kuttanad byelectionകുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് എൻ.സി.പി.ക്ക് കൊടുക്കാൻ ഇടതുമുന്നണി തീരുമാനിച്ചുകഴിഞ്ഞു.  എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതിൽ പരസ്യവിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. കുട്ടനാട്‌  എം.എൽ.എ.യും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് വരുന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ. പാർട്ടിക്കുനേരെ ഉയരുന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു. മാതൃഭൂമി പ്രതിനിധി കെ. പത്മജന് നൽകിയ അഭിമുഖത്തിൽനിന്ന്...

? ഒരു കൊതുമ്പുവള്ളത്തിൽ കയറാനുള്ള ആളേ എൻ.സി.പി.യിൽ ഉള്ളൂവെന്നും ഈർക്കിൽപ്പാർട്ടിക്ക് സീറ്റുകൊടുക്കരുതെന്നുമാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ഇതിനെ എങ്ങനെ കാണുന്നു
  വെള്ളാപ്പള്ളിക്ക് അഭിപ്രായംപറയാനുള്ള അവകാശമുണ്ട്. എന്നാൽ, ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് അദ്ദേഹമല്ല. അവർ സീറ്റ് എൻ.സി.പി.ക്കുതന്നെ നൽകാൻ തീരുമാനിച്ചുകഴിഞ്ഞു. ഞങ്ങൾ വർഷങ്ങളായി രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. ജനങ്ങൾക്കത് നന്നായറിയാം.

? വെള്ളാപ്പള്ളിയുടെ എതിർപ്പ് പ്രതികൂലമാവുമോ
  വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്. പാർട്ടി കഴിഞ്ഞതവണയും ഞങ്ങൾക്കെതിരേ മത്സരിക്കാനുണ്ടായിരുന്നു. കുട്ടനാട് ഞങ്ങളുടെ മണ്ഡലമാണ്. അവിടെ ഞങ്ങൾ ജയിക്കുകതന്നെ ചെയ്യും. 

? കുട്ടനാട് മണ്ഡലത്തിന് സിറ്റിങ് എം. എൽ.എ.യായിരുന്ന തോമസ് ചാണ്ടിയെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ടല്ലോ
  അത് വെറുതേ പറയുന്നതാണ്. കുട്ടനാട്ടിൽ എല്ലാ വികസനവും കൊണ്ടുവന്നത് തോമസ് ചാണ്ടിയാണ്. അവിടെയൊരു കുടിവെള്ളപദ്ധതി കൊണ്ടുവന്നത് അദ്ദേഹമാണ്. പദ്ധതിക്ക് സ്ഥലംവാങ്ങാൻ സർക്കാരിന് പണമില്ലാത്തതിനാൽ സ്വന്തം പണംനൽകി അദ്ദേഹം വാങ്ങിനൽകിയ സ്ഥലത്താണ് പ്ലാന്റ് വന്നിരിക്കുന്നത്. കുട്ടനാട്ടെ റോഡുപദ്ധതികളെല്ലാം കൊണ്ടുവന്നത് തോമസ് ചാണ്ടിയാണ്. ഇതെല്ലാം അവിടത്തെ ജനങ്ങൾക്ക് നന്നായറിയാം. അദ്ദേഹം മരിച്ചപ്പോൾ കുട്ടനാട് മണ്ഡലം മുഴുവൻ കരയുകയായിരുന്നു. ജനങ്ങൾക്കുവേണ്ടി അത്രമാത്രം പ്രവർത്തിച്ച എം. എൽ.എ.യായിരുന്നു അദ്ദേഹം.

? കുട്ടനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരനെയാണോ എൻ.സി.പി. പരിഗണിക്കുന്നത്
  അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് അത്തരമൊരാവശ്യം വന്നിട്ടുണ്ട്. അതിനൊപ്പം വേറെചില പേരുകളും പാർട്ടിക്കുമുന്നിലുണ്ട്. ഭാരവാഹിയോഗം ഇതെല്ലാം ചർച്ചചെയ്ത് തിരഞ്ഞെടുപ്പുകമ്മിറ്റിക്ക് വിടും. കമ്മിറ്റി ചർച്ചചെയ്ത് നിർദേശം കേന്ദ്ര പാർലമെന്ററി ബോർഡിന് സമർപ്പിക്കും. തീരുമാനവും പ്രഖ്യാപനവും പിന്നീട് അവിടന്നുണ്ടാവും.

? ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് എൻ.സി.പി. നിർദേശിച്ചയാളെ 
സി.പി.എം. അംഗീകരിക്കാൻ തയ്യാറായിട്ടില്ലല്ലോ
  അങ്ങനെയല്ല. പാർട്ടിയിൽ എം.എൽ.എ. മാരും പ്രസിഡന്റുമടങ്ങുന്ന കോർകമ്മിറ്റി ചർച്ചചെയ്താണ് ഒരാളുടെ പേര് നിർദേശിച്ചത്. അതിൽ ചില പരാതികൾ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന് ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കയാണ്. അവരുടെ നിഗമനം വരട്ടെ.