തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ താമസിയാതെ നടക്കും. തുടർന്ന് വിവിധ പദ്ധതികളുടെ പ്രവർത്തനത്തിനുള്ള സ്റ്റാൻഡിങ് കമ്മിറ്റികളും സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിക്കും. പ്രതിപക്ഷ-ഭരണപക്ഷ ഭേദമില്ലാതെ ഭരണസമിതി പ്രവർത്തിച്ചുതുടങ്ങും. എന്നാൽ, ആശയ തലത്തിലുള്ള അത്തരമൊരു കൂട്ടായ്മയെക്കുറിച്ച്, നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുടെ മുൻപ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ സംശയമുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ അവലോകനപ്രകാരം രാജ്യത്തെ ആകെ അംഗങ്ങളുടെ 20 ശതമാനത്തോളം മാത്രമാണ് സക്രിയമായി പ്രവർത്തിക്കുന്നത്. വികേന്ദ്രീകരണത്തിൽ മുൻനിരയിലുള്ള കേരളത്തിലും സ്ഥിതിഗതികൾ അത്ര ആശാവഹമല്ല എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

 സജീവമാവണം കമ്മിറ്റികൾ
തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് വിവിധ കമ്മിറ്റികളിലൂടെയാണ്. ജനാധിപത്യരീതിയിലാണ് അവയുടെ ഘടനയും. എന്നാൽ, മിക്കതും കൃത്യമായി പ്രവർത്തിക്കുന്നില്ല. തദ്ദേശസമിതി അധ്യക്ഷന്മാർ കേന്ദ്രീകൃതമായി പ്രവർത്തിക്കുമ്പോൾ അവയുടെ ഉദ്ദേശ്യലക്ഷ്യം ഫലപ്രദമാവാതെ പോവുന്നു. സ്റ്റാൻഡിങ് കമ്മിറ്റികളുടേതുൾപ്പെടെയുള്ള നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും പരിഗണനകിട്ടാതെ വരുന്ന രീതി മാറണം. ഭരണം അധ്യക്ഷന്മാരിലേക്ക് മാത്രമായി ചുരുങ്ങരുത്.

 സേവാഗ്രാം കേന്ദ്രങ്ങൾ
മുന്നണികളുടെ പ്രചാരണപത്രികകളിൽ ഇടംപിടിച്ച സേവാഗ്രാം കേന്ദ്രങ്ങൾ യാഥാർഥ്യമാവുകതന്നെ വേണം. അവ ഗ്രാമസഭയുടെ സെക്രട്ടേറിയറ്റ് എന്ന നിലയിൽ പൗരഭരണകേന്ദ്രമായി പ്രവർത്തിക്കണം. ഗ്രാമസഭായോഗം ചേർന്ന് നിർദേശങ്ങൾ വെച്ചു പിരിഞ്ഞാൽ ഇപ്പോൾ മൂന്നുമാസത്തേക്ക് ശൂന്യതയാണ്. ഇതു സംഭവിച്ചുകൂടാ. ഗ്രാമസഭയുടെ ആസ്ഥാനം എന്ന നിലയിൽ വാർഡിന്റെ എല്ലാ വികസന പരിപാടികളുടെയും സിരാകേന്ദ്രമായി സേവാഗ്രാം കേന്ദ്രങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ട്. വാർഡ് വികസന സമിതിയുടെ കേന്ദ്രമായും അംഗത്തിന്റെ ഓഫീസായും അതു പ്രവർത്തിക്കണം.

 മാറ്റത്തിന്റെ  പ്രതിനിധികൾ
വാർഡംഗങ്ങൾ പ്രാദേശിക വികസനത്തിന്റെ ചാലകശക്തികളായി മുൻനിരയിൽ ഉണ്ടാവണം. നൂതനങ്ങളായ ഒട്ടേറെ കർമപരിപാടികൾ ആവിഷ്കരിക്കുകയാണ് പ്രധാനമായിട്ടുള്ളത്. ഇതിനായി വാർഡിന്റെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച് വ്യക്തമായ അവബോധം ഉണ്ടാവണം. നിലവിലെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് സർവേ നടത്തുക എന്നത് ആദ്യ പരിപാടിയാകാം. മനുഷ്യവിഭവ ശേഷിയുടെ വിവരശേഖരണംകൂടി നടത്തി സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുകയും വേണം. വാർഡിലെ ജലസ്രോതസ്സുകളെ സംബന്ധിച്ചും നീർത്തടങ്ങളെക്കുറിച്ചും മനസ്സിലാക്കുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യണം. കുടിവെള്ള പ്രശ്നപരിഹാരം, മഴവെള്ള സംരക്ഷണം, പ്രകൃതിനശീകരണം തടയൽ എന്നിവ മുഖ്യപ്രവർത്തനങ്ങളാക്കി മാറ്റണം. വാർഡിലെ സാമൂഹിക സ്ഥാപനങ്ങളായ വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. സാംസ്കാരിക സ്ഥാപനങ്ങൾ, കായിക ക്ലബ്ബുകൾ, കായികവിനോദ സ്ഥലങ്ങൾ എന്നിവയുടെ നിലവിലെ അവസ്ഥയിൽനിന്ന്‌ മുന്നോട്ടുപോകാനുള്ള നിർദേശങ്ങൾ വെക്കുകയും പ്രവർത്തനം ഏറ്റെടുക്കുകയും വേണം.

