janasabhaതിരഞ്ഞെടുപ്പുകഴിഞ്ഞു പുതിയ ജനപ്രതിനിധികൾ അധികരമേൽക്കുകയാണ്‌. പുതുമുഖങ്ങളും പരിചയസമ്പന്നരുമായി ഇരുപത്തിയൊന്നാരിത്തിലധികം പേരാണ്‌ ജനസേവനത്തിനായി പ്രതിജ്ഞയെടുക്കുന്നത്‌. നാടിനോടും നാട്ടാരോടും ഉത്തരവാദിത്വം പുലർത്താൻ ഭരണത്തിലും രാഷ്‌ട്രീയത്തിലും എന്തായിരിക്കണം തദ്ദേശപ്രതിനിധികളുടെ സമീപനം എന്ന മാതൃഭൂമിചർച്ച തുടരുന്നു...


ഏറ്റവും കുറഞ്ഞത് ഒരുലക്ഷം കോടി രൂപയുടെ വിഭവങ്ങളാണ് തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രമായി പതിന്നാലാം പദ്ധതിക്കാലത്ത് ലഭ്യമാവുക. യഥാർഥത്തിൽ അധികാരത്തിന്റെയും പണത്തിന്റെയും കുറവിനെക്കുറിച്ച് പ്രാദേശിക ജനപ്രതിനിധികൾ ബേജാറാവേണ്ടതില്ല. അധികാരത്തിന്റെയും പണത്തിന്റെയും കാര്യക്ഷമവും സമയബന്ധിതവുമായ പ്രയോഗം ഉറപ്പാക്കിയാൽ അക്ഷരാർഥത്തിൽ നാടിന്റെ മുഖച്ഛായ മാറ്റാൻ കഴിയും.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെയും വിജയാഘോഷത്തിന്റെയും ക്ഷീണം തീർന്നിട്ടില്ല. അതിനുമുമ്പ് വിശ്രമം അസാധ്യമാവുന്ന തിരക്കുകളിലേക്കാണ് പുതിയ ജനപ്രതിനിധികൾ നീങ്ങുന്നത്. സമയത്തിന്റെ കാര്യക്ഷമമായ ഉപയോഗം തുടക്കക്കാർക്ക് വലിയ വെല്ലുവിളിയായി തോന്നും. നാട്ടുകാര്യം, പാർട്ടിക്കാര്യം, വീട്ടുകാര്യം എന്നിങ്ങനെ എല്ലാംകൂടി വരുമ്പോൾ ഒന്നിനും സമയം തികയാതെവരും. പക്ഷേ, ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ മുൻഗണനക്രമം നിശ്ചയിച്ച് സമയനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തുതീർക്കുന്ന ശീലം ഉണ്ടാക്കിയെടുത്തേ മതിയാകൂ.

പദ്ധതി നിർവഹണം

കേരളത്തിലെ പ്രാദേശിക സർക്കാരുകളെ വേറിട്ടുനിർത്തുന്ന ഒരു പ്രത്യേകത നാടിന്റെ വികസന ആസൂത്രണത്തിൽ അവ വഹിക്കുന്ന പങ്കാണ്. ജനകീയാസൂത്രണത്തിന്റെ ‘കേരള മാതൃക’ ഇപ്പോൾ ദേശീയാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ടെങ്കിലും പ്രാദേശിക പദ്ധതി തയ്യാറാക്കുന്നതിന് ലഭ്യമാവുന്ന പണത്തിന്റെയും അധികാരങ്ങളുടെയും കാര്യത്തിൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ ബഹുദൂരം മുന്നിലാണ്. അധികാരം ഒഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ നടപ്പുവർഷത്തെ പദ്ധതി (2020-’21) പൂർത്തിയാക്കുക എന്നതാണ് ആദ്യത്തെ കടമ. പദ്ധതിനടത്തിപ്പ് പൂർത്തിയാക്കാൻ ഇനി കേവലം മൂന്നുമാസമേ ലഭിക്കൂ. ഭരണസമിതിയിൽ ഉണ്ടായ മാറ്റം പ്രാദേശിക സർക്കാരിന്റെ തുടർച്ചയെ ബാധിക്കാൻ പാടില്ല. മുൻപ് അംഗീകാരം ലഭിച്ച വാർഷിക ബജറ്റും പദ്ധതിയുമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുതിയ ഭരണസമിതി ബാധ്യസ്ഥമാണ്. വാർഷിക പദ്ധതിയിൽ ഒഴിവാക്കാൻപറ്റാത്ത മാറ്റം ആവശ്യമെങ്കിൽ അതിന് ജില്ലാ ആസൂത്രണസമിതിയുടെ അനുവാദം വേണം. നടപ്പ് വാർഷിക പദ്ധതിയുടെ ഇതുവരെയുള്ള നടത്തിപ്പ് വിലയിരുത്തി നിർവഹണം കാര്യക്ഷമമായി പൂർത്തിയാക്കാൻ ഭരണസമിതി പൊതുവിലും ഓരോ ജനപ്രതിനിധിയും വ്യക്തിപരമായും ശ്രമിക്കണം.

