കോട്ടയം-പോയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സാരഥി ജോസ് കെ. മാണി ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലം. സാധാരണ ഗതിയിൽ ത്രികോണമത്സരത്തിനൊന്നും വലിയ സാധ്യതയില്ലെന്ന് എല്ലാവരും കരുതിയ ഇടം. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ലാതാക്കിയത് രണ്ട് വാരം ഓടിയ മാണി ഗ്രൂപ്പിലെ ത്രില്ലറാണ്. 
സ്ഥാനാർഥിയാകാൻ പി.ജെ. ജോസഫ് പ്രകടിപ്പിച്ച താത്‌പര്യമാണ് പാർട്ടിക്കുള്ളിൽ ഉരുൾപൊട്ടലുണ്ടാക്കിയത്. ആദ്യം ധാരണയിലെത്തിയെന്ന് വരുത്തിയും പിന്നീട് തന്ത്രപൂർവം ജോസഫിനെ ഒഴിവാക്കിയും നടത്തിയ നീക്കങ്ങൾക്കൊടുവിൽ തോമസ് ചാഴികാടനെ ഒരു രാത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിണങ്ങിനിന്ന ജോസഫിനെ ഇണക്കാൻ ഉമ്മൻചാണ്ടിയുടെ ഇടപെടൽ വേണ്ടിവന്നു. ഇനിയും മുറിവുണങ്ങാതെ ജോസഫ് ചാഴിക്കാടന്റെ കൺവെൻഷനെത്തി. 

കേരളാ കോൺഗ്രസിലെ കലഹമാണ് എതിരാളികളുടെ പ്രതീക്ഷ. അതാണ് കോട്ടയം മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർഥി വി. എൻ. വാസവന്റെയും എൻ.ഡി.എ. സാരഥി പി.സി. തോമസിന്റെയും ക്യാമ്പുകളെ സന്തോഷത്തിലാക്കിയത്.  
കോൺഗ്രസും ഘടകകക്ഷികളും ഒന്നായിനിന്നാൽ എതിരാളികളുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമെന്നാണ് യു.ഡി.എഫ്. പക്ഷം. 2009-ൽ രൂപം കൊണ്ട പുതിയ കോട്ടയം മണ്ഡലത്തിൽ പതിവില്ലാത്ത ചൂടുംചൂരുമുണ്ട്. അതിൽ സാധ്യതകൾ നിശ്ചയിക്കുക പ്രയാസം.

ഒട്ടും പരിചയപ്പെടുത്തൽ വേണ്ടതില്ലാത്ത സാരഥികളാണ് മൂവരും. വി. എൻ. വാസവൻ മുൻ കോട്ടയം എം. എൽ.എ.യും നിലവിൽ സി.പി.എം. ജില്ലാ സെക്രട്ടറിയും. തോമസ് ചാഴികാടൻ നാലുവട്ടം ഏറ്റുമാനൂരിന്റെ ജനപ്രതിനിധി. പാർട്ടിയിലെ ജനപ്രിയമുഖം. പി.സി. തോമസ് മുൻകേന്ദ്രമന്ത്രിയും ആറ് തവണ ലോക്‌സഭാംഗവും. 

ആദ്യം സ്ഥാനാർഥിയെ നിശ്ചയിച്ച ഇടത് മുന്നണി  വാസവനുവേണ്ടി എണ്ണയിട്ട യന്ത്രം പോലെ കളത്തിലുണ്ട്. പ്രചാരണത്തിൽ അവർ വളരെ മുന്നിലുമെത്തി. ഒട്ടേറെ സാമൂഹികസേവന പരിപാടികളുടെ അമരക്കാരനായ വാസവന് അതെല്ലാം വോട്ടായിമാറുമെന്ന പ്രതീക്ഷയുമുണ്ട്. വൈകിയെങ്കിലും ഒറ്റദിനം കൊണ്ട് പ്രചാരണസന്നാഹം സജ്ജമാക്കിയാണ് തോമസ് ചാഴികാടൻ പ്രചാരണം തുടങ്ങിയത്. 
പാർട്ടി നേതാവ് ജോസ് കെ. മാണി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് തേടുന്നത്. മുന്നണി ആലസ്യങ്ങൾ തീർത്ത് ഒപ്പമുണ്ട് താനും. 
മൂവാറ്റുപുഴയിലെ അട്ടിമറി ജയം ഓർമിപ്പിച്ചാണ് പി.സി. തോമസിന്റെ പര്യടനം. 

