മുൻകാല വെടിനിർത്തൽ കരാറുകളെല്ലാം കർശനമായി പാലിക്കുമെന്ന ഫെബ്രുവരിയിലെ പാകിസ്താന്റെ വാഗ്ദാനം. എന്നാൽ, ഇന്ത്യൻ സുരക്ഷാസംവിധാനം ഇത്‌ ഒട്ടും മുഖവിലയ്ക്കെടുത്തിട്ടുണ്ടാവില്ല. അഫ്ഗാനിസ്താനിലെ സാഹചര്യം വ്യക്തമാകുന്നതുവരെ കശ്മീർ മേഖലയിൽ പ്രത്യേക വെല്ലുവിളികൾ നേരിടാതിരിക്കാൻ പാകിസ്താൻ സ്വീകരിച്ച വെറും തന്ത്രം മാത്രമായിരുന്നു അത്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ വെടിനിർത്തൽ വേനൽക്കാലത്ത് കശ്മീർ അതിർത്തിയിൽ പതിവുള്ള തീവ്രമായ ആക്രമണങ്ങളെ നേരിടുന്നതിൽനിന്ന് നിയന്ത്രണരേഖയിലെ സൈനികർക്ക് അല്പമെങ്കിലും വിശ്രമം നൽകുന്നതായി.1972-ൽ ഇന്ത്യയ്ക്കും പാക്കധീനകശ്മീരിനും ഇടയിലുള്ള അതിർത്തി നിയന്ത്രണരേഖയായി പുനർനിർണയിക്കുന്നതിനു മുൻപുതന്നെ വെടിനിർത്തൽ ലംഘനങ്ങൾ പതിവു സംഭവങ്ങളായിരുന്നു. അതിർത്തിക്കടുത്തുള്ള സംഭവവികാസങ്ങൾ മാത്രമായിരുന്നു 1989-ന് മുൻപ് വെടിവെപ്പുകളിലേക്ക് നയിച്ചിരുന്നത്.

മറുഭാഗത്തുള്ളവർ തങ്ങളുടെ സൈനികവിന്യാസത്തിൽ മാറ്റംവരുത്തുകയോ സൈനികബലം ശക്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്നു തോന്നിയാൽ സൈനികർ റൈഫിളുകളും മെഷീൻ ഗണ്ണുകളും മോർട്ടാറുകളും ഉപയോഗിക്കും. അതായിരുന്നു പതിവ്. മറുവശത്ത് പുതിയ യൂണിറ്റുകളെത്തിയാൽ നിയന്ത്രണരേഖയിൽ മാസങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുള്ള സൈനികർ പുതുതായെത്തിയവരുടെ ശേഷിയറിയാൻ ശത്രുസൈന്യത്തിനുനേരെ വെടിയുതിർത്തിരുന്നു. ഈ ഏറ്റുമുട്ടലുകൾ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുകയും കനത്ത പീരങ്കി പ്രയോഗം വരെ വളരുകയോ ചെയ്യും. അവസാനം ഇരുഭാഗങ്ങളിലെയും ഉന്നത കമാൻഡർമാർ ഇടപെട്ടാകും സ്ഥിതി ശാന്തമാക്കുക.

നുഴഞ്ഞുകയറ്റവും ഇന്ത്യൻ പ്രതിരോധവും

എന്നാൽ, വ്യാപകമായിരുന്ന ഇത്തരം ഏറ്റുമുട്ടലുകൾക്ക്, 1990-കളിൽ അസംതൃപ്തരായ കശ്മീരി യുവാക്കളെ പ്രകോപിപ്പിച്ച് മേഖലയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ പാകിസ്താന് അവസരം ലഭിച്ചു തുടങ്ങിയതോടെ പുതിയൊരു മാനം കൈവന്നു. അന്നുമുതൽ നിയന്ത്രണരേഖയ്ക്കപ്പുറത്തുനിന്നുള്ള വെടിവെപ്പ്‌ ഒരു പ്രത്യേകലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ടുള്ളതായി. ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി കനത്ത വെടിവെപ്പു നടത്തി അവരെ തളച്ചിടുക. അതുവഴി കാവലില്ലാത്ത ഇടങ്ങളിലൂടെ ഭീകരർക്ക്‌  നുഴഞ്ഞുകയറാൻ അവസരമൊരുക്കുക. സത്യത്തിൽ  പാക് സൈന്യത്തിന്റെ പത്താം കോർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി അതിർത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കാൻ മാത്രമായാണ്‌ പ്രവർത്തിക്കുന്നത്.

