kozhikodeതുടർച്ചയായി കഴിഞ്ഞ മൂന്നു നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ കോഴിക്കോടൻ മനസ്സിന് ഒരു സ്ഥിരതയുണ്ടെന്നു പറയാം. എന്നാൽ, ഈ മൂന്ന് തിരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്കു പോയാൽ  പ്രവചനങ്ങൾ അസ്ഥാനത്താവും.
കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ല തുണച്ചത് എൽ.ഡി.എഫിനെയെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്നുതവണയും യു.ഡി.എഫിനായിരുന്നു ജയം. 
ജില്ലയിൽ ആകെയുള്ള 13 നിയമസഭാസീറ്റിൽ 11 എണ്ണം എൽ.ഡി.എഫിനൊപ്പമാണ്. തുടർച്ചയായി കഴിഞ്ഞ മൂന്ന് നിയമസഭകളിൽ കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസിന് ഒരംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ് തദ്ദേശതിരഞ്ഞെടുപ്പ് ഫലം.
എൽ.ഡി.എഫിൽ മന്ത്രി എ.കെ. ശശീന്ദ്രൻ എലത്തൂരിലും  ടി. ദാസൻ കൊയിലാണ്ടിയിലും  കാരാട്ട് റസാഖ് കൊടുവള്ളിയിലും  പി.ടി.എ. റഹീം  കുന്ദമംഗലത്തും  സ്ഥാനാർഥികളാവും എന്ന് ഉറപ്പായിട്ടുണ്ട്. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്നാണ് സി.പി.എം. തീരുമാനമെങ്കിലും ജയസാധ്യത കണക്കിലെടുത്ത് കോഴിക്കോട് നോർത്തിൽ എ. പ്രദീപ്കുമാർ തന്നെ വീണ്ടും രംഗത്തിറങ്ങും. കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ എന്നിവരാണ് യു.ഡി.എഫ്. പരിഗണനയിലുള്ളത്. ബി.ജെ.പി.ക്കുവേണ്ടി  സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും  മത്സരത്തിനെത്തുമ്പോൾ കോഴിക്കോട് നോർത്ത്   ഇത്തവണ കടുത്തമത്സരമാവും കാഴ്ചവെക്കുക.

വടകരയിൽ ആർ.എം.പി.ഐ.ക്ക്  യു.ഡി.എഫ്. പിന്തുണനൽകാനാണ് സാധ്യത. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയായിരിക്കും ആർ.എം.പി.ഐ.  സ്ഥാനാർഥി. സീറ്റ് കോൺഗ്രസിനാണെങ്കിൽ കെ.പി.സി.സി. സെക്രട്ടറി ഐ. മൂസ, നിർവാഹകസമിതി അംഗം അച്യുതൻ പുതിയേടത്ത് എന്നിവരെ പരിഗണിച്ചേക്കും. കഴിഞ്ഞതവണ മന്ത്രി സി.കെ. നാണു ജയിച്ച വടകര സീറ്റ് എൽ.ഡി.എഫ്.  ഇക്കുറി എൽ.ജെ.ഡി. ക്ക് കൊടുക്കാൻ സാധ്യതയുണ്ട്.

 നാദാപുരത്ത് കഴിഞ്ഞതവണ നേരിയ വോട്ടിന് പരാജയപ്പെട്ട  കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീൺകുമാറായിരിക്കും ഇത്തവണയും മത്സരിക്കുക. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറണമെന്നായിരുന്നു സി.പി.ഐ യുടെ ആദ്യനിലപാട്. മൂന്നുതവണവരെ ഒരാൾക്ക് മത്സരിക്കാമെന്ന സി.പി.ഐ.യുടെ പുതിയ തീരുമാനപ്രകാരം ഇ.കെ. വിജയൻ നാദാപുരത്ത് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. 

