kozhikodeഹൽവയ്ക്കും വറുത്തകായയ്ക്കും എന്നതുപോലെ  കോഴിക്കോട്ടെ രാഷ്ട്രീയത്തിനും സവിശേഷതകൾ ഏറെയുണ്ട്. ഏതെങ്കിലുമൊരു മുന്നണിയുടെയോ നേതാവിന്റെയോ സ്ഥിരംമണ്ഡലമായി മാറാൻ കോഴിക്കോട് ഒരിക്കലും തയ്യാറായിട്ടില്ല. രാഷ്ട്രീയവിഷയങ്ങളെ ഇഴകീറി പരിശോധിച്ച് വിധിയെഴുതുന്ന ഇവിടത്തെ വോട്ടർമാർ ഒരിക്കൽ ജയിപ്പിച്ചവരെ പിന്നീട് തോൽപ്പിച്ചിട്ടുണ്ട്. തോൽപ്പിച്ചവരെ തിരഞ്ഞെടുത്ത് പാർലമെന്റിലേക്ക്‌ അയച്ചിട്ടുമുണ്ട്. 
സ്ഥാനാർഥിപ്രഖ്യാപനം പൂർത്തിയായില്ലെങ്കിലും നിലവിലെ എം.പി.യായ എം.കെ.രാഘവനും കോഴിക്കോട് നോർത്തിലെ എം.എൽ.എ.യായ എ. പ്രദീപ്കുമാറും പോരിനിറങ്ങുമെന്ന് ഉറപ്പായതോെട ഇവിടെ ആരുജയിച്ചാലും ഇത്തവണ അത് ചരിത്രമാവും. കോഴിക്കോട് മണ്ഡലത്തിൽനിന്ന് ഇന്നുവരെ ആർക്കും പാർലമെന്റിലേക്ക് ഹാട്രിക് വിജയം നേടാനായിട്ടില്ല. മൂന്നാംതവണ മത്സരിക്കുന്ന രാഘവൻ ജയിച്ചാൽ ഹാട്രിക് വിജയംനേടി ചരിത്രംകുറിക്കും. ഇനി രാഘവൻ തോറ്റാലും അത് മറ്റൊരു ചരിത്രമായിമാറും. ജനസമ്മതിയുടെ കരുത്തിൽ മൂന്നാമങ്കത്തിനിറങ്ങുന്ന രാഘവനെ, അതേ ജനസമ്മതിയുടെ ബലത്തിൽ പിടിച്ചുകെട്ടിയെന്ന നിലയിലാവും പ്രദീപ്കുമാർ  ചരിത്രത്തിൽ ഓർമിക്കപ്പെടുക.

സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.ഡി.എഫ്. എം.കെ. രാഘവനുവേണ്ടി പോസ്റ്ററൊട്ടിച്ച് പ്രചാരണം തുടങ്ങി. പേരുകൾ പലതും ആദ്യഘട്ടത്തിൽ ഉയർന്നുവന്നിരുന്നെങ്കിലും ഒടുവിൽ രാഘവനെ തളയ്ക്കാൻ പ്രദീപ്കുമാറിനെത്തന്നെ ഇറക്കാനാണ് സി.പി.എം. ആലോചിക്കുന്നത്. 2009-ൽ 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ പി.എ. മുഹമ്മദ്‌റിയാസിനോട് കഷ്ടിച്ച് രക്ഷപ്പെട്ട രാഘവൻ 2014-ൽ ഭൂരിപക്ഷം 16,883 ആയി ഉയർത്തി. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനായിരുന്നു അന്ന് എതിരാളി.  2009 വരെ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന  എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സോഷ്യലിസ്റ്റ് ജനതാദൾ മുന്നണിവിട്ടതിന്റെ നേട്ടംകൊയ്യാൻ രണ്ടുതിരഞ്ഞെടുപ്പിലും രാഘവന് സാധിച്ചു. ഇപ്പോൾ ലോക് താന്ത്രിക് ജനതാദൾ (പഴയ സോഷ്യലിസ്റ്റ് ജനത)വീണ്ടും എൽ.ഡി.എഫിൽ തിരിച്ചെത്തിയത് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഈ മാറിയ സാഹചര്യമാണ് എൽ.ഡി.എഫിന് പ്രതീക്ഷയേകുന്നത്. 

2014-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കൊടുവള്ളി നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. അന്ന് എലത്തൂർ, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽമാത്രമേ എൽ.ഡി.എഫിന് മേൽക്കോയ്മ ഉണ്ടായിരുന്നുള്ളൂ. 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ  കോഴിക്കോട് സൗത്തിൽമാത്രമേ യു.ഡി.എഫിന് ജയിക്കാനായുള്ളൂ. മറ്റ് ആറുമണ്ഡലത്തിലും എൽ.ഡി.എഫ്. ജയിച്ചു. മാത്രമല്ല, ഭൂരിപക്ഷം ഗണ്യമായി വർധിപ്പിക്കാനും കഴിഞ്ഞു.  

നടപ്പാക്കിയ വികസനപദ്ധതികളും പത്തുവർഷംകൊണ്ട് കോഴിക്കോട് സ്ഥാപിച്ചെടുത്ത  പൊതുസ്വീകാര്യതയുമാണ് രാഘവന്റെ നേട്ടമായി യു.ഡി.എഫ്. വിലയിരുത്തുന്നത്.  കോഴിക്കോട് നോർത്തിൽനിന്ന് തുടർച്ചയായി മൂന്നുതവണ ജനപ്രതിനിധിയെന്ന നിലയിൽ നടപ്പാക്കിയിട്ടുള്ള വികസനപദ്ധതികൾ ലോക്‌സഭാമണ്ഡലത്തിലാകെ എത്തിക്കാൻ പ്രദീപ്കുമാറിന് സാധിക്കുമെന്നതാവും  എൽ.ഡി.എഫിന്റെ മുഖ്യപ്രചാരണം.  
ബി.ജെ.പി.യുടെ സ്ഥാനാർഥി ആരാവുമെന്നകാര്യത്തിൽ ഇനിയും വ്യക്തതവന്നിട്ടില്ല. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽസെക്രട്ടറി എം.ടി. രമേശ്, യുവമോർച്ച സംസ്ഥാനപ്രസിഡന്റ് കെ.പി. പ്രകാശ്ബാബു എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.  മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടിനെ കൂടെനിർത്താൻ ഇത്തവണ മുന്നണികൾക്ക് കഠിനപ്രയത്നംതന്നെ വേണ്ടിവരും.

2014-ലെ വോട്ടുനില
എം.കെ.രാഘവൻ (കോൺഗ്രസ്‌)397,615
എ. വിജയരാഘവൻ (സി.പി.എം.)380,732
സി.കെ.പത്മനാഭൻ (ബി.ജെ.പി.) 115,760

1. ബാലുശ്ശേരി
2. ​കൊടുവള്ളി
3. എലത്തൂർ
4. കുന്ദമംഗലം
5. കോഴിക്കോട്‌ നോർത്ത്‌
6. കോഴിക്കോട്‌ സൗത്ത്‌
7.​ ബേപ്പൂർ

ആകെ വോട്ടർമാർ 12,64,836
പുരുഷൻമാർ  6,13,276
സ്ത്രീകൾ 6,51,560
ട്രാൻസ്‌ജെൻഡേഴ്‌സ് 8
പ്രവാസിവോട്ടർമാർ 8559

conetnt highlights: kozhikode loksabha constituency analysis