തിരശ്ശീല വീണ്ടും ഉയരുമ്പോള്‍ നാടകം തുടരുകയാണ്. പുതിയ രണ്ട് ബുദ്ധിജീവികളാണ് കഴിഞ്ഞ രംഗത്തില്‍ സ്റ്റേജില്‍ ഉണ്ടായിരുന്നത്. അവരവിടെത്തന്നെ തുടരുകയാണ്. പീതാംബരനും ഹസ്സനും. ഒരാള്‍ ദത്തെടുക്കലിനാണൊരുങ്ങുന്നത്. അപരന്‍ ദത്ത് പോകാനും.      

തിരുവിതാംകൂര്‍ ഭരണത്തില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ് ദത്ത് സമ്പ്രദായം. തൃപ്പടിത്താനം നടത്തിയ വീരമാര്‍ത്താണ്ഡവര്‍മ വരെ ദത്തിലൂടെയെത്തിയ കുടുംബത്തിലെ അംഗം. ആധുനിക ഭരണത്തിലും രാഷ്ട്രീയത്തിലും ദത്ത് സമ്പ്രദായം തെറ്റാണെന്നാരും പറയില്ല. 

     നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഒരു ഇരിപ്പിടമുണ്ട്. അതില്‍ ഇരിക്കാന്‍ തല്‍ക്കാലം ആളില്ല. രണ്ട് പേരുണ്ടായിരുന്നത് പല കെ.എസ്.ആര്‍.ടി ബസ്സുകളെപ്പോലെതന്നെ കട്ടപ്പുറത്താണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് മാത്രമായി ഒരു മന്ത്രിയില്ലെന്നത് കേരളജനതക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. രൊക്കമായി ഉണ്ടായിരുന്ന രണ്ട് എം.എല്‍.എയും ഒന്നൊന്നര കൊല്ലം കൊണ്ട് ഭരിച്ച് ഭരിച്ച് പുറത്തായതാണ്. കോടതിയിലൂടെ തിരിച്ചുവരാന്‍ രണ്ടുപേരും ഫയല്‍വാന്മാരെപ്പോലെ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പക്ഷേ പെട്ടെന്നൊന്നും അത് നടപ്പായില്ലെങ്കില്‍ കേരളത്തിലെ ഗതാഗതം കുളമാകും. 

ganesh kumar

    ഈ പ്രശ്‌നം പരിഹരിക്കാനാണ് മഹാബുദ്ധിമാനായ പീതാംബരന്‍ മാസ്റ്റര്‍ വഴികണ്ടെത്തിയത്. ശരദ്പവാറിന്റെ കേരളത്തിലെ പ്രതിപുരുഷനും എന്‍.സി.പിയുടെ എല്ലാമെല്ലാമുമാണ് മാഷ്. പിണറായി മന്ത്രിസഭയിലെ തങ്ങളുടെ ആളില്ലാ കസേരയിലിരിക്കാനും കേരളത്തിലെ ഗതാഗതത്തെ രക്ഷിക്കാനും പറ്റിയ ദത്തുകിട്ടുമോ എന്നായി മാഷ്. ഗതാഗതത്തില്‍ ദത്ത് പുത്തനല്ല. ലോനപ്പന്‍ നമ്പാടന്‍ മുതല്‍ തുടങ്ങുന്നതാണ്. മന്ത്രിയാവാതെ പുരനിറഞ്ഞ് നില്‍ക്കുന്ന ഗണേഷിന്റെ മേല്‍ പീതാംബരന്‍ മാഷുടെ കണ്ണ് പതിയുന്നു. 

എന്‍.സി.പിയുടെ കണക്കില്‍ ഒരു മന്ത്രി വേണമെന്നതല്ലാതെ ശശീന്ദ്രനോ തോമസ് ചാണ്ടിയോ തന്നേ വേണമെന്നില്ല. തല്‍ക്കാലത്തേക്ക് ഗണേഷിനെ വിട്ടുതരുമോ എന്ന് രക്ഷാകര്‍ത്താവായ പിള്ളയോട് ചോദിക്കുന്നു. സ്വന്തമല്ലെങ്കിലും ഒരു മന്ത്രിസ്ഥാനം വേണമെന്നാഗ്രഹിക്കുന്ന പിള്ളയ്ക്ക് പെരുത്ത് സന്തോഷം. കേരള കോണ്‍.പിള്ള ഗ്രൂപ്പിനെ തല്‍ക്കാലം എന്‍.സി.പിയില്‍ ലയിപ്പിക്കുക, ഗണേഷിനെ മന്ത്രിയാക്കുക- രണ്ട് പ്രശ്‌നമാണ് പരിഹരിക്കപ്പെടുക. പിള്ള കേരളയക്ക് മന്ത്രി, എന്‍.സി.പിക്ക് മന്ത്രി- പോരാത്തതിന് ഗതാഗത മന്ത്രി സ്ഥാനത്ത് എകസ്പീരിയന്‍സ്. പല ഗതാഗത മന്ത്രിമാര്‍ക്കുമുള്ളതുപോലുള്ള ഗുണഗണങ്ങള്‍.. 