 ഗ്രാമസഭയ്ക്ക് മുന്തിയ പരിഗണന നൽകണം
ഗ്രാമസഭകൾ പങ്കാളിത്തത്തോടെ വിളിച്ചുചേർക്കുന്നതിൽ അംഗങ്ങൾ വലിയ പ്രാധാന്യം നൽകണം. ജനപങ്കാളിത്തം, അഴിമതിരഹിത ഭരണം, അധിക വിഭവസമാഹരണം, സാമൂഹിക പരിശോധന തുടങ്ങിയവയിൽ ഊന്നൽ നൽകുമ്പോൾ ചെലവുകുറച്ച് വലിയ കാര്യങ്ങൾ ചെയ്യാനാവും.
ആത്യന്തികമായി അധികാരകേന്ദ്രം വാർഡംഗമല്ല, അത് താഴെ ഗ്രാമസഭയാണ് എന്ന അവബോധമാണ് ജനപ്രതിനിധിയെ നയിക്കേണ്ടത്.


ചെയ്യേണ്ടത്‌ എന്തൊക്കെ...

ക്ഷേമപദ്ധതി വിവരങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പുകളുൾപ്പെടെ ഉണ്ടാക്കി അപ്പപ്പോൾ കൈമാറാൻ വാർഡംഗത്തിന് കഴിയും

