കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവും-എല്ലാംകൊണ്ടും കർണാടകരാഷ്ട്രീയം കലങ്ങിമറിയുകയാണ്. സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി.നീക്കത്തിന് തടയിടാൻ കഴിഞ്ഞെങ്കിലും കോൺഗ്രസിൽ വിമതർ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ നാല് വിമത എം.എൽ.എ.മാർ വിട്ടുനിന്നത് നിസ്സാരമായി കാണാനാകില്ല. അവസരംവന്നാൽ ബി.ജെ.പി. വീണ്ടും രംഗത്തെത്തും. ഇത് മുന്നിൽക്കണ്ടുള്ള പ്രതിരോധത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബെംഗളൂരുവിൽ ക്യാമ്പ്ചെയ്ത്‌ നടത്തിയ നീക്കമാണ് തത്‌കാലം സഖ്യസർക്കാരിന്റെ ജീവൻ നിലനിർത്തിയത്. വിമതർക്കെതിരേ കോൺഗ്രസ് എടുക്കുന്ന നടപടിയും നിർണായകമാകും. ആരൊക്കെ കളംമാറി ചവിട്ടുമെന്നത്  കണ്ടറിയേണ്ടിവരും. സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. 

സഖ്യസർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി.പദ്ധതി കോൺഗ്രസ് തന്ത്രപൂർവമാണ് അട്ടിമറിച്ചത്. ഇത് ബി.ജെ.പി. നേതൃത്വത്തിന് നൽകിയ പ്രഹരം ചെറുതൊന്നുമല്ല. ലോക്‌സഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരമൊരു സാഹസത്തിന് മുതിരേണ്ടതില്ലെന്ന് വാദിക്കുന്നവരും ബി.ജെ.പി.യിലുണ്ട്. സംസ്ഥാനനേതൃത്വത്തിന്റെ അവകാശവാദം വിശ്വസിച്ച കേന്ദ്രനേതൃത്വവും വെട്ടിലായി. സർക്കാരിനെ വീഴ്‌ത്തുകയെന്നതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജനതാദൾ സഖ്യം തകർക്കുകയെന്ന ലക്ഷ്യവും ബി.ജെ.പി.ക്കുണ്ടായിരുന്നു. കോൺഗ്രസും ദളും ഒന്നിച്ച് മത്സരിച്ചാൽ 2014-ലെ വിജയം ആവർത്തിക്കാൻ കഴിയില്ലെന്ന് നേതൃത്വത്തിനറിയാം. ഇതുകൂടി മുന്നിൽക്കണ്ടാണ് പണവും പദവിയും വാഗ്ദാനംചെയ്ത് ഭരണപക്ഷനേതാക്കളെ അടർത്തിമാറ്റുന്ന ഓപ്പറേഷൻ കമല ആസൂത്രണംചെയ്തത്. നിയമസഭാതിരഞ്ഞെടുപ്പിനുശേഷം അധികാരം പിടിക്കാൻ നടത്തിയ രണ്ടാമത്തെ നീക്കവും പക്ഷെ, പരാജയപ്പെട്ടു. എന്നാൽ, നാലുപേരെ വിമതപക്ഷത്ത് നിലനിർത്താനായത് നേട്ടമായാണ് ഒരുവിഭാഗം കരുതുന്നത്. വടക്കൻകർണാടകത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ.മാരെ അടർത്തിയെടുത്ത് ലോക്‌സഭാതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി. തന്ത്രം. 

കണക്കുകൂട്ടലുകൾ പിഴച്ചു 
അട്ടിമറിനീക്കത്തിന് ആദ്യം ബി.ജെ.പി. കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നില്ല. ഭരണപക്ഷത്തുനിന്ന് ചുരുങ്ങിയത് 16 എം.എൽ.എ.മാരെ ഉറപ്പുവരുത്തണമെന്നായിരുന്നു സംസ്ഥാനത്തിന് ലഭിച്ച നിർദേശം. ആവശ്യത്തിന് എം.എൽ.എ.മാരുണ്ടെന്ന ഉറപ്പിലാണ് കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയത്. രഹസ്യമായി നീക്കംനടത്തുന്നതിലും ബി.ജെ.പി. വിജയിച്ചു. 19:19:19 എന്ന കോഡ് പേരിലാണ് പദ്ധതി നടപ്പാക്കിയത്. ജനുവരി 19-ന് 19 കോൺഗ്രസ് എം.എൽ.എ.മാരുടെ രാജിയായിരുന്നു ലക്ഷ്യം. കോൺഗ്രസിലെ 13 പേരെ വരുതിയിലാക്കാനും കഴിഞ്ഞു. 224 നിയമസഭയിലെ അംഗബലം 211ൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. മന്ത്രിസ്ഥാനത്തിനുപുറമേ 50 കോടിവരെ ബി.ജെ.പി. വാഗ്ദാനംചെയ്തെന്നാണ് റിപ്പോർട്ടുകൾ. 

മകരസംക്രാന്തി ആഘോഷത്തിനിടയിലാണ് കോൺഗ്രസ്-ദൾ നേതൃത്വത്തെ ഞെട്ടിച്ച നീക്കമുണ്ടായത്. എം.എൽ.എ.മാർ കളംമാറി ചവിട്ടുന്നുണ്ടെന്ന് ആദ്യം പുറത്തുവിടുന്നത് മന്ത്രി ഡി.കെ. ശിവകുമാറാണ്. സംസ്ഥാനനേതൃത്വം ഫോണിൽ ബന്ധപ്പെട്ടപ്പോൾ പല എം.എൽ.എ.മാരെയും കിട്ടുന്നില്ല. കോൺഗ്രസ് ഹൈക്കമാൻഡ് പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബെംഗളൂരുവിലെത്തിച്ച് നടത്തിയ നീക്കത്തിൽ, മുങ്ങിയ എം.എൽ.എ.മാർ ഒന്നിനുപിറകെ ഒന്നായി നേതൃത്വത്തിനൊപ്പം അണിനിരന്നു. അനുനയവും ഭീഷണിയും ഇതിനായി ഉപയോഗിച്ചു. ബി.ജെ.പി. എം.എൽ.എ.മാരെ ലക്ഷ്യംവെച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തിയ നീക്കവും സഹായകമായി. ഇതിൽ ബി.ജെ.പി.യും ആശങ്കയിലായി. ഡൽഹിയും മുംബൈയും ബെംഗളൂരുവും കേന്ദ്രീകരിച്ചുനടന്ന ഓപ്പറേഷനിൽ സഖ്യസർക്കാരിന്റെ പതനം ഒഴിവാക്കാനായി.
സർക്കാരിനെ അട്ടിമറിക്കാൻ കഴിഞ്ഞില്ലെങ്കിലും കിട്ടാവുന്നവരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. നാലുപേർ വിട്ടുനിന്നതോടെ കോൺഗ്രസ്-ദൾ സഖ്യത്തിന്റെ അംഗബലം 118-ൽനിന്ന് 114 ആയി. കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 ആണ്. നാലുപേരെ അയോഗ്യരാക്കിയാൽ അംഗബലം 220 ആകും. ഭൂരിപക്ഷം കുറയുന്നതോടെ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. 

ഇനി എത്രകാലം?
ബി.ജെ.പി.നീക്കം പരാജയപ്പെട്ടെങ്കിലും മന്ത്രിസ്ഥാനവും ഭീഷണിയും മുൻനിർത്തി എത്രകാലം സമാജികരെ കൂടെനിർത്താൻ കഴിയുമെന്നതാണ് പ്രസക്ത ചോദ്യം. വിമതരെ അനുനയിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങളൊന്നും എളുപ്പത്തിൽ നടപ്പാക്കാനാവില്ലെന്ന് എല്ലാവർക്കുമറിയാം. വിമതപക്ഷത്തുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാൻ മുതിർന്ന നേതാക്കൾ പദവിയൊഴിയുമെന്നാണ് വാഗ്ദാനം. മുതിർന്ന നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, പ്രിയങ്ക ഖാർഗെ, കൃഷ്ണബൈരഗൗഡ, സമീർ അഹമ്മദ് ഖാൻ എന്നിവർ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് വാദം. എന്നാൽ, ഇവരെ മാറ്റിനിർത്തി സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ല. 
മറ്റുനേതാക്കളെ മന്ത്രിസ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയാലും പ്രതിസന്ധിക്കിടയാക്കും. ആർക്കും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടില്ലെന്ന് നിയമസഭാകക്ഷി നേതാവുകൂടിയായ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചതും കോൺഗ്രസിലെ ഭിന്നതയിലേക്കാണ് വിരൽചൂണ്ടുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പുവരെ സഖ്യം എന്തുവിലകൊടുത്തും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. ഇന്നത്തെ പ്രതിസന്ധിക്ക് ബി.ജെ.പി.മാത്രമല്ല ഉത്തരവാദി. ജനതാദളുമായി സഖ്യമുണ്ടാക്കിയതിൽ അമർഷം കൂടുതൽ കോൺഗ്രസിലാണ്. അധികാരത്തിനും പദവിക്കുമായുള്ള തർക്കമാണ് വിഭാഗീയതയിലേക്ക് നയിച്ചത്. ബെലഗാവിയിലെ മുതിർന്ന നേതാവായ രമേശ് ജാർക്കിഹോളിയെ  നീക്കി സഹോദരൻ സതീഷ് ജാർക്കിഹോളിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രതിസന്ധി കനത്തത്. കുടുംബത്തിലെ രണ്ടുപേർക്ക് മന്ത്രിസ്ഥാനം നൽകാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. ലോക്‌സഭാസീറ്റ് വിഭജനം നടന്നാൽ വീണ്ടും വിഭാഗീയതയ്ക്ക് ഇടയാക്കിയേക്കും. ഭാവിയിലും കോൺഗ്രസിൽ വിഭാഗീയനീക്കം പ്രതീക്ഷിക്കാം. 

