‘കരയാത്ത ഗൗരി, തളരാത്ത ഗൗരി...’ ബാലചന്ദ്രൻ ചുള്ളിക്കാട് വർഷങ്ങൾക്കുമുമ്പ് വാക്കുകളിലൂടെ കോറിയിട്ട കെ.ആർ. ഗൗരിയമ്മയുടെ നഖചിത്രം. ചൊവ്വാഴ്ച മിഥുനമാസത്തിലെ തിരുവോണനാളിൽ നൂറ്റിരണ്ടാം വയസ്സിലേക്ക് 
കടക്കുമ്പോഴും അവരുടെ പ്രകൃതത്തിന് ഒരു മാറ്റവുമില്ല. നിലപാടുകളിൽ വിട്ടുവീഴ്ചയില്ല, ചാഞ്ചാട്ടങ്ങൾക്ക് തയ്യാറല്ല, ആർക്കും കീഴടങ്ങില്ല, എന്തുവന്നാലും കരയില്ല, തളരുകയുമില്ല... 

ഗൗരിയമ്മ ജനറൽ സെക്രട്ടറിയായിരിക്കുന്ന ജെ.എസ്.എസ്. പാർട്ടിക്കുള്ളിൽ കഴിഞ്ഞയാഴ്ചനടന്ന സംഭവവികാസങ്ങൾ മാത്രം മതി ഗൗരിയമ്മയിലെ കാർക്കശ്യക്കാരിയായ രാഷ്ട്രീയക്കാരിയെ തിരിച്ചറിയാൻ. പാർട്ടിയുടെ സംസ്ഥാനതല ഭാരവാഹികളുടെ യോഗം (സെന്റർ) തിരുവനന്തപുരത്ത് ചേർന്ന് രണ്ടു തീരുമാനമെടുത്തു. ഒന്ന്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായി സമരം. മറ്റൊന്ന് പാർട്ടിയിലെ നാലു നേതാക്കളെ പുറത്താക്കിയുള്ള നടപടി. തീരുമാനം പുറത്തുവന്ന് ചൂടാറുംമുമ്പ് ഗൗരിയമ്മ രണ്ടു നടപടികളും തിരുത്തി. ഈ തീരുമാനങ്ങൾ തന്റെ അസാന്നിധ്യത്തിലെടുത്തതാണ് എന്ന വിശദീകരണത്തോടെയാണ് അവർ അതിനെ പരസ്യമായി എതിർത്തത്. 

K. R. Gowri Amma

ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം നിൽക്കുന്ന തന്റെ പാർട്ടി ഇടതുസർക്കാരിനെതിരേ സമരം ചെയ്യുന്നതിനെ പരസ്യമായി തള്ളിപ്പറയാൻ വയസ്സോ വയ്യായ്കയോ ഒന്നും അവർക്ക് തടസ്സവുമായില്ല. പെട്ടെന്നുതന്നെ പാർട്ടിയും ഗൗരിയമ്മയുടെ നിലപാടുകളെ ശരിവെച്ച് പത്രക്കുറിപ്പിറക്കി. നൂറ്റിരണ്ടിലേക്ക് കടക്കുമ്പോഴും ഗൗരിയമ്മയുടെ മനസ്സും തലച്ചോറും സക്രിയമാണെന്ന് ബോധ്യമാകാൻ ഈ സംഭവം മാത്രം മതി.
വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. സഹായംതേടി വരുന്നവരെ കൈവിടുകയുമില്ല. കൂടെനിന്ന് പറ്റിക്കുന്നുവെന്ന് സംശയിച്ചാൽ പിന്നെ രക്ഷയില്ല. ആരായാലും പുറത്ത്. അടുത്തുകൂടി പദവികൾ കൈക്കലാക്കിയവരിൽ പലരും ഇപ്പോൾ മതിലിനു വെളിയിലെത്തിയതങ്ങനെ. മനസ്സലിവിൽ പലരെയും തിരികെ വിളിച്ച് അകത്തുകയറ്റിയിട്ടുമുണ്ട്. കൂടപ്പിറപ്പായ ശുണ്ഠിയുമായി സമരസപ്പെട്ടുപോകാൻ ഒരുക്കമുള്ളവർക്ക് മാത്രമേ ഈ മുത്തശ്ശിയുടെ മനസ്സിന്റെ വലുപ്പമറിഞ്ഞ് കൂടെനിൽക്കാനാവൂ. 

