ബിഹാർ ഇന്ത്യയുടെ രാഷ്ട്രീയഭൂമിയാണ്. കർപ്പൂരി ഠാക്കൂറും ജയപ്രകാശ് നാരായണും വിത്തിട്ട സോഷ്യലിസ്റ്റ് ആശയങ്ങളും സാമൂഹികനീതി വിശ്വാസങ്ങളും അടിമുടി രാഷ്ട്രീയമായി വളർന്ന ബിഹാർ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഗതി നിശ്ചയിക്കുന്നു. തൊണ്ണൂറുകളിൽ ഉടലെടുത്ത ജാതിരാഷ്ട്രീയത്തിന്റെ സമസ്യകൾ ബിഹാർ രാഷ്ടീയത്തെ പ്രവചനാതീതമാക്കിയിരിക്കുകയാണ്‌.

ബിഹാറിന്റെ നാല്പത് ലോക്‌സഭാ മണ്ഡലങ്ങളും ഉത്തർപ്രദേശിന്റെ എൺപത് മണ്ഡലങ്ങളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതി നിശ്ചയിക്കുന്നതെന്ന് അവകാശപ്പെട്ടാൽ അതിശയോക്തിയില്ല. ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നേതൃത്വം നൽകുന്ന എൻ.ഡി.എ.യും തമ്മിലാണ് ബിഹാറിൽ ഇക്കുറി മത്സരം. പുറമേ മൗനമാണെങ്കിലും അടിത്തട്ട് വാചാലമാണ്. രാഷ്ട്രീയത്തിനുപരി ജാതി, ഉപജാതി ഘടനകളാണ് ബിഹാറിന്റെ ജനവിധിയെ സ്വാധീനിക്കുന്നത്.
ദേശീയവിഷയങ്ങൾക്കൊപ്പം സംസ്ഥാനവിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. മദ്യനിരോധനം, മണൽക്കൊള്ള, മുസഫർപുർ ലൈംഗിക പീഡനം, സിർജൻ കുംഭകോണം, മഹാസഖ്യത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ സംസ്ഥാന വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നു. 

മഹാസഖ്യം തൂത്തുവാരും 
ഡോ. കുമാർ രാഹുൽ സിങ്‌, 
സംസ്ഥാന ജന. സെക്രട്ടറി, ആർ.ജെ.ഡി.

മഹാസഖ്യം ബിഹാറിൽ തൂത്തുവാരുമെന്നതിൽ സംശയമില്ല. 2014-ൽ മോദി തരംഗമുണ്ടായിരുന്നു. എന്നാൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടത്താൻ മഹാസഖ്യത്തിന് കഴിഞ്ഞു. നാല് വർഷമായി പാഴ് വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചതിന് ജനങ്ങൾ മോദി സർക്കാരിന് തിരിച്ചടി നൽകും.

മഹാസഖ്യത്തിൽ പ്രശ്നങ്ങളുണ്ടെന്നും ലാലുവിന്റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പി.യാണ് പ്രചരിപ്പിക്കുന്നത്. ലാലു ജയിലിൽനിന്ന് പുറത്തുവരാതിരിക്കേണ്ടത് ബി.ജെ.പി.യുടെ ആവശ്യമാണ്. ഇക്കാര്യം ജനങ്ങൾക്കറിയാം. വീട്ടിൽ സഹോദരന്മാർ തമ്മിൽ തർക്കമുണ്ടാവുക സ്വാഭാവികമല്ലേ? അത് ബി.ജെ.പി. രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ്.

മുസഫർപുർ അനാഥാലയത്തിൽ നടന്ന ലൈംഗിക പീഡനങ്ങളും സിർജൻ കുംഭകോണവും തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. മുസഫർപൂരിൽ കുഞ്ഞുങ്ങളടക്കമുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ജെ.ഡി.യു. നേതാക്കൾക്കും സംസ്ഥാന സർക്കാരുദ്യോഗസ്ഥർക്കും പങ്കുണ്ട്.
    ബിഹാറിൽ മദ്യം നിരോധിച്ചെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇപ്പോൾ മദ്യം ഹോം ഡെലിവറിയാണ്. ഫോണിൽ വിളിച്ചുപറഞ്ഞാൽ മദ്യം വീട്ടിലെത്തും. 200 രൂപയുടെ മദ്യത്തിന് ആയിരം രൂപ കൊടുക്കണം. അങ്ങനെ പുതിയ മാഫിയ രൂപമെടുത്തു. മണൽക്കടത്തും ഇവിടെ വൻകൊള്ളയാണ്. നോട്ട് പിൻവലിക്കലും ജി.എസ്.ടി.യും ചെറുകിട-ഇടത്തരം വ്യാപാരികളുടെ ജീവിതം ദുരിതത്തിലാഴ്ത്തി. ഇതിനൊക്കെ ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകും.

