സ്വർണക്കള്ളക്കടത്തും ലൈഫ്‌മിഷൻ വിവാദവും സ്പ്രിംഗ്ളറുമൊക്കെ ഉയർത്തിയ ആരോപണങ്ങളുടെ പൊടിപടലങ്ങൾ പൊതുബോധത്തിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. അത്‌ ഭരണവിരുദ്ധവികാരമായി മാറുമെന്ന ധാരണകളാണ്‌ തദ്ദേശഭരണ തിരഞ്ഞെടുപ്പുഫലം തകർത്തത്‌. ഇതുപോലെയുള്ള ആരോപണങ്ങളുയരുമ്പോൾ ഭരണകക്ഷിക്കെതിരേ തിരിയുന്ന കേരളീയമനസ്സ്‌ എന്തുകൊണ്ടാണ്‌ ഇപ്പോൾ അങ്ങനെ പ്രതികരിക്കാതിരുന്നത്‌? രാഷ്ട്രീയവ്യാഖ്യാനങ്ങളിൽമാത്രം ഉത്തരംതേടേണ്ട വിഷയമല്ല ഇത്‌. ജനമനസ്സിനെ സ്വാധീനിക്കുന്ന മറ്റുപലതും ഇതിലുണ്ട്‌.

 നേരിട്ടുള്ള അനുഭവങ്ങളുടെ......
നാടിന്‌ പൊതുവായി ഗുണംചെയ്യുന്ന വലിയ വികസനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി വോട്ടുചോദിക്കുന്നതാണ്‌ പരമ്പരാഗതശൈലി. ഇതൊക്കെ ജനങ്ങൾക്ക്‌ പരോക്ഷമായ ഗുണമുണ്ടാക്കുന്നുവെന്നത്‌ സത്യമാണ്‌. എന്നാൽ, ഇതൊന്നും ജനമനസ്സിൽ ഉറച്ചുനിൽക്കണമെന്നില്ല. കുടുംബങ്ങളിൽ പൊതുചർച്ചയാകണമെന്നുമില്ല. എല്ലാവർക്കും നേരിട്ട്‌ അനുഭവപ്പെടുന്ന ഇടപെടലുകൾ ഉണ്ടാകുമ്പോഴാണ് ജനങ്ങൾക്ക്‌ ഭരണത്തോട്‌ ചായ്‌വുണ്ടാകുന്നത്‌. തമിഴ്‌നാട്ടിൽ വീടുകളിലേക്കും വ്യക്തികളിലേക്കുമൊക്കെ എത്തുന്ന കാര്യങ്ങൾ ജയലളിത പ്രയോഗിച്ചിട്ടുണ്ട്‌. ഇതൊക്കെ വിലകുറഞ്ഞ സമീപനമായിട്ടാണ്‌ കേരളത്തിലെ രാഷ്ട്രീയനേതാക്കൾ കരുതിയിട്ടുള്ളത്‌. ജനങ്ങൾക്ക്‌ ഗുണഫലങ്ങൾ നേരിട്ട്‌ അനുഭവിക്കാൻപോന്നവിധത്തിൽ, അവർ നേരിട്ട്‌ സമ്പർക്കം പുലർത്തുന്ന പൊതുവിദ്യാഭ്യാസസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും പൊതുവിതരണശൃംഖലയും ഉണർന്നുവെന്നത്‌ വലിയ സ്വാധീനഘടകങ്ങളായി മാറി.

കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികവ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും സൗജന്യകിറ്റുകൾ പൊതുവിതരണ സംവിധാനങ്ങളിലൂടെ ലഭ്യമാക്കിയപ്പോൾ ഭരണത്തിന്റെ സാന്നിധ്യം ജനങ്ങൾക്ക്‌ അനുഭവപ്പെട്ടു. റേഷൻകടയിൽ പോകാത്തവർപോലും ഇത്‌ വാങ്ങാൻപോയി. പൊതുവിതരണ സമ്പ്രദായത്തിൽവന്ന ഗുണപരമായ മാറ്റങ്ങളുമായി പരിചയപ്പെട്ടു. ഈ സൗജന്യകിറ്റുകൾ കുടുംബങ്ങളിൽ ചർച്ചാവിഷയമായി. അഴിമതിയാരോപണങ്ങൾക്കുംമീതെ ഈ നല്ല അനുഭവങ്ങളെ ജനങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്‌.

രാഷ്ട്രീയ ദർശനങ്ങൾക്ക്‌ മുകളിലാണോ ഈ സൗജന്യ കിറ്റ്‌ എന്ന്‌ രാഷ്ട്രീയപണ്ഡിതന്മാർ ചോദിക്കും. ഭക്ഷണവും വസ്ത്രവും വീടുമെന്നത്‌ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളല്ലേ? ഇത്‌ നൽകുന്നവരെ ഇഷ്ടപ്പെടുന്നത്‌ മനശ്ശാസ്ത്രപരമായി ശരിയാണെന്ന വിചാരം എല്ലാ രാഷ്ട്രീയകക്ഷികൾക്കും വേണ്ടതല്ലേ? ഒരുപക്ഷേ, ഇതിനെ സമർഥമായി, രാഷ്ട്രീയമായി വിനിയോഗിച്ചതിന്റെ ഫലവുമാകാം ഈ ജനവിധി. ഇതിൽ ജനങ്ങൾക്ക്‌ പ്രയോജനപ്പെട്ട രാഷ്ട്രീയമുണ്ടെന്നത്‌ തർക്കമില്ലാത്ത കാര്യമാണ്‌.

