കോവിഡനന്തര കേരളം പുതിയൊരു വികസനമാർഗം സ്വീകരിക്കണമെന്ന ആശയം മുന്നോട്ടുവെക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസംമുതൽ പരിസ്ഥിതിവരെയുള്ള മേഖലകളും ദാരിദ്ര്യനിർമാർജനം മുതൽ ഡിജിറ്റലൈസേഷൻ വരെയുള്ള വിഷയങ്ങളും പുനഃക്രമീകരിക്കുകയും ഇളക്കിമറിച്ച് പുനഃസംഘടിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശമാണ് അത്
2021-’23 ധനവർഷങ്ങളിലെ സർക്കാരുകളുടെയും അന്തർദേശീയ ധനകാര്യസ്ഥാപനങ്ങളുടെയും ആഗോള വളർച്ചാവിശകലനം നടത്തിയ ലോകബാങ്ക് പ്രസിഡന്റും ചീഫ് ഇക്കണോമിസ്റ്റും യു.എൻ.ഡി.പി.യും നടത്തിയ പ്രവചനങ്ങൾ ശ്രദ്ധേയങ്ങളാണ്. 2008-നെക്കാളും 1930-കളിലെ വൻപ്രതിസന്ധിയെ അനുസ്മരിപ്പിക്കുന്നതും നാലുശതമാനം വളർച്ചനിരക്കിലേക്ക് മടങ്ങാൻ മുൻനിരരാഷ്ട്രങ്ങൾക്കുപോലും ഏഴുവർഷം ഇനി എടുക്കുന്നതുമാണ് കോവിഡനന്തര വളർച്ചാപ്രതിസന്ധിയെന്ന് അവർ പറയുന്നു.
നാലുശതമാനം വളർച്ചനിരക്ക് നിലനിർത്തുന്ന രാജ്യങ്ങൾ 17 വർഷംകൊണ്ട് സമ്പദ്‌ഘടന ഇരട്ടിപ്പിക്കുമ്പോൾ ഒരുശതമാനം വളർച്ചനിരക്കിലായാൽ അത് 72 വർഷം വരെയെടുക്കുന്നു. കുറഞ്ഞത് ഏഴുവർഷമെങ്കിലും പിന്നാക്കംപോയ വളർച്ചനിരക്കിനെ കോവിഡ്‌പൂർവ സ്ഥിതിയിൽ എത്തിക്കാൻ എന്തുമാർഗം.
ആരോഗ്യസംവിധാനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഏറ്റ തിരിച്ചടികൾ, വൈകിപ്പോയ പശ്ചാത്തലവികസനം, സാമൂഹികസുരക്ഷയ്ക്കായി ഒരുക്കേണ്ട അടിസ്ഥാനവരുമാന പദ്ധതികളടക്കമുള്ള സുരക്ഷാവലയം, വിദ്യാഭ്യാസരംഗത്ത് വേണ്ടതായ മാറ്റങ്ങൾ, വികസനത്തിൽ ഹരിത ഊർജം, പ്ളാസ്റ്റിക് നിർമാർജനം, കാർബൺ കാൽപ്പാദവ്യാപ്തി കുറയ്ക്കൽ, ഇ-വാഹനങ്ങൾ പ്രചരിപ്പിക്കൽ ഊർജിതമാക്കൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള ത്വരിതമായ മാറ്റം, പരിസ്ഥിതിയിലും ‘ഏക ആരോഗ്യം’ സങ്കല്പത്തിലൂന്നിയ പരിസ്ഥിതിസന്തുലിതവികസനം എന്നിവ ഇതിനാവശ്യമായ മുഖ്യസങ്കേതങ്ങളാണ്.
ശക്തികളും ദൗർബല്യങ്ങളും
ഇതിലേക്ക് നീങ്ങാൻ കേരളത്തിന് ശക്തികളും ദൗർബല്യങ്ങളുമുണ്ട്. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും വികേന്ദ്രീകൃത വികസനസംവിധാനവും നേട്ടങ്ങളാണെങ്കിൽ ഉത്‌പാദനമേഖലയിലെയും കാർഷികമേഖലയിലെയും മുരടിപ്പ് കീറാമുട്ടിയാണ്. മനുഷ്യവിഭവശേഷിയിലെ അടിസ്ഥാനനേട്ടങ്ങൾ തൊഴിലവസരങ്ങളായി വേണ്ടതോതിൽ മാറുന്നില്ല.
