സംഘടനാകോൺഗ്രസുകാരനായിരുന്നു ആദ്യകാലത്ത് കെ. സുധാകരൻ.  ആദ്യം ജനതാപാർട്ടിയിലും പിന്നീട് ജനതാ (ജി)യിലും തുടർന്ന് കമലം ഗ്രൂപ്പിലുമായി പ്രവർത്തിച്ച സുധാകരൻ, എം. കമലത്തിനൊപ്പം 1987-ലാണ്  കോൺഗ്രസിലെത്തുന്നത്. കെ.പി.സി.സി. അംഗമായി കോൺഗ്രസിൽ പ്രവർത്തനം തുടങ്ങിയ സുധാകരൻ സി.പി.എമ്മിന് എതിരായ മൂർച്ചയേറിയ പ്രസംഗങ്ങളിലൂടെ അതിവേഗം ഒരുവിഭാഗത്തിന്റെ  ആവേശവും നേതാവുമായിമാറി. 

1992-ൽ കോൺഗ്രസിൽ സംഘടനാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കണ്ണൂരിൽമാത്രം നാലുഗ്രൂപ്പുകൾ രംഗത്തുണ്ടായിരുന്നു. എൻ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കരുണാകരന്റെ ഐ വിഭാഗം, കെ.പി. നൂറുദ്ദീനുപിന്നിൽ എ വിഭാഗം, വയലാർ രവിയോട് ആഭിമുഖ്യം കാട്ടി കെ. സുധാകരൻപക്ഷം, ഐ ഗ്രൂപ്പിൽ തന്നെയെങ്കിലും പ്രത്യേക ഗ്രൂപ്പായി രമേശ് ചെന്നിത്തലയ്ക്കൊപ്പം നിലകൊണ്ട  കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്‌    കെ.സി. വേണുഗോപാലിന്റെ സംഘം. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വിധത്തിൽ കെ. സുധാകരനെ ചെറുക്കാൻ കണ്ണൂരിൽ ഐ, എ ഗ്രൂപ്പകൾ ഒന്നിച്ചു. പക്ഷേ,   തിരഞ്ഞെടുപ്പിൽ ഒറ്റഗ്രൂപ്പ് എന്നനിലയിൽ കൂടുതൽ അംഗങ്ങൾ സുധാകരനായിരുന്നു. സുധാകരന്റെ വരവുചെറുക്കാൻ എ, ഐ വിഭാഗങ്ങൾ മുൻ ഡി.സി.സി. പ്രസിഡന്റായിരുന്ന, രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന  മാതമംഗലം കുഞ്ഞികൃഷ്ണനെ പൊതുസ്ഥാനാർഥിയാക്കി. 

കണ്ണൂരിലെ പോരാളി
കേരളത്തിലെ പതിമ്മൂന്ന് ജില്ലകളിലും പരസ്പരം പൊരുതുമ്പോഴായിരുന്നു ഇരുവിഭാഗവും കണ്ണൂരിൽ സഖ്യത്തിലായത്. മാതമംഗലം കുഞ്ഞികൃഷ്ണനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ 22 ഡി.സി.സി. അംഗങ്ങൾ  ഐ ഗ്രൂപ്പുമായി ഇടഞ്ഞു. അവരെ കൂടെനിർത്താൻ  പലവിധ സമ്മർദങ്ങളിലൂടെ കെ. സുധാകരന് കഴിഞ്ഞു. അങ്ങനെ എ, ഐ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വേണുഗോപാലിന്റെ സഹായത്തോടെ കെ. സുധാകരൻ കണ്ണൂർ ഡി.സി.സി. പ്രസിഡന്റായി. 

അതുവരെ കണ്ണൂരിൽ കോൺഗ്രസിനെ നയിച്ചിരുന്ന ഗ്രൂപ്പുനേതാക്കളായ എൻ. രാമകൃഷ്ണനെയും കെ.പി. നൂറുദ്ദീനെയും നിഷ്പ്രഭരാക്കി സുധാകരന്റെ യുഗം അവിടെ തുടങ്ങുകയായിരുന്നു. സി.പി.എമ്മിനോട് പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന മട്ടിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്  പുതിയമുഖം നൽകിയ സുധാകരന്റെ ശൈലി  മറ്റുഗ്രൂപ്പുകാർക്ക് ദഹിച്ചിരുന്നില്ല.

