തിനൊന്നാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഉണ്ടായത്‌ ആർക്കും എത്തുംപിടിയും കിട്ടാത്ത സാഹചര്യം. പിൽക്കാലത്ത് ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു വിലയിരുത്തിയ സി.പി.എം. തീരുമാനം ആ വേളയിലായിരുന്നു. കക്ഷിനില ഇങ്ങനെയായിരുന്നു. സമതാ പാർട്ടിയും ശിവസേനയും ഹരിയാണ വികാസ്‌ പാർട്ടിയും ചേർന്ന ബി.ജെ.പി. മുന്നണി 161 സീറ്റ് നേടി. കോൺഗ്രസാകട്ടെ 140-ൽ ഒതുങ്ങി. ജനതാദളും (46), മുലായത്തിന്റെ സമാജ്‌വാദി പാർട്ടി (17), തെലുഗു ദേശം (16) എന്നിവ ചേർന്ന ഐക്യമുന്നണി 79 സീറ്റും. സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷ ബ്ലോക്ക് 52 സീറ്റും. കറുപ്പയ്യ മൂപ്പനാർ തമിഴ്‌നാട്ടിൽ രൂപവത്‌കരിച്ച തമിഴ്‌മാനില കോൺഗ്രസാകട്ടെ 20 സീറ്റുനേടി അദ്ഭുതം സൃഷ്ടിച്ചു. 
മൂപ്പനാർ തമിഴ്‌നാട്ടിലും അർജുൻസിങ് മധ്യപ്രദേശിലും എൻ.ഡി. തിവാരി ഉത്തർപ്രദേശിലും പാർട്ടിവിട്ടതാണ് റാവുഭരണത്തിലെ കോൺഗ്രസ് ശൈഥില്യത്തിന്റെ കാരണങ്ങളിലൊന്ന്. ജെയിൻ ഹവാല ഡയറി പുറത്തുവന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങളും. 
കോൺഗ്രസ് സർക്കാരുണ്ടാക്കാൻ കളികൾക്കൊന്നും നിൽക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി.നേതാവായ അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കപ്പെട്ടു. മേയ് 15-ന് സത്യപ്രതിജ്ഞചെയ്ത വാജ്‌പേയി ഭൂരിപക്ഷം ഒപ്പിക്കാനാവില്ലെന്ന് വ്യക്തമായതോടെ മേയ് 28-ന് രാജിവെച്ചു.

 ‘ചരിത്രപരമായ മണ്ടത്തരം’
ഇവിടെയാണ് സി.പി.എം. ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് ദേശീയരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത്. കോൺഗ്രസും ബി.ജെ.പി.വിരുദ്ധ കക്ഷികളാകെയും സുർജിത്തിന്റെ നയതന്ത്രത്തെ ആശ്രയിക്കുകയായിരുന്നു. 13 ദിവസംമാത്രം പ്രായമായ സർക്കാർ വീണതോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വന്നേക്കുമോ എന്ന ആശങ്കയായി. അതൊഴിവാക്കാൻ തകൃതിയായ ചർച്ച തുടങ്ങി. സുർജിത്തും സഹായിയായി സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാക്കളുമായും മറ്റ് കക്ഷിനേതാക്കളുമായും ചർച്ചനടത്തിയപ്പോൾ എത്തിയ ധാരണ ബി.ജെ.പി. ഇതര സർക്കാരുണ്ടാക്കാൻ കോൺഗ്രസ് സഹായിക്കുമെന്നാണ്. പക്ഷേ, എല്ലാ പാർട്ടികൾക്കും മുന്നോട്ടുവെക്കാൻ ഒരേയൊരു പേര്. ജ്യോതിബസു. 
പ്രതീക്ഷയോടെ സുർജിത്തും യെച്ചൂരിയും സി.പി.എം.നേതൃയോഗം വിളിച്ചു. ഭൂരിപക്ഷമില്ലാത്തതും പാർട്ടിക്ക് പ്രധാന സ്വാധീനശക്തിയാകാൻപോലും കഴിയാത്തതുമായ സർക്കാരിൽ ചേരാനേ പാടില്ല, പിന്നെയല്ലേ നേതൃത്വം നൽകൽ എന്നായി കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാൻ പാർട്ടിക്ക് സമ്മതമല്ല എന്ന് മറ്റുകക്ഷികളെ അറിയിച്ചപ്പോൾ അവർ സമ്മർദം തുടർന്നു. ഒരേദിവസംതന്നെ രണ്ടാമതും സി.പി.എം. കേന്ദ്രസമിതി ചേർന്നു. തീരുമാനം ആദ്യത്തേതുതന്നെ. 