ആർ.എസ്.എസ്. അണികൾ നടത്തുന്ന അടിത്തട്ടിലെ പ്രവർത്തനം മുന്നണിക്ക് നേട്ടമാണ്. മാണിക്കൊപ്പമായിരുന്ന സമയം മുതൽ മണ്ഡലങ്ങളിലുള്ള വ്യക്തിബന്ധങ്ങളും പി.സി.ക്ക് മുതൽക്കൂട്ടാണ്. സഭാതർക്കങ്ങളും ചർച്ച് ബില്ലും ശബരിമലയുമെല്ലാം ചർച്ച ചെയ്യുന്ന കോട്ടയത്ത് ഇക്കുറി ആര് കോട്ട കെട്ടും. പഴയതുപോലെ അതിന് എളുപ്പത്തിൽ മറുപടിയില്ല.

ടേണിങ് പോയന്റ്

1. മാണി ഗ്രൂപ്പിലെ പിണക്കങ്ങൾ
ഏഴ് നിയമസഭാമണ്ഡലങ്ങളിൽ രണ്ടിടം  ഇടത് മുന്നണിക്കും അഞ്ചിടം ഐക്യമുന്നണിക്കും സ്വന്തമാണ്. 2009-ലും 2014-ലും ജോസ് കെ. മാണിക്ക് വമ്പൻ ഭൂരിപക്ഷം കിട്ടി. പക്ഷേ, പാർലമെന്റിൽ ഒരു വർഷം ബാക്കി നിൽക്കേ അദ്ദേഹം രാജ്യസഭയിലേക്ക് കൂടുമാറ്റിയത് ഇപ്പോൾ എതിരാളികളുടെ പ്രചാരണായുധമാണ്. 
മണ്ഡലത്തെ അനാഥമാക്കി അദ്ദേഹം പോയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് നേതാക്കൾ. മേൽപ്പാലങ്ങളും ബൈപ്പാസുകളുമൊക്കെ നിരത്തിയാണ് മറുപടി. രാജ്യസഭാ തിരഞ്ഞെടുപ്പും സ്ഥാനാർഥിനിർണയവും ഒക്കെയായി മാണി ഗ്രൂപ്പിലുണ്ടായ വിവാദങ്ങളാണ് വോട്ടിലെ ആകാംക്ഷ.
2. സഭാതർക്കം, ശബരിമല
ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിക്കേസുകൾ എങ്ങനെ വോട്ടിങ്ങിനെ സ്വാധീനിക്കുമെന്നത് പ്രശ്നമാണ്‌. സുപ്രീംകോടതി വിധിയാണ് ഇവിടെയും ചർച്ച. പള്ളികൾ തുറക്കുമോ, ആർക്കാണ് അധികാരം എന്നിവ ഇനിയും തീരാത്ത വിഷയം. 
ശബരിമലയിലെ വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കഴിഞ്ഞാൽ ഏറ്റവുമധികം നാമജപങ്ങളും പരിപാടികളും നടന്ന ഇടം. കത്തോലിക്കാ സഭ ആരെ സഹായിക്കുമെന്നത്. എൻ.എസ്.എസ്. പിന്തുണ ആർക്ക് കിട്ടുമെന്നത്. ചർച്ച് ബില്ലിന്റെ അലയൊലികൾ.

ശക്തി

  • യു.ഡി.എഫ്.: നിയമസഭാമണ്ഡലങ്ങളിലെ നിലവിലുള്ള വോട്ട് നില. തോമസ് ചാഴികാടന്റെ സൗമ്യസാന്നിധ്യം എല്ലാ പിണക്കങ്ങളെയും മറികടക്കുമെന്ന പ്രതീക്ഷ. ഉമ്മൻചാണ്ടിയുടെ സാന്നിധ്യം.
  • എൽ.ഡി.എഫ്.: വാസവന്റെ ജനകീയ ഇടപെടലുകൾ. സി.പി.എമ്മിന്റെ സംഘടനാബലം. സഭകളിൽ ചിലത് പിന്തുണ നൽകുമെന്ന പ്രതീക്ഷ.
  • എൻ.ഡി.എ.: പി.സി. തോമസിന്റെ സമുദായ അടുപ്പങ്ങൾ. ആർ.എസ്.എസ്. പ്രവർത്തനം. ശബരിമല.

ദൗർബല്യം

  • ആഭ്യന്തര തർക്കം, ജോസഫിന്റെ പിണക്കം.
  • ശബരിമലയും സഭാതർക്കങ്ങളും എങ്ങനെ ബാധിക്കുമെന്ന ആശങ്ക.
  • മറ്റ് മുന്നണികളെ മറികടക്കാനുള്ള വോട്ട് കണ്ടെത്തുക.