സി.പി.എമ്മിന്   കണ്ണൂർ എപ്പോഴും  ചെങ്കൊടികളുടെ നെൽവയലുകളാണ്. വിപ്ലവത്തിന്റെ ചോരവീണ് ചുവന്ന മണ്ണ്... ഇവിടത്തെ ജയ-പരാജയം അവരുടെ ഉള്ളിൽത്തട്ടും.
പാർട്ടിക്ക് അഭിമാനപ്രശ്നമാണ് ഈ ലോക്‌സഭാമണ്ഡലം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇവിടെയാണ്. എന്നാൽ,  തിരഞ്ഞെടുപ്പിന്റെ മനഃശാസ്ത്രവും ഭൂമിശാസ്തവും വേറെയാണ്. കണ്ണൂർ മണ്ഡലം രൂപം കൊണ്ട കാലം മുതൽ ഏറെത്തവണയും അത് വലത്തോട്ടാണ് ചാഞ്ഞുനിന്നത്. 

കന്നിമത്സരത്തിൽ എ.കെ.ജി. പാർലമെന്റിൽ പോയെങ്കിലും പിന്നീട് 1977-ലെ മണ്ഡല പുനർവിഭജനത്തിനുശേഷം കോൺഗ്രസ് പ്രതിനിധികളെയാണ് കണ്ണൂർ ലോക്‌സഭയിലേക്കയച്ചത്. ആറു തവണ കോൺഗ്രസ് പ്രതിനിധികൾ പാർലമെന്റിലെത്തിയപ്പോൾ മൂന്നുതവണ സി.പി.എം.വിജയിച്ചു. ഏറ്റവും ഒടുവിൽ 2014-ൽ കോൺഗ്രസിന്റെ കരുത്തനായ കെ. സുധാകരനും സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ഏറ്റുമുട്ടിയപ്പോൾ വിജയം  ശ്രീമതിക്കായിരുന്നു. അവർ തന്നെ 2019-ൽ വീണ്ടും ഏറ്റുമുട്ടുകയാണ്. ഒരേ വാശിയോടെ പാർട്ടി  ദേശീയ നിർവാഹകസമിതിയംഗം സി.കെ. പത്മനാഭൻ ബി.ജെ.പി.ക്കായി കച്ചമുറുക്കിക്കഴിഞ്ഞു.  

പിഴച്ചുപോയ കണക്കൂകൂട്ടലുകൾ കണ്ണൂർ മണ്ഡലത്തിൽ പലപ്പോഴും ഇരുമുന്നണികൾക്കും ഉണ്ടായിട്ടുണ്ട്. ഇക്കുറിയും  രാഷ്ട്രീയകണക്കെടുപ്പുകൾ പാർട്ടികൾ നേരത്തേ തുടങ്ങിക്കഴിഞ്ഞു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാല്പത്തിമൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  കെ. സുധാകരൻ വിജയിക്കുന്നത്. 2014-ൽ അതേ വിജയിയെ പിടിച്ചുകെട്ടാൻ സി.പി.എം. ഇറക്കിയ പി.കെ. ശ്രീമതി 6566 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. അഞ്ചുവർഷത്തിന് ശേഷം അവരിരുവരും പൂർവാധികം ശക്തിയോടെ രംഗത്തെത്തുമ്പോൾ മണ്ഡലത്തിൽ രാഷ്ട്രീയകാലാവസ്ഥകൾ മാറിമറിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുനോക്കുമ്പോൾ എൽ.ഡി.എഫി്‌ന് സന്തോഷിക്കാൻ വകയുണ്ട്. കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയോജമണ്ഡലത്തിൽ നാലിലും വിജയം. മൊത്തം ഭൂരിപക്ഷം ഒരു ലക്ഷത്തോളം. തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം, കണ്ണൂർ എന്നിവ എൽ.ഡി.എഫിനൊപ്പം, ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നിവ യു.ഡി.എഫിനൊപ്പം. തളിപ്പറമ്പിലും മട്ടന്നൂരിലും ഭൂരിപക്ഷം നാൽപ്പത്തിനായിരത്തിന് മുകളിൽ ധർമടത്ത്‌ 36000-ത്തിലധികം. കോൺഗ്രസിന്റെ എക്കാലത്തെയും കോട്ടയായ കണ്ണൂരും എൽ.ഡി.എഫിനൊപ്പമായി. 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ രീതിയിലല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശൈലി. ലോക്‌സഭയിൽ പലപ്പോഴും യു.ഡി.എഫിനാണ് മേൽക്കെ.
2014-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 4,27,622 വോട്ടും യു.ഡി.എഫിന് 4,21,056 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് കിട്ടിയത് 51,636 വോട്ട്്്. എസ്.ഡി.പി.ഐ.ക്ക് 17,000-ത്തോളം വോട്ട് ലഭിച്ചു. ഇത്തവണയും എസ്.ഡി.പി.ഐ. മത്സരരംഗത്തുണ്ട്. കെ.കെ അബ്ദുൽജബ്ബാർ തന്നെയാണ് സ്ഥാനാർഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുധാകരന്റെ അതേപേരിലുള്ള രണ്ട് അപരൻമാർ പി.കെ ശ്രീമതിയുടെ ഭൂരിപക്ഷത്തെക്കാൾ അധികം വോട്ട് പിടിച്ചിരുന്നു. എം.പി. എന്ന നിലയിൽ കണ്ണൂർ മണ്ഡലത്തിൽ ഉണ്ടാക്കിയ വികസനത്തോടൊപ്പം സംസ്ഥാനസർക്കാർ കൊണ്ടുവന്ന വികസനവും പറഞ്ഞുകൊണ്ടാണ് പി.കെ. ശ്രീമതി വോട്ടഭ്യർഥിക്കുന്നത്. അതേസമയം, സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയാണ് കെ. സുധാകരൻ ജനങ്ങളെ ഓർമിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന വികസനമാണ് ബി.ജെ.പി. സ്ഥാനാർഥി സി.കെ. പത്മനാഭൻ വോട്ടർമാരുടെ മുന്നിൽ വെക്കുന്നത്. 

