ണ്ടാം പൊതുതിരഞ്ഞെടുപ്പ്  മലക്കംമറിച്ചിലുകളുടെ കാലമായിരുന്നു. സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിലായി. മണ്ഡലങ്ങളാകെ മാറി. രാഷ്ട്രീയാന്തരീക്ഷവും കക്ഷികളുടെ നിലപാടുകളും മാറി. കേരളത്തിലെ ചലനങ്ങൾ ദേശീയതലത്തിലും വലിയ പ്രത്യാഘാതമുണ്ടാക്കി. കോൺഗ്രസിന് ബദലായി വളരുമെന്ന സൂചന നൽകിയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പിളരുന്നതിൽ തിരുവിതാംകൂർ രാഷ്ട്രീയത്തിലെ ചാഞ്ചാട്ടം വലിയ പങ്കുവഹിച്ചു. 

1954-ലെ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നണിയിൽ മത്സരിച്ച പി.എസ്.പി. ആ മുന്നണി വിട്ട് കോൺഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കിയതിനെ ചോദ്യംചെയ്ത് പി.എസ്.പി. ദേശീയ ജനറൽ സെക്രട്ടറി റാം മനോഹർ ലോഹ്യ കാരണംകാണിക്കൽ നോട്ടീസയച്ചു. എന്നാൽ, പാർട്ടി ചെയർമാൻ കൃപലാനിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിയുടെ തീരുമാനം അസാധുവാക്കി. വാസ്തവത്തിൽ കെ.പി. മാധവൻനായർ നേതൃത്വം നൽകിയ കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധിപൂർവമായ അടവുനയം വിജയിക്കുകയായിരുന്നു. പി.എസ്.പി. പിളർന്ന് സോഷ്യലിസ്റ്റ് പാർട്ടി പുനരുജ്ജീവിച്ചു. അത് ദൂരവ്യാപകമായ ഫലമാണ്‌ ഉളവാക്കിയതെന്നത് ചരിത്രം.

മാറ്റങ്ങളുടെ മുഹൂർത്തങ്ങൾ

ഈ ഘട്ടത്തിൽ ഭാഷാസംസ്ഥാനങ്ങൾക്കായി പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. തെലുഗ് സംസാരിക്കുന്ന പ്രദേശങ്ങളെയാകെ ചേർത്ത് ആന്ധ്ര സംസ്ഥാന രൂപവത്‌കരണത്തിനായി നിരാഹാരസമരം നടത്തിയ പോറ്റി ശ്രീരാമലു മരിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇവിടെ മാതൃഭൂമി പത്രത്തിന്റെ മുഖ്യ കാർമികത്വത്തിൽ കെ.പി. കേശവമേനോനും കേളപ്പനും കെ.എ. ദാമോദരമേനോനുമടക്കമുള്ളവരുടെയും ഇ.എം.എസിന്റെയുമെല്ലാം  നേതൃത്വത്തിൽ ഐക്യകേരളത്തിനായി വൻ ബഹുജനപ്രസ്ഥാനം വളർന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം യാഥാർഥ്യമായി. 
ഇതോടെ പാർലമെന്റ്-അസംബ്ലി മണ്ഡലങ്ങളുടെ പുനർനിർണയമുണ്ടായി. നാഗർകോവിൽ തമിഴ്‌നാടിന്റെ ഭാഗമായി. സൗത്ത് കാനറയിൽനിന്നുള്ള മഞ്ചേശ്വരം മുതൽ ഹോസ്ദുർഗ് വരെയും തുടർന്നുമുള്ള പ്രദേശങ്ങൾ കേരളത്തിന്റെ ഭാഗമാവുകയും കാസർകോട് പാർലമെന്റ് മണ്ഡലം ഉണ്ടാവുകയും ചെയ്തു. ഇതോടെ കണ്ണൂർ മണ്ഡലം ഇല്ലാതായി. ഇത്തരത്തിൽ  വലിയ മാറ്റങ്ങൾ.
17 മണ്ഡലത്തിൽനിന്നായി 18 ലോക്‌സഭാംഗങ്ങൾ, 114 മണ്ഡലത്തിൽനിന്നായി 126 നിയമസഭാംഗങ്ങൾ. ഇത്രയും പേരെ തിരഞ്ഞെടുക്കാനാണ് 1957 ഫെബ്രുവരി അവസാനം തിരഞ്ഞെടുപ്പ് നടന്നത്.  അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ 65 അംഗങ്ങളുടെ മൊത്തം പിന്തുണയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. മുന്നണിയല്ലാതെ സംസ്ഥാനത്ത് അധികാരത്തിൽവന്ന ഏക മന്ത്രിസഭ. ജയിച്ച അഞ്ച് സ്വതന്ത്രരിൽ മൂന്നുപേരും മന്ത്രിയായി-വി.ആർ. കൃഷ്ണയ്യരും ഡോ. എ.ആർ.മേനോനും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും. 1952-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽനിന്ന് തോറ്റ മുണ്ടശ്ശേരി മണലൂരിൽനിന്ന് രണ്ടാം തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ജയിക്കുകയായിരുന്നു. നിയമസഭയിൽ കോൺഗ്രസിന് 43-ഉം പി.എസ്.പി.ക്ക് ഒമ്പതും സ്വതന്ത്രർ എന്നനിലയിൽ മത്സരിച്ച മുസ്‌ലിംലീഗിന് എട്ടുസീറ്റുമായിരുന്നു. 