 കുറ്റ്യാടിയിൽ മുസ്‌ലിം ലീഗിലെ പാറക്കൽ അബ്ദുള്ള വീണ്ടും മത്സരിക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയെയാണ് സി.പി.എം. മനസ്സിൽ കാണുന്നത്. കൊയിലാണ്ടിയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ  എൻ. സുബ്രഹ്മണ്യൻ, കെ.പി. അനിൽകുമാർ, ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ,  എലത്തൂരിൽ കെ.പി.സി.സി. നിർവാഹകസമിതി അംഗം യു.വി. ദിനേശ് മണി, കെ.പി.സി.സി. സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ്, ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്  എന്നിവർ രംഗത്തുണ്ട്. കോഴിക്കോട് സൗത്തിൽ സിറ്റിങ്‌ എം.എൽ.എ. എം.കെ. മുനീർ തന്നെയാവും ലീഗ് സ്ഥാനാർഥി. കഴിഞ്ഞതവണ ഐ.എൻ.എലിന് നൽകിയ സൗത്ത് ഇക്കുറി സി.പി.എം. തിരിച്ചെടുക്കാനാണ് സാധ്യത. 

സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ  പുരുഷൻ കടലുണ്ടി ഒഴിയുമ്പോൾ പകരം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി  കെ.എം. സച്ചിൻദേവിനെയാണ് പരിഗണിക്കുന്നത്. യു.ഡി.എഫിൽ നടൻ ധർമജൻ ബോൾഗാട്ടിയുടെ പേര് സജീവമാണ്. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധുവും പട്ടികയിലുണ്ട്.

 പേരാമ്പ്രയിൽ  മന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെയാണ് എൽ.ഡി.എഫ്. പരിഗണനയിലുള്ളത്. മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബുവും കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തുമാണ്  യു.ഡി.എഫ്. ലിസ്റ്റിലുള്ളത്.  കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിലെ മുഹമ്മദ് ഇഖ്ബാലാണ് യു.ഡി.എഫിനുവേണ്ടി പേരാമ്പ്രയിൽ മത്സരിച്ചത്. ഇപ്പോൾ മാണി ഗ്രൂപ്പ് എൽ.ഡി.എഫിലാണ്. പേരാമ്പ്ര സീറ്റുതന്നെ വേണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെടുന്നുണ്ട്. പേരാമ്പ്ര കിട്ടിയില്ലെങ്കിൽ കുറ്റ്യാടിയാണ്  മാണി ഗ്രൂപ്പ് നോട്ടമിടുന്നത്. യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഇഖ്ബാൽ തന്നെയാണ് പാർട്ടി സ്ഥാനാർഥി. 

സിറ്റിങ്‌ എം.എൽ.എ.മാരായ  വി.കെ.സി. മമ്മദ്കോയയും (ബേപ്പൂർ), ജോർജ്‌ എം. തോമസും (തിരുവമ്പാടി) ഇത്തവണ മത്സരരംഗത്തുണ്ടാവില്ല.  മുസ്‌ലിം ലീഗ് കഴിഞ്ഞതവണ പരാജയപ്പെട്ട തിരുവമ്പാടി കോൺഗ്രസിന് കൊടുത്ത് പകരം സീറ്റുനൽകി വെച്ചുമാറണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമായിട്ടുണ്ട്. ബാലുശ്ശേരി സീറ്റ് കോൺഗ്രസ് എടുക്കുകയാണെങ്കിൽ കുന്ദമംഗലം മുസ്‌ലിം ലീഗിന് വിട്ടുകൊടുത്തേക്കും.

13 മണ്ഡലങ്ങൾ
1. വടകര
2. കുറ്റ്യാടി
3. നാദാപുരം
4. കൊയിലാണ്ടി
5. പേരാമ്പ്ര
6. ബാലുശ്ശേരി
7. എലത്തൂർ
8. കോഴിക്കോട് നോർത്ത്‌
9. കോഴിക്കോട് സൗത്ത്‌
10. ബേപ്പൂർ
11. കുന്ദമംഗലം
12. കൊടുവള്ളി
13. തിരുവമ്പാടി

2016
എൽ.ഡി.എഫ്. 11
യു.ഡി.എഫ്. 2