്കിനായി പൊരുതിയ കാനം രാജേന്ദ്രൻ കെ. നാരായണക്കുറുപ്പിനോട് തോറ്റതും എൽ.ഡി.എഫിന് അടിയായി. സംഘടനാ കോൺഗ്രസിൽനിന്ന് കോൺഗ്രസിൽ ചേർന്ന് നേതൃത്വത്തിലേക്കുയർന്ന കെ. ശങ്കരനാരായണൻ തുടർച്ചയായ രണ്ട് ജയത്തിനുശേഷം ഒറ്റപ്പാലത്ത് കോൺഗ്രസ് എസിലെ വി.സി. കബീറിനോട് തോറ്റു.  
എം.വി.ആറാകട്ടെ കഴക്കൂട്ടത്ത് സി.പി.എം. സ്വതന്ത്ര സിറ്റിങ്‌ അംഗം നബീസാ ഉമ്മാളിനെ തോൽപ്പിച്ചു. പിൽക്കാലത്ത് മന്ത്രിയും സ്പീക്കറുമായ എം. വിജയകുമാർ തിരുവനന്തപുരം നോർത്തിൽനിന്ന് ജയിച്ചു. ഇപ്പോഴത്തെ ദേവസ്വംബോർഡ് ചെയർമാൻ എ. പദ്‌മകുമാർ കോന്നിയിൽനിന്നും ജയിച്ചു. അത്തവണ ആനത്തലവട്ടം ആനന്ദൻ കോൺഗ്രസിലെ ശരത്ചന്ദ്രപ്രസാദിനോട് സ്വന്തംമണ്ഡലമായ ആറ്റിങ്ങലിൽ തോറ്റു. ചെങ്ങന്നൂരിൽ അപ്രതീക്ഷിതമായി സ്ഥാനാർഥിയായ ശോഭനാ ജോർജ് വിജയം നേടി. 

കേരളത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച തിരഞ്ഞെടുപ്പുകേസ് വന്നത്  ഒ. ഭരതനും കെ. സുധാകരനുമായി എടക്കാട്ട് നടന്ന മത്സരം സംബന്ധിച്ചാണ്. തീപ്പാറിയ പോരിൽ ഒ. ഭരതൻ 219 വോട്ടിനാണ് ജയിച്ചത്. ഇരട്ട വോട്ടുകൾ ചെയ്തവരെന്നു കരുതുന്നവരെ കണ്ടെത്തി ഹൈക്കോടതിയിൽ സമൻസയച്ച്  വിളിപ്പിച്ച് മൊഴിയെടുത്തു. പെട്ടി വീണ്ടും തുറന്നെണ്ണണമെന്ന് ഹൈക്കോടതി വിധി. എണ്ണിയപ്പോൾ സുധാകരന് വിജയം. പക്ഷേ, ദീർഘകാലത്തിനുശേഷം ആ സഭയുടെ കാലാവധി തീരാറായപ്പോൾ സുപ്രീംകോടതി സുധാകരനെ ജയിച്ചതായി പ്രഖ്യാപിച്ച കോടതി വിധി റദ്ദാക്കി, ഒ. ഭരതനെ വീണ്ടും അംഗമാക്കി. 
കോൺഗ്രസും ലീഗും ബി.ജെ.പി.യും ധാരണയായി കോലീബി സംഖ്യമായാണ്‌  മത്സരിച്ചതെന്ന് അക്കാലത്ത് ആരോപണമുയർന്നു. ബേപ്പൂരിൽ ഡോ. കെ. മാധവൻകുട്ടിയെയും വടകരയിൽ അഡ്വ. രത്നസിങ്ങിനെയും സ്ഥാനാർഥികളാക്കിയതാണ് പ്രത്യക്ഷ തെളിവായി ആരോപിക്കപ്പെട്ടത്. രണ്ട്  മണ്ഡലത്തിലും യു.ഡി.എഫിനും ബി.ജെ.പി.ക്കും   ഒരേ സ്ഥാനാർഥിയായിരുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പി. നേതാവ് കെ.ജി. മാരാരെ ജയിപ്പിക്കുക,  40 മണ്ഡലങ്ങളിൽ ബി.ജെ.പി. യു.ഡി.എഫിനെ സഹായിക്കുക എന്ന തരത്തിൽ രഹസ്യ ധാരണയുണ്ടായിരുന്നതായി ആരോപണം ശക്തമായി വന്നു. മഞ്ചേശ്വരത്ത് മാരാർ ആയിരത്തിൽചില്വാനം വോട്ടിനാണ് ലീഗിലെ ചെർക്കളം അബ്ദുള്ളയോട്‌ തോറ്റത്. ബി.ജെ.പി.യും യു.ഡി.എഫും എൽ.ഡി.എഫിനെ സംയുക്ത സ്ഥാനാർഥിയെ നിർത്തി നേരിട്ട വടകര ലോക്‌സഭാ മണ്ഡലത്തിിൽ കോൺഗ്രസ് എസിലെ കെ.പി. ഉണ്ണികൃഷ്ണനും ബേപ്പൂർ അസംബ്ലി മണ്ഡലത്തിൽ ടി.കെ. ഹംസയും മികച്ച വിജയം നേടി. 