എ.കെ.ജി.യുടെ വിജയം

രണ്ടാം പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മത്സരവും വലിയ ശ്രദ്ധാകേന്ദ്രവും കാസർകോട് പാർലമെന്റ് മണ്ഡലമായിരുന്നു. കണ്ണൂർ മണ്ഡലം ഇല്ലാതായതിനാൽ എ.കെ. ഗോപാലന് കാസർകോട്ടേക്ക് മാറേണ്ടിവന്നു. പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷഗ്രൂപ്പിന്റെ നേതാവ്. കാസർകോട് താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പലേടത്തും സ്വാധീനമേയില്ല. കോൺഗ്രസിനുപുറമേ പി.എസ്.പി.യും ആർ.എസ്.പി.യും കർണാടകസമിതിയുമെല്ലാം എതിർ സ്ഥാനാർഥിക്കൊപ്പമായിട്ടും എ.കെ.ജി. 5145 വോട്ടിന് ജയിച്ചു. കാസർകോട്ടെ വോട്ട്‌ എണ്ണിയശേഷമായിരുന്നു സംസ്ഥാനത്തെ മറ്റുപല മണ്ഡലത്തിലും വോട്ടെടുപ്പ്. അത് ഫലത്തെ സ്വാധീനിച്ചതായി പ്രചാരണമുണ്ടായി. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യത്തെ ഏറ്റവും സമുന്നതരായ നേതാക്കളായ എ.കെ.ജി.യും ഇ.എം.എസും ‘ഒരിട’ത്ത്‌ മത്സരിച്ചെന്ന സവിശേഷതയും ആ തിരഞ്ഞെടുപ്പിലുണ്ട്. അസംബ്ലിയിലേക്ക് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്ന് ഇ.എം.എസും ആ മണ്ഡലമുൾപ്പെട്ട ലോക്‌സഭാമണ്ഡലത്തിൽനിന്ന് എ.കെ.ജി.യും. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന നിലയിൽ ലോകപ്രസിദ്ധമായി. 1957 ഏപ്രിൽ അഞ്ചിനായിരുന്നു അധികാരാരോഹണം. സി.അച്യുതമേനോൻ ധനമന്ത്രി. ടി.വി.തോമസും കെ.ആർ.ഗൗരിയും കെ.പി.ഗോപാലനും കെ.സി.ജോർജും മന്ത്രിമാർ. കമിതാക്കളായിരുന്ന ടി.വി.തോമസും കെ.ആർ.ഗൗരിയും മന്ത്രിസഭയിലെ സഹപ്രവർത്തകരായിരിക്കെയാണ് വിവാഹിതരായത്. പിൽക്കാലത്ത് രണ്ടാം ഇ.എം.എസ്. മന്ത്രിസഭയിൽ  അംഗമാകുമ്പോഴേക്കും ഇരുവരും വെവ്വേറെ പാർട്ടികളിലായിക്കഴിഞ്ഞിരുന്നുവെന്നുമാത്രമല്ല പരസ്പരം അകലുകയും ചെയ്തിരുന്നു. കേരളരാഷ്ട്രീയത്തിൽ വളരെക്കാലം ചർച്ചാവിഷയമായ സംഭവങ്ങൾ

