kamalഎടുത്താൽ പൊങ്ങാത്ത ഭാരമാണോ തലയിലേറ്റുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഒരുപക്ഷേ, കമൽഹാസൻ ഉത്തരം പറയാൻ ഒന്നുപരുങ്ങും. ഫെബ്രുവരി 21-ന് അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ കാലെടുത്തുവയ്ക്കുന്നത് ഇത്തരം ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളെയും നേരിട്ടുകൊണ്ടാണ്. വെള്ളിത്തിരയിൽ കമൽ വിസ്മയമാണ്. പരീക്ഷണ ചിത്രങ്ങളൊരുക്കുന്നതിൽ ധൈര്യശാലിയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെതന്നെ ഒന്നൊന്നര സംഭവം തന്നെയാണ് കമൽ. അതുകൊണ്ടുതന്നെയാണ് ഈ നടന്റെ രാഷ്ട്രീയപ്രവേശം ഇത്രയധികം ദേശീയശ്രദ്ധ ആകർഷിക്കുന്നതും. മധുരയിൽ സംസ്ഥാന പര്യടനത്തിന് തുടക്കംകുറിച്ച് പതുക്കെ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ജനങ്ങളുടെ മനസ്സും പ്രയാസങ്ങളും നേരിൽക്കണ്ട് വിലയിരുത്താനാവുമെന്നാണ് ഉലകനായകന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയത്തിൽ കമലിന്റെ ഭാവിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 
സത്യത്തിൽ കമലിന്റേത് നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണ്. ദ്രാവിഡ പാർട്ടികളിലെ പലനേതാക്കളും അദ്ദേഹത്തെ കളിയാക്കിയും വിമർശിച്ചും രംഗത്തെത്തി. അപ്പോഴൊന്നും മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കാൻ തയ്യാറായില്ല. എം.ജി.ആർ. സിനിമാപ്പേരായ ‘നാളെ നമതേ’(നാളെ നമുക്കുവേണ്ടി) എന്ന മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം പര്യടനം തുടങ്ങുന്നത് (നാളെ നമതേ റിലീസായി രണ്ടുവർഷത്തിനുള്ളിൽ എം.ജി.ആർ. മുഖ്യമന്ത്രിയായി എന്നാണ് കമലിന്റെ ഭാഷ്യം). പ്രമുഖ സംവിധായകൻ കെ. ബാലചന്ദർ സംവിധാനംചെയ്ത ‘ഉന്നാൽ മുടിയും തമ്പി’ 1988-ലാണ് റിലീസായത്.

നീണ്ട മുപ്പതുവർഷത്തിനുശേഷം കമൽ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ‘മക്കൾ’ ചോദിക്കുന്നത് ‘ഉന്നാൽ മുടിയുമാ തമ്പീ...’ എന്നാണ്. തന്റെ സർവവിധ വളർച്ചയ്ക്കും കാരണക്കാരായ തമിഴ് മക്കളോട് വലിയ കടപ്പാടുണ്ടെന്നും ഇതിനുള്ള സ്നേഹം തിരിച്ചുനൽകുന്നതിനുള്ള പുറപ്പാടാണിതെന്നും കമൽ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ ഒരു ഗ്രാമം ദത്തെടുത്ത്‌ മാതൃക സൃഷ്ടിക്കുകയാണ് കമലിന്റെ പ്രഥമലക്ഷ്യം. 37 വർഷമായി സമൂഹസേവനം നടത്തുന്ന തനിക്ക് രാഷ്ട്രീയം വലിയ കടമ്പയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. രാജ്യത്തെ മൊത്തം നന്നാക്കാനാണ് കമലിന്റെ ശ്രമം. അഴിമതിക്കും വർഗീയതയ്ക്കുമെതിരേയാണ് പോരാട്ടം. ഗ്രാമീണവികസനമാണ് സ്വപ്നം. 

ചാഞ്ചാടുണ്ണീ...  ചരിഞ്ഞാടുണ്ണീ...
ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് മുന്നോട്ടുപോവുകയാണെങ്കിൽ കമലിന് രാഷ്ട്രീയത്തിൽ ഒരുപരിധിവരെ പിടിച്ചുനിൽക്കാനായേക്കാം. അതേസമയം, ചാഞ്ചാടിക്കളിക്കുന്ന മനസ്സുംകൊണ്ട് മുന്നോട്ടുപോയാൽ കാര്യം അത്ര എളുപ്പമാവില്ല. ഈ ചാഞ്ചാട്ടമനസ്സുതന്നെയാണ് കമലിൽ പലർക്കും അവിശ്വാസമുണ്ടാക്കുന്നതും. തുടക്കത്തിൽത്തന്നെ ഈ പക്വതക്കുറവുകാട്ടി അദ്ദേഹം ജനങ്ങളെ മുഷിപ്പിച്ചുവെന്ന് പറയാതെവയ്യ. 