ഇതിന് മറുപടിയായി, ഇന്ത്യൻ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും നടപടികളും നിരന്തരം നവീകരിക്കുകയും ചെയ്തു. 700 കിലോമീറ്ററോളം നീളമുള്ള നിയന്ത്രണരേഖയിൽ മുള്ളുകൊണ്ടുള്ള വേലി നിർമിക്കാനെടുത്ത പരിശ്രമംതന്നെ മികച്ച ഉദാഹരണം. പാക് സൈനിക പോസ്റ്റുകൾക്ക്‌ വ്യക്തമായി കാണാവുന്ന ഇടങ്ങളിലൂടെയായിരുന്നു പലയിടത്തും വേലി കടന്നുപോയത്‌. പാക് സേനയുടെ വെടിവെപ്പിനെ നേരിട്ടും പ്രതിരോധിച്ചും തന്നെയാണ് സുരക്ഷാവേലിയുടെ നിർമാണം പൂർത്തിയാക്കിയതും. പൂർത്തിയായ വേലിയുടെ ഭാഗങ്ങൾ തകർക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ കൈകാര്യം ചെയ്യുകയെന്നതും സൈന്യത്തിന് നിരന്തരം വെല്ലുവിളിയൊരുക്കി. എന്നാലിന്ന്, മുന്നിൽ മൈൻ ഫീൽഡുകളും പിന്നിൽ നിരീക്ഷണ പോസ്റ്റുകളും ശക്തിപ്പെടുത്തിയ സൈനികസാന്നിധ്യവുമായി ഈ വേലിക്കെട്ടുകൾ ദൃഢമായിരിക്കുന്നു. സൈനികർക്ക് രാത്രിക്കാഴ്ച സാധ്യമാകുന്ന കണ്ണടകളും ഇൻ ബിൽട്ട് സെൻസറുകളും തെർമൽ ഇമേജിങ് ഉൾപ്പെടെ സാധ്യമാകുന്ന അത്യാധുനിക സംവിധാനങ്ങളും മുഴുവൻ സമയവും നിയന്ത്രണരേഖയിൽ സമ്പൂർണനിരീക്ഷണം സാധ്യമാക്കുന്നുണ്ട്. എന്നിട്ടും പട്രോളിങ്ങും പതിയിരുന്നുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്നും സൈനികരുടെ ജീവന് നിത്യേന ഭീഷണിയുയർത്തുന്നു.

തങ്ങളുടെ നീക്കങ്ങൾ എല്ലായ്‌പ്പോഴും പ്രതിരോധാത്മകമായിരിക്കില്ലെന്ന് നിയന്ത്രണരേഖയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള സൈനികർ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഉറിയിൽ അതിർത്തി കടന്നു നടത്തിയ ആക്രമണം അത്തരത്തിലുള്ള ആദ്യസംഭവമായിരുന്നില്ല. രഹസ്യസ്വഭാവമുള്ള ഇത്തരം ഓപ്പറേഷനുകളെക്കുറിച്ച് പൊതുവേ വെളിപ്പെടുത്താറില്ല. ഈ വക ഓപ്പറേഷനുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലും നമ്മുടെ സൈന്യത്തിന്റെ കഴിവുകളെക്കുറിച്ച് ശത്രുവിന് ധാരണയുണ്ടാക്കിക്കൊടുക്കും. ദൗർഭാഗ്യവശാൽ, ഉറി സംഭവത്തിൽ പ്രസിദ്ധി മാത്രമാഗ്രഹിക്കുന്ന സർക്കാരിന് ആവേശം അടക്കിനിർത്താനായില്ല. ഒട്ടും ജാഗരൂകരല്ലാതിരുന്ന പ്രതിപക്ഷത്തിന് അത് തടയാനും. ഏതാനും വർഷങ്ങൾക്കിടെ കശ്മീർ താഴ്വര സന്ദർശിച്ച നിരീക്ഷണപാടവമുള്ള ഏതൊരുവനും ഇപ്പോൾ നിലവിലുള്ള സുരക്ഷാശൃംഖലയുടെ ശക്തിയെക്കുറിച്ച് ഉറപ്പുപറയാനാകും. ടൗണിലും ഹൈവേയിലും റോന്തുചുറ്റുന്ന സംസ്ഥാനപോലീസുദ്യോഗസ്ഥർ തൊട്ടടുത്തുള്ള സി.ആർ.പി.എഫ്. പിക്കറ്റിന്റെ നോക്കെത്തുന്ന ദൂരത്തായിരിക്കും. പട്രോളിങ് നടത്തുന്ന സൈന്യത്തിന്റെ പിന്തുണയും അവർക്കുണ്ടാകും. കശ്മീരിനെ ഗ്രിഡുകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല രാഷ്ട്രീയ റൈഫിൾസിന്റെ ഓരോ ബറ്റാലിയനും നൽകിയിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഭീകരവിരുദ്ധ സേനകളിലൊന്നാണ്‌ രാഷ്ട്രീയ റൈഫിൾസ്. ആത്യന്തികമായി ഭീകരരെ വേട്ടയാടി വീഴ്ത്തുകയെന്ന ഉത്തരവാദിത്വം നിർവഹിക്കുക മികവുറ്റ പരിശീലനം നേടിയ പ്രത്യേക സൈനികസംഘത്തിലെ (പാരാ സ്പെഷൽ ഫോഴ്‌സ്‌) പോരാളികളായിരിക്കും.

ഉത്തരം റാവൽപിണ്ടിയിൽ

ഇത്രയും വിപുലമായ സുരക്ഷാസജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഭീകരാക്രമണങ്ങളുണ്ടാകുന്നുവെന്ന ചോദ്യം നാം ചോദിച്ചേക്കാം. ലഭിക്കുന്ന ഉത്തരത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതിൽ നമ്മളെപ്പോഴും പരാജയപ്പെടുന്നുവെന്നതാണ് ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരിക്കാനുള്ള കാരണം. ഭീകരർ നൂറുതവണ പരാജയപ്പെട്ടശേഷം ഒരിക്കൽ വിജയിച്ചാലും അത് കാര്യമായ​ നേട്ടമായി അവർ കരുതുന്നു. എന്നാൽ, ഓരോ തവണയും സുരക്ഷാസൈന്യത്തിന് വിജയിക്കേണ്ടതായുണ്ട്‌. കാരണം ഓരോ പരാജയവും അസ്വീകാര്യമാണ്. ഓരോ ഭീകരാക്രമണത്തിന്റെ ആഘാതവും രാജ്യത്തുടനീളം അനുഭവപ്പെടും. അതു നമ്മളിൽ അരക്ഷിതാവസ്ഥ തീർക്കും. അതേസമയം, ഭീകര ഉന്മൂലനവാർത്തയെ നാം തുലോം നിസ്സംഗമായാണ്‌ സ്വീകരിക്കുക. 

ആറുമാസംനീണ്ട ഈ സംതൃപ്തിക്കുശേഷം വീണ്ടും അസ്വസ്ഥതയുടെ വേദനയനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. പൂഞ്ച് സെക്ടറിലെ വൻ നുഴഞ്ഞുകയറ്റശ്രമങ്ങളും ഒക്ടോബറിന്റെ തുടക്കംമുതൽ സാധാരണക്കാർക്കുനേരെ നടന്ന ഭീകരാക്രമണങ്ങളും സ്ഥിതി സങ്കീർണമാകുന്നതിന്റെ സൂചന നൽകുന്നു. പഴയരീതികളിലേക്കുള്ള ഈ തിരിച്ചുപോക്ക് റാവൽപിണ്ടിയിലെ പാക് സൈനികാസ്ഥാനത്തുനിന്നുള്ള ഉത്തരവുകളുടെ പിൻബലമില്ലാതെ സാധ്യമാവില്ലെന്ന യാഥാർഥ്യത്തിൽ നിന്നുവേണം നാമിതിന്റെ കാരണങ്ങൾ ചികഞ്ഞുപോകാൻ. അഫ്ഗാനിലെ സാഹചര്യം പാകിസ്താന് അനുകൂലമായി ഭവിച്ചാൽ കശ്മീർ അതിർത്തിയിൽ പ്രവർത്തിച്ചിരുന്ന ഭീകരർ വീണ്ടും സജീവമാകുമെന്ന സാധ്യത എപ്പോഴും നിലനിന്നിരുന്നതാണ്. വെടിനിർത്തൽ പ്രഖ്യാപനം പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പാകിസ്താന് സഹായകമായി. തങ്ങൾ വളർത്തുന്ന ഹഖാനി സംഘത്തെ താലിബാൻ ഭരണക്രമത്തിൽ തിരുകാൻ വിചാരിച്ചതിലും വേഗത്തിൽ അവർക്കുപറ്റി. പാകിസ്താൻ അതും ഒരവസരമായി കണ്ടു. കശ്മീരിൽ ശൈത്യകാലം വന്ന്‌ പർവതപാതകൾ അടയ്ക്കും മുമ്പ്‌ ആക്രമണങ്ങൾ വർധിപ്പിക്കാൻ അവർ ശ്രമിക്കും. 

