ർണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് എന്നാണ് പരിഹാരം?  സഖ്യസർക്കാർ തകർച്ചയുടെ വക്കിലാണ്. സർക്കാരിനെ പിടിച്ചുനിർത്താൻ ഭരണപക്ഷം പതിനെട്ടടവും പയറ്റുന്നുണ്ട്‌. എന്നാൽ, വിഭാഗീയത പരിഹരിക്കാൻ കഴിയാത്തവിധം കൈവിട്ടുപോയെന്ന് മുതിർന്ന നേതാക്കളും സമ്മതിക്കുന്നു.  മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടും വഴങ്ങാൻ വിമതർ തയ്യാറല്ല. വാഗ്ദാനം വെറും വാഗ്ദാനമല്ലെന്ന് തെളിയിക്കാൻ കോൺഗ്രസിലെയും ജെ.ഡി.എസിലെയും മുഴുവൻ മന്ത്രിമാരും രാജിവെച്ചു.  വൈകിപ്പോയെന്ന മറുപടിയാണ്  വിമതരിൽനിന്ന് ലഭിച്ചത്. മന്ത്രിസ്ഥാനം വാഗ്ദാനംനൽകിയും ഭീഷണിപ്പെടുത്തിയും രാജിവെച്ചവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് വിമതർക്കെതിരേ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സർക്കാരിന് ആയുസ്സ് നീട്ടിക്കൊടുക്കുന്ന സമീപനമാണ് സ്പീക്കറും സ്വീകരിച്ചത്. സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി 13 വിമതരുടെ രാജി സ്പീക്കർ കെ.ആർ. രമേശ് കുമാർ സ്വീകരിച്ചില്ല. എന്നാൽ, കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽനിന്ന് രാജിവെച്ചവർ ഉൾപ്പെടെ 18 എം.എൽ.എ.മാർ വിട്ടുനിന്നത് തിരിച്ചടിയായി. യോഗത്തിനെത്തിയവർപോലും കോൺഗ്രസ് പ്രതിപക്ഷത്തിരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.


കോൺഗ്രസിലെ 11-ഉം ജെ.ഡി.എസിലെ മൂന്നും എം.എൽ.എ.മാരാണ് രാജിവെച്ചത്. അഞ്ച് എം.എൽ.എ.മാർകൂടി രാജിക്ക് തയ്യാറായി നിൽക്കുന്നു. മന്ത്രിസ്ഥാനം നൽകി കൂടെനിർത്തിയ സ്വതന്ത്രൻ എച്ച്.നാഗേഷും കെ.പി.ജെ.പി. അംഗം ആർ. ശങ്കറും രാജിവെച്ച് ബി.ജെ.പി.യോടൊപ്പം പോയി. ഇതോടെ ന്യൂനപക്ഷമായ സർക്കാർ വിമതരിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള സമയം കണ്ടെത്താനാണ് ശ്രമം. ഇപ്പോഴത്തെ കണക്കിൽ ബി.ജെ.പി.ക്കാണ് സഭയിൽ ഭൂരിപക്ഷം. 14 പേരുടെ രാജിയോടെ നിയമസഭയിലെ അംഗബലം 224-ൽനിന്ന് 210 ആയി. ഇതിൽ ബി.ജെ.പി.ക്ക് 107 പേരുടെയും കോൺഗ്രസ്-ദൾ സഖ്യത്തിന് 103 പേരുടെയും പിന്തുണയാണുള്ളത്. വിമതരുടെ രാജി സ്പീക്കർ സ്വീകരിക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി. ഗവർണറെ കാണും.   

