പൊതുരംഗത്തുള്ള പലപ്രമുഖരും മണ്‍മറയുമ്പോള്‍ പതിവായി പറഞ്ഞുകേള്‍ക്കുന്ന പ്രയോഗമാണ് അനുകരണീയമായ വ്യക്തിത്വം, മാതൃകയാക്കേണ്ട ശൈലി എന്നൊക്കെ.  കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ. ശങ്കരനാരായണപിള്ളയെ  മാതൃകയാക്കാനും അനുകരിക്കാനും പുതിയകാലഘട്ടത്തില്‍ അധികമാര്‍ക്കും സാധിച്ചെന്നുവരില്ല. വളരെ ചെറിയപ്രായത്തില്‍ പല ഉന്നതപദവികളില്‍  എത്തിച്ചേരാന്‍ കഴിഞ്ഞ അദ്ദേഹത്തിന് ആ പദവികളില്‍നിന്ന് താഴെ ഇറങ്ങേണ്ടിവന്നപ്പോഴൊക്കെ വീണ്ടും പഴയ സാധാരണക്കാരനായ വ്യക്തിയായി മാറാന്‍ ഒട്ടുംപ്രയാസമുണ്ടായിരുന്നില്ല.

തുറന്നഹൃദയം, തുറന്ന നിലപാടുകള്‍

പ്രിഡിഗ്രിക്ക് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്നകാലത്ത് തുടക്കത്തില്‍ അഖിലേന്ത്യ വിദ്യാര്‍ത്ഥികോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് ജില്ലാകമ്മിറ്റികള്‍ പലതും അന്ന് കെ.എസ്.യു വിനെ പാര്‍ട്ടിയുടെ പോഷകസംഘടനായി അംഗീകരിച്ചിരുന്നില്ല. വിദ്യാര്‍ഥി കോണ്‍ഗ്രസിനെയായിരുന്നു അന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റികള്‍ അംഗീകരിച്ചിരുന്നത്. സുന്ദരേശന്‍നായരും ടി.പി.ശ്രീനിവാസനൊക്കെയായായിരുന്നു അന്നത്തെ വിദ്യാര്‍ഥികോണ്‍ഗ്രസ് നേതാക്കള്‍. പിന്നീട് പി.സി.ചാക്കോ തിരുവന്തപുരത്ത് പഠിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പമാണ് ശങ്കരനാരായണപിള്ള കെ.എസ്.യു വില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. താമസിയാതെ കെ.എസ്.യു.വിന്റെ ജില്ലാപ്രസിഡന്റ് ,യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാപ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലെത്തി.  പ്രഗത്ഭരായ നേതൃനിര നിറഞ്ഞുനില്‍ക്കുന്ന കാലത്ത് 1973 ല്‍  ഇരുപത്തിയഞ്ചാം വയസിലാണ് അദ്ദേഹം തിരുവനന്തപുരം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാവുന്നത്. എട്ടുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട എ വിഭാഗത്തിന്റെ കെ.പി.സി.സി. പ്രസിഡന്റായി എ.കെ.ആന്റണി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ജനറല്‍സെക്രട്ടറിയായി.

ശങ്കരനാരായണപിള്ള ഡി.സി.സി.പ്രസിഡന്റായിരുന്ന കാലത്ത് മൂന്ന് തവണ തിരുവനന്തപുരത്ത് പ്രസംഗിക്കാന്‍ ഇന്ദിരാഗാന്ധി എത്തിയിരുന്നു. രണ്ട് തവണ പ്രസംഗം പരിഭാഷപ്പെടുത്തി. ഒരിക്കല്‍ സ്വാഗതപ്രസംഗം നടത്തിയപ്പോള്‍ ശങ്കരനാരായണപിള്ള ഇംഗ്ലിഷിലായിരുന്നു സംസാരിച്ചത്.  ഇംഗ്ലിഷില്‍ പറയണമെന്നില്ല മലയാളത്തില്‍ പറഞ്ഞാല്‍ മതിയെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. അപ്പോള്‍  മൈക്കിലൂടെ എല്ലാവരും കേള്‍ക്കെ ഇംഗ്ലിഷില്‍ തന്നെ മറുപടി പറഞ്ഞു.  സ്വാഗതപ്രസംഗം ഇവിടെ തടിച്ചുകൂടിയവര്‍ക്കുവേണ്ടിയല്ല. അതിഥിയായ താങ്കള്‍ കേള്‍ക്കാനാണ്. അതുകൊണ്ട് അത് ഇംഗ്ലിഷില്‍തന്നെ പറയാം എന്ന് പറഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി അത് അംഗീകരിച്ച് ചിരിച്ചു. ആരുടെ മുന്നിലും അഭിപ്രായം തുറന്നുപറയാന്‍ ഒട്ടും മടികാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം.

ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് എ.കെ.ആന്റണിയോടൊപ്പം നിലപാടെടുത്ത് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ആന്റണിയുടെ വിശ്വസ്തനായ ജനറല്‍സെക്രട്ടറിയായി.  1981ല്‍ എല്‍.ഡി.എഫ് വിടാന്‍ എ.കെ.ആന്റണിയും വയലാര്‍രവിയും കൂട്ടരും തീരുമാനിച്ചപ്പോള്‍ ആ നിലപാട് അംഗീകരിക്കാന്‍ ശങ്കരനായാരണപിള്ള തയ്യാറായില്ല. വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന  രണ്ടു ദിവസത്തെ ക്യാമ്പില്‍  എല്ലാവരും അഭിപ്രായം പറഞ്ഞു. പി.സി.ചാക്കോ,എ.സി.ഷണ്‍മുഖദാസ്, കെ.ശങ്കരനാരായണപിള്ള, രാമചന്ദ്രന്‍കടന്നപ്പള്ളി,എ.കെ.ശശീന്ദ്രന്‍, ടി.പി.പീതാംബരന്‍മാസ്റ്റര്‍ ,വി.സി.കബീര്‍ തുടങ്ങിയവര്‍  എല്‍.ഡി.എഫ് വിടുന്നതിലെ രാഷ്ട്രീയമായ വഞ്ചന തുറന്നുകാട്ടി. അഥവാ മുന്നണി മാറുകയാണെങ്കില്‍ എല്‍.ഡി.എഫില്‍ നിന്ന് ലഭിച്ച എം.എല്‍.എ സ്ഥാനം എല്ലാവരും രാജിവെച്ച് മറുപക്ഷത്തേക്ക് പോവണമെന്ന നിര്‍ദ്ദേശം ശങ്കരനാരായണപിള്ള മുന്നോട്ടുവെച്ചു. ആ നിര്‍ദ്ദേശം ഭൂരിപക്ഷാഭിപ്രായപ്രകാരം തള്ളി. പിന്നീട് ആറ് എം.എല്‍.എ മാര്‍ പി.സി.ചാക്കോയുടെ നേതൃത്വത്തല്‍ യോഗം ചേര്‍ന്ന് എല്‍.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചു. എന്തുകൊണ്ട് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നു എന്ന് വിശദീകരിക്കുന്ന കത്ത് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കും എ.കെ.ആന്റണിക്കും നല്‍കാനുള്ള  കാര്യകാരണസഹിതം തയ്യാറാക്കിയത് ശങ്കരനാരാണപിള്ളയായിരുന്നുവെന്ന് അന്നത്തെ ആറ് എം.എല്‍.എ മാരില്‍ ഒരാളായ മുന്‍മന്ത്രി വി.സി.കബീര്‍ ഓര്‍ക്കുന്നു.

ഇളകാത്ത ആദര്‍ശം

1982ല്‍ ഇടതുമുന്നണിയില്‍നിന്ന് ശങ്കരനാരായണപിള്ള എം.എല്‍.എ ആയി. ആ സമയത്താണ് ഭാര്യ കുമാരി കെ.ആര്‍.ഗിരിജക്ക് കേരളസര്‍വ്വകലാശാലയില്‍നിന്ന് ഉദ്യോഗത്തിന് ഇന്റര്‍വ്യുവിനുള്ള കാര്‍ഡ് ലഭിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഹരിഹയ്യര്‍ ഉള്‍പ്പെടുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. ആരോടും ശുപാര്‍ശ പറയാനൊന്നും എന്നെ ക്കൊണ്ട് പറ്റില്ല. നിനക്ക് അര്‍ഹതയുണ്ടെങ്കില്‍ നിയമനം ലഭിക്കും എന്നാണ് അന്ന് ശങ്കരപിള്ള ഭാര്യയോട് പറഞ്ഞതെന്ന് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി.എ.യും പിന്നീട് സന്തതസഹചാരിയുമായ  പുലിപ്പാറ സുരേന്ദ്രന്‍ പറയുന്നു. ഇന്റര്‍വ്യുബോര്‍ഡിലെ ആരോ ഇടക്ക് ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്നായിരുന്നു മറുപടി. വീണ്ടും ചോദ്യം വന്നു ,ആരാണ് ആ പൊതുപ്രവര്‍ത്തകന്‍. അപ്പോള്‍ പേര് പറഞ്ഞു, ശങ്കരനാരായണപിള്ള. അഡ്രസ് നോക്കി ഇന്റര്‍വ്യുബോര്‍ഡിലെ മറ്റൊരംഗം ചോദിച്ചു കെ.ശങ്കരനാരായണപിള്ളയാണോ. അപ്പോഴാണ് എം.എല്‍.എ.യുടെ ഭാര്യയാണ് മുന്നിലിരിക്കുന്നതെന്ന് ഇവര്‍ക്ക് മനസിലായത്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവികള്‍ പ്രയോജനപ്പെടുത്തരുതെന്ന കാഴ്ചപാടില്‍ ഒരിക്കലും വീട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറായില്ല.