കാവിരാഷ്ട്രീയത്തോട് പൊരുത്തപ്പെടാനാവില്ലെന്നുപറഞ്ഞ കമൽ പിന്നീടൊരിക്കൽ ബി.ജെ.പി.യുമായി ഒത്തുപോകാൻ താത്‌പര്യം പ്രകടിപ്പിച്ചു. ബീഫ് വിവാദം മാറ്റിനിർത്തിയാൽ മോദിയുടെ ഭരണം മെച്ചപ്പെട്ടതാണെന്ന്‌ പ്രശംസിച്ചു. അതേസമയം, യുക്തിവാദിയായ തന്നെക്കാൾ മതവിശ്വാസിയായ രജനീകാന്താണ് ബി.ജെ.പി.ക്ക് അനുയോജ്യനെന്ന് മറ്റൊരവസരത്തിൽ പറഞ്ഞു. താൻ കമ്യൂണിസ്റ്റ് അനുഭാവിയാണെന്നും അദ്ദേഹം ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്‌.  രാഷ്ട്രീയ സംശയങ്ങൾ തീർക്കാൻ പിണറായി വിജയനെ ഫോണിൽ വിളിക്കാറുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.

ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി കമൽ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ഡി.എം.കെ.യുടെ വേദികളിൽ പങ്കെടുക്കാനും കമൽ മടികാട്ടുന്നില്ല. വിഘടിച്ചുനിന്ന എ.ഐ.എ.ഡി.എം.കെ.യിൽ ലയനം നടക്കുന്നതുവരെ ഒ. പനീർശെൽവം കമലിനെ പിന്തുണച്ചിരുന്നു. എന്നാൽ, കമലിന്റെ നാക്ക് പലരെയും ചൊടിപ്പിച്ചു. കൃത്യമായ നിലപാടുകളില്ലാത്ത കമൽഹാസൻ എങ്ങനെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കുമെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. 
 നൂറുദിവസം ഓടുന്ന സിനിമയാണ് രാഷ്ട്രീയമെന്ന്‌ വിചാരിക്കരുതെന്നാണ് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ കളിയാക്കിയത്. പ്രമുഖനടൻ ശിവാജി ഗണേശൻ സ്വന്തമായി പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിലിറങ്ങി എം.എൽ.എ. പോലുമാകാതെ പിന്മടങ്ങിയ കാര്യവും ഓർമിപ്പിച്ചു. 

തന്റെ സംസ്ഥാനപര്യടനം ജന്മസ്ഥലമായ രാമേശ്വരത്തുനിന്നാരംഭിക്കാനായിരുന്നു കമലിന്റെ ആദ്യ തീരുമാനം. പൊടുന്നനെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വസതിയിലേക്ക്‌ വേദിമാറ്റി. അബ്ദുൽകലാമിനെ രാഷ്ട്രീയത്തിലേക്ക്‌ വലിച്ചിഴയ്ക്കുന്നതിനെ ചോദ്യംചെയ്ത് പലരും രംഗത്തെത്തിയതിനെത്തുടർന്നാണ് ഇപ്പോൾ വേദി മധുരയിലാക്കിയത്. കമലിന്റെ ഇതുവരെയുള്ള സ്വഭാവവും പ്രവൃത്തികളും അളന്നുമുറിച്ച്‌ പരിശോധിച്ചാൽ ഇങ്ങനെ  വൈരുധ്യങ്ങൾ പ്രകടമാവും. അത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 

തലയ്ക്കുമീതേ  ശൂന്യാകാശം...

കമൽഹാസന്റെ രാഷ്ട്രീയഭാവി വലിയൊരു ചോദ്യമാണ്. രജനീകാന്തിനെപ്പൊലെ ആസൂത്രിതമായ പദ്ധതികളോ നീക്കങ്ങളോ കമലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. രാഷ്ട്രീയപ്രഖ്യാപനം നടത്തിയെങ്കിലും രജനീകാന്ത് ചാടിക്കേറി ഒന്നും ചെയ്യുന്നില്ല. ഓരോ ചുവടുവയ്പും വളരെ കരുതലോടുകൂടിയാണ്. ആരാധകവൃന്ദങ്ങളെ ഏകോപിപ്പിച്ച് അംഗസംഖ്യ വർധിപ്പിക്കാനാണ് ആദ്യശ്രമം. 