ഫോണ്‍വിളി വിവാദത്തില്‍ കേസില്‍നിന്നും രക്ഷപ്പെട്ടാല്‍ മന്ത്രി താനായിരിക്കുമെന്ന് ഉറച്ച് വിസ്വസിക്കുന്ന ശശീന്ദ്രനും കായല്‍ കയ്യേറ്റക്കേസില്‍ വിടുതല്‍ കിട്ടിയാല്‍ താനായിരിക്കും മന്ത്രിയെന്ന് വിശ്വസിക്കുന്ന തോമസ് ചാണ്ടിയും കൂടി ദത്ത് തടയാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. പവാര്‍- പിള്ള കൂടിക്കാഴ്ച നടക്കട്ടെ- എന്‍.സി.പിക്ക് കേരളത്തില്‍ പിള്ളയിലൂടെ പുതിയ പവര്‍, പിള്ളക്ക് പവാറിലൂടെ ദേശീയ അംഗീകാരം... പീതാംബരന്‍ മാസ്റ്റരുടെ ബുദ്ധി കൊണ്ട് കേരളത്തിലെ എന്‍.സി.പി ഗതിപിടിക്കുമെന്ന് ഉറപ്പ്.

mm hassan

പീതാംബരന്‍ മാഷുടെ പഴയ സഹപ്രവര്‍ത്തകനാണ് എം.എം.ഹസ്സന്‍. എന്നുവെച്ച് ഹസ്സന്റെ പുതിയ ബുദ്ധിക്ക് കോപ്പിയടിച്ചതൊന്നുമല്ല. തികച്ചും മൗലികമാണ്. എ ഗ്രൂപ്പില്‍ എക്കാലത്തും രണ്ടാമൂഴക്കാരനാണ് ഹസ്സന്‍. എന്നാല്‍ സുധീരന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ആക്ടിങ്ങ് കെ.പി.സി.സി.പ്രസിഡന്റായതാണ്. അങ്ങനെയിരിക്കെയാണ്  തന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്. എ ഗ്രൂപ്പിന്റെ രക്ഷാധികാരിയായിരുന്ന എ.കെ.ആന്റണിയെയും പഴയ ഐ ഗ്രൂപ്പിന്റെ എല്ലാമെല്ലാമായ കെ.മുരളീധരനെയും ഒരുമിച്ച് സുഖിപ്പിക്കുക, അതിനായി സ്വന്തം ഗ്രൂപ്പിനെ ഒന്ന് ഞോണ്ടുക- ലീഡറെ മുഖ്യമന്ത്രി സഥാനത്തുനിന്ന് പുറത്താക്കരുതെന്ന് ആന്റണി ഉമ്മന്‍ചാണ്ടിയോട് പറയുന്നത് താന്‍ കേട്ടിരുന്നു, പക്ഷേ... ഉച്ചത്തിലുള്ള ആത്മഗതം... അതാണ് ലീഡറുടെ അനുസ്മരണചടങ്ങില്‍ ഹസ്സന്‍ നടത്തിയത്. കെ.പി.സി.സി.യുടെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തര്‍ക്കംകൊണ്ട് കുഴയും. അപ്പോള്‍ ഒത്തുതീര്‍പ്പായി ഇപ്പോഴത്തെ ആക്ടിങ്ങായ താന്‍ സ്ഥിരം പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യപ്പെടുക- ഇതാണ് ഹസ്സന്റെ ബുദ്ധിയെന്നാണ് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. 
      
 തിരശ്ശീല പൊങ്ങിയതേയുള്ളൂ , നാടകം ഇനിയാണ്...