 • വാർഡിലെ നീർത്തടങ്ങളെക്കുറിച്ചും ശുദ്ധജലസ്രോതസ്സുകളെക്കുറിച്ചും  കൃത്യമായ അറിവും സംരക്ഷണ ബോധവും (നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, പുഴകൾ തുടങ്ങിയവ) വാർഡംഗത്തിനുണ്ടാവണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ ശുദ്ധമായും ദീർഘകാലാടിസ്ഥാനത്തിലും സംരക്ഷിക്കാൻ ജനകീയക്കൂട്ടായ്‌മയ്ക്ക്‌ നേതൃത്വം നൽകണം. ഇതിനായി നേരത്തേ ശേഖരിച്ച മനുഷ്യവിഭവശേഷി വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരെയും കണ്ടെത്താം.
 • മനുഷ്യവിഭവ ശേഷിയെക്കുറിച്ചുള്ള അറിവ് ( ഉദ്യോഗസ്ഥർ, വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾ, തൊഴിൽ രഹിതർ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വിധവകൾ, വിരമിച്ചവർ) ഇവരെ വിവിധരീതിയിൽ സഹായിക്കാനും ഉപയോഗപ്പെടുത്താനുമുള്ള പ്രവർത്തനത്തിലേക്ക് നയിക്കും.
 • കാർഷികമേഖലയിലെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ വാർഡംഗവും അറിവു നേടണം. പച്ചക്കറി, പാൽ, മാംസം, മത്സ്യം, മുട്ട എന്നിവയുടെ ഉത്പാദന വിപണന സാധ്യത ഉറപ്പുവരുത്തണം. വേണമെങ്കിൽ ഇതിനായി സ്ത്രീകളെയും തൊഴിൽരഹിതരെയും ഉൾപ്പെടുത്തി സംരംഭങ്ങളും തുടങ്ങാം. സ്വാശ്രയത്വത്തിനൊപ്പം കുടുംബങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഇതു കാരണമാവും.
 •  കുടിവെള്ള ലഭ്യത, മഴവെള്ള സംരക്ഷണം, ശുദ്ധജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കിവേണം പ്രവർത്തിക്കാൻ. ഒട്ടേറെ ശുദ്ധജല സ്രോതസ്സുകൾ കേരളത്തിലങ്ങോളമിങ്ങോളം കൊതുകുസംഭരണികളായി മാറിയിരിക്കയാണ്. സന്നദ്ധപ്രവർത്തനത്തിലൂടെമാത്രം വേണമെങ്കിൽ ഇവയ്ക്ക് പരിഹാരം കണ്ടെത്താം. കുടിവെള്ളക്ഷാമം നേരിടുന്നവരുടെ പട്ടികയുണ്ടാക്കി പ്രശ്നപരിഹാരത്തിനും പ്രവർത്തിക്കണം.
 •  തൊഴിൽവൈദഗ്ധ്യ പരിപോഷണം (ആശാരി, മേസൺ, പെയിന്റിങ്, ഇലക്‌ട്രിക്കൽ, പ്ലംബിങ് തുടങ്ങിയവ) വിവിധ കൈത്തൊഴിലുകളുടെ പരിശീലനം, മൈക്രോസംരംഭങ്ങൾ എന്നിവ നടപ്പാക്കാനുള്ള അവഗാഹം അംഗത്തിനുണ്ടാവണം. ഇത് പ്രാദേശിക സാമ്പത്തിക വികസനത്തിന് കൈത്താങ്ങാവും.
 •  പാർശ്വവത്കൃത വിഭാഗങ്ങളുടെ (സ്ത്രീകൾ, പട്ടികവിഭാഗക്കാർ, പിന്നാക്കക്കാർ) വികസനാവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കാനുള്ള നടപടികൾ രൂപപ്പെടുത്തണം.
 •  അടിസ്ഥാന ആവശ്യമായ പാർപ്പിടമില്ലാത്തവരുടെയും വാസയോഗ്യമല്ലാത്ത വീടുള്ളവരുടെയും വിവരശേഖരണം നടത്തി അതു പരിഹരിക്കാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുക. ഇതിനായി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും  സഹായവും തേടാവുന്നതാണ്.
 •  പശ്ചാത്തല സൗകര്യ വികസനം (റോഡുകൾ, പാലം, മറ്റു ഗതാഗത ആവശ്യങ്ങൾ) എന്നിവയെക്കുറിച്ചുള്ള ധാരണ.
 • തെരുവുവിളക്ക് പ്രശ്നം പരിഹരിക്കൽ, തെരുവുനായ്ക്കളുടെ സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിലൂന്നിയുള്ള പ്രവർത്തനം.
 •  വാർഡിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന വിദഗ്ധരുമായുള്ള ആശയവിനിമയം വാർഡംഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകരുമായുള്ള ബന്ധം ഉദാഹരണം. ഇത്  പ്രവർത്തനങ്ങൾക്ക്  പ്രചോദനവുമാവും.
 •  മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വിപത്തുകളിൽ പുതുതലമുറ ഉൾപ്പെടെ ആകർഷിക്കപ്പെടുന്ന രണ്ടാംതലമുറ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ വാർഡംഗത്തിനാവണം. മാറുന്ന സാങ്കേതികവിദ്യക്കനുസരിച്ച് ജനങ്ങളിൽ അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നതാവണം മറ്റൊരു മുഖ്യ അജൻഡ.
 •  അതിർത്തിത്തർക്കങ്ങളുൾപ്പെടെയുള്ള ലഘുപ്രശ്നങ്ങൾ കോടതികളിലൂടെ വർഷങ്ങളോളം വലിച്ചിഴക്കപ്പെടുകയാണിപ്പോൾ. വാർഡംഗത്തിന് നിഷ്പക്ഷമായി ഇടപെട്ട് ലളിതമായി പരിഹരിക്കാനാവുന്നതാവും മിക്ക കേസുകളും. ഇത്തരം തർക്കങ്ങൾ വാർഡിനുള്ളിൽത്തന്നെ തീർക്കുന്ന ആളാവണം വാർഡംഗം.
 • ക്ഷേമപദ്ധതികളുടെ വിവരങ്ങൾ എല്ലാ കുടുംബങ്ങളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളുൾപ്പെടെ ഉണ്ടാക്കി അപ്പപ്പോൾ കൈമാറാൻ വാർഡംഗത്തിന് കഴിയും. മനുഷ്യവിഭവശേഷിയുടെ വിവരമുണ്ടെങ്കിൽ ആർക്കൊക്കെ വിവരം എത്തിക്കണമെന്ന് കൃത്യമായി മനസ്സിലാക്കാനുമാവും.
 •  കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കണം.

(കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയർ കൺസൽട്ടന്റും ‘കില’ മുൻ ഡയറക്ടറുമാണ് ലേഖകൻ)

Content Highlights: Kerala Local Body Election 2020