രജനിക്കൊപ്പമുള്ളത് സാധാരണക്കാരായ ആരാധകരാണെങ്കിൽ കമലിനൊപ്പം പല തട്ടുകളിൽ നിന്നുള്ളവരുണ്ട്. ബ്രാഹ്മണവിഭാഗത്തിൽനിന്നും വേണ്ടത്ര പിന്തുണ കമലിനില്ല. ബി.ജെ.പി.യുമായി തുടക്കംമുതൽ വലിയ അടുപ്പത്തിലല്ല അദ്ദേഹം. അഥവാ സി.പി.എമ്മിനെ കൂടെക്കൂട്ടാനാണ് ഉദ്ദേശ്യമെങ്കിൽ അവർ ഡി.എം.കെ. സഖ്യത്തിലാണ്. മാത്രമല്ല, തമിഴകത്ത് സി.പി.എമ്മിന് കാര്യമായ ശക്തിയുമില്ല.

സംസ്ഥാനത്തെ ചെറുപാർട്ടികളെല്ലാം എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലും ഡി.എം.കെ. സഖ്യത്തിലുമായി ചേക്കേറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ തനിച്ചുനീങ്ങാനുള്ള ത്രാണി കമലിന്റെ പാർട്ടിക്കുണ്ടാവില്ല. ഈ ഘട്ടത്തിൽ മുന്നിലുള്ള പോംവഴി രജനീകാന്തിന്റെ പാർട്ടിയുമായി അടുക്കുക എന്നതാണ്. രാഷ്ട്രീയത്തിൽ കമൽഹാസനുമായി സഖ്യമുണ്ടാക്കുന്നകാര്യം കാലം തീരുമാനിക്കുമെന്നാണ് രജനിയുടെ നിലപാട്. 

തമിഴക രാഷ്ട്രീയത്തിന്‌ സിനിമയുമായി അഭേദ്യ ബന്ധമുണ്ടെങ്കിലും സിനിമയിൽനിന്നെത്തിയ എല്ലാവരെയും അധികാരത്തിലെത്തിച്ച പാരമ്പര്യം ഇവിടെയില്ല. അണ്ണാദുരൈ, എം.ജി.ആർ., കരുണാനിധി എന്നിവരൊക്കെ സിനിമാരംഗത്തുള്ളവരാണെങ്കിലും വർഷങ്ങളുടെ പ്രവർത്തനപരിചയത്തിന്റെ പിൻബലത്തിലാണ് ഇവർ പാർട്ടിയെ വിജയതീരത്തേക്ക് നയിച്ചത്. എന്നാൽ, രാഷ്ട്രീയത്തിൽ യാതൊരു പരിചയവുമില്ലാതെ അഴിമതിവിരുദ്ധ മുദ്രാവാക്യം നൽകുന്ന ഊർജത്തിലൂന്നിമാത്രമാണ് കമൽ മുന്നോട്ടുനീങ്ങുന്നത്. 

സോഷ്യൽ ഓഡിറ്റിങ്ങിന് ഒരുപരിധിവരെ അതീതമായ സിനിമയുടെ സുരക്ഷിതത്വത്തിൽനിന്ന് കണ്ണിൽ കണ്ടവരൊക്കെ ചോദ്യംചെയ്യുന്ന രാഷ്ട്രീയത്തിന്റെ അനിശ്ചിതത്വത്തിലേക്ക്‌ എത്തുമ്പോൾ കമൽഹാസനെയും കാത്തിരിക്കുന്നത് പ്രതിച്ഛായ എന്ന വെല്ലുവിളി തന്നെയാകും. 

തീവ്ര തമിഴ്‌വികാരം അടക്കം തമിഴകരാഷ്ട്രീയത്തിന്റെ പ്രത്യേകതകൾ കമലിന് എത്രമാത്രം ഉൾക്കൊള്ളാനാകുമെന്നതാണ് മറ്റൊരു കടമ്പ. ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ ദിനകരൻ നേടിയ വിജയം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യെ അലട്ടുന്നുണ്ട്. ശശികലപക്ഷക്കാരായ 18 എം.എൽ.എ.മാർ പിന്തുണ പിൻവലിച്ചതോടെ ന്യൂനപക്ഷസർക്കാരായി തീർന്നിരിക്കുന്ന എടപ്പാടിയുടെയും സംഘത്തിന്റെയും നിലനിൽപ്പ് അപകടത്തിലാണ്. 

ആർ.കെ. നഗറിൽ നടത്തിയതുപോലെ ഒരു അട്ടിമറി സർക്കാരിനുള്ളിൽ നടത്താനുള്ള നീക്കങ്ങൾ നടത്താൻ ശശികലയും ദിനകരനും തക്കം നോക്കിയിരിക്കുന്നു. കോടതിയുടെയും ഗവർണറുടെയും കാരുണ്യത്തിൽ ആയുസ്സ് നീട്ടിക്കിട്ടിയ എടപ്പാടി സർക്കാരിന് പുതിയ പ്രതിസന്ധിയാണ് രജനീകാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയപ്രവേശമെന്നകാര്യം പ്രസക്തമാണ്.