സർവകലാശാലാരംഗം കടുത്ത മുരടിപ്പിലാണ്. വായ്‌ത്താരിക്കപ്പുറം പുതിയ പഠനമേഖലകളിൽ ഇക്കഴിഞ്ഞ നാല് ധനവർഷവും പുതിയ അക്കാദമിക അവസരം ഒരു സർവകലാശാലയും ഒരുക്കിക്കണ്ടില്ല. സ്വകാര്യമേഖലയിലും അവസരങ്ങൾ വളർന്നില്ല. കഴിഞ്ഞ നാലുവർഷങ്ങളിൽ പിന്തുടർന്ന കടത്തിലധിഷ്ഠിതമായ വികസനരീതി സംസ്ഥാനത്തിന് വലിയ ബാധ്യതയായിരിക്കയാണ്. അനാവശ്യചെലവുകൾ ഒഴിവാക്കിയും തനതുവരുമാനം വർധിപ്പിച്ചും ആസ്തികളെ ക്രിയാത്മകമായി ഉപയോഗിച്ചുംമാത്രമേ ഇനി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.
പൊളിച്ചെഴുതണം
അടിസ്ഥാന ഭരണനിർവഹണം മെച്ചപ്പെടുത്തിക്കൊണ്ടും കൂടുതൽ സുതാര്യതയാർജിച്ചുകൊണ്ടും വെല്ലുവിളികളെ നേരിടാൻ സാധിക്കണം. ഇ-ഗവേണൻസിന്റെ നിർവഹണത്തിനും വേഗത്തിലുള്ള തീരുമാനമെടുക്കലിനും ഉതകുന്നമാതിരി സർക്കാരിന്റെ വകുപ്പുതല ബിസിനസ് റൂളുകൾമുതൽ ഭരണ/ധനകാര്യ/മാനുവലുകൾവരെ പൊളിച്ചെഴുതേണ്ടിവരും. ഭരണപരിഷ്കാര കമ്മിഷൻ നിർദേശിച്ച അഞ്ച് പ്രവൃത്തിദിന ആഴ്ചയും മറ്റുസമയത്ത് ഭവനത്തിൽനിന്നുതന്നെ ഇലക്‌ട്രോണിക്കായി ജോലിചെയ്യാനുമുള്ള സൗകര്യവും സർക്കാരിലാകെ വ്യാപിപ്പിക്കാതെ തരമില്ല.
ജനങ്ങൾക്ക് ഓഫീസുകൾ സന്ദർശിച്ചുമാത്രം സേവനം ലഭിക്കുന്ന രീതി മാറണം.
നേരിട്ടെത്തേണ്ട സേവനങ്ങൾ പരമാവധി കുറയ്ക്കാനും ഓൺലൈനായും (നേരിട്ടുള്ള ധനകാര്യ ട്രാൻസ്‌ഫർ-DBT) ഇ-പേയ്‌മെന്റ് സങ്കേതങ്ങൾ നടപ്പാക്കിയും സർക്കാർ ഓഫീസുകളിലെ ക്യൂവും തിരക്കും പാടേ ഒഴിവാക്കണം. ഇ-ഫയലിങ് സംവിധാനംവഴി ഒരു അപേക്ഷയിൽ തീരുമാനിച്ചാൽ വിവരാവകാശ നിയമപ്രകാരം ഡിജിറ്റൽ ഫയലടക്കം ഉത്തരവോ നിർദേശമോ പരിഹാരമോ തിരസ്കാരമോ പൗരന് ഇ-മെയിലായും മറ്റ് ഡിജിറ്റൽ സങ്കേതംവഴിയും ഒരാഴ്ചയ്ക്കകം ലഭ്യമാക്കാൻ ചട്ടങ്ങൾ േഭദഗതി ചെയ്യണം. നിയമപ്രകാരമുള്ള രഹസ്യാത്മകഫയലുകളൊഴികെ മുഴുവൻ പൗരന്മാർക്ക് തീരുമാനിച്ചാലുടൻ ലഭ്യമാക്കണം. തീരുമാനമാവാത്ത ഫയലുകൾ എവിടെ, ആരുടെ പക്കലാണെന്നത് അപേക്ഷകന് തത്സമയം എസ്.എം.എസ്./ഇ-മെയിൽ വഴി നൽകണം. പൗരന് അപ്പോൾ തന്റെ കടലാസുകൾ സർക്കാരിലും മറ്റ് പബ്ളിക് ഓഫീസുകളിലും കൃത്യമായും സുതാര്യമായും കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നുറപ്പിക്കാനാവും. തന്റെ ഭാഗം ബോധിപ്പിക്കാനും പറ്റും.
