ഭൂരഹിതരായ കുടുംബങ്ങൾക്ക് അടുത്ത സാമ്പത്തികവർഷം 20,000 പട്ടയങ്ങൾകൂടി വിതരണംചെയ്യും. ലൈഫ് മിഷൻ രണ്ടാംഘട്ടത്തിന് അടുത്ത സാമ്പത്തികവർഷം തുടക്കമിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഭൂരഹിതരായ കുടുംബങ്ങൾക്ക്‌ ബഹുനില ഫ്ളാറ്റുകൾ നിർമിച്ചുനൽകും. തോട്ടംതൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും. അനാമയം സമഗ്ര ഇൻഷുറൻസ് എന്ന പേരിൽ ഭിന്നശേഷിക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക്‌ തുടക്കമിടും.

ഒരുലക്ഷംരൂപവരെ വാർഷികവരുമാനമുള്ള വിധവകളുടെ മക്കൾക്കും മാതാപിതാക്കളെ നഷ്ടമായവർക്കും വിവാഹസഹായധനവും അവർക്ക്‌ സ്വാശ്രയകോളേജുകളിൽ മെഡിക്കൽ, അനുബന്ധ കോഴ്‌സുകൾ പഠിക്കുന്നതിന് വിദ്യാഭ്യാസസഹായമായി ശ്രീനാരായണഗുരു നവോത്ഥാന സ്കോളർഷിപ്പും ഏർപ്പെടുത്തും.

മറ്റുപ്രഖ്യാപനങ്ങൾ

 • പിന്നാക്കവിഭാഗ വികസനകോർപ്പറേഷൻവഴി അടുത്ത സാമ്പത്തികവർഷം 700 കോടി വായ്പ.
 • ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക്‌ തലസ്ഥാനത്ത് ക്വാർട്ടേഴ്‌സ്
 • പ്രളയവും ഉരുൾപൊട്ടലും ബാധിച്ച തദ്ദേശസ്ഥാപനങ്ങളിൽ ലാൻഡ് യൂസ് ഡിസിഷൻ മോഡലുകൾ.
 • ദേവസ്വം ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ട്രിബ്യൂണൽ.  
 • 60 കോടതികളിൽ വീഡിയോ കോൺഫറൻസിങ് സൗകര്യം.
 • 15 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പോലീസ് േസ്റ്റഷനും.   
 • പ്രായമായവർക്ക്‌ ഡിജിറ്റൽ സാക്ഷരതയ്ക്കായി ഐ.ടി. അറ്റ് എൽഡർലി പരിപാടി.
 • ട്രാൻസ്ജൻഡറുകൾക്കായി കിരണം എന്ന ഓൺലൈൻ പോർട്ടൽ.
 • ഗോത്രയുവജനങ്ങൾക്കായി വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്.  
 • ഗോത്രവിഭാഗവിദ്യാർഥികളുടെ കായികവിനോദം പ്രോത്സാഹിപ്പിക്കാൻ കാസർകോട്ട് ഏകലവ്യ മോഡൽ െറസിഡൻഷ്യൽ സ്കൂൾ. പാലക്കാട് കണ്ണമ്പ്രയിൽ ആധുനിക റൈസ് മിൽ.
 • പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം റോഡുകളുടെയും പാലങ്ങളുടെയും ഗുണമേന്മയ്ക്ക്‌ പ്രാധാന്യംനൽകി 1425 പദ്ധതികൾക്ക്‌ തുടക്കമിടും.
 • എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടലുകൾ.

കല്ലാറിൽ പുതിയ വന്യജീവിസങ്കേതം

സംരക്ഷിത വനപ്രദേശങ്ങളെ ബന്ധിപ്പിക്കാൻ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി കല്ലാർ വന്യജീവി സങ്കേതത്തിന് രൂപംനൽകും. ശെന്തുരുണി, കളക്കാട് മുണ്ടുതുറൈ, പേപ്പാറ വന്യജീവി സങ്കേതങ്ങളെ കൂട്ടിയിണക്കാൻ കല്ലാർ സങ്കേതത്തിനാകും. സൈലന്റ് വാലി ഡിവിഷനുചുറ്റുമുള്ള വനമേഖലയും വന്യജീവി സങ്കേതമായി പ്രഖ്യാപിക്കും.  വനമേഖലയിലെ 16 അന്തസ്സംസ്ഥാന ചെക്‌പോസ്റ്റുകൾ സംയോജിത വനപരിശോധനാതാവളങ്ങളായി ഉയർത്തും.

എറണാകുളത്ത് ഗ്ലോബൽ ഇൻഡസ്ട്രിയൽ സിറ്റി

ആലുവ അയ്യമ്പുഴ വില്ലേജിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) 540 ഏക്കറിൽ വികസിപ്പിക്കും.  ഹൈടെക് സർവീസുകളും ധനകാര്യ ഹബ്ബും ഉൾക്കൊള്ളുന്നതാവും ഗിഫ്റ്റ് സിറ്റി.  അടുത്തവർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ എല്ലാകുട്ടികൾക്കും കൈത്തറി യൂണിഫോം ലഭ്യമാക്കും. തുറമുഖ ഉരുക്കളുടെയും യാനങ്ങളുടെയും അറ്റകുറ്റപ്പണിക്കായി കൊല്ലത്ത് സൗകര്യമൊരുക്കും. കൊല്ലത്തെ മെക്കാനിക്കൽ എൻജിനിയറിങ് വർക്ക്‌ഷോപ്പ്‌ ഇതിനായി നവീകരിക്കും.
അഴീക്കൽ തുറമുഖം ഘട്ടംഘട്ടമായി വികസിപ്പിക്കും. ബേപ്പൂർ തുറമുഖത്ത് അധികബർത്ത് നിർമിക്കും.

കെ-ഫോണിനെതിരേ നിക്ഷിപ്ത താത്‌പര്യക്കാർ

നിർധനകുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള കെ-ഫോൺ പദ്ധതിക്കെതിരേ നിക്ഷിപ്ത താത്‌പര്യക്കാരുടെ  പ്രചാരണമുണ്ടെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനായി 2000 പബ്ലിക് വൈ ഫൈ ഹോട്‌സ്പോട്ടുകൾ സജ്ജമാക്കും.