കണ്ണൂർ

കോട്ടകളുടെ നാടായ കണ്ണൂരിലെ യഥാർഥ രാഷ്ട്രീയക്കോട്ടകളിൽ വലിയ ഇളക്കങ്ങൾ അധികമാരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ചില  മണ്ഡലങ്ങൾ കോട്ടകളല്ല എന്ന് മണ്ഡല പുനർവിഭജനത്തിനുശേഷം 2011-ലും തുടർന്ന് 2016-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായി.  ഒന്നരക്കൊല്ലത്തിനിപ്പുറം നടന്ന തദ്ദേശ സ്വയംഭരണ സമിതി തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ വലത്തുനിന്ന് ഇടത്തോട്ടേക്ക് ചാഞ്ഞു. പിൻബലം ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയിട്ടില്ല മൂന്നാംമുന്നണിയായ എൻ.ഡി.എ.  

കണ്ണൂരിൽ ഇത്തവണയും കടന്നപ്പള്ളിയും സതീശൻ പാച്ചേനിയും തമ്മിലാവും മത്സരമെന്നാണ് സൂചന. അതേസമയം, കൂത്തുപറമ്പിൽ കെ.കെ. ശൈലജ മത്സരിക്കുമോ എന്ന് വ്യക്തമല്ല. കൂത്തുപറമ്പ് മണ്ഡലം എൽ.ജെ.ഡി.ക്ക് നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ശൈലജ ടീച്ചറുടെ കഴിഞ്ഞതവണത്തെ എതിരാളിയായ കെ.പി. മോഹനനാകും എൽ.ഡി.എഫ്. സ്ഥാനാർഥി.  
കണ്ണൂർ ജില്ലയിൽ അഴീക്കോടിനുപുറമേ കൂത്തുപറമ്പ് കൂടി ഇത്തവണ വേണമെന്ന് ലീഗ് യു.ഡി.എഫിൽ ആവശ്യപ്പെടുമെന്നാണ് സൂചന. മണ്ഡല പുനർവിഭജനത്തിനുശേഷം യു.ഡി.എഫിനൊപ്പമായ അഴീക്കോട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.എം. ഷാജിയുടെ  ഭൂരിപക്ഷത്തിന്റെ പത്തിരട്ടിയായിരുന്നു സുധാകരന്റെ ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. എണ്ണായിരത്തഞ്ഞൂറോളം വോട്ടിന് മുന്നിലാണ്. മത്സരിക്കാൻ സന്നദ്ധനാണെന്ന് ഷാജി പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥിയായ നികേഷ് കുമാറിനെ ഇത്തവണയും നിർത്തുമോ എന്ന് വ്യക്തമല്ല.  
കുടിയേറ്റമേഖലകളുൾപ്പെട്ട പേരാവൂരും ഇരിക്കൂറുമാണ് ജില്ലയിൽ യു.എഫിന്റെ കോട്ടകളായി എണ്ണുന്നത്. 39 കൊല്ലമായി ഇരിക്കൂറിനെ പ്രതിനിധീകരിക്കുന്ന കെ.സി. ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പകരം കോൺ-എ വിഭാഗത്തിലെ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എന്നിവരുടെ പേരാണ് പറഞ്ഞുകേൾക്കുന്നത്.  പേരാവൂരിൽ മൂന്നാംതവണയും സണ്ണി ജോസഫ് തന്നെയാണ് യു.ഡി.എഫ്. ‌സ്ഥാനാർഥിയാവുകയെന്നാണ് സൂചന.

ചുവപ്പ് കോട്ടകളിൽ പാർലമെൻറ്‌ തിരഞ്ഞെടുപ്പിൽ കെ. സുധാകരൻ സി.പി.എമ്മിനെ ഞെട്ടിച്ചത് തളിപ്പറമ്പിലാണ്. ജയിംസ് മാത്യു നാല്പതിനായിരത്തിൽപ്പരം വോട്ടിന് ജയിച്ച അവിടെ സുധാകരൻ 725 വോട്ടിന്റെ ലീഡ് നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 16,735 വോട്ടിന്റെ ലീഡാണിവിടെ നേടിയത്. മണ്ഡലത്തിന്റെ പാരമ്പര്യമനുസരിച്ച് ഇത് വളരെ കുറവാണ്. പഴയതുപോലെ എഴുതിത്തള്ളേണ്ട മണ്ഡലമല്ല, തളിപ്പറമ്പെന്ന നിഗമനത്തിൽ പ്രത്യേക ശ്രദ്ധയോടെയാണിത്തവണ ഇവിടെ യു.ഡി.എഫ്. പ്രവർത്തനം. രണ്ടുതവണ പൂർത്തിയാക്കിയതിനാൽ ജയിംസ് മാത്യു ഇത്തവണ മത്സരിക്കുമോ എന്ന് വ്യക്തമല്ല. നേരത്തേ എം.എൽ.എ.യായിരുന്ന കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദനെ ഇത്തവണ സ്ഥാനാർഥിയാക്കുമെന്ന സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ മട്ടന്നൂരിലും വീണ്ടും മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് വല്ലാതെ ഇടിഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പഴയ പ്രതാപത്തിലേക്ക് രണ്ടിടത്തും എൽ.ഡി.എഫ്. തിരിച്ചെത്തി.  

പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഡിൽ കുറവുവന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ലീഡ് നേടി കോട്ട കാക്കാൻ എൽ.ഡി.എഫിന് സാധിച്ചു. പയ്യന്നൂരിൽ സി. കൃഷ്ണനും കല്യാശ്ശേരിയിൽ ടി.വി. രാജേഷും രണ്ടാമൂഴവും പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന.

തലശ്ശേരിയിൽ കഴിഞ്ഞതവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച എ.എൻ. ഷംസീർതന്നെ ഇത്തവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് മൂന്നിലൊന്നോളമായി കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻതോതിൽ വർധിച്ച് നാല്പത്താറായിരത്തിലെത്തിയിട്ടുണ്ടിവിടെ. സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് ഇരുമുന്നണിയും എത്തിയിട്ടില്ല. ബി.ജെ.പി.യാകട്ടെ 2016-ലെ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിലുണ്ടായ കുതിപ്പ് തുടരുന്നതിനാണ് ശ്രമിക്കുന്നത്.