ഭരണച്ചെലവ് കുറച്ച് അത് ജനങ്ങളിലെത്തിക്കണം
പ്രൊഫ. സുനിൽ മാണി കമ്മിറ്റി ശുപാർശ ചെയ്തതുപോലെ സർക്കാരിന്റെ ഭരണച്ചെലവ് കുറച്ച് അത് ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികളുണ്ടാവണം. സർവകലാശാലകൾ, ക്ഷേമനിധിബോർഡുകൾ, കമ്പനികൾ, സൊസൈറ്റികൾ, അതോറിറ്റികൾ ഒക്കെ പുനഃസംഘടിപ്പിക്കേണ്ടിവരും. പബ്ളിക് ഹെൽത്തിന് സംസ്ഥാനവ്യാപകമായി കേഡറുള്ള പുതിയ ഒരു വകുപ്പുതന്നെ വേണ്ടതുണ്ടോ എന്നാലോചിക്കണം. ഇങ്ങനെ ഏജൻസികൾ ഏകോപിപ്പിച്ചും ഭരണച്ചെലവുലാഭിച്ചുംതന്നെ 3000-4000 കോടി രൂപയെങ്കിലും പ്രതിവർഷം മിച്ചംകണ്ടെത്താനാകണം.
കിഫ്‌ബി എവിടംവരെ
കോവിഡിനുമുമ്പ് ആവിഷ്കരിച്ച സ്വപ്നപദ്ധതികളുമായി കിഫ്‌ബിക്കും റീബിൽഡ് കേരളയ്ക്കും ഒന്നും ഇനി യഥേഷ്ടം മുന്നോട്ടുപോവാനാവില്ല. കിഫ്‌ബിയുടെ നടത്തിപ്പിലെ അതാര്യതയും അത് സംസ്ഥാനഖജനാവിന് വരുത്തുന്ന ഭീമമായ നഷ്ടവും കാരണം തിരിച്ചടവിനുതന്നെ സംസ്ഥാനം ഭാവിയിൽ ബുദ്ധിമുട്ടും. വകുപ്പുകളെ അപ്രസക്തമാക്കിയുള്ള കിഫ്‌ബിയുടെ പ്രവർത്തനം നിയന്ത്രിച്ച് പശ്ചാത്തലവികസനവും തൊഴിലും ഉടൻ കേരളത്തിൽ ലഭ്യമാവുന്ന പദ്ധതികളിലേക്ക് ഊന്നേണ്ടിവരും. റീബിൽഡ് കേരളയാവട്ടെ ആയിരംകോടി രൂപപോലും ചെലവിടാതെ ശൈശവത്തിൽത്തന്നെ മരണം സംഭവിച്ച നിലയിലാണ്. പരിസ്ഥിതി ഉലയാത്ത പുനർനിർമാണം മലയാളികൾക്ക് തൊഴിൽലഭിക്കുമാറ്‌് പുനഃക്രമീകരിക്കണം.
കോവിഡ് സാഹചര്യംതന്നെ വർധിച്ച പരിസരമലിനീകരണ കാരണത്താൽ വന്നതാണെന്നുകണ്ട് നമ്മുടെ നഗരമാലിന്യ നിർമാർജനപദ്ധതികൾ മുൻഗണനകൊടുത്ത് നടപ്പാക്കണം. പ്ളാസ്റ്റിക്കിന്റെ പുനഃചംക്രമണത്തിനും മാലിന്യത്തിൽനിന്ന് വൈദ്യുതിയും വളവും നിർമിക്കുന്ന പദ്ധതികൾക്കും വലിയ മുൻഗണനനൽകേണ്ടതാണ്.