ഈ തീരുമാനത്തെയാണ് ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു വിശേഷിപ്പിച്ചത്. സി.പി.എം. ദേശീയനേതൃത്വത്തിലെ വിഭാഗീയതയുടെ തുടക്കവും കോൺഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട പിൽക്കാലത്തെ ഭിന്നനിലപാടും ബംഗാളിൽ പാർട്ടിക്കുണ്ടായ തകർച്ചയുമെല്ലാം ആ ‘മണ്ടത്തര’ത്തിന്റെ തുടർചലനങ്ങളായി നിരീക്ഷകർ വിലയിരുത്തുന്നു. 
ജ്യോതിബസു തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനതാദളിലെ എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി മന്ത്രിസഭയുണ്ടാക്കിയത്. കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചാണ് ഗൗഡ പ്രധാനമന്ത്രിയായത്. പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ ടി.എം.സി.യും മുരശൊലിമാരന്റെ നേതൃത്വത്തിൽ ഡി.എം.കെ.യും ഇന്ദ്രജിത് ഗുപ്തയുടെ നേതൃത്വത്തിൽ സി.പി.ഐ.യും മന്ത്രിസഭയിൽ ചേർന്നു. ദേവഗൗഡ ചുമതലയേറ്റ് ഏതാനും മാസങ്ങൾക്കുശേഷമാണ് കേരളത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത്. എം.പി. വീരേന്ദ്രകുമാർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ആദ്യം തൊഴിൽവകുപ്പിലും പിന്നീട് അർബൻ അഫ​യേഴ്‌സിലും പ്രവർത്തിച്ചു. ഗുജ്‌റാൾ മന്ത്രിസഭയിൽ ധനവകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചു. തർക്കങ്ങൾകാരണം 11 മാസം തികയുംമുമ്പ് ഗൗഡയ്ക്ക് രാജിവെക്കേണ്ടിവന്നു. തുടർന്ന് നയതന്ത്രജ്ഞനായ ഇന്ദർകുമാർ ഗുജ്‌റാൾ പ്രധാനമന്ത്രിയായി 11 മാസത്തെ ഭരണം. അതിനിടയിലാണ് ജനതാദൾ പിളർന്ന് ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയജനതാദൾ ഉണ്ടായത്. കാലിത്തീറ്റ കുഭകോണത്തിന്റെ പേരിൽ ലാലുവിനെയും കുടുംബത്തെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിനൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രശ്‌നം. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ  ഗുജ്‌റാൾ മന്ത്രിസഭ വീണു. പിന്നെയും മൂന്നുമാസം കെയർടേക്കറായി തുടർന്ന ഗുജ്‌റാൾ അധികാരമൊഴിഞ്ഞത് 1998 മാർച്ച് 19-നാണ്, 12-ാം ലോക്‌സഭ നിലവിൽവരുന്നതുവരെ. 

 സുശീലാഗോപാലൻ മുഖ്യമന്ത്രിയാവാഞ്ഞതെന്തുകൊണ്ട്
ഈ കാലയളവിൽ കേരളത്തിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം നടക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നായനാർ മുഖ്യമന്ത്രിയായത് സി.പി.എമ്മിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞു. 