അഫ്ഗാനിസ്താൻ ബന്ധം

താലിബാന്റെ വിജയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കശ്മീരികൾ നടത്തുന്ന ആക്രമണങ്ങളാണ്‌ ഇപ്പോഴുള്ളതെന്ന കെട്ടുകഥകൾ നമുക്ക് മാറ്റിവെക്കാം. ഭീകരരിൽ ഭൂരിഭാഗവും പാക് പഞ്ചാബ് പ്രവിശ്യയുടെ തെക്കൻമേഖലകളിൽനിന്നുള്ളവരും പാക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണരേഖയിലേക്കെത്തി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരുമാണ്. പൂഞ്ച് സംഭവത്തിൽ അഫ്ഗാൻ ബന്ധം പ്രത്യക്ഷമാണെങ്കിലും അത്‌ മറ്റൊരു തരത്തിലാണ്.യു.എസ്. സൈന്യം അഫ്ഗാനിസ്താനിൽനിന്ന് പിൻവാങ്ങുമ്പോൾ അവിടെയുപേക്ഷിച്ചുപോയവയിൽ ഭീകർക്ക്‌ ഉപയോഗപ്രദമായ കുറെയേറെ വസ്തുക്കളുണ്ട്. രാത്രിക്കാഴ്ച നൽകുന്ന കണ്ണടകൾ, തെർമൽ ഇമേജിങ് കിറ്റ്, ലേസർ ടാർജറ്റിങ് ഉപകരണങ്ങൾ, കൂടെക്കൊണ്ടുനടക്കാനാകുന്ന ആശയവിനിമയോപാധികൾ, അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ, ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് പടച്ചട്ടകൾ, അത്യാധുനിക ജി.പി.എസ്. സംവിധാനങ്ങൾ എന്നിവ. ഇത്തരം സംവിധാനങ്ങൾ മുമ്പും അവർക്ക്‌ ലഭ്യമായിരുന്നെങ്കിലും ഇത്ര വലിയതോതിലുള്ളതായിരുന്നില്ല. 

തങ്ങളുടെ ഈ ശേഖരത്തിലുണ്ടായ വലിയ വർധനയുമായി പൊരുത്തപ്പെടാൻ ഭീകരസംഘടനകൾ സമയമെടുക്കും. അവരുടെ തന്ത്രങ്ങളിൽ സുപ്രധാനമായ പരിഷ്കരണം ഇനിയുണ്ടായേക്കും. അങ്ങനെയൊരു പരീക്ഷണത്തിന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ, പൂഞ്ചിലുണ്ടായ നുഴഞ്ഞുകയറ്റം. അങ്ങനെയാണെങ്കിൽ വരുന്ന വേനൽക്കാലത്തിനുമുൻപ് തിരിച്ചടിക്കാൻ നമ്മുടെ സൈന്യം തയ്യാറായിരിക്കേണ്ടതുണ്ട്. അധ്യാപകരും തൊഴിലാളികളും മെഡിക്കൽ സ്റ്റോറുടമയുമടക്കമുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട നിലവിലെ ആക്രമണങ്ങളുടെ മറുവശം പക്ഷേ ഇപ്പോഴും വിശദീകരിക്കപ്പെട്ടിട്ടില്ല.

