നേപ്പാൾ അതിരിടുന്ന, ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുർ ഖേരിയിലെ 77,000 ജനസംഖ്യയുള്ള ടികുനിയ പഞ്ചായത്തിന് ഗാന്ധിജയന്തിപ്പിറ്റേന്ന് മറ്റൊരു ഞായറാഴ്ച മാത്രമാകണമായിരുന്നു. പക്ഷേ, അതങ്ങനെയായില്ല. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മഹാരാജാ അഗ്രസെൻ മൈതാനത്ത് ഹെലികോപ്റ്ററിറങ്ങുന്നത് തടയാൻ, സമരംചെയ്യുന്ന കർഷകർ അവിടെ തടിച്ചുകൂടിയിരുന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ബി.ജെ.പി. എം.പി.യും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമായ അജയ് കുമാർ മിശ്രയുടെ പേരിൽ രജിസ്റ്റർ ​െചയ്തതുൾപ്പെടെയുള്ള നാലുവാഹനങ്ങളുടെ  വ്യൂഹം നാലുകർഷകർക്കുമേൽ പാഞ്ഞുകയറി. കർഷകരുടെ ജീവനുപുറമെ നാലുജീവൻകൂടി കവർന്നെടുക്കപ്പെട്ടു. സംഭവസമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന മന്ത്രിപുത്രൻ ആശിഷിന്റെ ഇടപെടൽ രാഷ്ട്രീയഭൂമികയെ ഇളക്കിമറിച്ചു. ആശിഷിനെ പിന്നീട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങളുംപ്രതികരണങ്ങളും

ഈ ദുരന്തത്തെക്കുറിച്ച് പരാമർശിച്ചശേഷം വലിയൊരു വിഷയത്തിലേക്ക് കടക്കാൻ ഞാനാഗ്രഹിക്കുന്നു. പ്രസ്തുത വിഷയത്തിൽ രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രതികരണമെന്താണെന്നത് തൃണമൂൽ എം.പി. മഹുവ മൊയ്ത്ര ആശിഷിന്റെ അറസ്റ്റിന്‌ മുമ്പ്‌ ചെയ്ത ട്വീറ്റിൽ പ്രതിഫലിക്കുന്നുണ്ട്:  ‘അജയ് മിശ്ര ജയിലുദ്യോഗസ്ഥരുടെ ദേശീയ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ ജയിലിനെയും ചോദ്യംചെയ്യലിനെയും വെട്ടിച്ചുനടക്കുന്നു’. മഹുവയുടെ നേതാവ് മമതാ ബാനർജി അല്പംകൂടി വ്യക്തമായി പറഞ്ഞു:  ‘‘അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. ഏകാധിപത്യംമാത്രമാണ് അവർക്കുവേണ്ടത്. ഇതാണോ രാമരാജ്യം? അല്ല, ഇതാണ് കൊലയുടെ രാജ്യം.’’

ലഖിംപുർ സന്ദർശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതോടെ ലഖ്‌നൗവിലെ സ്വന്തം വീടിനുപുറത്ത് സമരമിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. സംഘർഷസാധ്യത തടയാനെന്ന പേരിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ സീതാപുർ ഗസ്റ്റ്ഹൗസിൽ തടവിൽവെച്ചത് 24 മണിക്കൂറിലധികമാണ്. ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നിഷേധിച്ചതോടെ കാറിൽ യു.പി.യിലെത്താൻ ശ്രമിച്ച പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രാന്ധവയും സംഘവും അറസ്റ്റിലായി. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബത്തിന് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ‘ജലിയൻ വാലാബാഗിന്റെ ഭീതിദമായ ഓർമകൾ തിരികെവന്നു’വെന്ന് വികാരഭരിതമായി ട്വിറ്ററിൽ കുറിച്ചു. മധ്യപ്രദേശിലെ ‘സാധന പ്ലസ്’ ടെലിവിഷൻ ന്യൂസ് ചാനലിലെ ജീവനക്കാരനായ രമൺ കശ്യപ്‌ എന്ന 28-കാരൻ സംഭവസ്ഥലത്തുെവച്ച് വെടിയേറ്റുമരിച്ചതോടെ  ഭാര്യ ആരാധനയും മക്കളായ വൈഷ്ണവിയും അഭിനവും അനാഥരായി.

