‘‘ഞാൻ പത്രപ്രവർത്തനത്തിലേക്ക് വന്നുവീഴുകയായിരുന്നു. നിയമമായിരുന്നു ഞാൻ പഠിച്ചത്. ലഹോർ സർവകലാശാലയിൽനിന്ന് എനിക്ക് നിയമത്തിൽ ബിരുദവുമുണ്ടായിരുന്നു. പത്രപ്രവർത്തനത്തിൽ ഡിപ്ളോമ കോഴ്‌സ് ചെയ്ത് ഞാൻ പരാജയപ്പെട്ടു എന്നതാണ് രസകരമായ വസ്തുത! സിവിൽ സർവീസിനും ശ്രമിച്ചു. അവിടെയും പരാജയപ്പെട്ടു. നിയമപഠനം കഴിഞ്ഞ് എൻറോൾ ചെയ്യുന്നതിനുമുമ്പ് ഇന്ത്യ വിഭജിക്കപ്പെട്ടു. ചരിത്രത്തിന്റെ ഇടപെടൽ.’’ -2012-ന്റെ പകൽപ്പകുതിയിൽ ഡൽഹിയിലെ വസന്ത് വിഹാറിലെ വസതിയിൽ മാതൃഭൂമി ന്യൂസ് ചാനലിന്‌ അഭിമുഖത്തിനായി ഇരിക്കുമ്പോൾ ആമുഖമായി കുൽദീപ് നയ്യാർ പറഞ്ഞതിങ്ങനെ.

കുൽദീപ് നയ്യാരുടെ ആത്മകഥ വിവാദങ്ങളുടെ പുതിയ അധ്യായം തുറക്കുകയും നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലുകളിലൂടെ രാജ്യത്തെ മാധ്യമപ്രവർത്തനം വിചാരണ ചെയ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്.

ഇന്ത്യാ വിഭജനത്തിന്റെ ചോര മണക്കുന്ന വഴികളിലൂടെ അച്ഛനമ്മമാർക്കൊപ്പം ഒരു ഇരുപത്തിനാല് വയസ്സുകാരൻ തീക്കാലം കടന്നതും ഡൽഹിയിൽ എത്തിയതും ഒരിക്കൽ പരാജയപ്പെട്ട പത്രപ്രവർത്തനത്തെ ജീവിതമാർഗമാക്കിയതും നയ്യാർ അന്ന് വിവരിച്ചു. നട്ടെല്ലുള്ള ഇടപെടലുകളുമായി അറുപതാണ്ടുകളിലായി കുൽദീപ് നയ്യാർ എന്ന പത്രപ്രവർത്തകൻ നടത്തിയ യാത്ര അസ്വസ്ഥപ്പെടുത്തുന്ന ചരിത്രത്തിലൂടെയുള്ള പിൻനടത്തം കൂടിയാണ് എന്ന് ഓർമിപ്പിക്കലായി മാറി അത്.  

നീരാ റാഡിയ ടേപ്പുകളിലൂടെ പുറത്തുവന്ന വിവരങ്ങൾ പത്രപ്രവർത്തനത്തിന്റെ വിചാരണയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, വിൽപ്പനയ്ക്കുവയ്ക്കാനുള്ളതല്ല മൂല്യങ്ങൾ എന്ന് അദ്ദേഹം ആ അഭിമുഖത്തിലൂടനീളം ആവർത്തിച്ചു.  ‘‘സംശയമില്ല, നമ്മൾ മൂല്യങ്ങളിൽ വെള്ളം ചേർത്തിരിക്കുന്നു. ഉന്നതനിലവാരത്തിൽ നിന്നും , നമ്മൾ അനുഭവിച്ചിരുന്ന ആദരവിൽ നിന്നും പിറകോട്ടു പോയിരിക്കുന്നു. എന്നിട്ടും ജനങ്ങൾ ഇപ്പോഴും നമ്മളെ ആദരിക്കുന്നുണ്ട്. എന്നാൽ, ആ ആദരവിന് നമ്മൾ അർഹരാണോ എന്ന് സ്വയം ചിന്തിക്കണം. നമ്മൾ എന്തിനും വഴങ്ങിക്കൊടുക്കുന്നവരായിരിക്കുന്നു. അങ്ങേയറ്റത്തെ പ്രതിജ്ഞാബദ്ധത ഈ തൊഴിൽ മേഖലയിൽ വേണം. ചില മൂല്യങ്ങളോട്  പ്രതിജ്ഞാബദ്ധത വേണം. വായനക്കാരും കാഴ്ചക്കാരും സംഭവങ്ങളിലോ വാർത്തകളിലോ ഒരിടത്തും രംഗപ്രവേശം ചെയ്തിട്ടുണ്ടാവില്ല. മാധ്യമപ്രവർത്തകരാണ് ആ കാഴ്ചകളുടെയും സംഭവങ്ങളുടെയും വാഹനങ്ങൾ. അതിനാൽ നമ്മൾ സ്വതന്ത്രരും വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണുന്നവരുമാകണം.’’ -പ്രായാധിക്യം ബാധിക്കാത്ത സ്വരത്തിൽ അദ്ദേഹം നിലപാടു കുറിച്ചിട്ടു. 