നിപ കൈകാര്യംചെയ്ത രീതിയും കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളും പൊതുജനാരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള തിരിച്ചറിവുകൾ പൊതുസമൂഹത്തിന്‌ നൽകി. മഹാമാരി നേരിടുന്ന കാലത്ത്‌ ഒട്ടേറെപേർ ഇതിന്റെ ഗുണഭോക്താക്കളായി. ആശയക്കുഴപ്പ കാലഘട്ടത്തിൽ ക്വാറന്റീനിലിരിക്കുന്നവരെ തേടിയെത്തിയ ആശ്വാസഫോൺവിളികളും സഹായംനൽകലുമൊക്കെ കരുതലിന്റെ പ്രതീകമായി. ക്ഷേമപെൻഷനുകൾ എത്തേണ്ട കൈകളിൽ എത്തിയതും കരുതലിന്റെ സാക്ഷ്യമായി.

പ്രതിസന്ധിവേളകളിൽ ഒപ്പമുണ്ടെന്ന തോന്നലുണ്ടാകുമ്പോൾ ചിലരുടെയെല്ലാം മനസ്സിൽ അഴിമതിയാരോപണങ്ങളുടെ പ്രസക്തി നഷ്ടമാകാനിടയുണ്ട്‌. അഴിമതിയാരോപണങ്ങൾ നിസ്സാരമാണെന്നല്ല പറയുന്നത്‌. ജനം നേരിട്ടനുഭവിക്കുന്ന ഗുണഫലങ്ങളുടെ സ്വാധീനം കൂടുതലുണ്ടെന്നുമാത്രമാണ്‌ സൂചിപ്പിക്കുന്നത്‌. ജനവിധിയുടെ മനശ്ശാസ്ത്രം നിർണയിക്കുന്ന ഒരു ഘടകം ഇതാകാനിടയുണ്ട്‌. പൗരന്മാരുടെ അടിസ്ഥാനസൗകര്യങ്ങളിൽ ഊന്നൽ നൽകിയുള്ള കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ ഭരണപരീക്ഷണത്തിന്റെ വിജയം ഓർക്കുക. ഒരു വ്യവസായസ്ഥാപനത്തിന്റെ മേധാവി നടത്തുന്ന പ്രസ്ഥാനമെന്നതുപോലും വിസ്മരിച്ചാണ്‌ ജനം അതിന്‌ പിന്തുണനൽകുന്നത്‌. ഓരോ പൗരനും നേരിട്ടനുഭവിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കാമെന്ന പുതിയ രാഷ്ട്രീയപാഠമാണത്‌ നൽകുന്നത്‌.

 പ്രവർത്തിക്കാനിടയുള്ള നേതാവുണ്ടെന്ന വിചാരം
ഏതൊരു കക്ഷിയെ സ്വീകരിക്കുമ്പോഴും ജനമനസ്സ്‌ ഉറ്റുനോക്കുന്നത്‌ ആ പ്രസ്ഥാനത്തെ നയിക്കുന്ന ശക്തമായ നേതൃസാന്നിധ്യങ്ങളെയാണ്‌. ഇത്തരം ബിംബങ്ങളിലൂന്നിയ വോട്ടിങ്‌ ഇന്ത്യൻ സാഹചര്യത്തിൽ പതിവുള്ളതാണ്‌. ഏകാധിപതിയാണെങ്കിലും ഭരണംനടന്നാൽമതിയെന്ന വിചാരമുള്ളവരുടെ നാടാണിത്‌. പറയുന്നത്‌ നടപ്പാക്കുന്നതിൽ കരുത്തുകാട്ടുന്നവരെ മോഹിക്കുന്ന മനസ്സുള്ളവർ ധാരാളം. പ്രളയം, നിപ, കോവിഡ്‌ തുടങ്ങിയ വലിയ പ്രതിസന്ധികളിൽ അചഞ്ചലനായി നിൽക്കുകയും കാര്യങ്ങൾ പറയുകയും വിമർശനങ്ങളുടെ മുനയൊടിക്കുകയുംചെയ്ത മുഖ്യമന്ത്രിയെ വെറുക്കാത്തവർ ധാരാളം. കേരളീയമനസ്സ്‌ ആഗ്രഹിക്കുന്ന നേതൃബിംബത്തിന്റെ ആൾരൂപമായി കണക്കാക്കിയവർ അതിനെക്കാൾ കൂടുതലുണ്ടാകണം; പ്രത്യേകിച്ചും, മറുവശത്ത്‌ അത്തരം ബിംബങ്ങളുടെയും നേതൃസാന്നിധ്യത്തിന്റെയും  ശൂന്യതയുണ്ടാകുമ്പോൾ. ഇത്‌ ജനമനസ്സിനെയും ജനവിധിയെയും സ്വാധീനിച്ച ഒരു ഘടകമാകാം. ഭരണവുമായി ബന്ധപ്പെട്ടുള്ള പൊതുവായ ഈ കാര്യങ്ങൾക്കൊപ്പംതന്നെ സ്ഥാനാർഥിനിർണയത്തിൽ കാണിച്ച യുക്തികളും വിജയഘടകങ്ങളിൽപ്പെടുന്നു. ഭരണത്തിലിരിക്കുന്ന കക്ഷിക്കെതിരേ വോട്ടുവീഴുന്ന പതിവുരീതിയിൽനിന്നുള്ള ഈ മാറ്റത്തിൽനിന്ന്‌ എല്ലാ രാഷ്ട്രീയകക്ഷികൾക്കും പഠിക്കാൻ ഏറെ പാഠങ്ങളുണ്ട്‌. ഇത്‌ ഉൾക്കൊണ്ടാൽ ഗുണം ജനങ്ങൾക്കാവും.

മാനസികാരോഗ്യവിദഗ്‌ധനും സാമൂഹിക ചിന്തകനുമാണ്‌ ലേഖകൻ