നമ്മെ വലയംചെയ്യുന്ന ഡിജിറ്റൽ വികസനസങ്കേതങ്ങളുടെയും കൃത്രിമബുദ്ധിയുടെയുമൊക്കെ വക്രീകരിക്കപ്പെട്ട അവതരണങ്ങളാണ് സ്പ്രിങ്ക്‌ളറിലും ബെവ്‌ക്യൂവിനും നമ്മൾ കണ്ടത്. ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പ് കമ്പനികളുള്ള കേരളത്തിൽ, ഇന്ത്യാസർക്കാർതന്നെ തിരഞ്ഞെടുത്ത വീഡിയോ കോൺഫറൻസ് ആപ്ളിക്കേഷൻ വികസിപ്പിക്കുന്ന കേരളത്തിൽ വിവരസംശ്ലേഷണത്തിന് വിദേശ കുത്തകക്കമ്പനിക്ക് മത്സരമില്ലാത്ത അവസരമാണ് സർക്കാർ നൽകിയത്.
ഇത്തരം വികസനത്തട്ടിപ്പുകളൊഴിവാക്കി സുസ്ഥിര ഹരിത വികസനത്തിന്റെ ഒരു പുതിയ വഴിത്താര വെട്ടിത്തുറന്ന് കേരളത്തെ വികസനത്തേരിൽ തിരികെക്കയറ്റണം. കോവിഡിന്റെ പിടി 2021 മാർച്ചോടെ ചെറിയ പ്രാദേശികവ്യാപനങ്ങളോടെ അയയുമെന്ന് കരുതാം.
എന്നാൽ, താത്‌കാലികമായ തിരിച്ചുവരവിൽ സംതൃപ്തരാവാത്ത സുരക്ഷിതമായ ‘Reboot and Restore’ എന്ന അവസ്ഥയിലേക്ക് മൂന്നുവർഷംകൊണ്ട് സമ്പദ്‌വ്യവസ്ഥയെ എത്തിക്കേണ്ട വെല്ലുവിളിയാണ് മലയാളികൾക്കുമുന്നിലുള്ളത്. ‘Reboot-Restore’ എന്നാകണം നമ്മുടെ 2021-2024ലെ വികസന മുദ്രാവാക്യം.
പ്രതിമാസ സഹായധനം
സാമൂഹികസുരക്ഷയ്ക്കായി, ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള എല്ലാ റേഷൻകാർഡുടമകൾക്കും ധാന്യത്തിനൊപ്പം ഒരു കുറഞ്ഞ പ്രതിമാസ സഹായധനവും നൽകാനാവണം. കോൺഗ്രസ് പ്രസിഡന്റായിരിക്കെ രാഹുൽഗാന്ധി മുന്നോട്ടുവെച്ച ‘സാർവത്രിക മിനിമം വരുമാനം’ (Universal Basic Income) എന്ന ആശയം ക്ഷേമപെൻഷനുകളും റേഷൻകാർഡ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (DBT) ചെയ്യാവുന്ന നേരിട്ടുള്ള സഹായവുമായിച്ചേർത്ത് ദരിദ്രകുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപയെങ്കിലും ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി നൽകാൻ ശ്രമിക്കേണ്ടതാണ്. 80 ശതമാനം റേഷൻകാർഡുടമകൾക്കും ബാങ്ക് അക്കൗണ്ടുള്ള കേരളത്തിൽ ഇത് നിഷ്‌പ്രയാസം സാധ്യമാണ്.
2021-’24 ധനവർഷം പദ്ധതി ഉടച്ചുവാർത്ത്, ജനങ്ങളുടെ ജീവസന്ധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെലവുകൾ കേന്ദ്രീകരിക്കേണ്ടിവരും. പത്തു മണിക്കൂർ പറക്കാൻ പ്രതിമാസം രണ്ടുകോടി ചെലവിടുന്ന ഹെലികോപ്‌റ്റർപോലുള്ളവ ഒഴിവാക്കി ഓരോ രൂപയും ജനക്ഷേമത്തിനുതകുന്ന സമീപനമാവും ജനങ്ങളാഗ്രഹിക്കുക. അത്യാവശ്യമല്ലാത്ത എല്ലാ പദ്ധതി പ്രവർത്തനവും 2023-'24-ലേക്ക് മാറ്റുക. ജനങ്ങളുടെ ദുരിതമകറ്റുന്ന ചെലവുകൾക്ക് പണം കണ്ടെത്തണം. മന്ത്രിമാരും ജീവനക്കാരും സ്വമേധയാ 2023-24 വരെ 15 ശതമാനം വരുമാനം നീക്കിവെച്ച് ഇതിൽ പങ്കുവഹിക്കുന്നതും നന്നായിരിക്കും.