അതേസമയം, ഒരു യോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദിയെത്തിയ ലഖ്‌നൗ വിമാനത്താവളത്തിൽ, ലഖിംപുർ ഖേരിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിട്ടുപോലും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ തടയപ്പെട്ടു. എൻ.സി.പി. നേതാവും മുൻ കേന്ദ്രകൃഷിമന്ത്രിയുമായ ശരദ് പവാർ, ബി.ജെ.പി.ക്കുനൽകിയ മുന്നറിയിപ്പ്‌ ഇങ്ങനെ: ‘‘നിങ്ങളുടെ സ്ഥാനമെന്തെന്ന് ജനങ്ങൾ കാണിച്ചുതരും. കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും ബി.ജെ.പി.യെ ഇതൊന്നും ബാധിക്കുന്നതേയില്ല. ജലിയൻ വാലാബാഗിലുണ്ടായതിനു സമാനമായ സാഹചര്യമാണ് ഉത്തർപ്രദേശിലും നാം കാണുന്നത്.’’
‘‘നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ എന്തുകൊണ്ടാണ് പ്രിയങ്കാഗാന്ധി ജയിലിലും കുറ്റക്കാർ പുറത്ത് സ്വതന്ത്രമായും കഴിയുന്നത്?’’ -കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുമുൻപ് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ബി.ജെ.പി.ക്കകത്തും മുറുമുറുപ്പുകളുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിലരിത് ‘ആസൂത്രിതമായ ഗൂഢാലോചന’യായി കരുതുന്നു. മറ്റുചിലർ നേതാക്കൾ ഈ സംഭവത്തെ കൈകാര്യംചെയ്ത രീതിയിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ‘ഖലിസ്താനികൾ ബി.ജെ.പി. പ്രവർത്തകരെ വധിച്ചു’വെന്ന യു.പി.യിലെ ബി.ജെ.പി. വക്താവ് ഹരീഷ്ചന്ദ്ര ശ്രീവാസ്തവയുടെ ട്വീറ്റിനെതിരേ പിലിഭിത്ത് എം.പി.യായ വരുൺ ഗാന്ധി രംഗത്തെത്തുകയും കർഷകർക്കെതിരേ അവഹേളനവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് ക്രൂരവും അനീതിയുമാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വേദന പങ്കുവെച്ചതോടെ വരുണിനെയും അമ്മ േമനകാ ഗാന്ധിയെയും നാഷണൽ എക്സിക്യുട്ടീവിൽനിന്ന് ബി.ജെ.പി. പുറത്താക്കി!

ബി.ജെ.പി.യുടെ മൗനവും ചില സത്യങ്ങളും

ലഖിംപുർ സംഭവത്തിൽ ബി.ജെ.പി. ഉന്നതനേതൃത്വത്തിന്റെ കഠോരമൗനം സമകാലീന ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗൗരവകരമായ ആശങ്കയുണർത്തുന്നുണ്ട്. 2018-ൽ, ഏകാധിപത്യപ്രക്രിയ അടിച്ചേൽപ്പിക്കുന്നതിനുമുന്നോടിയായി പൗരസമൂഹത്തിനുള്ള ഇടം ഭാഗികമായി അടയ്ക്കപ്പെട്ടതും രാഷ്ട്രീയസുതാര്യതയിലെ പിന്നോട്ടുപോക്കും കാരണം ജനാധിപത്യസ്ഥാപനങ്ങൾ നമ്മളെ ‘തിരഞ്ഞെടുപ്പ് ജനാധിപത്യം’ എന്ന് മുദ്രകുത്തി. സ്വതന്ത്ര ജനാധിപത്യമാകുന്നതിൽനിന്ന് നാം വിലക്കപ്പെട്ടു. 2019-ൽ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ജനാധിപത്യസൂചികയിൽ പത്തുസ്ഥാനങ്ങൾ  നഷ്ടപ്പെട്ട് ഇന്ത്യ 51-ാമതെത്തി; ദക്ഷിണാഫ്രിക്കയ്ക്കും മലേഷ്യയ്ക്കും കൊളംബിയയ്ക്കും അർജന്റീനയ്ക്കും പിന്നാലെ. പൗരസ്വാതന്ത്ര്യത്തിന്റെ അപചയത്തോടെ വികലജനാധിപത്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.