പത്രപ്രവർത്തന ചരിത്രം

സിയാൽകോട്ടിൽ നിയമം പഠിച്ചെങ്കിലും അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിനു മുമ്പുതന്നെ ഇന്ത്യ-പാകിസ്താൻ വിഭജനമെത്തി. തുടർന്ന് ഡൽഹിയിലെത്തിയ നയ്യാർ ഒരു ജോലിക്കായി അലഞ്ഞു. ക്ലാർക്ക് ജോലികൾ സുലഭം. എന്നാൽ, അത് വേണ്ടെന്ന് തീരുമാനിച്ച നയ്യാറിന് പിന്നെയും ഡൽഹിയുടെ കൊടും ചൂടും തണുപ്പും ഏറെ സഹിക്കേണ്ടി വന്നു. ഒടുവിൽ ഉറുദു അറിയാം എന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ‘അൻജാം’ എന്ന ഉറുദു പത്രത്തിൽ പത്രപ്രവർത്തകനായി ചേർന്നു. സിയാൽകോട്ടിലെ കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനാ പ്രവർത്തനപരിചയവും ജോലി കിട്ടാൻ തുണയായി.

അവസാനം എന്ന് അർഥമുള്ള അൻജാം എന്ന വാക്ക് പേരായുള്ള പത്രത്തിൽ തനിക്ക് ആരംഭമായെന്നാണ് നയ്യാർ ഈ തുടക്കത്തെക്കുറിച്ച് നർമം കലർത്തി പറഞ്ഞത്. ഒരു വർഷത്തിനുശേഷം അവിടെനിന്ന് പിരിഞ്ഞപ്പോൾ, ഉറുദു കവി മൗലാന ഹസ്രത്ത് മൊഹാനിയുടെ നേതൃത്വത്തിലിറങ്ങുന്ന ‘വഹാദത്ത്’ എന്ന പത്രത്തിൽ ജോലിക്കുചേർന്നു. അവിടെനിന്നാണ്  ഷിക്കാഗോയിൽ പത്രപ്രവർത്തനം പഠിക്കാൻ നയ്യാർ പോയത്. മൗലാന മൊഹാനിയായിരുന്നു പ്രേരണ. ഷിക്കാഗോയിൽനിന്ന് എം.എസ്‌സി. ജേണലിസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ജോലിക്കുചേർന്നു. ആഭ്യന്തരമന്ത്രിയായിരുന്ന ജി.ബി. പാന്തിന്റെയും പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദുർ ശാസ്ത്രിയുടെയും  കൂടെ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചു.

ലാൽ ബഹാദുർ ശാസ്ത്രി മരിക്കുന്നതുവരെ നയ്യാർ ഒപ്പമുണ്ടായിരുന്നു. താഷ്‌കെന്റിൽവച്ചുണ്ടായ ശാസ്ത്രിയുടെ അപ്രതീക്ഷിത മരണത്തിന്റെ ദുരൂഹതകളും പേറിയാണ് നയ്യാർ മടങ്ങിയത്. ആ മരണം കൊലപാതകമായിരുന്നു എന്നാണ് നയ്യാർ ഒടുക്കം വരെ വിശ്വസിച്ചത്. ആത്മകഥയിലും ഇക്കാര്യം നയ്യാർ വിശദീകരിച്ചു. 

അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥക്കാലത്താണ് കുൽദീപ് നയ്യാർ എന്ന പത്രപ്രവർത്തകന്റെ നട്ടെല്ലുറപ്പ് രാജ്യവും പൊതുസമൂഹവും കണ്ടറിഞ്ഞത്. ഇരിക്കാൻ പറയുമ്പോൾ ഇഴയുന്നവർക്കിടയിൽ, നട്ടെല്ല് എന്താണെന്ന് നയ്യാർ കാണിച്ചുതന്നു. സർക്കാർ സർവീസ് വിട്ട് യു.എൻ.ഐ.യിലും ഇന്ത്യൻ എക്സ്പ്രസിലും സ്റ്റേറ്റ്‌സ്‌മാനിലും കൂടുമാറി കൂടണയുന്നതിനിടയിലാണ് അടിയന്തരാവസ്ഥ എത്തിയത്. ഒരിക്കൽ സുഹൃത്തായിരുന്ന ഇന്ദിരാഗാന്ധിയെ വഴങ്ങാത്ത പേന കൊണ്ടും വിറയ്ക്കാത്ത വാക്കുകൾ കൊണ്ടും നയ്യാർ നേരിട്ടു. ഒപ്പംനിൽക്കാൻ വിരലിലെണ്ണാവുന്ന ചിലർ മാത്രം. അക്കാലത്തെക്കുറിച്ച് നയ്യാർ  അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ :  ‘‘ഇന്ദിരയുടെ  വിമർശകൻ  എന്നു പറയുമ്പോൾ തന്നെ അവരുടെ സുഹൃത്തുമായിരുന്നു ഞാൻ. അടിയന്തരാവസ്ഥയിലാണ് ഞങ്ങൾ തെറ്റിയത്.

ബംഗ്ളാദേശ് യുദ്ധത്തെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയായിരുന്നു പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നോർക്കണം. ഇന്ദിരയുടെ വീട്ടിൽ പോലും പലർക്കും അടിയന്തരാവസ്ഥയോട് താത്‌പര്യമുണ്ടായിരുന്നില്ല. വിജയലക്ഷ്മി പണ്ഡിറ്റ് തുറന്നെതിർത്തു. രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും അടിയന്തരാവസ്ഥയോട് താത്‌പര്യം കാണിച്ചില്ല എന്നാണറിയാൻ കഴിഞ്ഞത്. എന്നാൽ, സഞ്ജയ് ഗാന്ധിയും ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരും അടിയന്തരാവസ്ഥയെ ശക്തമായി പിന്തുണച്ചു. പ്രധാനപ്പെട്ട നേതാക്കളെയെല്ലാം അറസ്റ്റുചെയ്തു. പത്രങ്ങൾക്കെല്ലാം സെൻസർഷിപ്പ്. പൊതുവേ വിധേയത്വമായിരുന്നു അന്ന് ദേശീയതലത്തിൽ മാധ്യമങ്ങളുടെ നില.’’ ഈ നിലപാടില്ലായ്മയ്ക്കിടയിലാണ് നയ്യാരും കൂട്ടരും ശക്തമായ നിലപാട് പുറത്തെടുത്തത്. അറസ്റ്റിലൂടെ ഇന്ദിര മറുപടി പറഞ്ഞെങ്കിലും നയ്യാർ വഴങ്ങിയില്ല.

എക്കാലത്തും പത്രസ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനിൽക്കാൻ നയ്യാരെ പ്രേരിപ്പിച്ചതിൽ ഈ അനുഭവങ്ങളും കാരണങ്ങളായുണ്ട്. രാജീവ്ഗാന്ധി കൊണ്ടുവരാൻ ശ്രമിച്ച അപകീർത്തി ബില്ലിനെതിരേ നയ്യാർ പോരാടിയതും ഇതിന്റെ തുടർച്ച.