വാർഷികപദ്ധതിയും ബജറ്റും

പുതിയ ഭരണക്കാരെ കാത്തിരിക്കുന്ന രണ്ടാമത്തെ പ്രധാന ദൗത്യം വരുന്ന ധനവർഷത്തേക്കുള്ള (2021-’22) വാർഷിക പദ്ധതിയും ബജറ്റും തയ്യാറാക്കുക എന്നതാണ്. ഇതിന് മൂന്നുമാസത്തെ സാവകാശമേ ലഭിക്കൂ. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നിർവഹണം ആരംഭിക്കാൻ കഴിയണം. മാർച്ച് ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നതുകൊണ്ട് പുതിയ വാർഷികപദ്ധതി രൂപവത്‌കരിക്കാൻ ഫെബ്രുവരി അവസാനംവരെയുള്ള സമയമേ ഫലത്തിൽ ലഭിക്കൂ.

പതിന്നാലാം പഞ്ചവത്സരപദ്ധതിയുടെ രൂപവത്‌കരണം

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ പ്രധാന ദൗത്യം പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ രൂപവത്‌കരണമാണ്. ഏപ്രിൽ ഒന്നിനുതുടങ്ങുന്ന പുതുവർഷം (2021-’22) പതിമ്മൂന്നാം പദ്ധതിയിലെ അവസാന വർഷമാണ്. പതിന്നാലാം പദ്ധതിയുടെ (2022-’23 മുതൽ 2026-’27വരെ) രൂപവത്‌കരണത്തെ നാടിന്റെ വികസനത്തിന്റെ ഗതി നിർണയിക്കുന്നതിന് തങ്ങൾക്ക് കിട്ടുന്ന വലിയ അവസരമായി പുതിയ ജനപ്രതിനിധികൾ കാണണം. ഇതിന് ഏതാണ്ട് ഒരുവർഷത്തെ സമയം കിട്ടും. ഏറ്റവും കുറഞ്ഞത് ഒരുലക്ഷം കോടി രൂപയുടെ വിഭവങ്ങളാണ് തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രമായി പതിന്നാലാം പദ്ധതിക്കാലത്ത് ലഭ്യമാവുക. യഥാർഥത്തിൽ അധികാരത്തിന്റെയും പണത്തിന്റെയും കുറവിനെക്കുറിച്ച് പ്രാദേശിക ജനപ്രതിനിധികൾ ബേജാറാവേണ്ടതില്ല. അധികാരത്തിന്റെയും പണത്തിന്റെയും കാര്യക്ഷമവും സമയബന്ധിതവുമായ പ്രയോഗം ഉറപ്പാക്കിയാൽ അക്ഷരാർഥത്തിൽ നാടിന്റെ മുഖച്ഛായ മാറ്റാൻ കഴിയും.

ആസൂത്രണം ചെയ്യുമ്പോൾ

വികസന ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും. ജനപ്രതിനിധികളെയും ഭരണസമിതികളെയും സഹായിക്കാൻ ഉദ്യോഗസ്ഥരുടെ ഒരു വലിയസംഘംതന്നെ ഓരോ തദ്ദേശസ്ഥാപനത്തിലുമുണ്ട്. തങ്ങളുടെ അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ വിശ്വാസത്തിലെടുത്ത് കാര്യക്ഷമതയോടെ ചലിപ്പിക്കാനായാൽ യുദ്ധം പകുതി ജയിച്ചു എന്നുപറയാം.

പങ്കാളിത്തം

ഭരണത്തിന്റെ വിജയം കുടികൊള്ളുന്നത് ജനപ്രതിനിധികൾ എല്ലാ കാര്യങ്ങളും നേരിട്ടുചെയ്യുന്നതിലല്ല, മറിച്ച്‌ പ്രവൃത്തിവിഭജനത്തിലും പങ്കാളിത്തത്തിലുമാണ്. ഉദ്യോഗസ്ഥരുടെ പങ്കാളിത്തംപോലെ പ്രധാനമാണ് വിദഗ്‌ധന്മാരുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം. സമർപ്പിതമനസ്സോടെ പ്രവർത്തിക്കാൻ കഴിയുന്നവരെ ഉൾപ്പെടുത്തി ആസൂത്രണസമിതിയും വിഷയാടിസ്ഥാനത്തിലുള്ള വർക്കിങ്‌ ഗ്രൂപ്പുകളും വൈകാതെ പുനഃസംഘടിപ്പിക്കണം. അവയുടെ സഹായത്തോടെ വികസന കാര്യങ്ങളിൽ നാട്ടിലെ ജനങ്ങളുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കണം.

മുന്നൊരുക്കങ്ങൾ

ഉദ്യോഗസ്ഥരുടെയും വിദഗ്‌ധരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ആസൂത്രണത്തിന്‌ ആവശ്യമായ മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്തണം. ഓരോ ചെറു പ്രദേശത്തിന്റെയും വികസനത്തുറകളുടെയും ജനവിഭാഗത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കണം. വികസന ചർച്ചകളിലെ പങ്കാളിത്തം ഗ്രാമസഭ പോലെയുള്ള ഔപചാരിക വേദികളിലേക്കു പരിമിതപ്പെടുത്തേണ്ടതില്ല. കൃഷിക്കാർ, തൊഴിലാളികൾ, തിരിച്ചുവന്ന പ്രവാസികൾ, സംരംഭകർ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചു ജനകീയചർച്ചകൾ സംഘടിപ്പിക്കാം.

വികസനത്തിന്റെ സ്ഥലമാനങ്ങൾ ഇതുവരെ നമുക്ക് വേണ്ടത്ര പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ പ്രദേശത്തും ഏറ്റെടുക്കേണ്ടതും ഏറ്റെടുക്കാൻ പാടില്ലാത്തതുമായ വികസനപ്രവർത്തനങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടാവണം. പരിസ്ഥിതിദുരന്തങ്ങളുടെ കാലത്ത് സ്ഥലപരാസൂത്രണത്തിന് വലിയ പ്രാധാന്യമാണുള്ളത്.

വികസനപ്രശ്നങ്ങളും പരിഹാര സാധ്യതകളും ആരായുന്നതുപോലെ പ്രധാനമാണ് ലഭ്യമായ വിഭവം എത്രമാത്രമാണ് എന്നു മനസ്സിലാക്കുന്നതും.  ഓരോ തദ്ദേശഭരണ സ്ഥാപനവും വിവിധതരം സർക്കാരുകളിൽ ഒന്നു മാത്രമാണ് എന്ന ധാരണ ഉണ്ടാവണം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പദ്ധതികളുടെ സാധ്യതകൂടി കണ്ടുകൊണ്ട് പ്രാദേശികപദ്ധതികൾ ആവിഷ്കരിക്കാൻ കഴിയണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് ഇപ്പോൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. പദ്ധതികളുടെ സംയോജന സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ അപ്രാപ്യം എന്നു കരുതുന്ന വികസനലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയും.

