kottayamവലത്തോട്ട് ചായ്‍വുള്ള ലോക്‌സഭാ മണ്ഡലമാണ് കോട്ടയം. യു.ഡി.എഫിലെ ഘടകകക്ഷികൾ തമ്മിലുള്ള രസതന്ത്രം മാറിയപ്പോൾ ഇവിടെ ചെങ്കൊടി പാറി. ഇപ്പോഴും യു.ഡി.എഫിനാണ് മേൽക്കൈ. എന്നാൽ, കോൺഗ്രസും കേരള കോൺഗ്രസ് മാണിവിഭാഗവും തമ്മിലുള്ള ഇഴയടുപ്പം ഇന്നും നിർണായകഘടകം. കൈപ്പത്തിയുടെ തലോടലിൽ രണ്ടില കൂടുതൽ തഴയ്ക്കുമോ എന്നറിയണമെങ്കിൽ സ്ഥാനാർഥിപ്രഖ്യാപനം വരണം.

കോട്ടയം മണ്ഡലം രൂപവത്‌കൃതമായശേഷം 16 തിരഞ്ഞെടുപ്പുകൾ നടന്നു. 11 തവണയും ജയം യു.ഡി.എഫിനായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറിജയം നേടി. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിന്റെയും പിന്നീട് കേരള കോൺഗ്രസിന്റെയും പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. എൽ.ഡി.എഫിനുവേണ്ടി സി.പി.എം. സ്ഥാനാർഥികളാണ് അഞ്ചുതവണയും ജയിച്ചത്. ഇതിൽത്തന്നെ, മൂന്നുതവണ സുരേഷ്‌കുറുപ്പ് മണ്ഡലം ചുവപ്പിച്ചു. തുടർച്ചയായി മൂന്നുതവണ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തുകൊണ്ട് മണ്ഡലം വലതുചായ്‌വ് കൂടുതൽ പ്രകടമാക്കി. 2009-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ, കോട്ടയം കൂടുതൽ കരുത്തുള്ള വലതുകോട്ടയായി.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദളിലെ മാത്യു ടി. തോമസിനെ 1,20,599 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കേരള കോൺഗ്രസ്-എമ്മിലെ ജോസ് കെ. മാണി പാർലമെന്റംഗമായത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളിൽ യു.ഡി.എഫിനായിരുന്നു ജയം. ഏറ്റുമാനൂരിലും വൈക്കത്തും എൽ.ഡി.എഫും ജയിച്ചു.

ഇത്തവണ പക്ഷേ, ഇരു ക്യാമ്പിലും അനിശ്ചിതത്വമുണ്ട്. ജോസ് കെ. മാണി രാജ്യസഭാംഗമായി. സീറ്റ് കേരള കോൺഗ്രസിനുതന്നെയാണെന്ന് കോൺഗ്രസും കേരള കോൺഗ്രസ്-എമ്മും പറയുന്നുണ്ട്. ഇടയ്ക്ക്, മണ്ഡലം കോൺഗ്രസിന് നൽകുമെന്ന് പ്രചാരണം വന്നു. ഉമ്മൻചാണ്ടി സ്ഥാനാർഥിയാകുമെന്ന് പ്രചരിച്ചെങ്കിലും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ സ്ഥാനാർഥിയാകുമെന്നും പ്രചരിച്ചു.

രണ്ടുസീറ്റെന്ന അവകാശവാദവുമായി നിൽക്കുന്ന പി.ജെ. ജോസഫിന്റെ നിലപാട് അറിയാനിരിക്കുന്നതേയുള്ളൂ. കേരള കോൺഗ്രസ് (എം) ആണ് മത്സരിക്കുന്നതെങ്കിൽ യൂത്ത് ഫ്രണ്ട്-എം മുൻ പ്രസിഡന്റുകൂടിയായ അഡ്വ. പ്രിൻസ് ലൂക്കോസ് സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.

ഇടതുപക്ഷത്തും അവ്യക്തതയുണ്ട്. സീറ്റ് സി.പി.എം. ഏറ്റെടുക്കുമെന്ന് ഏറക്കുറെ ഉറപ്പായി. പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റി, ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് മാത്രമാണ് സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുള്ളത്. വനിതകൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നാൽ, ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.

ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവ് പി.സി. തോമസിന് കോട്ടയം സീറ്റ് നൽകാൻ എൻ.ഡി.എ.യിൽ തത്ത്വത്തിൽ ധാരണയായി. മുമ്പ് ബി.ജെ.പി.യുടെകൂടി പിന്തുണയോടെ പി.സി. തോമസ് മൂവാറ്റുപുഴ എം.പി.യായിരുന്നു. അതിനുമുമ്പ് മൂന്നുതവണയും ഇതേ മണ്ഡലത്തെ പി.സി. തോമസ് പ്രതിനിധാനംചെയ്തു. മൂന്ന് കേരള കോൺഗ്രസുകളുടെ പോരാട്ടത്തിനും കോട്ടയം വേദിയായേക്കാം.

റബ്ബർവിലയിടിവ് വോട്ടെടുപ്പിനെ കാര്യമായി സ്വാധീനിക്കും. ഇക്കാര്യത്തിൽ പക്ഷേ, എല്ലാ മുന്നണികൾക്കും ന്യായാന്യായങ്ങൾ നിരത്താനുണ്ട്. ക്രൈസ്തവ, നായർ വോട്ടുബാങ്കുകളിലെ മാറ്റങ്ങൾ ഫലം നിർണയിക്കും. ശബരിമല യുവതീപ്രവേശവിധിയുടെ അനുരണനങ്ങളും ഉണ്ടാകും.

കോട്ടയം
1. പിറവം 2. വൈക്കം
3. കടുത്തുരുത്തി
4. ഏറ്റുമാനൂർ 5. കോട്ടയം
6. പുതുപ്പള്ളി 7. പാലാ

ആകെ വോട്ടർമാർ 14,92,711
പുരുഷൻമാർ 7,32,435
സ്ത്രീകൾ 7,60,269
ട്രാൻസ്ജെൻഡർ 7
 
വോട്ടുനില 2014
ജോസ് കെ. മാണി (യു.ഡി.എഫ്.) 4,24,194
മാത്യു ടി. തോമസ് (എൽ.ഡി.എഫ്.) 3,03,595
നോബിൾ മാത്യു (എൻ.ഡി.എ). 44,357

content highlights:kottayam loksabha constituency analysis