വർഷങ്ങളായി തുടർന്നുപോരുന്ന ശീലങ്ങൾ പലതും നിന്നു. മനസ്സിനൊത്ത് ശരീരമെത്താത്തതുതന്നെ കാരണം. പൊതുജീവിതംപോലെ വെടിപ്പായിരിക്കണം ശരീരവുമെന്ന കാര്യത്തിൽ പ്രത്യേക നിഷ്ഠയുണ്ടായിരുന്നു, ഗൗരിയമ്മയ്ക്ക്. എന്നും പുലർച്ചെ ഉണർന്നാൽ ഉപ്പുവെള്ളം തിളപ്പിച്ചാറ്റി വായ് കഴുകൽ, പത്രവായന, പത്തുമണിയോടെ എണ്ണയും കുഴമ്പും തേച്ച് വിസ്തരിച്ചൊരു കുളി, വൈകുന്നേരം ടി.വി.യിൽ വാർത്തയും സീരിയലും കാണൽ, കിടക്കാൻനേരം കൈയും കാലും മുഖവും കഴുകൽ... ഇതെല്ലാം പതിവായിരുന്നു. ഇപ്പോൾ ഇതൊന്നുമില്ല.

ടി.വി. കാണാനുള്ള താത്‌പര്യവും കുറഞ്ഞു. കേടായ ടി.വി. നന്നാക്കേണ്ട എന്ന വാശിയിലാണ് ഗൗരിയമ്മ. വാർത്തകൾക്കു പുറമേ ചാനൽ സീരിയലുകളും ദൗർബല്യമായിരുന്ന ഗൗരിയമ്മയ്ക്ക് ഇപ്പോൾ ലോകവിവരങ്ങൾ അറിയാനുള്ള ഒരേയൊരു മാർഗം മാതൃഭൂമി പത്രം മാത്രം. രാവിലെ പത്രം വായിച്ചുകേൾക്കണം. 
ഭക്ഷണത്തോടും തീരെ കമ്പമില്ല. രാവിലെ ഒരു ഗ്ലാസ് ഓട്‌സ്. ഉച്ചയ്ക്ക്‌ ഒരു ടേബിൾ സ്പൂൺ ചേറ്. രണ്ടു കഷണം മീനുണ്ടായാൽ മാത്രം മതി. വൈകീട്ടും ലളിതമായ ഭക്ഷണം. പ്രമേഹമുണ്ടെങ്കിലും മധുരത്തോട്‌ പ്രിയമാണ്. ചോക്കലേറ്റും ലഡുവും കിട്ടിയാൽ കഴിക്കും.