വി.എസ്. അച്യുതാനന്ദൻ സ്വന്തം മണ്ഡലത്തിൽ തോറ്റത് പാർട്ടിയിൽ വലിയ ദുരന്തങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുന്നു, പാർട്ടി ജയിക്കുമ്പോൾ വി.എസ്. തോൽക്കുന്നുവെന്നത് ചർച്ചയായി. കേന്ദ്രനേതൃത്വവും ഗൗരവത്തിലിടപെട്ടു. പാർട്ടിയിലെ സി.ഐ.ടി.യു. വിഭാഗം ആസൂത്രിതമായി തോൽപ്പിച്ചതാണെന്ന ആക്ഷേപമാണ് വി.എസ്. ക്യാമ്പ് ഉന്നയിച്ചത്. അന്വേഷണക്കമ്മിഷനും നടപടികളുമായി. മാരാരിക്കുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.കെ. പളനിയെ ലോക്കൽ കമ്മിറ്റിയിലേക്കും ഏരിയാസെക്രട്ടറി സി.കെ. ഭാസ്‌കരനെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തി. ജാഗ്രത കാട്ടിയില്ലെന്നും പരാജയത്തിന് കാരണക്കാരായെന്നും ആരോപിച്ചായിരുന്നു നടപടി. 
മുഖ്യമന്ത്രി ആരാവുമെന്നത് കുറെദിവസം ആകാംക്ഷാനിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു. നിയമസഭയിലേക്ക് ജയിച്ചവരിൽ സീനിയോറിറ്റിയും ഭരണപരിചയവും നയചാതുരിയും ടി.കെ. രാമകൃഷ്ണനാണ്. ആ നിലയ്ക്ക് ചർച്ചയുണ്ടായില്ല. എന്നാൽ, ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലും കേന്ദ്രകമ്മിറ്റി യോഗത്തിലും തീരുമാനം  സംസ്ഥാനകമ്മിറ്റിക്ക് വിട്ടു.  ‘ചരിത്രപരമായ മണ്ടത്തരം’ വിഷയത്തിൽ ചേരിതിരിഞ്ഞ കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദം ജനാധിപത്യപരമായി തീരുമാനിക്കലിനായിരുന്നു. സി.പി.എം. ഗ്രൂപ്പിസത്തിലെ നിലവാരത്തെയാകെ അട്ടിമറിക്കുന്നതായി അത്. മുഖ്യമന്ത്രി ആരാവണമെന്ന് ജനാധിപത്യപരമായി തീരുമാനിക്കാമെന്ന് സംസ്ഥാന കമ്മിറ്റിയോഗത്തിൽ സെക്രട്ടറി നായനാർ പറയുന്നു. സി.ഐ.ടി.യു.വിഭാഗം സുശീലാ ഗോപാലന്റെ പേരുന്നയിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി വനിതാ മുഖ്യമന്ത്രി എന്ന സാധ്യത. തന്റെ പേരുമുയർന്നപ്പോൾ മത്സരത്തിനുണ്ടെന്ന് നായനാർ. വി.എസ്. വിഭാഗമെന്നറിയപ്പെടുന്നവർ സമർഥമായി കരുക്കൾ നീക്കി. തലേദിവസമേ കണക്കുകൂട്ടിവെച്ചതെല്ലാം തെറ്റുകയായിരുന്നു. ഒരാളുടെ കൂറുമാറ്റം കാരണമാണ്‌ സുശീലാ ഗോപാലനെക്കാൾ ഒരു വോട്ട് അധികം നേടി നായനാർ മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തിയതെന്ന് മാധ്യമവാർത്തകൾ. തുടർന്ന് നായനാർ പാർട്ടി സെക്രട്ടറിസ്ഥാനം ഒഴിയുകയും അതേദിവസം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുകയുമാണ്. കെ.എൻ. രവീന്ദ്രനാഥിനെക്കാൾ വോട്ടുനേടി ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നു. ഒറ്റദിവസംകൊണ്ടുതന്നെ സി.പി.എമ്മിലെ ബലാബലത്തിൽ അട്ടിമറി നടക്കുന്നതും ഒരു വിഭാഗത്തിന്റെ  പതനത്തിനുമാണ് പിൽക്കാലം സാക്ഷ്യം വഹിച്ചത്. തലശ്ശേരിയിലെ അംഗമായിരുന്ന കെ.പി. മമ്മുവിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാണ് നായനാർ അധികാരമുറപ്പിച്ചത്. സുശീലാ ഗോപാലൻ  വ്യവസായമന്ത്രിയായി. 

 മുഖ്യധാരയിലേക്ക് പിണറായി 
നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ മന്ത്രിയായാണ് പിണറായി വിജയന്റെ ഭരണമണ്ഡലപ്രവേശം. കരുത്തനായ മന്ത്രിയെന്ന് അതിവേഗം അംഗീകാരം നേടിയ പിണറായി മലബാർ മേഖലയിലെ വൈദ്യുതിവിതരണം മെച്ചപ്പെടുത്തി. വോൾട്ടേജ് ക്ഷാമം തീർക്കുന്നതിനും ആയിരം മെഗാവാട്ട് വൈദ്യുതി അധികോത്പാദനത്തിനും വഴിതെളിക്കാൻ നേതൃത്വം നൽകി. എന്നാൽ,     സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് 1998 ഒക്ടോബർ 19-ന് പിണറായി രാജിവെച്ചു. തുടർന്ന് എസ്. ശർമ ആ സ്ഥാനത്തേക്കുവന്നു. ചടയൻ ഗോവിന്ദൻ ആ വർഷം സെപ്‌റ്റംബർ ഒമ്പതിന് അന്തരിച്ചതിനെത്തുടർന്നാണ് പിണറായിയെ സെക്രട്ടറിയായി സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുത്തത്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരികളിലൊരാളെന്ന് പേരെടുത്ത ബേബിജോൺ രോഗശയ്യയിലായതും പകരം വി.പി. രാമകൃഷ്ണപിള്ള മന്ത്രിയായതും ’98-ജനുവരിയിലാണ്. ജനതാദളിന്റെ മന്ത്രിയുമായി ബന്ധപ്പെട്ട് നായനാർ സർക്കാരിന് പ്രശ്‌നങ്ങളുണ്ടായി. 1991-ലെ പരാജയത്തിന് പകരംവീട്ടി കെ.എം. സൂപ്പിയെ തോൽപ്പിച്ച് സഭയിലെത്തിയ പി.ആർ. കുറുപ്പായിരുന്നു വനം-ദേവസ്വം മന്ത്രി. ചന്ദന ഫാക്ടറിയുമായി ബന്ധപ്പെട്ട ചില ആരോപണമുയർന്നതിൽ ശരിയായി പ്രതികരിക്കാഞ്ഞത് പ്രശ്‌നമായി. രോഗബാധിതനായതിനെത്തുടർന്ന് കുറുപ്പ് 99-ജനുവരിയിൽ ഒഴിവായപ്പോൾ നീലലോഹിതദാസൻ നാടാർ മന്ത്രിയായി. വകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് 2000 ഫെബ്രുവരി 13-ന് രാജിവെച്ചതോടെ സി.കെ. നാണു മന്ത്രിയായി. 
തീർന്നില്ല, 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽനിന്നും മന്ത്രിസ്ഥാനത്ത്‌ തുടർന്നുകൊണ്ടുതന്നെ മത്സരിച്ചുതോറ്റ എ.സി. ഷൺമുഖദാസിനെതിരേ കോൺഗ്രസ്-എസിൽ പടയൊരുക്കമുണ്ടായി. ഷൺമുഖദാസിനെ മാറ്റി വി.സി. കബീർ മന്ത്രിയാകുന്നതിലേക്കാണിതെത്തിച്ചത്. നേരത്തേ സി.പി.ഐ.യിലെ വി.കെ. രാജന്റെ നിര്യാണത്തെത്തുടർന്ന് കൃഷിവകുപ്പ് മന്ത്രിയായി കൃഷ്ണൻ കണിയാമ്പറമ്പിൽ എത്തിയിരുന്നു. 1998 മാർച്ച് 19-ന് ഇ.എം.എസ്. അന്തരിച്ചത് വലിയൊരു ശൂന്യത സൃഷ്ടിച്ചു.  