ഫ്രീഡം ഹൗസിന്റെ 2020-ലെ വാർഷികറിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനായത്തരാജ്യങ്ങളിൽ ജനാധിപത്യത്തിന് ഏറ്റവും കൂടുതൽ അപചയമുണ്ടായത് ഇന്ത്യയിലാണെന്ന് പറയുന്നു. പ്രത്യേക ശ്രദ്ധവേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഹെയ്തി, ഹോങ്‌ കോങ്, ഇറാൻ, നൈജീരിയ, സുഡാൻ, ടുണീഷ്യ, തുർക്കി, യുക്രൈൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉൾപ്പെട്ടു. മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനാത്മക ശബ്ദങ്ങളെ ഇല്ലാതാക്കാൻ അപകീർത്തിപ്പെടുത്തൽ, രാജ്യദ്രോഹം, രാജ്യസുരക്ഷ, വിദ്വേഷപ്രസംഗം, കോടതിയലക്ഷ്യനിയമങ്ങൾ എന്നീ മാർഗങ്ങൾ അധികാരികൾ യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാവുന്നു. 2016 മുതൽ 2020 വരെയുള്ള ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സി’ന്റെ മാധ്യമസ്വാതന്ത്ര്യസൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതുസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ 142-ാമതാണിപ്പോൾ.

വേണം, വിയോജിപ്പിനുള്ള അവകാശം

ഇനിയും വീര്യംകുറഞ്ഞിട്ടില്ലാത്ത കർഷകപ്രക്ഷോഭത്തിലേക്ക്‌ തിരിച്ചുവന്നാൽ, കുറഞ്ഞ താങ്ങുവില എടുത്തുകളയുന്നതിലുള്ള പ്രതിഷേധം മാത്രമായല്ല നാമതിനെ കാണേണ്ടത്. നിലവിലുള്ള വ്യവസ്ഥിതിയിൽ വിലപേശലിലൂടെ പരാതികളുന്നയിക്കാനുള്ള തങ്ങളുടെ ന്യായമായ അവസരം വളരെക്കുറവാണെന്ന് കർഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സമരം സാക്ഷ്യപ്പെടുത്തുന്നത്‌ അതാണ്‌. ജനാധിപത്യ-പാർലമെന്ററി മര്യാദകൾ കാറ്റിൽപ്പറത്തി, ശരിയായ ചർച്ചയോ സംവാദമോ ഇല്ലാതെ, പ്രതിപക്ഷത്തിന് അവസരംനൽകാതെ വിവാദകർഷകനിയമങ്ങൾ പാർലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ച് ബി.ജെ.പി. ഈ സംശയമുറപ്പിക്കുകയും ചെയ്തു. ജനാധിപത്യപരമായ വിലപേശലിന് ന്യായമായ ഇടങ്ങൾ നിഷേധിക്കപ്പെടുമ്പോൾ തെരുവിലെ പ്രതിഷേധങ്ങൾക്കടക്കം ജനങ്ങൾ തങ്ങളുടേതായ മാർഗങ്ങൾ തേടുന്നത് സ്വാഭാവികമാണ്. അല്പംകൂടി വിശാലമായി പറഞ്ഞാൽ, നിയമപരമായ എതിർപ്പുയർത്താൻ അല്ലെങ്കിൽ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകാത്തതരത്തിൽ സർക്കാരിനെ വിമർശിക്കാൻ സാധിക്കുക എന്നത്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. വിയോജനത്തിന്റെ കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയല്ല, മറിച്ച് വിയോജിപ്പുകളിൽ സൗഹാർദപരമായ പരിഹാരംതേടലാണ് ജനാധിപത്യത്തിന്റെ കാതൽ. എല്ലാ വിയോജിപ്പുകളെയും ക്രിമിനൽവത്കരിക്കാനുള്ള ഈ ശ്രമമാണ് നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നത്.

 റോമൻ ചരിത്രത്തിൽ എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഒരു സന്ദർഭത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. യുദ്ധവിജയത്തിനുശേഷം റോമിലേക്ക് വിജയശ്രീലാളിതരായി മടങ്ങുന്ന പടനായകരുടെ ചെവിയിലേക്ക്  ‘ഓർത്തോളൂ, ഒരിക്കൽ നീയും മരിക്കും’ എന്ന്  സദാ മന്ത്രിച്ചുകൊണ്ടേയിരിക്കുന്ന അടിമയുടേതാണ് ആ ബിംബം. ശാശ്വതമായ ഉപദേശമാണത്. ഒരു ജനാധിപത്യ രാജ്യമാണെന്ന് നമ്മളിപ്പോഴും അവകാശപ്പെടുന്നതുപോലെ.

രാജ്യസഭാംഗമാണ്‌ ലേഖകൻ