 അക്രമരാഷ്ട്രീയം കോൺഗ്രസിന്റെ ശൈലിയല്ല എന്നതായിരുന്നു അവരുടെ നിലപാട്. വർഷങ്ങളോളം സി.പി.എമ്മിനെ വെല്ലുവിളിച്ചുനടന്ന സുധാകരന് അടുത്ത സഹപ്രവർത്തകരായ ഒട്ടേറെപ്പേരെ സംഘർഷത്തിൽ നഷ്ടപ്പെട്ടു. ഇതിനിടയിൽ  ലീഡർ കെ. കരുണാകരനുമായി സുധാകരൻ സൗഹൃദം സ്ഥാപിച്ചിരുന്നു. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ്‌ എം.എൽ.എ. കൂടിയായ  തൊഴിൽമന്ത്രി എൻ. രാമകൃഷ്ണനെ അവഗണിച്ച് കണ്ണൂർ സീറ്റ് കരുണാകരൻ സുധാകരന് നൽകി. അതുവരെ ലീഡറുടെ കണ്ണൂരിലെ  വലംകൈയായിരുന്ന എൻ. രാമകൃഷ്ണന് ഇത്‌ താങ്ങാവുന്നതിലും അപ്പുറമുള്ള  അപമാനവും വേദനയുമായിരുന്നു. രാമകൃഷ്ണൻ ഇടതുമുന്നണി സ്വതന്ത്രനായി  മത്സരിച്ച് കണ്ണൂരിൽ സുധാകരനോട് പരാജയപ്പെട്ടു. ഇതോടെ കണ്ണൂരിൽ കോൺഗ്രസ് സുധാകരന്റെ കൈപ്പിടിയിലായി. 

സംഭവബഹുലമായ രാഷ്ട്രീയം
ദീർഘകാലം ഡി.സി.സി. പ്രസിഡന്റായും  മന്ത്രിയായും പിന്നീട് എം.പി.യായും സുധാകരൻ കണ്ണൂർ രാഷ്ട്രീയത്തിൽ നിറഞ്ഞു. നിരന്തരം സി.പി.എമ്മുമായി യുദ്ധംചെയ്ത സുധാകരൻ വാർത്തകളിലും  ഇടംപിടിച്ചു.  കള്ളവോട്ട് ചൂണ്ടിക്കാട്ടി നടത്തിയ നിയമയുദ്ധത്തിലൂടെ എടക്കാട്  മണ്ഡലത്തിൽ നേടിയ വിജയം അതിൽ പ്രധാനപ്പെട്ടതായിരുന്നു. സി.പി.എം. പ്രവർത്തകനായിരുന്ന  നാൽപ്പാടി വാസു വധക്കേസും സി.പി.എം. നേതാവ് ഇ.പി. ജയരാജനെതിരേ  രാജധാനി എക്സ്പ്രസിൽവെച്ചുണ്ടായ വധശ്രമവുമെല്ലാം സുധാകരനെതിരേ  സി.പി.എം. നിരന്തരം ആയുധങ്ങളാക്കി. എന്നാൽ, ഇതിനെയെല്ലാം വെല്ലുവിളിച്ച് സുധാകരൻ നടത്തിയ പ്രസംഗങ്ങളും പ്രവർത്തനങ്ങളും സംസ്ഥാനത്തെങ്ങും സി.പി.എമ്മിനെ നേരിടാനുള്ള കരുത്തനായ നേതാവ് എന്നൊരു പ്രതിച്ഛായ അദ്ദേഹത്തിന്‌ നൽകി. 
സുധാകരനെ നേരിടാൻ അപ്പോഴേക്കും കണ്ണൂരിലെ ഇതരഗ്രൂപ്പുകാർ അശക്തരായിരുന്നു. എ വിഭാഗം നേതാവായിരുന്ന സണ്ണി ജോസഫ് ഉൾപ്പെടെ ഇരുപക്ഷത്തുനിന്നും പലരും സുധാകരന്റെ ക്യാമ്പിലേക്ക് ചേക്കേറി. സി.പി.എം. പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടിയെ കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചത് അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്റെ എതിർപ്പ് വകവെക്കാതെയായിരുന്നു. രണ്ടുതവണ കണ്ണൂരിൽ ജയിച്ച അബ്ദുള്ളക്കുട്ടി എതിർപക്ഷത്തായപ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ തലശ്ശേരിക്ക് പറഞ്ഞയച്ചതും സ്വയം ഉദുമയിലേക്ക് പോയതും സുധാകരന്റെ  തന്ത്രങ്ങളായിരുന്നു. 