മദ്യനിരോധനം വോട്ടായി മാറും 
രാജീവ് രഞ്ജൻ പ്രസാദ്, 
സംസ്ഥാന വക്താവ്, ജെ.ഡി.യു.

ബിഹാറിൽ എൻ.ഡി.എ. വിജയിക്കും. മഹാസഖ്യം തുടക്കത്തിൽതന്നെ പരാജയം സമ്മതിച്ചിരിക്കുന്നു. മോദി-നിതീഷ് സർക്കാരുകളുടെ വികസനനേട്ടങ്ങളാണ് എൻ.ഡി.എ. ജനങ്ങൾക്കുമുന്നിൽ വെക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെയാണ് നിതീഷ് സർക്കാർ വികസനമെത്തിച്ചിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക രംഗത്തും മികച്ചതോതിൽ വളർച്ചനിരക്ക് നേടിയിട്ടുണ്ട്.

മദ്യനിരോധനം എൻ.ഡി.എയ്ക്ക് വോട്ടായി മാറും. ഗ്രാമങ്ങളിൽ പോയി ജനങ്ങളോട് സംസാരിച്ചുനോക്കൂ. അവർ സന്തുഷ്ടരാണ്. എന്നാൽ മദ്യനിരോധനത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്താൻ ശ്രമിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. മദ്യനിരോധനം പരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. രാജ്യത്ത് കൊളോണിയൽ കാലഘട്ടം മുതൽ കർശനനിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങൾ നടക്കുന്നില്ലേ? അതുപോലെ, മദ്യം നിരോധിക്കുമ്പോൾ നിയമലംഘനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകും.

മുസഫർപുർ, സിർജൻ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചു. കുറ്റാരോപിതർ ജയിലിലാണ്. ഏതെങ്കിലും പാർട്ടി പ്രതിനിധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ രക്ഷിക്കില്ല എന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നയമാണ്. ലാലുഭരണത്തിൽ എത്ര കുറ്റകൃത്യങ്ങൾ ഉണ്ടായി? എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ?

 മഹാസഖ്യം എന്നൊന്ന്‌ നിലവിലില്ല. നിതീഷ് വിട്ടതോടെ സഖ്യം പൊളിഞ്ഞു. മാത്രമല്ല, ലാലു ജയിലിലുമാണ്. 

പ്രതിപക്ഷം ഒറ്റക്കെട്ട് 
നിർമലേന്ദു വർമ, 
കോൺഗ്രസ് സംസ്ഥാന വക്താവ്

മഹാസഖ്യം ബിഹാറിൽ ഒറ്റക്കെട്ടാണ്. ബിഹാറിലെ വിജയത്തിലൂടെ രാജ്യത്ത് മൂന്നാം യു.പി.എ. ഭരണത്തിൽ വരും. കഴിഞ്ഞ അഞ്ചുവർഷമായി ജനങ്ങൾ ദുരിതത്തിലാണ്. ഗ്രാമപ്രദേശങ്ങൾ ഏറെയുള്ള ബിഹാറിലാണ് നോട്ട് പിൻവലിക്കൽ പോലെയുള്ള നടപടി ഏറ്റവുമധികം ദുരിതമുണ്ടാക്കിയത്.

സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ മറച്ചുവെച്ച് അടുത്ത വീടിന് നേരെ കല്ലെറിയുന്നതുപോലെയാണ് മഹാസഖ്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് മോദിയും ബി.ജെ.പി.യും പ്രചരിപ്പിക്കുന്നത്. എൻ.ഡി.എ.യിൽ പ്രശ്നങ്ങളില്ലേ? ശിവസേനയും ടി.ഡി.പി.യും എന്തിനാണ് ഇടഞ്ഞത്? ആർ.എൽ.എസ്.പി. എന്തിനാണ് സഖ്യം വെടിഞ്ഞത്? ഇതിനൊക്കെ മോദി മറുപടി പറയണം. കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് ലഭിച്ചില്ലെന്നും പാർട്ടിക്ക് അതൃപ്തിയാണെന്നും പ്രചരിപ്പിക്കുന്നത് ബി.ജെ.പി. നേതാക്കളാണ്. നാൽപത് സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ എല്ലാവർക്കും സീറ്റ് നൽകാൻ നിർഭാഗ്യവശാൽ സാധിച്ചില്ല. കീർത്തി ആസാദിന് ജാർഖണ്ഡിൽ സീറ്റ് നൽകി. മധുബനിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഷക്കീൽ അഹമ്മദിന്റെ നിലപാടിൽ ദുഃഖമുണ്ട്.