ഭീഷണി ഒഴിയില്ല; രാജിയും

വിമതപക്ഷത്തുനിന്ന് അഞ്ചുപേരെ കൂടെ നിർത്തിയാലും ഭീഷണി ഒഴിയുന്നില്ല. കോൺഗ്രസിലെ മൂന്നും ജെ.ഡി.എസിലെ രണ്ടും എം.എൽ.എ.മാർ രാജിക്ക് തയ്യാറാണെന്നാണ് വിവരം. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിസന്ധി തീരില്ല. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കാൻ ദൾ നേതൃത്വം തയ്യാറായാലും പ്രവർത്തകർ അംഗീകരിക്കില്ല. എച്ച്.ഡി. ദേവഗൗഡയുടെ നിർദേശം പരിഗണിച്ച് മല്ലികാർജുന ഖാർഗെയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിലെ ഒരു വിഭാഗവും തയ്യാറല്ല. ബി.ജെ.പി. സർക്കാർ രൂപവത്‌കരിച്ചാലും പ്രതിസന്ധിയുണ്ടാകും.  ഒന്നോ രണ്ടോ അംഗത്തിന്റെ പിൻബലത്തിൽ സർക്കാരുണ്ടാക്കിയാൽ ഭീഷണി കൂടെയുണ്ടാകും. രാജിവെച്ച് ബി.ജെ.പി.യിലെത്തുന്നവരെ ഉപതിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചെടുക്കുക അത്ര എളുപ്പമാവില്ല.. അതിനാൽ, സർക്കാർ രൂപവത്കരിച്ച് ഒന്നോ രണ്ടോ മാസത്തിനുശേഷം നിയമസഭ പിരിച്ചുവിട്ട് ഇടക്കാലതിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും ബി.ജെ.പി. തീരുമാനം. 

അതൃപ്തിയും അമർഷവും
സർക്കാരിനെതിരേയുള്ള ബി.ജെ.പി.യുടെ രണ്ട് അട്ടിമറിനീക്കവും പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രതിസന്ധിക്കുകാരണം കോൺഗ്രസിലെ അതൃപ്തിയാണ്. മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളെ തഴയുന്നെന്ന പരാതിയും ശക്തമായി. കോൺഗ്രസിലെ ഒരു വിഭാഗത്തിലുണ്ടായ അതൃപ്തി ബി.ജെ.പി. മുതലെടുത്ത് നടത്തിയ നീക്കമാണ് 13 പേരുടെ രാജിയിലേക്ക് നയിച്ചത്. ലോക്‌സഭാതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി വിമതനീക്കത്തിന് ശക്തിപകർന്നു. വിമതനീക്കത്തിന് തടയിടാൻ മന്ത്രിസഭാവികസനം നടത്തിയപ്പോൾ മുതിർന്ന നേതാക്കൾക്കുപകരം സ്വതന്ത്രരെ ഉൾപ്പെടുത്തിയതും എരിതീയിൽ എണ്ണയൊഴിച്ചു. ‘പാർട്ടിക്ക് ഞങ്ങളെ വേണ്ടെങ്കിൽ ഞങ്ങൾക്ക് പാർട്ടിയെയും വേണ്ട’ എന്നാണ് ഒരു മുതിർന്ന കോൺഗ്രസ്  നേതാവ് പറഞ്ഞത്. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിലും എതിർപ്പുണ്ട്. ഇക്കാര്യം സംസ്ഥാനനേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. സിദ്ധരാമയ്യയ്ക്കുനേരെയാണ് കേന്ദ്രനേതൃത്വം വിരൽചൂണ്ടുന്നത്. രാജിവെച്ചവരും വിമതനീക്കം നടത്തിയവരും സിദ്ധരാമയ്യപക്ഷക്കാരാണ്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിൽനിന്ന് അനുയായികളെ തടയാൻ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞില്ലെന്നാണ് കുറ്റപ്പെടുത്തൽ.

വിമതർ ബി.ജെ.പി.യിലേക്കോ?
സഖ്യസർക്കാർ വീണാൽ ഭൂരിപക്ഷം വിമതരും ബി.ജെ.പി.യിൽ ചേരുമെന്നാണ് സൂചന. രാജിവെച്ച 13 പേർക്കും മന്ത്രിസ്ഥാനം വാഗ്ദാനംനൽകിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുമായി ബി.ജെ.പി. നേതാക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമതരുടെ രാജിക്കുപിന്നിൽ അതൃപ്തിയാണെങ്കിലും ബി.ജെ.പി.യുടെ പങ്കും വ്യക്തമാണ്. വിമതരെ പ്രത്യേകവിമാനത്തിൽ മുംബൈയിലെത്തിച്ചതും താമസിക്കാൻ നക്ഷത്രഹോട്ടൽ തരപ്പെടുത്തിയതും ബി.ജെ.പി.യാണ്. നീക്കങ്ങൾക്ക് കേന്ദ്രമന്ത്രിയാണ് മേൽനോട്ടംവഹിക്കുന്നത്. വിമതരുടെ രാജിമുതൽ മുംബൈയിലെത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യമുണ്ട്.