അണികളുടെ ആവേശം
കെ. സുധാകരനൊപ്പം ഉണ്ടായിരുന്ന ഒട്ടേറെപ്രവർത്തകരാണ് സി.പി.എമ്മുമായുള്ള സംഘർഷത്തിൽ രക്തസാക്ഷികളായത്. എം.വി. രാഘവൻ സഹകരണമന്ത്രിയായിരിക്കെ സഹകരണസ്ഥാപനങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളിൽ അദ്ദേഹത്തിന് കൂട്ട് സുധാകരനായിരുന്നു. പരിയാരം മെഡിക്കൽ കോളേജ്  ഭരണവും ആ കൂട്ടുകെട്ടാണ് നിലനിർത്തിയത്. എന്നാൽ, സി.പി.എം. ഭരണത്തിലിരിക്കെ പരിയാരവും പിന്നീട് എം.വി.ആറിനും സുധാകരനും നഷ്ടമായി.
അണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന പ്രസംഗശൈലിയാണ് സുധാകരനെ ഇതരജില്ലയിലെ കോൺഗ്രസുകാർക്കും പ്രിയങ്കരനാക്കിയത്. കണ്ണൂരിൽ സി.പി.എമ്മിനെ തടഞ്ഞുനിർത്തുന്നത് സുധാകരനാണെന്ന ധാരണയുണ്ടാക്കാനും അദ്ദേഹത്തിന്റെ അനുയായികൾ ഉത്സാഹിച്ചു. 

എന്നാൽ, അന്നും ഇന്നും സുധാകരന്റെ ശൈലിയോട് വിയോജിപ്പുള്ള ഒരുവിഭാഗം കണ്ണൂരിലെ കോൺഗ്രസിലുണ്ടായിരുന്നു. തുടക്കംമുതൽ സുധാകരനൊപ്പമുണ്ടായിരുന്ന ചിലനേതാക്കൾ പലകാരണങ്ങളാൽ ഇടക്കാലത്ത്  അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞു.  മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലെ എം.പി.യായിരിക്കെ സുധാകരൻ പ്രസിഡന്റായ കണ്ണൂർ ഡി.സി.സി. ഓഫീസിലേക്ക് കയറാറുണ്ടായിരുന്നില്ല. 

ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപര്യടനത്തിനിടയിൽ അതേ മുല്ലപ്പള്ളിയെ  ഒരു വീട്ടിൽ പൂട്ടിയിട്ടും പ്രസിഡന്റായിരിക്കെ പി. രാമകൃഷ്ണനെ ഡി.സി.സി.  ഓഫീസിൽ കയറാൻ അനുവദിക്കാതെയുമൊക്കെ സുധാകരന്റെ അണികൾ  നേതാവിനോടുള്ള ആരാധനയും ശക്തിയും പ്രകടിപ്പിച്ചതും കോൺഗ്രസിലെ കൗതുകങ്ങളായി അവശേഷിക്കുന്നു.  

ആരെടാ എന്നുചോദിക്കുമ്പോൾ ഞാനെടാ എന്നുപറയുന്നതാണ് സുധാകരന്റെ ശൈലി. സി.പി.എമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ അവരെ നെഞ്ചുവിരിച്ചുനിന്ന് നേരിട്ടുവെന്ന  വിശേഷണമാണ്  ആരാധകർ സുധാകരന് നൽകിയത്. ഇതാകട്ടെ, കെ.പി.സി.സി. അധ്യക്ഷപദത്തിലേക്കുള്ള വഴിയൊരുക്കാൻ വലിയ സഹായവുമായി. എ.ഐ.സി.സി. ജനറൽ  സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാൽ ഡൽഹിയിൽ രാഹുൽഗാന്ധിയുടെ ഏറ്റവുംവിശ്വസ്തനാണിന്ന്.  കെ.പി.സി.സി.  പ്രസിഡന്റിന്റെ കാര്യത്തിൽ ഒരുപക്ഷത്തുമില്ലെന്ന നിലപാടിലാണ് താനെന്ന് വേണുഗോപാൽ അടുത്ത സഹപ്രവർത്തകരോട് പറഞ്ഞതായാണ് വിവരം. എങ്കിലും കണ്ണൂർ ഡി.സി.സി. പ്രസിഡന്റ്‌ പദത്തിലേക്കെന്നപോലെ കെ.പി.സി.സി. അധ്യക്ഷപദത്തിലേക്കുള്ള സുധാകരന്റെ യാത്രയിലും വേണുഗോപാലിന്റെ സാന്നിധ്യമുണ്ടെന്നതാണ് കൗതുകം.