കേരളത്തിലെ ബി.ജെ.പി.യിലെ മുതിർന്ന ശബ്ദമാണ് ഒ. രാജഗോപാൽ. സംസ്ഥാനത്തെ ഭരണകേന്ദ്രങ്ങൾ തമ്മിൽ നിലവിട്ട് ഉയരുന്ന തർക്കത്തിൽ വ്യത്യസ്ത നിലപാടാണ്  രാജഗോപാലിനുള്ളത്. തുറന്ന വേദിയിൽ പരസ്പരം തർക്കമുയർത്തി അവമതിപ്പ്  ഉണ്ടാക്കുന്നതിനുപകരം ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് രാജഗോപാൽ ഡൽഹിയിൽ മാതൃഭൂമി പ്രതിനിധി മനോജ് മേനോന്  നൽകിയ അഭിമുഖത്തിൽ പറയുന്നു. തന്റെ സേവനം ആവശ്യപ്പെട്ടാൽ  പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു 

സംയമനം എന്നത് മുഖ്യമന്ത്രിക്കും ഗവർണർക്കും ഒരുപോലെ ബാധകമാണ്. ഇരുപക്ഷവും മിതത്വം പാലിക്കണം. ഇക്കാര്യത്തിൽ പക്വത പാലിക്കുകയും അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച്  തുറന്ന് ചർച്ച നടത്തുകയും വേണം. നിയമപരമായി സംശയമുണ്ടെങ്കിൽ കോടതിയുടെ അഭിപ്രായം ചോദിക്കാമല്ലോ. കോടതിയെ സമീപിച്ച് ഇക്കാര്യത്തിൽ നിയമപരമായ വശം എന്താണെന്ന് ചോദിക്കാമല്ലോ. അതിന് അവകാശമുണ്ട്. അങ്ങനെ തീരുകയല്ലാതെ പരസ്പരം ഗവർണറും മുഖ്യമന്ത്രിയും അങ്ങോട്ടുമിങ്ങോട്ടും  കുറ്റം പറയുന്നത് നല്ല കീഴ്‌വഴക്കമല്ല

? പൗരത്വനിയമം സംബന്ധിച്ച് നിയമസഭ പാസാക്കിയ പ്രമേയമാണല്ലോ സംസ്ഥാനത്തെ വിവാദം. ഒരു കേന്ദ്ര വിഷയത്തിൽ സംസ്ഥാനം പ്രമേയം പാസാക്കിയതിൽതെറ്റുണ്ടോ 

പ്രമേയം പാസാക്കിയ നടപടി തെറ്റാണ്. അങ്ങനെ ചെയ്യാൻ സംസ്ഥാനത്തിന് അവകാശമില്ല. പൗരത്വം എങ്ങനെ വേണമെന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലല്ലോ? ഭരണഘടനപ്രകാരം കേന്ദ്രപട്ടികയിൽ ഉൾപ്പെട്ടതാണ് ഈ വിഷയം. സംസ്ഥാനസർക്കാരിന് അഭിപ്രായം പറയാനുള്ള അവകാശമില്ല. തീരുമാനമെടുക്കുന്നത് കേന്ദ്രമാണ്. പ്രത്യേക സമ്മേളനം വിളിച്ചത് പാഴ് നടപടിയാണ്. സംസ്ഥാനസർക്കാരിന്റെ രാഷ്ട്രീയമാണ് പ്രയോഗിക്കുന്നത്. ഞങ്ങളാണ് മുസ്‌ലിങ്ങളുടെ സംരക്ഷകർ എന്ന് പ്രഖ്യാപിച്ച് വോട്ട് ബാങ്കുറപ്പിക്കാനുള്ള തന്ത്രമാണത്. ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി നടത്തുന്ന ശ്രമമാണ്. പൗരത്വ നിയമം മതവിവേചനമുണ്ടാക്കുന്നു എന്ന തെറ്റായ പ്രചാരണമാണ് ഭരണപ്രതിപക്ഷങ്ങൾ കേരളത്തിൽ നടത്തുന്നത്. ശുദ്ധ അസംബന്ധമാണത്‌.

? ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനും സർക്കാരിന് അവകാശമില്ലേ 

സുപ്രീംകോടതിയിൽ പോകാൻ ആർക്കും അവകാശമുണ്ട്. സുപ്രീംകോടതിയിൽനിന്ന് സർക്കാരിന് വേണ്ടത് കിട്ടും!

? മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഈ വിഷയങ്ങളെച്ചൊല്ലി ഗുരുതരമായ തർക്കം ഉടലെടുത്തിരിക്കുന്നു. അത് തുടരുന്നത് ശരിയാണോ

ഗവർണർ ഭരണഘടനാ വ്യവസ്ഥ നടപ്പാക്കാൻ ചുമതലപ്പെട്ടയാളാണ്. അങ്ങനെ നടപ്പാക്കുമ്പോൾ വല്ല വ്യതിയാനങ്ങളുമുണ്ടെങ്കിൽ, അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത ഗവർണർക്കുണ്ട്. കാരണം ഭരണഘടന അനുസരിച്ചാണല്ലോ അദ്ദേഹത്തിന് അധികാരം കിട്ടിയിരിക്കുന്നത്. ആ അവകാശം ഉള്ളപ്പോൾ, സംസ്ഥാനസർക്കാർ ഭരണഘടനയുടെ സങ്കല്പങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഗവർണർ അത് ചൂണ്ടിക്കാണിക്കും. അത്രയേ ഉള്ളൂ. നടപടി എടുക്കാനൊന്നും ഗവർണർക്ക് അവകാശമില്ല.

? മുഖ്യമന്ത്രിയും ഗവർണറും ഭരണത്തലവന്മാരാണ്. ഇവർ തമ്മിലുള്ള തർക്കം തുടരുന്നത് ശരിയാണോ

രണ്ടുപേരും ഭരണത്തലവൻമാരാണ്. ഗവർണർ  സംസ്ഥാനത്തിന്റെ തലവനാണ്. രണ്ടുപേരും പ്രമുഖരാണ്. ഭരണഘടനയെ സംബന്ധിച്ചുള്ള വ്യാഖ്യാനത്തിൽ വ്യത്യസ്ത വീക്ഷണമുണ്ടെങ്കിൽ, ഒന്നുകിൽ പറഞ്ഞു തീർക്കാനുള്ള സംവിധാനമുണ്ടാക്കണം. സുപ്രീംകോടതിയുടെ ഉപദേശം ചോദിക്കാം. അല്ലെങ്കിൽ മധ്യസ്ഥനെെവക്കാം. ചർച്ച ചെയ്ത് തീരുമാനിക്കാം. ഭരണഘടനയ്ക്ക് വിരുദ്ധമായി പോകാൻ സാധിക്കില്ലല്ലോ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവരല്ലേ?

? സംസ്ഥാനസർക്കാരിന്റെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളുടെയും പ്രവർത്തനച്ചട്ടങ്ങളുടെയും ലംഘനമുണ്ടെന്നാണ് ഗവർണർ പറയുന്നത്. ഇതേക്കുറിച്ച് എന്തുപറയുന്നു
ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേന്ദ്രത്തെ ബാധിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിന്റെ തലവനായ ഗവർണറുടെ അഭിപ്രായം ആരായേണ്ടതാണ്. ഗവർണറുമായി ചർച്ച ചെയ്യേണ്ടതാണ്. അത് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുമ്പെല്ലാം ഗവർണറുമായി ചർച്ച ചെയ്തിട്ടുണ്ടല്ലോ?

? എന്നാൽ, ഗവർണറുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും ആരോപണം. ഗവർണർ തുടരെ  പ്രതികരണവുമായി രംഗത്തുവരുന്നത് ഇതിന്റെ ഭാഗമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിൽ ശരിയുണ്ടോ
ഗവർണർ വിഷയങ്ങളിൽ ഇടപെടണം. ഇടപെടുന്നതല്ല പ്രശ്നം. പക്ഷേ, അത് തുറന്ന നിലയിൽ പൊതുജനങ്ങളുടെ മുന്നിൽ, വേദിയിൽ ഇരുന്നല്ല ചേയ്യേണ്ടത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയെ വിളിപ്പിക്കാം. മുഖ്യമന്ത്രിക്ക് വിശദീകരണം നൽകാം. അത് തെറ്റല്ലല്ലോ. ഗവർണർക്കും തന്റെ നിലപാട് വ്യക്തമാക്കാം. അതാണ് ചെയ്യേണ്ടത്. അതിനുപകരം മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തുറന്ന വേദിയിൽ അഭിപ്രായങ്ങൾ ചർച്ചചെയ്യുന്നത് ശരിയല്ല. അത് ജനങ്ങൾക്കിടിയിൽ അവമതിപ്പ് ഉണ്ടാക്കാനല്ലേ സഹായിക്കൂ.

? ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ആരോപണം. ഗവർണറെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാനസർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നുവെന്ന രാഷ്ട്രീയാരോപണം ഉയരുന്നുണ്ട്. എന്ത് പറയുന്നു
ഗവർണർ രാഷ്ട്രീയം കളിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം തികഞ്ഞ മാന്യനാണ്. അങ്ങനെ രാഷ്ട്രീയംകളിക്കുന്ന ആളല്ല. നിലപാട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു എന്നുമാത്രം. എന്നാൽ, തുറന്ന നിലയിലല്ലാതെ ഈ വിഷയങ്ങൾ ചർച്ച ചെയ്യാം. അതിനുപകരം തുറന്ന നിലയിൽ ആയാൽ അവമതിപ്പ് ഉണ്ടാവുകയേ ഉള്ളൂ. ഇവർ തമ്മിൽ തർക്കിക്കുകയാണെന്ന ധാരണയല്ലേ ഉണ്ടാവുക. നല്ലതാണോ അത്? കേന്ദ്രം, സംസ്ഥാനസർക്കാരിനുമേൽ എന്തെങ്കിലും ചെയ്യുന്നു എന്ന പരാതി ആർക്കും ഇല്ലല്ലോ. ഭരിക്കുന്നവർപോലും ഉന്നയിച്ചിട്ടില്ല. വളരെ സുഗമമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ബി.ജെ.പി.യുടെ രാഷ്ട്രീയം ഇതിൽ ഇല്ല. ബി.ജെ.പി. അങ്ങനെ ചിന്തിക്കുന്നില്ല. സി.പി.എമ്മിന് എന്തായാലും അവരുടെ ഗവർണർ ഒരിടത്തുമില്ലല്ലോ.

? സംസ്ഥാന ഭരണത്തലവനും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഭരണസ്തംഭനത്തിന് കാരണമാകില്ലേ? പ്രധാനവിഷയങ്ങളിൽ എതിർപ്പ്, ബില്ലുകൾ ഒപ്പുെവക്കാതെ തിരിച്ചയക്കുന്നു. ഇത് പ്രശ്നമല്ലേ 
ബില്ലുകൾ തിരിച്ചയക്കുക എന്നത് ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമല്ലേ? ഒരു ബിൽ തയ്യാറാക്കുമ്പോൾ, ഭരണഘടനയുടെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കിൽ അത് ഒപ്പിടാതെ തിരിച്ചയക്കും. കൊടുക്കുന്നത് മുഴുവൻ ഒപ്പിട്ട് പാസാക്കുന്ന റബ്ബർ സ്റ്റാമ്പാകണം ഗവർണറെന്ന് ആരും പറഞ്ഞിട്ടില്ല. തിരിച്ചയക്കുന്ന അവസരത്തിൽ എന്ത് ചെയ്യണം എന്നതിനും ഭരണഘടനാ വ്യവസ്ഥയുണ്ട്. വീണ്ടും നിയമസഭ പരിഗണിച്ച് പാസാക്കിയാൽ ഗവർണർ ഒപ്പിടേണ്ടി വരും. അതാണ് അതിന്റെ വ്യവസ്ഥ.

? ഗവർണർക്കുനേരെ കേരളത്തിൽ തുടർച്ചയായി എതിർപ്പുയരുന്നുണ്ടോ? കണ്ണൂർ ചരിത്ര കോൺഗ്രസിലെ സംഭവ വികാസങ്ങളും തുടർന്നുള്ള വിവാദ പരമ്പരകളും ഇതാണോ സൂചിപ്പിക്കുന്നത്? ഇതിൽ രാഷ്ട്രീയമുണ്ടോ
കണ്ണൂരിൽ ഗവർണറെ അവഹേളിക്കുകയായിരുന്നില്ലേ. വേദിയിൽ ഒരു പൊതുപരിപാടിക്കിടയിൽ ഗവർണറുടെ കൈപിടിച്ച് മാറ്റുകയല്ലേ ചെയ്തത്? അത് തെറ്റായ രീതിയല്ലേ? അതിന്റെ പേരിൽ ഒരു പെറ്റിക്കേസ് പോലും ഫയൽ ചെയ്തിട്ടില്ല. സർക്കാർ ഗവർണറെ കൊച്ചാക്കാൻ വേണ്ടി നിരന്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇവരുടെ രാഷ്ട്രീയമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയം. എന്നാൽ, ഈ അഭിപ്രായങ്ങൾ  പരസ്യമായി പ്രഖ്യാപിക്കുന്നത് ശരിയുമല്ല.

? ഗവർണർ പഴയ കോൺഗ്രസ് നേതാവാണ്. എന്നാൽ, ഗവർണറെ എതിർക്കുന്നതിൽ കേരളത്തിലെ കോൺഗ്രസും രംഗത്തുണ്ട്. ഗവർണറെ വഴി നടക്കാൻ സമ്മതിക്കില്ല എന്നുപോലും പ്രസ്താവനയുണ്ടായി. അത് ശ്രദ്ധിച്ചില്ലേ
കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. ഒരാൾ ഇങ്ങനെ പറഞ്ഞു. മറ്റൊരാളോട് ചോദിച്ചാൽ വേറെ അഭിപ്രായമായിരിക്കും. കോൺഗ്രസിൽ പല അഭിപ്രായങ്ങളാണുള്ളത്. പലതും കൂടിച്ചേർന്നതാണ് കോൺഗ്രസ്. ഗവർണറെ വഴി നടക്കാൻ സമ്മതിക്കില്ല എന്ന് ഒരാൾ പറഞ്ഞു. അങ്ങനെ പറഞ്ഞത് മര്യാദയല്ല. സംസ്ഥാനത്തലവനെ വഴിനടക്കാൻ സമ്മതിക്കില്ല എന്ന് പറയുന്നത് മര്യാദയല്ല. പറയാൻ പാടില്ല. അഭിപ്രായമുണ്ടെങ്കിൽ അദ്ദേഹത്തിനെക്കണ്ട് പറയാം. അല്ലാതെ വഴി തടയലും പരസ്യമായ വെല്ലുവിളിയും പ്രാകൃത രാഷ്ട്രീയമാണ്.

? ഗവർണർ-മുഖ്യമന്ത്രി തർക്കത്തിൽ ബി.ജെ.പി.യുടെ നിലപാടിന് വിരുദ്ധമാണോ താങ്കളുടെ സമീപനം? ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടാണ് മന്ത്രി മുരളീധരൻ അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്
ബി.ജെ.പി. ഇക്കാര്യത്തിൽ ഔദ്യോഗികമായി എന്തെങ്കിലും നിലപാട് എടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഗവർണറെ നമ്മൾ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. ഞാനും പിന്തുണയ്ക്കുന്നുണ്ടല്ലോ. എന്നാൽ, ഒരു നിലപാടിനെ സംബന്ധിച്ച് ഞാൻ അഭിപ്രായം പറഞ്ഞു എന്നുമാത്രം. ഇക്കാര്യം ഞാൻ പറഞ്ഞതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഒരു എതിർപ്പുമില്ല. എതിർപ്പുണ്ടാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ബി.ജെ.പി.ക്കുള്ളിൽ കലഹം എന്നൊക്കെ ചിത്രീകരിക്കാൻ ശ്രമം ഉണ്ടായേക്കാം. മന്ത്രി വി. മുരളീധരനുമായി ഇവിടെെവച്ച് കണ്ടിരുന്നു. എന്നാൽ, കുടുംബകാര്യം, പാർട്ടി പരിപാടികൾ എന്നിവയാണ് ഞങ്ങൾ സംസാരിച്ചത്.

? പൗരത്വ നിയമത്തിനെതിരേയുള്ള പ്രമേയം നിയമസഭ പരിഗണിച്ചപ്പോൾ താങ്കൾ വോട്ട് ചെയ്തില്ല. ഈ തീരുമാനവുമായി ചിലർ താങ്കളുടെ അഭിപ്രായങ്ങളെ ചേർത്ത് വായിക്കുന്നുണ്ട്. രണ്ടും തമ്മിൽ ബന്ധമുണ്ടോ 
 നിയമസഭയിൽ ഞാൻ വോട്ടുചെയ്തില്ല. 140 പേരിൽ ഞാൻ ഒഴികെ എല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എന്റെ വോട്ടിന് എന്താണ് പ്രസക്തി. ഒരു വോട്ടുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ഒരു മോക്ക് ഷോ ആവുകയല്ലേ ഉള്ളൂ. എന്നാൽ, ഞാൻ കാഴ്ചപ്പാട് പറഞ്ഞു. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാർട്ടിയിൽനിന്ന് ഒരു നിർദേശവുമുണ്ടായിട്ടില്ല.

? സംസ്ഥാനത്തുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന രാഷ്ട്രീയനേതാവ് എന്ന നിലയിൽ താങ്കളുടെ കൈവശമുള്ള ഫോർമുല എന്താണ്
ഒരൊറ്റ എം.എൽ.എ.മാത്രമുള്ള പാർട്ടിയാണ് എന്റേത്. ഞാൻ നേരത്തേ കേന്ദ്രത്തിൽ പാർലമെന്ററികാര്യമന്ത്രിയായിരുന്നു. അതൊക്കെ പഴയ കാര്യം. അങ്ങനെ ചാടി വീണ് പ്രശ്നപരിഹാരമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സേവനം വേണമെന്നുണ്ടെങ്കിൽ ആവശ്യപ്പെട്ടാൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും, പൗരൻ എന്ന നിലയ്ക്ക്.

Content Highlight:  Kerala Governor Vs Govt: Interview with O Rajagopal