‘മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന്റെ നേട്ടത്തിനുപിന്നിൽ ഞങ്ങളാണ്’ -ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിക്കുന്ന വേളയിൽ പറഞ്ഞ വാക്കുകളിൽ സത്യമുണ്ട്. കോൺഗ്രസുപോലും അത് സമ്മതിച്ചുതരും. കേരളത്തിലെ രണ്ടുമുന്നണിയും തമ്മിലുള്ള അകലം നിഷ്പക്ഷരായ വോട്ടർമാരാണെന്ന് തിരഞ്ഞെടുപ്പുഫലവിദഗ്ധർ പറയുമെങ്കിലും കേരള കോൺഗ്രസുകളുടെ സ്വാധീനവും ഒരു ഘടകമാണ്; പ്രത്യേകിച്ചും മധ്യകേരളത്തിൽ.
കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവയാണ് പരമ്പരാഗത കേരള കോൺഗ്രസ് സ്വാധീനമേഖലകൾ. മറ്റുജില്ലകളിൽ കുടിയേറ്റ കർഷകരും പാർട്ടിയുടെ അണികളാണ്. അവർക്കിടയിൽ കെ.എം.മാണിക്കും പി.ജെ.ജോസഫിനും നല്ല സ്വാധീനവുമുണ്ടായിരുന്നു. കെ.എം.മാണിയുടെ മരണശേഷം പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പും മുന്നണിമാറ്റവും കുറെ മണ്ഡലങ്ങളിൽ ഫലത്തെ സ്വാധീനിക്കാം.
ജോസഫും മാണിയും ലയിക്കുന്നതിനുമുമ്പുള്ള ഇരുകൂട്ടരുടെയും ശക്തികേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. പക്ഷേ, ജോസ് വിഭാഗം ഇടതുമുന്നണിയിലേക്കുവരുന്നത് ഇതേവരെ സി.പി.എമ്മിന് കടന്നുകയറാൻ പറ്റാത്ത മേഖലകളിലേക്ക് അവർക്ക് വഴിയൊരുക്കാം. മധ്യകേരളത്തിലെ യു.ഡി.എഫ്. മുൻതൂക്കത്തിന് ഇടിവുണ്ടാക്കാമെന്നും അവർ കരുതുന്നു. എന്നാൽ, പി.ജെ.ജോസഫ് എന്ന അതികായൻ ഭിന്നിച്ചുനിന്ന കേരളകോൺഗ്രസ് നേതാക്കളെ ഒന്നിപ്പിക്കുന്നത് യു.ഡി.എഫിനും പ്രതീക്ഷ നൽകുന്നു. ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജുമെല്ലാം ജോസഫിനൊപ്പമായി. വിവിധ സഭകളുമായി നല്ല ബന്ധമുള്ളവരാണ് ജോസും ജോസഫും.
സഭകൾ ഇവരെ എവിടെയൊക്കെ പിന്തുണയ്ക്കുമെന്നതും പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ മാറ്റമുണ്ടാക്കുന്ന ചാഞ്ചാട്ടം എങ്ങനെയെന്ന് മനസ്സിലാക്കുക പ്രയാസം. ജോസ്, ജോസഫ് വിഭാഗങ്ങൾ ഒന്നായിരുന്ന കാലത്ത് അവർ മത്സരിച്ച മണ്ഡലങ്ങളുടെ ഒരു സ്ഥിതി വിലയിരുത്തൽ ഇവിടെ ചേർക്കുന്നു. മുന്നിൽനിന്ന് നയിച്ച കെ.എം.മാണിയും സി.എഫ്.തോമസും വിടപറഞ്ഞുപോവുകയും ചെയ്തിരിക്കുന്നു.