പട്ടവും പൊെറ്റക്കാട്ടും

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരുപാട് സവിശേഷതകളുണ്ടായി. തിരുവിതാംകൂറിന്റെ ത്രിമൂർത്തികളിൽ മുമ്പനായ പട്ടം താണുപിള്ള സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് അഡ്വ. എസ്. ഈശ്വരയ്യരോട് പതിനൊന്നായിരത്തിൽപ്പരം  വോട്ടിന് അടിയറവ് പറഞ്ഞു. ഏതാണ്ട്‌ അത്രത്തോളം വോട്ടിന് ട്രിവാൻഡ്രം-രണ്ട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് ജയിക്കുകയും ചെയ്തു. 
തിരുവനന്തപുരംമുതൽ തിരുവല്ലവരെയുള്ള ഒരു മണ്ഡലത്തിലും കോൺഗ്രസിന് ജയിക്കാനായില്ല. ചിറയിൻകീഴിൽ സി.പി.ഐ.യിലെ എസ്.കുമാരനും കൊല്ലം ദ്വയാംഗ മണ്ഡലത്തിൽ സി.പി.ഐ.യിലെ വി. പരമേശ്വരൻ നായരും പി.കെ. കൊടിയനും അമ്പലപ്പുഴയിൽ പി.ടി. പുന്നൂസും തിരുവല്ലയിൽ പി.കെ. വാസുദേവൻ നായരും ജയിച്ചു.  കോട്ടയം, മൂവാറ്റുപുഴ, എറണാകുളം, കോഴിക്കോട്, തലശ്ശേരി സീറ്റുകളാണ് കോൺഗ്രസിനെ തുണച്ചത്. കോട്ടയത്ത് മാത്യു മണിയങ്ങാടനും മൂവാറ്റുപുഴയിൽ ജോർജ് തോമസും എറണാകുളത്ത് തോമസ് ആലുങ്കലും പാലക്കാട് ദ്വയാംഗമണ്ഡലത്തിൽ ഈച്ചരൻ ഇയ്യാണിയും കോഴിക്കോട്ട്  കുട്ടികൃഷ്ണമേനോനും തലശ്ശേരിയിൽ എം.കെ.ജിനചന്ദ്രനും ജയിച്ചു. മുകുന്ദപുരത്ത് നാരായണൻകുട്ടി മേനോൻ, തൃശ്ശൂരിൽ കെ.കെ.വാരിയർ, പാലക്കാട് ദ്വയാംഗമണ്ഡലത്തിൽ പി. കുഞ്ഞൻ എന്നിവർ 

സി.പി.ഐ. ടിക്കറ്റിൽ ജയിച്ചു

തലശ്ശേരി മണ്ഡലത്തിലെ മത്സരത്തിന് സവിശേഷതകളുണ്ടായിരുന്നു. അന്ന് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായ എസ്.കെ. പൊറ്റെക്കാട്ടാണ് കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചത്. സിറ്റിങ് എം.പി.യായ നെട്ടൂർ പി. ദാമോദരൻ പി.എസ്.പി.യിലെ മറ്റ് പ്രമുഖരെപ്പോലെ ആ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും ടിക്കറ്റ് കിട്ടിയില്ല. മലബാർ ജില്ല വിഭജിച്ച് മൂന്നാക്കിയപ്പോൾ കോഴിക്കോടിന് വടക്കുള്ള ജില്ല തലശ്ശേരി ആസ്ഥാനമായി വേണമെന്നും കണ്ണൂർ ആസ്ഥാനമായി വേണമെന്നുമുണ്ടായ തർക്കത്തിൽ തലശ്ശേരി എം.പി.യായ നെട്ടൂർ കണ്ണൂർ തലസ്ഥാനമാകുന്നതാണ് നല്ലതെന്ന് ശുപാർശചെയ്തതാണ് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് കാരണമെന്നാണ് അദ്ദേഹം പിൽക്കാലത്ത് പറഞ്ഞത്. 
വയനാട് മേഖല ഉൾപ്പെട്ട തലശ്ശേരിയിൽ കോൺഗ്രസ് നേതാവും മാതൃഭൂമി ഡയറക്ടറുമായിരുന്ന എം.കെ. ജിനചന്ദ്രൻ 1382 വോട്ടിനാണ് എസ്‌.കെ. പൊറ്റെക്കാട്ടിനെ തോൽപ്പിച്ചത്. പി.എസ്.പി.ക്ക് വലിയ തിരിച്ചടിയേറ്റ രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പക്ഷേ വടകരയിൽ അവർ വിജയക്കൊടി പാറിച്ചു, ഡോ. കെ.ബി.മേനോനിലൂടെ.  പത്തൊമ്പതിനായിരത്തോളം വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയെയാണ് മേനോൻ തോൽപ്പിച്ചത്. 
(തുടരും)