മുസഫർപുർ പ്രശ്നവും സിർജൻ കോഴക്കേസും വലിയ അപരാധങ്ങളാണ്. നിതീഷിനെതിരേയും സുശീൽകുമാർ മോദിക്കെതിരേയും ആരോപണങ്ങളുണ്ട്. ജനങ്ങൾ അസ്വസ്ഥരാണ്. നദികളിലെ മണ്ണ് അനധികൃതമായി വാരി കോടികളാണ് മാഫിയകൾ ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല. മദ്യനിരോധനം കടലാസിൽ മാത്രമാണുള്ളത്. വീട്ടിൽ മദ്യം സൂക്ഷിച്ചാൽ വീട്ടുകാർക്കെതിരേ നടപടി എടുക്കും, എന്നാൽ, സംസ്ഥാനത്ത് മദ്യം സുലഭമായിട്ട് മുഖ്യമന്ത്രിക്കെതിരേ നടപടി ഉണ്ടാകാത്തതെന്തുകൊണ്ടാണ്?

ബി.ജെ.പി.ക്ക് വൻ മുന്നേറ്റമുണ്ടാകും 
സുശീൽ ചൗധരി, 
സംസ്ഥാന ജന. സെക്രട്ടറി, ബി.ജെ.പി.

നാൽപത് സീറ്റുകളിലും ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. ജയിക്കും. ഇക്കാര്യത്തിൽ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് നൽകിയ മികച്ച ഭരണത്തെ മുൻനിർത്തിയാണ് എൻ.ഡി.എ. വോട്ട് തേടുന്നത്. ഗ്രാമീണമേഖലയിൽ പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ ഒട്ടേറെ പദ്ധതികൾക്ക് മോദി സർക്കാർ രൂപം കൊടുത്തു. ഇതോടൊപ്പം ബിഹാറിൽ നിതീഷ് സർക്കാരും ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. റോഡുകൾ, കുടിവെള്ളം എന്നിവ എല്ലാ ഗ്രാമങ്ങളിലും എത്തി. നിതീഷ് കുമാർ ആവിഷ്കരിച്ച വികസനപദ്ധതികളും വോട്ടുറപ്പിക്കും.
  മുസഫർപുർ, സിർജൻ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ കടുത്ത നടപടി സ്വീകരിച്ചതാണ്. നടപടിയില്ലെന്ന പ്രതിപക്ഷ ആരോപണം വസ്തുതാവിരുദ്ധമാണ്. കുറ്റക്കാർ ആരായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണമാണ് നടക്കുന്നത്. ഈ ആരോപണങ്ങളിലൊന്നും ബി.ജെ.പി.യുടെ ഒരു പ്രവർത്തകൻപോലും ഉൾപ്പെട്ടിട്ടില്ല.

മദ്യനിരോധനം ബിഹാർ സർക്കാർ നടപ്പാക്കിയ ഏറ്റവും ശക്തമായ സാമൂഹിക പരിഷ്കരണമാണ്. മദ്യം കടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. മദ്യനിരോധനത്തിന്റെ സ്വാധീനം ഗ്രാമങ്ങളിൽ കാണാനുണ്ട്. മദ്യപാനത്തിന്റെ ദൂഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ച ഗ്രാമങ്ങളിലെ ജനങ്ങൾ സന്തുഷ്ടരാണ്.      മഹാസഖ്യത്തിൽ ഐക്യമില്ലെന്നത് പരസ്യമായ കാര്യമാണ്. ലാലു കുടുംബത്തിലെ സഹോദരൻമാർ പോരിലാണ്. തേജ് പ്രതാപ് യാദവ് ഭാര്യയുടെ അച്ഛനെതിരേ പ്രചാരണം നടത്തുന്നു. ഇക്കാര്യങ്ങൾ ബി.ജെ.പി.
യല്ല സൃഷ്ടിച്ചത്.

നിതീഷ് അവസരവാദി 
അംഗദ് കുശ്‌വാഹ, ദേശീയ സെക്രട്ടറി, ആർ.എൽ.എസ്.പി.

ബിഹാറിൽ മഹാസഖ്യത്തിന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണ്. 2014 -ൽ തരംഗമുണ്ടാക്കി ജയിച്ചതുപോലെ ബി.ജെ.പി.ക്ക് ഇത്തവണ ബിഹാർ നേടാൻ കഴിയില്ല. കള്ളപ്പണം പിടിച്ച് എല്ലാ അക്കൗണ്ടിലും പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് അവകാശപ്പെട്ട് ഗ്രാമീണരെ പറ്റിച്ചതിന് ജനങ്ങൾ പ്രതികാരം ചെയ്യും. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് ബിഹാർ. രണ്ട് കോടി തൊഴിൽ അവസരങ്ങളുണ്ടാക്കുമെന്ന് മോദി പറഞ്ഞപ്പോൾ യുവാക്കൾ സന്തോഷിച്ചു. ബിഹാറിൽ ഒരാൾക്കുപോലും ഇതുകാരണം തൊഴിൽ ലഭിച്ചതായി അറിയില്ല.
ഒപ്പമുള്ള പാർട്ടികളെ സഖ്യത്തിൽ നിലനിർത്താൻ അറിയാത്ത ബി.ജെ.പി. മഹാസഖ്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണ്. ബി.ജെ.പി.യുടെ സംവരണ നിലപാടിനെ എതിർത്തപ്പോൾ മുതലാണ് ആർ.എൽ.എസ്.പി. നേതാവായ ഉപേന്ദ്ര കുശ്‌വാഹയോട് പ്രതികൂല മനോഭാവം ബി.ജെ.പി. നേതൃത്വം സ്വീകരിച്ചത്. ആർ.എൽ.എസ്.പി. ഇതേത്തുടർന്നാണ് എൻ.ഡി.എ. സഖ്യം വിട്ടത്. 

നിതീഷ് അവസരവാദിയാണ്. 2014- ൽ പരാജയപ്പെട്ടപ്പോഴാണ് നിതീഷ് മഹാസഖ്യം ഉണ്ടാക്കാൻ തയ്യാറായത്. എന്നാൽ, അവസരം വന്നപ്പോൾ സഖ്യത്തെ പിന്തള്ളി ബി.ജെ.പി.ക്ക് ഒപ്പം ചേർന്നു. മുസഫർപുർ, സിർജൻ സംഭവങ്ങളിൽ ജെ.ഡി.യു.-ബി.ജെ.പി. നേതാക്കൾക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക്‌ വിധേയമാക്കണമെന്നാണ്‌  മഹാസഖ്യം നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. 

മധ്യപ്രദേശിൽ കമൽനാഥിലല്ല,കമലിലാണ് ജനങ്ങളുടെ വിശ്വാസം
ഭോപാലിൽ നിന്ന്  
രാജേഷ് കോയിക്കൽ

മധ്യപ്രദേശിൽ കമൽനാഥിൽ അല്ല കമലി (താമര)ലാണ് ജനങ്ങൾക്ക് വിശ്വാസമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. ഭോപാലിലെ സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിനായുള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന അദ്ദേഹം ‘മാതൃഭൂമി ന്യൂസി’നോടു സംസാരിക്കുകയായിരുന്നു. 

പ്രജ്ഞാ സിങ്ങിനെ ബി.ജെ.പി. ഭോപാലിൽ സ്ഥാനാർഥിയാക്കിയതിനെ ചൗഹാൻ ന്യായീകരിച്ചു. ജനങ്ങളെ സേവിച്ച സന്ന്യാസിനി ആയതു കൊണ്ടാണ് അവർക്ക് സീറ്റു നൽകിയത്. മാലേഗാവ് സ്ഫോടനക്കേസ് കെട്ടിച്ചമച്ചതാണ്. ഹിന്ദുഭീകരതയെന്ന പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി. ഹിന്ദുത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രചാരണം. ഭോപാലിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ് ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ചൗഹാൻ ആരോപിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസുമായി കടുത്തപോരാട്ടമില്ല. നരേന്ദ്രമോദിക്ക് അനുകൂലമാണ് ജനങ്ങൾ. ഒരിക്കൽകൂടി ബി.ജെ.പി. അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നു. നാലുമാസം മുമ്പ് അധികാരത്തിൽ എത്തിയ കോൺഗ്രസിന്റെ കമൽനാഥ് സർക്കാർ ജനങ്ങളെ വഞ്ചിച്ചു. കാർഷികകടം എഴുതിത്തള്ളിയിട്ടില്ല. വാഗ്ദാനങ്ങളേറെ നൽകിയ മുഖ്യമന്ത്രി കമൽനാഥ് കർഷകരെ വഞ്ചിച്ചു. കോൺഗ്രസ് സർക്കാരിനെതിരായ ജനരോഷം ബി.ജെ.പി.ക്ക് ഗുണം ചെയ്യും. മുൻ ബി.ജെ.പി.സർക്കാരിന്റെ പല ജനപ്രിയപദ്ധതികളും പുതിയ സർക്കാർ നിർത്തിയതിൽ നിരാശയിലാണ് ജനങ്ങൾ. സംസ്ഥാനത്തും ഭരണമാറ്റം അവർ ആഗ്രഹിക്കുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തിരിച്ചടി ഉണ്ടായെന്ന യാഥാർഥ്യം അംഗീകരിച്ച ചൗഹാൻ പക്ഷേ, അതൊരു വലിയ തോൽവിയായി കാണാനാകില്ലെന്നും അഭിപ്രായപ്പെട്ടു.