എം.എല്‍.എ ആയിരുന്ന കാലത്ത് ലാമ്പി സ്‌കൂട്ടറിലാണ് മണ്ഡലത്തില്‍ മുഴുവന്‍ സഞ്ചരിക്കുക. 1987ല്‍ വീണ്ടും നിയമസഭയിലെത്തിയപ്പോള്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത ആദര്‍ശവാദിയെന്ന് മന്ത്രിയായ ശങ്കരനാരായണപിള്ളയെ എല്ലാവരും പ്രകീര്‍ത്തിച്ചു. 1991ല്‍ വീണ്ടും തിരഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പലരും തിരഞെടുപ്പ് സംഭാവന കൊണ്ടുകൊടുത്തപ്പോള്‍, അത് മുഴുവന്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയെ ഏല്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. മന്ത്രിപദം ഒഴിഞ്ഞ അടുത്തദിവസം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസിലും ഓട്ടോയിലും യാത്ര ചെയ്യുന്ന ശങ്കരപിള്ളയെയാണ് കണ്ടത്. ഇത് മാധ്യമശ്രദ്ധ നേടാനുള്ള ചെപ്പടിവിദ്യയായിരുന്നില്ല.മറിച്ച് ആര്‍ഭാടത്തിന് വകയില്ലാത്ത വ്യക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു അതൊക്കെ. മന്ത്രിപദമൊഴിഞ്ഞശേഷം അനുസ്മരണം എന്ന പേരില്‍ ഒരു മാസിക നടത്തി. സാമ്പത്തികമായി അത് വിജയിച്ചില്ല.  വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ഒരുവിധത്തിലും ആശ്രയിക്കുന്നതിനോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല.

വ്യക്തിപരമായി പല പ്രയാസങ്ങളും നേരിട്ടപ്പോഴും അതെല്ലാം ഉള്ളിലൊതുക്കി പുറമേക്ക് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം സുഹൃദ്സദസുകളില്‍ നിറഞ്ഞുനിന്നു. 'അധികാരമുള്ള പദവികളില്‍ ജീവിച്ചവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍ താഴെയിറങ്ങാന്‍ വലിയ പ്രയാസമാണ്. ആ ശൈലി മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ പ്രിയസുഹൃത്ത് ശങ്കരനാരായണപിള്ളക്ക് നിഷ്പ്രയാസം വീണ്ടും പഴയ സാധാരണക്കാരനാവാന്‍ സാധിച്ചു' വെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഓര്‍ക്കുന്നു.

'രാഷ്ട്രീയത്തിലെ അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹം. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ വളരെ കുറച്ച് ലളിതമായി ജീവിച്ച അദ്ദേഹം രാഷ്ട്രീയത്തിലെ സന്യാസിയും നിലപാടില്‍ വിപ്ലവകാരിയുമാണ്. എല്ലാത്തിലും ശങ്കരപിള്ളക്ക് ഉറച്ച നിലപാടുണ്ട്. ആ നിലപാട് കാരണമാണ് 1981ല്‍ ഞങ്ങള്‍ വഴിപിരിയേണ്ടിവന്നത്. പക്ഷേ പിരിഞെങ്കിലും സൗഹൃദം തുടര്‍ന്നു. ഞങ്ങള്‍ ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിക്കാറുണ്ട്. താത്വികമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പറ്റിയ ആളാണ് അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്തെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഈ തലമുറയില്‍ ജീവിച്ച ആദര്‍ശശാലിയാണ് ശങ്കരപിള്ള' യെന്ന് എ.കെ.ആന്റണി സുഹൃത്തിനെ കുറിച്ച് അനുസ്മരിക്കുന്നു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആന്റണിപക്ഷത്തായിരുന്നെങ്കിലും സത്യസന്ധനും ധീരനുമായ ശങ്കരനാരായണപിള്ളയെ കെ.കരുണാകരന് വലിയ ഇഷ്ടമായിരുന്നു. ആദര്‍ശത്തിലും കാഴ്ചപാടിലും വിട്ടുവീഴ്ച സാധ്യമല്ലാതിരുന്ന ശങ്കരനാരായണപിള്ള അവസാനകാലത്ത് രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു.' പുതിയ കാലത്ത് എന്നെപേലുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ തുടരുക വലിയ പ്രയാസമാണെ' ന്ന്  ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം  ഈ ലേഖകനോട് തുറന്നു പറഞ്ഞു.  നെടുമങ്ങാട് പഴകുറ്റിയിലെ അദ്ദേഹത്തിന്റെ കൊച്ചുവീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍  പരസ്പരം ചോദിക്കാറുണ്ട് ,രാഷ്ട്രീയത്തില്‍ ഇതുപോലുള്ള ആദര്‍ശശാലികള്‍ ഉണ്ടോ എന്ന്. ശങ്കരനാരായണപിള്ളയെ അനുകരിക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ.