രാജ്യമെങ്ങും നിലയ്ക്കാത്ത നിലവിളികൾ ഉയരുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏകാധിപത്യഭരണത്തിൽ ഞെരിഞ്ഞമർന്ന നാടും ജനങ്ങളും. അതിൽനിന്ന്‌ മോചനം ലക്ഷ്യമിട്ടാണ് ജനമഹായാത്ര നടത്തുന്നത്.ഏതാനും നാളുകൾക്കുമുമ്പ് സ്വാശ്രയക്കൊള്ളയുടെ രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ഹൃദയഭേദകമായ നിലവിളി നാം കേട്ടു. ‘‘അമ്മയാണ്.. ഞാനൊരു അമ്മയാണ്...’’ എന്ന നിലവിളി. പിണറായിയുടെ ബധിരകർണങ്ങൾ അതു കേട്ടില്ല. ആദിവാസി യുവാവ് മധുവിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെയും നെയ്യാറ്റിൻകര സ്വദേശി സനലിന്റെയും വരാപ്പുഴ ശ്രീജിത്തിന്റെയും നിലവിളികൾ നമ്മുടെ ഹൃദയത്തെ പിളർത്തിയതാണ്. കിരാതഭരണത്തിൽ തകർന്ന കർഷകരുടെയും ചെറുകിട സംരംഭകരുടെയും സ്ത്രീകളുടെയും പ്രളയബാധിതരുടെയും തൊഴിൽരഹിതരുടെയും കണ്ണീർത്തടങ്ങൾ നമുക്കുചുറ്റുമുണ്ട്.

പ്രതിവർഷം രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നുപറഞ്ഞ് അധികാരത്തിലേറിയ മോദി, ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവേയുടെ പൂഴ്‌ത്തിവെച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു.  നോട്ടുനിരോധനത്തെത്തുടർന്ന് കർഷകരും ചെറുകിടസംരംഭകരും കുത്തുപാളയെടുത്തു. കാർഷികോത്‌പന്നങ്ങൾക്ക് ചെലവുകഴിഞ്ഞ് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്ന മോദിയുടെ വാഗ്ദാനം വെറും പാഴ്വാക്കായി.  വംശീയതയുടെ ആചാര്യൻ ഹിറ്റ്‌ലറെയാണ് നാം ഇപ്പോൾ ഇന്ത്യൻ ഭരണാധികാരികളിൽ കാണുന്നത്. എം.എം. കലബുർഗി, നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പാൻസരെ തുടങ്ങിയ ബുദ്ധിജീവികൾ മോദിഭരണത്തിൽ കശാപ്പുചെയ്യപ്പെട്ടു. കശാപ്പുനിയന്ത്രണനിയമം സംഘപരിവാരങ്ങൾ െെകയിലെടുത്തപ്പോൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 25 പേർ ഉൾപ്പെടെ 30 പേർക്ക് ജീവൻ നഷ്ടമായി. അയോധ്യയിലെ ക്ഷേത്രനിർമാണം വീണ്ടും പൊടിതട്ടിയെടുത്ത് വർഗീയത ആളിക്കത്തിക്കാനാണ് സംഘപരിവാരങ്ങളുടെ ശ്രമം. ശബരിമല ദേശീയ വിഷയമാക്കിയതിന്റെ പിന്നിലും ഇതേ അജൻഡയാണുള്ളത്. പെട്രോൾവില 87.39 രൂപയും ഡീസൽ വില 80.74 രൂപയുമായി സർവകാല റെേക്കാഡിട്ടു.

സുപ്രീംകോടതി, സി.ബി.ഐ., പ്ലാനിങ് കമ്മിഷൻ, ഇന്ത്യൻ പാർലമെന്റ് തുടങ്ങിയ ഒട്ടേറെ ഭരണഘടനാ സ്ഥാപനങ്ങളാണ് മോദിഭരണത്തിൽ നിരായുധരാക്കപ്പെട്ടത്. പാർലമെന്റിൽ വളരെ വിരളമായി എത്തുന്ന ദേശാടനക്കിളിയാണ്‌ പ്രധാനമന്ത്രി!മോദി ഇന്ത്യയെ വിഭജിച്ചപ്പോൾ, പിണറായി കേരളത്തെ വിഭജിച്ചു. ശബരിമല ഒരു നിമിത്തമായെന്നു മാത്രം. അർധരാത്രിയിൽ അവിശ്വാസി കളെ വിശ്വാസികളാക്കിയും ആണിനെ പെണ്ണാക്കി കോടതിയിൽ ലിസ്റ്റ് നൽകിയുമാണ് ശബരിമലയിൽ കോടതിവിധി നടപ്പാക്കിയത്. ശബരിമലയുടെ പേരിൽ. ബി.ജെ.പി. നാലുമാസത്തിനുള്ളിൽ ആറ്‌ ഹർത്താലുകൾ നടത്തി കേരളത്തെ വീർപ്പുമുട്ടിച്ചു. 

2018-ൽ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു കേരളത്തെ മുക്കിയ പ്രളയം. എന്നാൽ, പിണറായി സർക്കാരിന് ഇതൊന്നും ഒരു സംഭവമേയല്ല. ദുരിതബാധിതർ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നു. സഹായധനത്തിനായി അവർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നു. ഇതുവരെ ഒരു വീടുപോലും െവച്ചുകൊടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പീഡനപരാതിയിൽ സി.പി.എം. എം.എൽ.എ. പി.കെ. ശശിയെ സർക്കാർ കണ്ണുംപൂട്ടി സംരക്ഷിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനെ വെള്ളപൂശി തിരിച്ചെടുത്തു. സി.പി.എം. പ്രവർത്തകർ ഉൾപ്പെട്ട പീഡന പരാതികളാണ് എവിടെയും കേൾക്കുന്നത്. 

രാജ്യത്തിനുവേണ്ടി ഏറ്റവും വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുള്ള നെഹ്രു കുടുംബത്തിലെ ഇളയകണ്ണികളായ രാഹുലും പ്രിയങ്കയും ഇന്ന് ജ്വലിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമാണ്. ഗാന്ധിജിയുടെ നന്മകളും നെഹ്രു കുടുംബത്തിന്റെ ധിഷണാശക്തിയും ഇവരിൽ കാണാം. ‘‘മരിക്കുന്നതുവരെ എന്റെ കാതും ഹൃദയവും നിങ്ങൾക്കായി തുറന്നുെവച്ചിരിക്കും’’ എന്ന രാഹുൽഗാന്ധിയുടെ വാക്ക് വിദ്യുദ്‌തരംഗം പോലെയാണ് രാജ്യം സ്വീകരിച്ചത്. ഇനി രാഹുൽ രാജ്യം നയിക്കും. ജനാധിപത്യമതേതര വിശ്വാസികൾക്ക് മോദിസർക്കാർ വീണ്ടും അധികാരത്തിലെത്തുകയെന്നത് ചിന്തിക്കാൻ പോലുമാകില്ല. അത്രയധികം ദ്രോഹമാണ് അവർ രാജ്യത്തോടും ജനങ്ങളോടും ചെയ്തത്. മോദിയുടെ അതേ മാതൃകയിലുള്ള ഏകാധിപത്യ ശൈലിയുള്ള ഭരണമാണ് പിണറായി വിജയന്റേത്. ഇവർക്കെതിരേയുള്ള അതിശക്തമായ മുന്നേറ്റം ജനമഹായാത്രയിലൂടെയുണ്ടാകും. അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമേയെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.