അനീതിയോടും ജന്മിത്വത്തോടും സ്ത്രീവിവേചനത്തോടുമെല്ലാം കലഹിച്ച ഗൗരിയമ്മ പ്രയത്തെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണിപ്പോൾ. അമ്പത്തിയഞ്ചോ അറുപതോ വയസ്സെത്തി ജോലിയിൽനിന്ന് വിരമിച്ചു കഴിഞ്ഞാൽ ജീവിതമവസാനിച്ചുവെന്നു കരുതുന്നവരെ വിസ്മയിപ്പിച്ച പോരാളിയായിരുന്നുവല്ലോ ഗൗരിയമ്മ. തന്നെ പുറത്താക്കിയ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് ആലപ്പുഴ കടപ്പുറത്ത് ജനസാഗരത്തെ സാക്ഷിനിർത്തി പുതിയ രാഷ്ട്രീയപ്രസ്ഥാനം പ്രഖ്യാപിക്കുമ്പോൾ അവർക്ക് വയസ്സ് 76. അവിടെനിന്ന് കേരളമങ്ങോളമിങ്ങോളം ഓടിനടന്ന് പാർട്ടി കെട്ടിപ്പടുത്ത്‌ തന്നെ എതിർത്തവരുടെ എതിർചേരിയിലെത്തി മന്ത്രിസ്ഥാനവുമായി കണക്കുതീർക്കുമ്പോഴും പ്രായം ഗൗരിയമ്മയ്ക്ക് വിലങ്ങുതടിയായിരുന്നില്ല. ഒരിക്കൽക്കൂടി മന്ത്രിയായി, ഇനിയും അങ്കങ്ങൾക്ക് ചെറുപ്പമുണ്ടെന്നു പറഞ്ഞ് പോരാട്ടം അവർ തുടർന്നു . 1957-ൽ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ 93-ാം വയസ്സിൽ പി. തിലോത്ത
മനോട് പരാജയപ്പെടുംവരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്ന് പിൻവാങ്ങിയില്ല. 

കേരള രാഷ്ട്രീയത്തെ വിരൽത്തുമ്പിൽനിർത്തി വിറപ്പിച്ച പെൺശൗര്യം സങ്കടപ്പെട്ട മുഹൂർത്തങ്ങളുമുണ്ട്. ആലപ്പുഴ വൃദ്ധസദനത്തിൽ വയോജനദിനാഘോഷത്തിനെത്തിയതാണ് അതിലൊന്ന്. അവർ പറഞ്ഞു: നിങ്ങളെപ്പോലെ തന്നെയാണ് ഞാനും. എനിക്കാരുമില്ല. ഞാൻ അനാഥയാണ്. സർക്കാർ അനുവദിച്ച ഒരു ഗൺമാന്റെ കൂട്ടാണ് എനിക്കാകെയുള്ളത്. 
രാഷ്ട്രീയവിവാദത്തിൽ  പ്രതികരണമാരായാൻ രാത്രി എട്ടുമണിയോടെ അവരുടെ വീട്ടിലെത്തിയ ഈ ലേഖകനോട് ചോദിച്ചു: തനിക്ക് കുറച്ചുനേരം എന്റെയൊപ്പം ഇവിടെ ഇരിക്കാമോ. എന്തിനെന്നറിയാതെ ശങ്കിച്ചെങ്കിലും ഇരിക്കാമെന്നു മറുപടി നൽകി. ‘‘പോലീസുകാരനെ വിട്ട് ഒരു കവർ പാൽ വാങ്ങിക്കാനാണ്. അയാൾ പോയാൽ ഞാൻ തനിച്ചാകുമല്ലോ.’’ പോലീസുകാരൻ മടങ്ങിവരുംവരെ പറഞ്ഞത് മക്കൾ ഇല്ലാത്തവരുടെ വിഷമവും ഏകാന്തതയുടെ പ്രശ്നങ്ങളുമായിരുന്നു. 

നൂറ്റിരണ്ടാം പിറന്നാൾ ഗൗരിയമ്മയ്ക്ക് സമ്മാനിക്കുന്നതും ഏകാന്തതയാണ്. അത് ലോകത്തെയാകെ മരണഭീതിയിൽ നിർത്തിയിരിക്കുന്ന കോവിഡ് -19 വിധിച്ചതാണെന്നുമാത്രം. ആൾക്കൂട്ടം ആഘോഷമാക്കിയിരുന്ന ഗൗരിയമ്മയ്ക്ക് ഇക്കുറി ആളുകളെ ഒഴിവാക്കിയുള്ള പിറന്നാളാഘോഷമാണ്. ആകെയുള്ള ആഡംബരം അമ്പലപ്പുഴ കണ്ണന്റെ പാൽപ്പായസം.