 വെട്ടിനിരത്തൽ
നായനാർ മന്ത്രിസഭ വന്ന സാഹചര്യത്തിന്റെ തുടർച്ചയായി വരേണ്ടിയിരുന്ന കാര്യമാണ് 1998 ജനുവരി ആദ്യം പാലക്കാട്ടുനടന്ന സി.പി.എം. സംസ്ഥാന സമ്മേളനം. മാധ്യമങ്ങൾ വെട്ടിനിരത്തൽ എന്നുപേരിട്ട വിഭാഗീയ മത്സരത്തിന്റെ പൂർണത അവിടെയാണുണ്ടായത്. പുതിയവരെ ഉൾപ്പെടുത്താനെന്ന പേരിൽ ഒ. ഭരതൻ, പാച്ചേനി കുഞ്ഞിരാമൻ, സി. കൃഷ്ണൻ നായർ ഉൾപ്പെടെ 11 പേരെ നിലവിലുള്ള കമ്മിറ്റിയിൽനിന്നൊഴിവാക്കിയതുതന്നെ പ്രതിഷേധം സൃഷ്ടിച്ചു. പക്ഷേ, എന്നിട്ടും മത്സരമുണ്ടായി. സി.ഐ.ടി.യു. വിഭാഗത്തിൽപ്പെട്ടവരെന്നറിയപ്പെടുന്ന എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, വി.ബി. ചെറിയാൻ, ഐ.വി. ദാസ്, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കെ. മൂസക്കുട്ടി, ടി. ദേവി എന്നിവരെ തോൽപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ്. സംസ്ഥാന കൺവീനറുമായിരുന്നു ലോറൻസ്. കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു രവീന്ദ്രനാഥ്. 

പോയനൂറ്റാണ്ടിലെ അവസാന തിരഞ്ഞെടുപ്പ്
ഇതെല്ലാം സി.പി.എമ്മിൽ വിഭാഗീയത  വളർത്തുന്ന സന്ദർഭത്തിലാണ് 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് എൽ.ഡി.എഫ്. എട്ടുസീറ്റിലും യു.ഡി.എഫ്. 12 സീറ്റിലും ജയിച്ചു. കണ്ണൂരിൽ മന്ത്രി എ.സി. ഷൺമുഖദാസാണ് മുല്ലപ്പള്ളിയോട് തോറ്റത്. കോട്ടയത്ത് സുരേഷ്‌കുറുപ്പ് വീണ്ടും മത്സരിച്ചപ്പോൾ ചെന്നിത്തല പരാജയപ്പെട്ടു. കാസർക്കോട്ട് ടി. ഗോവിന്ദൻ, വടകരയിൽ എ.കെ. പ്രേമജം, പാലക്കാട്ട് കൃഷ്ണദാസ്, ഒറ്റപ്പാലത്ത് എസ്. അജയകുമാർ, തൃശ്ശൂരിൽ വി.വി. രാഘവൻ, കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ, ചിറയിൻകീഴിൽ വർക്കല രാധാകൃഷ്ണൻ എന്നിവരാണ് ജയിച്ച എൽ.ഡി.എഫ്. പ്രതിനിധികൾ. പോയതവണ തൃശ്ശൂരിൽ തോറ്റ കെ. കരുണാകരൻ തിരുവനന്തപുരത്ത് വിജയിച്ചു. കോഴിക്കോട്ട് കോൺഗ്രസിലെ പി. ശങ്കരൻ, എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി. മുകുന്ദപുരത്ത് എ.ജി. ജോസും എറണാകുളത്ത് ജോർജ് ഈഡനും മൂവാറ്റുപുഴയിൽ പി.സി. തോമസും ഇടുക്കിയിൽ പി.സി. ചാക്കോയും മാവേലിക്കരയിൽ പി.ജെ. കുര്യനും അടൂരിൽ പതിവുപോലെ കൊടിക്കുന്നിലും വിജയിച്ചു. മഞ്ചേരിയിൽ ഇ. അഹമ്മദും പൊന്നാനിയിൽ ബനാത്തുവാലയും. 
കേന്ദ്രത്തിൽ ബി.ജെ.പി. 182 സീറ്റ് നേടി എ.ഐ.എ.ഡി.എം.കെ.യുടെയടക്കം പിന്തുണയോടെ അധികാരത്തിലെത്തി.  കേരളത്തിലാകട്ടെ, യു.ഡി.എഫിൽ ലീഗ് ഇടയുകയും തദ്ദേശതിരഞ്ഞെടുപ്പിൽ അടവുനയത്തിന് കളമൊരുങ്ങുകയുമായിരുന്നു. പുതിയ സഹസ്രാബ്ദം തുടങ്ങുന്നതിനുമുമ്പ് രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കും. ഒരു മുന്നണിയിൽനിന്നുകൊണ്ട് ശത്രുമുന്നണിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന അടവുനയത്തിന്റെ ആദ്യപരീക്ഷണമാണ് പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.                  (തുടരും)