ബി.ജെ.പി. വളരുന്നു

രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  244 സീറ്റാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി. 120 സീറ്റിലേക്ക് ഗ്രാഫ് ഉയർത്തി. ജനതാദളിന് 69, സി.പി.എമ്മിന് 35, സി.പി.ഐ.ക്ക് 14 എന്നിങ്ങനെയായിരുന്നു സീറ്റ്. പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ മന്ത്രിസഭ അധികാരത്തിൽവന്നു. ഭൂരിപക്ഷത്തിനുവേണ്ടി അടവുകളെല്ലാം പയറ്റേണ്ടിവന്ന സർക്കാരായിരുന്നു അത്. കേരളത്തിലാകട്ടെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരും അധികാരത്തിൽ വന്നു. 
കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20-ൽ നാല് സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. കാസർകോട്ട് രാമണ്ണറൈ, വടകരയിൽ കെ.പി. ഉണ്ണികൃഷ്ണൻ, ചിറയിൻകീഴിൽ സുശീലാ ഗോപാലൻ, ആലപ്പുഴയിൽ ടി.ജെ. ആഞ്ചലോസും. സി.പി.എം. യുവനേതാവായിരുന്ന ആഞ്ചലോസ് പാർട്ടിയിലെ വിഭാഗീയതയുടെ ഇരയായി പിന്നീട് സി.പി.ഐ.യിലെത്തി. ഒറ്റപ്പാലത്ത് ജയിച്ച കെ.ആർ. നാരായണൻ ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ശിവരാമൻ ലക്ഷത്തിൽപ്പരം വോട്ടിന് ജയിച്ചു. 
മുസ്‌ലിംലീഗ് നേതാവ് ഇ. അഹമ്മദ് മഞ്ചേരിയിൽനിന്ന് പാർലമെന്ററി പ്രവേശത്തിന് തുടക്കംകുറിച്ചു. പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിൽ ജയിച്ച എ. വിജയരാഘവനെ അതിന് മുമ്പ് ഹാട്രിക് നേടിയ വി.എസ്. വിജയരാഘവൻ തോൽപ്പിച്ചു. കോഴിക്കോട്ട് മുരളീധരനും തിരുവനന്തപുരത്ത് എ. ചാൾസും കണ്ണൂരിൽ മുല്ലപ്പള്ളിയും ഇടുക്കിയിൽ പാലാ കെ.എം. മാത്യുവും കോട്ടയത്ത് രമേശ് ചെന്നിത്തലയും മുകുന്ദപുരത്ത് സാവിത്രി ലക്ഷ്മണനും എറണാകുളത്ത് കെ.വി. തോമസും പൊന്നാനിയിൽ ബനാത്ത്‌വാലയും മാവേലിക്കരയിൽ പി.ജെ. കുര്യനും അടൂരിൽ കൊടിക്കുന്നിലും മൂവാറ്റുപുഴയിൽ പി.സി. തോമസും യു.ഡി.എഫ്. വിജയം ആവർത്തിച്ചു. അപ്പോഴേക്കും എൽ.ഡി.എഫിലെത്തിയിരുന്ന പി.ജെ. ജോസഫ് ഇടുക്കിയിൽ ആദ്യമായി തോൽവിയുടെ രുചിയറിഞ്ഞു. 
പി.സി. ചാക്കോ തൃശ്ശൂരിൽ  കെ.പി. രാജേന്ദ്രനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായതും അത്തവണയാണ്. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ കെ.സി. വേണുഗോപാൽ ലോക്‌സഭയിലേക്കുള്ള മത്സരത്തിന്റെ ഹരിശ്രീ കുറിച്ചത് 1991-ൽ കാസർകോട്ട് മത്സരിച്ചുകൊണ്ടാണ്; പരാജയപ്പെട്ടെങ്കിലും. 
(തുടരും)