പാകിസ്താനിലെ അധികാര വടംവലി

ഈ സാധാരണക്കാരെ വധിച്ചത് കശ്മീരികളാണെന്നാണ് ആക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് പറഞ്ഞ്‌ പോലീസ് പുറത്തുവിട്ട പേരുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്. എന്നാലിതിൽ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പാകിസ്താനയക്കുന്ന കൂലിപ്പടയാളികളിൽനിന്ന് വ്യത്യസ്തമായി, കശ്മീരിലെ ഭീകരർക്ക് ‘സ്വാതന്ത്ര്യപ്പോരാളികൾ’ എന്ന തങ്ങളുടെ പ്രതിച്ഛായ നിലനിർത്താനും സ്വന്തം താഴ്വരയിലെ ജനങ്ങളിൽനിന്നുണ്ടായേക്കാവുന്ന അവജ്ഞ ഒഴിവാക്കാനും ഏതെങ്കിലും തരത്തിലുള്ള ‘ധാർമിക’ നിലപാട്  എടുക്കേണ്ടതുണ്ട്‌. ഈ കൊലപാതകങ്ങളെ കശ്മീരിലെ എല്ലാ രാഷ്ട്രീയസംഘടനകളും ഏകകണ്ഠമായി അപലപിച്ചതോടെ, ജനപിന്തുണയില്ലാതെ അതിജീവനം സാധ്യമല്ലാത്ത കശ്മീർ വിഘടനവാദികൾക്ക്‌ തിരിച്ചടിയായിരിക്കുകയാണ്.
സാധാരണക്കാരെ കൊന്നുതള്ളുന്ന ഈ നീതികെട്ടരീതിക്ക് കലാപവിരുദ്ധ നടപടികളെ ദുർബലപ്പെടുത്താനാകില്ലെന്നുമാത്രമല്ല കൂടുതൽ രോഷം ആളിക്കത്തിക്കാനിടയാക്കുകയും ചെയ്യും. കശ്മീരിലെ നിരപരാധികളായ സാധാരണക്കാരോട്‌ പ്രതികാരം ചെയ്യാൻ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെ പ്രകോപിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിൽ അക്കാര്യം നടക്കാൻ പോകുന്നുമില്ല. ഇത്തരം സാഹചര്യങ്ങളിലൂടെ ഇന്ത്യ മുമ്പും കടന്നുപോകുകയും അന്ധമായ പ്രതികരണങ്ങളുടെ വിഡ്ഢിത്തം നിറഞ്ഞ ഫലശൂന്യതയെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്.

 നേരത്തേ പറഞ്ഞതുപോലെ, എല്ലാത്തിനുമുള്ള ഉത്തരം ശ്രീനഗറിലല്ല മറിച്ച് റാവൽപിണ്ടിയിലെ അതിസങ്കീർണമായ ഏതോ വ്യക്തിയുടെ മസ്തിഷ്കത്തിലാകും ഉണ്ടായിരിക്കുക. പാകിസ്താനിൽ അധികാരവടംവലിയുടെ ഭാഗമായി ലഫ്. ജനറൽ ഫായിസ് ഹമീദിനെ ഇന്റർ സർവീസ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സൈനികമേധാവി ജനറൽ ഖമർ ബാജ്വയുടെ ശ്രമങ്ങൾ നടക്കുന്ന അതേസമയം തന്നെ കശ്മീരിൽ പ്രശ്നങ്ങളുടലെടുത്തത് വെറും യാദൃച്ഛികം മാത്രമായിരിക്കുമോ? കശ്മീരിലെ പുതിയ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ ഹമീദിനെ തത്‌സ്ഥാനത്തുനിന്ന് മാറ്റരുതെന്ന വാദത്തിന് ഉപോദ്ബലകമാകുന്ന തരത്തിൽ എന്തെങ്കിലും സൃഷ്ടിക്കപ്പെട്ടതാണോ? ഊഹത്തിന്റെ അങ്ങേയറ്റമാണ് അത്തരമൊരു ചിന്തയെന്നറിയാം. എങ്കിലും കൈകാര്യം ചെയ്യേണ്ടത് പാകിസ്താൻ സൈന്യത്തെയാകുമ്പോൾ ഒരു സാധ്യതയും പരിഗണിക്കപ്പെടാതെ പോകരുത്.

(മാതൃഭൂമി മുൻ പത്രാധിപരാണ്‌ ലേഖകൻ)