നിലവിലുള്ള കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഞ്ചുതവണ വിജയിക്കുകയും രണ്ടുതവണ തോൽക്കുകയും ചെയ്ത മണ്ഡലമാണ് കണ്ണൂർ. മുല്ലപ്പള്ളിയെ രണ്ടുതവണ തോൽപ്പിച്ച സി.പി.എമ്മിലെ യുവതാരം എ.പി.അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയതും കണ്ണൂർ രാഷ്ട്രീയത്തിലെ മാത്രം കൗതുകം. എ.കെ.ജി., സി.കെ. ചന്ദ്രപ്പൻ, രാമചന്ദ്രൻ കടന്നപ്പള്ളി. കെ. കുഞ്ഞമ്പു തുടങ്ങിയവരും കണ്ണൂരിൽ നിന്ന് വിജയിച്ചിട്ടുണ്ട്്.

ടേണിങ് പോയന്റ്്
കഴിഞ്ഞവർഷം എടയന്നൂരിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം  വിവാദമായിരുന്നു. അതോടൊപ്പം കാസർകോട് പെരിയയിൽ രണ്ടു യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതുമാണ്‌ യു.ഡി.എഫ്. പ്രചാരണായുധമാക്കുന്നത്‌. കഴിഞ്ഞദിവസം രാഹുൽഗാന്ധി തന്നെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു. അതേ രാഹുൽഗാന്ധി തൊട്ടടുത്ത മണ്ഡലമായ വയനാട് മത്സരിക്കാനെത്തുന്നു എന്ന വാർത്തയും യു.ഡി.എഫിന്റെ പ്രചാരണത്തിന് ആവേശമുണ്ടാക്കും. കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം തുടങ്ങിയ വികസനപ്രവർത്തനങ്ങൾ എൽ.ഡി.എഫിന്റെ വൻ നേട്ടമായി സി.പി.എം. അവതരിപ്പിക്കുന്നുണ്ട്. 

ശക്തി

  • യു.ഡി.എഫ്.: നാട്ടുകാരൻ, കരുത്തനായ സ്ഥാനാർഥി, മുൻ എം.പി., ഉജ്ജ്വല പ്രസംഗകൻ, ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ശക്തമായി നിലകൊണ്ടു എന്ന അഭിപ്രായം. കണ്ണൂരിലെയും കാസർകോട്ടെയും കൊലപാതകരാഷ്ട്രീയത്തിനെതിരേയുള്ള പാർട്ടി വികാരം. 
  • എൽ.ഡി.എഫ്.: നാട്ടുകാരി, നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻമുന്നേറ്റം, എം.പി. എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, വനിതാസ്ഥാനാർഥി എന്ന സാധ്യത, സൗമ്യമായ പെരുമാറ്റം, കണ്ണൂർ വിമാനത്താവളം പോലുള്ള വികസനപദ്ധതികൾ.
  • എൻ.ഡി.എ.: നാട്ടുകാരൻ, കണ്ണൂരിൽ കന്നി മത്സരം, സൗമ്യമായ സമീപനം, കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ, ശബരിമല വിഷയം. 

ദൗർബല്യം

  • യു.ഡി.എഫ്.: സംഘടനാ സംവിധാനം ദുർബലം, കോൺഗ്രസിലെ ഗ്രൂപ്പുപോര്, കോൺഗ്രസ് സ്ഥാനാർഥി എം.പി.യായിരിക്കെ കണ്ണൂരിനുവേണ്ടി കാര്യമായി  ചെയ്തില്ലെന്ന സി.പി.എം. വിമർശം. 
  • എൽ.ഡി.എഫ്.: കണ്ണൂരിലും കാസർകോട്ടെയും രാഷ്ട്രീയ കൊലപാതകങ്ങൾ, പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരേയുള്ള കേസുകൾ.
  • എൻ.ഡി.എ.: പാർട്ടിയിൽ അടുത്ത കാലത്ത് സജിവമല്ലെന്ന ആക്ഷേപം, ശബരിമല വിഷയത്തിലുള്ള എതിർപ്പ്്്, പാർട്ടി സംഘടനാസംവിധാനത്തിലെ പോരായ്മ.