കോടികൾ ചെലവിട്ട്  റിസോർട്ട്  രാഷ്ട്രീയം
രാഷ്ട്രീയനാടകങ്ങൾക്ക് കർണാടകത്തിൽ കുറവില്ല. ഇന്നൊരു പാർട്ടിയിൽ, നാളെ മറ്റൊരു പാർട്ടിയിൽ. സ്വന്തം എം.എൽ.എ.മാരെ പാർട്ടി നേതൃത്വത്തിന് വിശ്വാസമില്ലാത്ത അവസ്ഥ. ഇതാണ് റിസോർട്ട് രാഷ്ട്രീയത്തിലേക്ക് നയിച്ചത്. കോടികൾ ചെലവിട്ട് എം.എൽ.എ.മാരെ ദിവസങ്ങളോളം റിസോർട്ടിൽ പാർപ്പിക്കും. സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തിയപ്പോൾ ബി.ജെ.പി. സാമാജികരെ ഹരിയാണയിലെ ഗുരുഗ്രാം റിസോർട്ടിലാണ് താമസിപ്പിച്ചത്. മൂന്നുദിവസത്തെ ചെലവ് ഒന്നരക്കോടി രൂപ. റിസോർട്ടിൽവെച്ചാണ് തന്ത്രങ്ങൾ മെനയുന്നത്. വിമത കോൺഗ്രസ് എം.എൽ.എ.മാരെ പാർപ്പിച്ചത് മുംബൈയിലെ ഹോട്ടലിലും. ഇവർക്കായി മഹാരാഷ്ട്ര, ഹരിയാണ സർക്കാരുകളുടെ കനത്ത സുരക്ഷയും. നിയമസഭാകക്ഷിയോഗത്തിനുശേഷം കോൺഗ്രസും എം.എൽ.എ.മാരെ റിസോർട്ടിലാക്കി. 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോഴും സംസ്ഥാനം കണ്ടത് രാഷ്ട്രീയനാടകമാണ്. കൂടുതൽ സീറ്റുനേടിയ ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചപ്പോൾ കോൺഗ്രസ്, ദൾ എം.എൽ.എ.മാരെ റിസോർട്ടിലാക്കി. കോൺഗ്രസ്-ദൾ എം.എൽ.എ.മാരെ അടർത്തിയെടുക്കാൻ കഴിയാതെവന്നപ്പോൾ യെദ്യൂരപ്പ രാജിവെച്ചു. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതിനുശേഷം വിശ്വാസപ്രമേയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ്, ദൾ എം.എൽ.എ.മാരെ റിസോർട്ടിൽനിന്ന്‌ നിയമസഭയിലെത്തിക്കുകയായിരുന്നു. 2008-ൽ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോഴും മൂന്നുതവണ എം.എൽ.എ.മാരെ റിസോർട്ടിലാക്കിയുള്ള വിലപേശൽ സംസ്ഥാനം കണ്ടു. കോടികൾ ചെലവിട്ട് എല്ലാ സൗകര്യവും നൽകിയാണ് സാമാജികരെ റിസോർട്ടിൽ പാർപ്പിക്കുന്നത്. കുടുംബാംഗങ്ങളെ ബന്ധപ്പെടാൻപോലും അനുവാദമില്ല.

Content Highlights:  Karnataka Political Drama Congress and BJP