സംരംഭകത്വ നിലപാട്

എല്ലാ കാര്യങ്ങളും സർക്കാർ അഥവാ തദ്ദേശസ്ഥാപനം നേരിട്ട് ചെയ്യണം എന്ന സമീപനം സ്വീകരിക്കേണ്ടതില്ല. കൃഷി, വ്യവസായം തുടങ്ങി ഒട്ടേറെ മേഖലകളിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുംവേണ്ട ന്യായമായ പിന്തുണ ഉറപ്പാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത്.

വ്യക്തമായ ധാരണവേണം

പ്രാദേശിക സർക്കാരുകൾ ഭരണഘടനയും സംസ്ഥാന നിയമങ്ങളും വ്യവസ്ഥ ചെയ്യുന്ന അധികാരപരിധികൾക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കേണ്ടത്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകുന്നത് നല്ലതാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളും ഗൗരവമായി പരിഗണിക്കണം. ഗ്രാമപ്പഞ്ചായത്തും ജില്ലാപഞ്ചായത്തും സംസ്ഥാനസർക്കാരും ഒരേ കാര്യത്തിനുവേണ്ടി പദ്ധതിയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംയോജനം സഹായിക്കും.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ പിന്തുടരാവുന്ന മാതൃകകൾ കമ്മിയായിരുന്നു. ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. എല്ലാ രംഗത്തും ശ്രദ്ധേയമായ ഒട്ടേറെ മാതൃകകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കലാസാംസ്കാരിക, കായിക രംഗങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകാലത്ത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കൂടുതൽ പ്രധാനപ്പെട്ട മുൻഗണനാ മേഖലകളിൽ ഊന്നേണ്ടി വന്നതാകാം കാരണം. എന്നാൽ, ഇനിയുള്ള കാലത്ത് പ്രാദേശിക തലത്തിൽ കലാസാംസ്കാരിക‚, കായിക രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

സാമൂഹികനീതിക്ക് മുൻഗണന

ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ വിജയരഹസ്യം തുടക്കംമുതൽ സാമൂഹികനീതിക്ക്‌ നൽകിയ ഊന്നലാണ്. പ്രാഥമിക ജീവിതസൗകര്യങ്ങൾക്കപ്പുറം രണ്ടാം തലമുറയിൽപ്പെട്ട വികസന പ്രശ്നങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ട കാലമാണ് വരുന്നത്. ഉദാഹരണത്തിന് പട്ടികജാതി-വർഗ ഘടക പദ്ധതിയുടെ കാര്യത്തിൽ കൃഷിഭൂമിയുടെ ലഭ്യത, മൂലധന ലഭ്യത, ജീവനോപാധി, തൊഴിൽ, സംരംഭകത്വം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടിയ വേഗത്തിൽ നഗരവത്കരണം സംഭവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. നഗരവത്കരണത്തിന്റെ പ്രശ്നങ്ങൾ നഗരങ്ങളെ മാത്രമല്ല. സമീപഗ്രാമങ്ങളെയും വലിയതോതിൽ ബാധിക്കുന്നുണ്ട്. നഗരങ്ങളുടെ വികസനപ്രശ്നങ്ങൾ ഗ്രാമങ്ങളിൽനിന്നു വ്യത്യസ്തമാണ്. വികസനത്തിന്റെ സ്ഥലപരമായ കേന്ദ്രീകരണം സൃഷ്ടിക്കുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യത്യസ്തമായ സമീപനം ആവശ്യമാണ്. നഗരാസൂത്രണരംഗത്തെ പ്രത്യേക വൈദഗ്‌ധ്യം ഉപയോഗപ്പെടുത്താൻ നമ്മുടെ നഗരസഭകൾ തയ്യാറാവണം. നഗരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള മാസ്റ്റർ പ്ലാനുകൾ നവീകരിക്കുകയും ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടപ്പാക്കുകയും വേണം.

 സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണ്‌ ലേഖകൻ